പുതുവർഷത്തിൽ നിഫ്റ്റിയുടെ കുതിപ്പിന് കരുത്തേറുമോ?

HIGHLIGHTS
  • എച്ച് ഡി എഫ് സി , ഇൻഫോസിസ്, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് സിഎൽ ടെക്ക് എന്നിവ ശ്രദ്ധിക്കുക
Mkt-Up-1
SHARE

അമേരിക്കൻ വിപണി പുതുവർഷത്തിൽ ഉണ്ടായേക്കാവുന്ന അധിക സ്റ്റിമുലസ് പ്രഖ്യാപനങ്ങളിലും, വാക്സിൻ വികസന സാധ്യതകളിലും പ്രത്യാശവെച്ച് റെക്കോർഡ്  മുന്നേറ്റം നേടിയത് ഇന്ന് പുതുവർഷ ദിനത്തിൽ ലോക വിപണിക്ക് മുന്നേറ്റ സാധ്യതയൊരുക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ ജോബ് ലെസ്സ് ക്ലെയിമിലുണ്ടായ അസാധാരണ തിരുത്തലാണ് അമേരിക്കൻ  വിപണിയുടെ  ഇന്നലത്തെ കുതിപ്പിന്  ചുക്കാൻ  പിടിച്ചത്. ഡൗ  ജോൺസ്‌ സൂചിക ഇന്നലെ 0.65% മുന്നേറിയപ്പോൾ, നാസ്ഡാക് 0.14% നേട്ടത്തോടെ പന്ത്രണ്ട് വർഷത്തെ ഏറ്റവും മികച്ച വാർഷിക നേട്ടം സ്വന്തമാക്കി. എസ്&പി500 0.64% മുന്നേറ്റവും നേടിയ ഇന്നലെ  ചെറുകിട ഓഹരി സൂചികയായ റസ്സൽ 2000 തിരുത്തൽ നേരിട്ടു. പ്രധാന വിപണികളിലെ പുതുവർഷദിന അവധി വിനയാണ്. നിഫ്റ്റി ഇന്ന് ചെറു നേട്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്ന് കരുതുന്നു. ഇന്ത്യയുടെ വികസിക്കുന്ന ധനകമ്മി വിപണിക്ക് ക്ഷീണമാണെങ്കിലും അമേരിക്കൻ ജോബ് ഡേറ്റയുടെ പിന്തുണ ഇന്ത്യൻ വിപണിയിലും പ്രകടമാകുമെന്ന് കരുതുന്നു.     

നിഫ്റ്റി 

രണ്ടായിരത്തി ഇരുപതിലെ അവസാന ദിവസം 14024  പോയിന്റെന്ന സ്വപ്നതുല്യ ഉയരം നേടിയ ശേഷം നിഫ്റ്റി 13981 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.  ഐടി , എഫ്എംസി ജി, ഇൻഫ്രാ  ഓഹരികൾ ഇന്ത്യൻ സൂചികകളെ പിന്നോട്ട് വലിച്ച ഇന്നലെ റിയൽറ്റി, ഫാർമ , മെറ്റൽ, ഓട്ടോ ഓഹരികൾ വിപണിയിൽ മുന്നേറ്റം സ്വന്തമാക്കി. ഇന്നും ഓട്ടോ, ഫാർമ, മെറ്റൽ, റിയൽറ്റി, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ മുന്നേറ്റം നേടുമെന്ന് പ്രതീക്ഷിക്കുന്നു.   

14100 പോയിന്റിലെ കടമ്പ കടന്നാൽ പിന്നെ 14300 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ്. നിഫ്റ്റി 13900 പോയിന്റിൽ മികച്ച  അടിത്തറ സ്വന്തമാക്കികഴിഞ്ഞത് ഇനി മുന്നോട്ടുള്ള കുതിപ്പിന് സൂചികക്ക് വേഗം പകരും. 14000 പോയിന്റിന് മുകളിൽ ഇന്ന് വ്യാപാരം അവസാനിപ്പിച്ചാൽ നിഫ്റ്റി അടുത്ത ആഴ്ച മുതൽ പുതിയ കുതിപ്പിന് ഒരുങ്ങിത്തുടങ്ങും. 

ഇന്നലെ വിപണിയെ നയിച്ച എച്ച് ഡി എഫ് സി, ഇൻഫോസിസ്, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് സിഎൽ ടെക്ക്  മുതലായ ഓഹരികൾ ഇന്നും കുതിപ്പ് തുടരുമെന്ന് കരുതുന്നു. യുപിഎൽ, ജിൻഡാൽ സ്റ്റീൽ, എയർടെൽ, ഐഡിയ, എൽ&ടി, എസ്ബിഐ, ഇൻഫി ബീൻ അവെന്യൂസ്, പി എൻബി, കാനറാ ബാങ്ക് മുതലായ ഓഹരികൾ ഇന്ന് പരിഗണിക്കുക.

ഓട്ടോ ഓഹരികളിൽ ‘സ്റ്റോപ്പ് ലോസ്’ പരിഗണിക്കുക 

ഇന്ന് കമ്പനികൾ പുറത്തു വിടുന്ന വാഹന വിൽപ്പന കണക്കുകൾ കഴിഞ്ഞ മാസത്തെ മൊത്തം ഉപഭോക്തൃ ഉത്പന്ന വിൽപ്പനയുടെ സൂചന  കൂടിയാണ്. ഉത്സവ സീസൺ അവസാനിച്ചതും, കർഷക സമരവും, 2021 റജിസ്ട്രേഷൻ വാഹനങ്ങൾ ലഭിക്കുന്നതിനായി വാഹനം വാങ്ങൽ മാറ്റി വെച്ചതും കഴിഞ്ഞ മാസത്തെ വാഹന വിൽപ്പന കുറയാൻ കാരണമായിട്ടുണ്ട് എന്ന് കരുതുന്നു. അതിനാൽ ചില കമ്പനികളുടെയെങ്കിലും വിൽപ്പന കുറഞ്ഞിട്ടുണ്ടാകാമെന്നതിനാൽ ഇന്ന് സകല വാഹന ഓഹരികളിലും സ്റ്റോപ്പ് ലോസ് നിർബന്ധമായും പരിഗണിക്കുക. 

വാഹന ഓഹരികളുണ്ടായേക്കാവുന്ന ഏതു തിരുത്തലും ഒരു മികച്ച വാങ്ങൽ അവസരമാണെന്നതും പരിഗണിക്കുക. സാധാരണ ഗതിയിൽ ജനുവരിയിൽ വിൽപ്പന മുന്നേറ്റം ഉറപ്പാണെന്നതും, പുത്തൻ മോഡലുകളും സ്കീമുകളും ജനുവരിയിൽ അവതരിപ്പിക്കപ്പെടുന്നതും, തീർച്ചയായ മികച്ച മൂന്നാം പാദ ഫല പ്രഖ്യാപനങ്ങളും ജനുവരിയിൽ വാഹന ഓഹരികൾക്ക് വളരെ അനുകൂല സമയമാണൊരുക്കുന്നത്. അതിനാൽ വാഹന ഓഹരികളിലെ ഏതു തിരുത്തലും വാങ്ങലിനായി  പരിഗണിക്കുക.   

ഭവന നിർമാണ മേഖല 

ഇന്ന് മുതൽ മുംബൈയിൽ സ്റ്റാമ്പ് ഡ്യൂട്ടി ഉയരുന്നത് കഴിഞ്ഞ മാസങ്ങളിൽ ഭവന വില്പന ത്വരിതപ്പെടുത്തിയത് ഭവനനിർമാണ ഓഹരികൾക്ക് അനുകൂലമാണ്. മുംബൈയിൽ കൂടുതൽ പ്രൊജെക്ടുകളുള്ള ഗോദ്റെജ് പ്രോപ്പർട്ടീസ്, ഒബ്‌റോയ് റിയൽറ്റി, ഡിഎൽഎഫ് മുതലായ ഓഹരികൾക്ക് അനുകൂലമാണ്. ശോഭ ഡെവലപ്പേഴ്‌സ്, പുറവങ്കര, ഫീനിക്സ് മിൽസ് മുതലായ ഓഹരികളും നിക്ഷേപത്തിന്  പരിഗണിക്കാം.

ജിയോ ഫ്രീ 

കർഷക സമരക്കാരുടെ തിരിച്ചടികളിൽ നിന്നും രക്ഷ നേടാൻ വീണ്ടും സൗജന്യങ്ങളുമായി ഇന്ന് മുതൽ ഇറങ്ങുന്ന ജിയോയുടെ നടപടി മറ്റ് ടെലികോം ഓഹരികൾക്ക് ഭീഷണിയല്ല. അതെ സമയം റിലയൻസിന്റെ  അവസാന പാദ പ്രവർത്തനഫലത്തെ ‘’സൗജന്യ നടപടി’’ പ്രതികൂലമായി ബാധിക്കുമെന്നത് ഓഹരിക്ക് വിനയാണ്.

സ്വർണം 2021ൽ 

കഴിഞ്ഞ രണ്ടു കൊല്ലങ്ങളിൽ മുന്നേറ്റം നേടിയ സ്വർണം 2021ലും മികച്ച മുന്നേറ്റം നേടുമെന്ന് തന്നെയാണ് സ്വർണ വിപണിയിലെ കാളക്കൂറ്റന്മാരുടെ പ്രതീക്ഷ. 2021ന്റെ ആദ്യ പാദത്തിൽ തന്നെ സ്വർണം വീണ്ടും ഔൺസിന് 2000 ഡോളറിന് മുകളിൽ വ്യാപാരം ചെയ്തു തുടങ്ങുമെന്ന് കരുതുന്നു. ഇന്ന് സ്വർണം 1900 ഡോളറിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചേക്കാം. ഇന്ന് ആർബിഐയുടെ സോവെറിൻ ഗോൾഡ് ബോണ്ട് സ്വന്തമാക്കുന്നതിനുള്ള അവസാന ദിനമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA