പുതുവര്‍ഷത്തില്‍ നിക്ഷേപശീലം വളര്‍ത്താം, ചെറു സമ്പാദ്യ പദ്ധതികളിലൂടെ

HIGHLIGHTS
  • ചിട്ടയായ നിക്ഷേപത്തിലൂടെ മികച്ച തുക സമ്പാദിക്കാം
2021
SHARE

നിങ്ങളിതു വരെ നിക്ഷേപം നടത്താനാരംഭിച്ചിട്ടില്ലേ? എങ്കിലിനിയും വൈകേണ്ട. പുതുവർഷത്തിൽ ചെറുതായെങ്കിലും സുരക്ഷിതവും ഉറപ്പ് നേട്ടം കിട്ടുന്നതുമായ ചെറു സമ്പാദ്യ പദ്ധതികള്‍ ആരംഭിക്കാം ഏത്‌ പ്രായത്തിലുള്ള നിക്ഷേപകരിലും സമ്പാദ്യ ശീലം വളര്‍ത്താന്‍  സര്‍ക്കാര്‍ ലഭ്യമാക്കുന്ന ചെറു സമ്പാദ്യ പദ്ധതികള്‍ സഹായിക്കും. ഈ പുതുവര്‍ഷത്തില്‍ നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ചെറു സമ്പാദ്യ പദ്ധതികളും പരിഗണിക്കാം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കും അനുയോജ്യമാണ്‌. ചിട്ടയായ നിക്ഷേപത്തിലൂടെ മികച്ച തുക സമ്പാദിക്കാന്‍ ഈ പദ്ധതികള്‍ നിക്ഷേപകരെ സഹായിക്കും.

ബാങ്കുകളിലെയും മറ്റും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ തുടര്‍ച്ചയായി കുറവ്‌ വരുത്തുന്നുണ്ടെങ്കിലും ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ സമാനമായ കുറവ്‌ വന്നിട്ടില്ല . ചെറു സമ്പാദ്യ പദ്ധതികള്‍ ആകര്‍ഷകമായ പലിശ നിരക്കാണ്‌ ഇപ്പോഴും ലഭ്യമാക്കുന്നത്‌. ത്രൈമാസാടിസ്ഥാനത്തിലാണ്‌ ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്‌ സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നത്‌. ജനുവരി - മാര്‍ച്ച്‌ പാദത്തിലും ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ കുറവ്‌ വരുത്തേണ്ട എന്നാണ്‌ സര്‍ക്കാര്‍ തീരുമാനം. അതിനാല്‍ പുതുവര്‍ഷത്തിലെ ആദ്യ പാദത്തിലും ചെറുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും.

ചെറു സമ്പാദ്യ പദ്ധതികളും സവിശേഷതകളും

1. പോസ്‌റ്റ്‌ ഓഫീസ്‌ സേവിങ്‌സ്‌ അക്കൗണ്ട്‌ :

നിങ്ങള്‍ക്ക്‌ പോസ്‌റ്റ്‌ ഓഫീസുകളിലും സേവിങ്‌സ്‌ അക്കൗണ്ട്‌ തുടങ്ങാം. ഇപ്പോള്‍ 4% ആണ്‌ വാര്‍ഷിക പലിശ നിരക്ക്‌ ലഭ്യമാക്കുന്നത്‌ . ബാങ്കുകളിലെ സേവിങ്‌സ്‌ അക്കൗണ്ടുകള്‍ക്ക്‌ സമാനമാണിത്‌. ഈ അക്കൗണ്ടിലെ പണം ഓണ്‍ലൈനായി ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ ഇന്ത്യ പോസ്‌റ്റ്‌ അനുവദിക്കും.

2. പോസ്‌റ്റ്‌ ഓഫീസ്‌ ടൈം ഡിപ്പോസിറ്റ്‌ 

പോസ്‌റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതി എന്ന നിലയില്‍ 1,2,3,5 വര്‍ഷ കാലാവധികളിലേക്ക്‌ ടൈം ഡിപ്പോസിറ്റുകള്‍ തുടങ്ങാന്‍ കഴിയും. ബാങ്കുകള്‍ ലഭ്യമാക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക്‌ സമാനമാണിത്‌. 1-3 വര്‍ഷ കാലാവധികളിലുള്ള ഈ നിക്ഷേപങ്ങള്‍ നിലവില്‍ 5.5 ശതമാനം പലിശ നിരക്ക്‌ ലഭ്യമാക്കും. അഞ്ച്‌ വര്‍ഷ കാലാവധിയുള്ള പദ്ധതിയുടെ നിലവിലെ പലിശ നിരക്ക്‌ 6.7 ശതമാനമാണ്‌.

3. 5 വര്‍ഷത്തെ പോസ്‌റ്റ്‌ ഓഫീസ്‌ ആര്‍ഡി

മാസം തോറും ചെറിയ തുകള്‍ നിക്ഷേപിക്കാവുന്ന പോസ്‌റ്റ്‌ ഓഫീസ്‌ റെക്കറിങ്‌ ഡെപ്പോസിറ്റുകള്‍ (ആര്‍ഡി) ആകര്‍ഷകമായ പലിശ നിരക്കാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌. നിലവില്‍ പോസ്‌റ്റ്‌ ഓഫീസിന്റെ ആര്‍ഡിയില്‍ ചേരുന്ന നിക്ഷേപകര്‍ക്ക്‌ 5.8 ശതമാനം പലിശ ലഭിക്കും.

4. സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ്‌ സ്‌കീം

മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണിത്‌. അഞ്ച്‌ വര്‍ഷമാണ്‌ നിക്ഷേപ കാലാവധി. അറുപത്‌ വയസ്‌ പൂര്‍ത്തിയായ നിക്ഷേപകര്‍ക്ക്‌ പതിവായി പലിശ വരുമാനം നേടുന്നതിനായി സീനിയര്‍ സിറ്റിസണ്‍ സ്‌കീം തിരഞ്ഞെടുക്കാം. പരമാവധി 15 ലക്ഷം രൂപ വരെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍ സ്‌കീം 7.4 ശതമാനം പലിശ ആണ്‌ ലഭ്യമാക്കുന്നത്‌ . സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ്‌ സ്‌കീമിലെ 1.5 ലക്ഷം വരെയുള്ള നിക്ഷേപത്തിന്‌ 80 സി പ്രകാരം നികുതിയിളവ്‌ ലഭിക്കും.

5. പോസ്‌റ്റ്‌ ഓഫീസ്‌ മന്ത്‌ലി ഇൻകം സ്‌കീം

സ്ഥിരമായി മാസ വരുമാനം നേടാന്‍ പോസ്‌റ്റ്‌ ഓഫീസ്‌ മന്ത്‌ലി ഇൻകം സ്‌കീം നിങ്ങളെ സഹായിക്കും. വ്യക്തിഗത നിക്ഷേപകര്‍ക്ക്‌ പരമാവധി 4.5 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ്‌ അക്കൗണ്ടാണെങ്കില്‍ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 6.6 ശതമാനം പലിശ നിരക്ക്‌ ലഭ്യമാക്കും.

6. നാഷണല്‍ സേവിങ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌ (എന്‍ എസ്‌ സി)

സ്ഥിര നിക്ഷേപ പദ്ധതിയായ നാഷണല്‍ സേവിങ്‌സ്‌ സര്‍ട്ടിഫിക്കറ്റിന്റെ നിക്ഷേപ കാലയളവ്‌ അഞ്ച്‌ വര്‍ഷമാണ്‌. നികുതിയിളവ്‌ നേടാന്‍ സഹായിക്കും. 6.8 ശതമാനം പലിശ ലഭിക്കും. 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന്‌ നികുതി ഇളവ്‌ ലഭിക്കും.

7. പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്ട്‌ (പിപിഎഫ്‌)

ഏറ്റവും ജനപ്രിയമായ ദീര്‍ഘകാല നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ്‌ പിപിഎഫ്‌. നികുതി ആനുകൂല്യം നേടാന്‍ സഹായിക്കുന്ന മികച്ച നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നു കൂടിയാണ്‌ പിപിഎഫ്‌. പിപിഎഫ്‌ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകയ്‌ക്ക്‌ നികുതി ഇളവ്‌ ലഭിക്കും മാത്രമല്ല ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കിട്ടുന്ന തുകയ്‌ക്കും നികുതി ബാധകമല്ല. അതിനാല്‍ ജോലിയില്‍ നിന്നും വിരമിക്കുന്ന കാലത്തേക്ക്‌ മികച്ച ഒരു തുക സമ്പാദിക്കാന്‍ പിപിഎഫിലെ നിക്ഷേപം സഹായിക്കും. പതിനഞ്ച്‌ വര്‍ഷമാണ്‌ പിപിഎഫിലെ നിക്ഷേപ കാലയളവ്‌. അഞ്ച്‌ വര്‍ഷത്തിന്‌ ശേഷം ഭാഗികമായി പിന്‍വലിക്കാം. അക്കൗണ്ട്‌ സജീവമായിരിക്കാന്‍ വര്‍ഷം കുറഞ്ഞത്‌ 500 രൂപയുടെ നിക്ഷേപം നടത്തണം. നിലവില്‍ 7.1 ശതമാനം പലിശ ലഭ്യമാകും.

8. കിസാന്‍ വികാസ്‌ പത്ര (കെവിപി)

ജനങ്ങളില്‍ ദീര്‍ഘകാല നിക്ഷേപ ശീലം വളര്‍ത്തുക എന്നതാണ്‌ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിപണിയിലെ കയറ്റിറക്കങ്ങള്‍ കണക്കിലെടുക്കാതെ കെവിപി ഉറപ്പുള്ള വരുമാനം വാഗ്‌ദാനം ചെയ്യുന്നു.

കിസാന്‍ വികാസ്‌ പത്രയില്‍ നിക്ഷേപിക്കുന്ന തുക 124 മാസങ്ങള്‍ ( പത്ത്‌ വര്‍ഷം നാല്‌ മാസവും ) കൊണ്ട്‌ ഇരട്ടിയാകും. നിലവില്‍ 6.9 ശതമാനമാണ്‌ പലിശ നിരക്ക്‌. വ്യക്തികള്‍ക്ക്‌ ഒറ്റയ്‌ക്കും കൂട്ടായും കെവിപിയില്‍ നിക്ഷേപം നടത്തം. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക്‌ അല്ലെങ്കില്‍ രക്ഷകര്‍ത്താക്കള്‍ക്ക്‌ കെവിപി വാങ്ങാം.

9. സുകന്യ സമൃദ്ധി യോജന ( എസ്‌എസ്‌വൈ )

പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണ്‌ സുകന്യ സമൃദ്ധിയോജന . നിലവില്‍ 7.6 ശതമാനം പലിശനിരക്ക്‌ നല്‍കുന്നത്‌. മാതാപിതാക്കള്‍ക്ക്‌ അല്ലെങ്കില്‍ നിയമപരമായ രക്ഷകര്‍ത്താവിന്‌ പെണ്‍കുട്ടിയുടെ പേരില്‍ അക്കൗണ്ട്‌ തുടങ്ങാം. രണ്ട്‌ വ്യത്യസ്‌ത പെണ്‍കുട്ടികളുടെ പേരിലായി പരമാവധി രണ്ട്‌ അക്കൗണ്ടാണ്‌ ഒരാള്‍ക്ക്‌ തുറക്കാന്‍ കഴിയുക. പെണ്‍കുട്ടിക്ക്‌ 21 വയസ്സ്‌ പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട്‌ അവസാനിപ്പിക്കണം. സുകന്യ സമൃദ്ധി അക്കൗണ്ടിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന്‌ 80 സി പ്രകാരം നികുതി ഇളവ്‌ ലഭിക്കും.

English Summary : Start Investment in Small Savings Schemes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA