ADVERTISEMENT

ഓഹരി വിപണി കുതിപ്പ് തുടരുന്ന ഈ വേളയിൽ 'എന്നാൽ ഇനി അതിലൊരു കൈ നോക്കാം' എന്നു കരുതി വരുന്നവർ ധാരാളമുണ്ട്. എന്നാൽ വെറുതെയങ്ങ് ഭാഗ്യം പരീക്ഷിക്കാനുള്ള ഇടമാണോ ഓഹരി വിപണി? ഇനി പറയുന്ന കാര്യങ്ങൾ മനസിലാക്കി സ്വയം തീരുമാനമെടുക്കുക.  

ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനാവശ്യമായ തുകയിൽ നിന്ന്  രണ്ട് കൊല്ലത്തേക്കെങ്കിലും ആവശ്യം വന്നേക്കില്ല എന്നുറപ്പുള്ള ഒരു വിഹിതം മാത്രമെടുത്ത് കൂടുതൽ ലാഭ-നഷ്ട സാധ്യതകളോടെ നിക്ഷേപിക്കാവുന്ന ഒരിടമാണ് ഓഹരി വിപണി .ഏറ്റവും കുറഞ്ഞ തുക നിക്ഷേപിച്ചു കൊണ്ട് ഒരാൾക്ക് തുടങ്ങാവുന്ന ഒരു ബിസിനസായും ഓഹരി നിക്ഷേപത്തെ കരുതാം. അതെ സമയം ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം പലിശ ഭാരമില്ലാതെ ലാഭ-നഷ്ടങ്ങൾ പങ്കിട്ടുകൊണ്ട് വ്യാപാര വ്യവസായ വിപുലീകരണത്തിനായി ധനം സമാഹരിക്കാവുന്ന സങ്കേതമാണ് ഓഹരി വിപണി.  ഈ അടിസ്ഥാന തത്വങ്ങൾ മനസ്സിലുറപ്പിച്ചു കൊണ്ടാവണം ഏതൊരു നിക്ഷേപകനും  വിപണിയെ സമീപിക്കേണ്ടത്.

വിപണിയിലെന്തെല്ലാം 

ഓഹരി, ഫ്യൂച്ചർ, ഓപ്‌ഷനുകൾ, മ്യൂച്വൽ ഫണ്ട്, ബോണ്ട്, ഇടിഎഫ്, ഡിബഞ്ചറുകൾ, കറൻസി വ്യാപാരം, കമ്മോഡിറ്റി  തുടങ്ങി എല്ലാ വിധ നിക്ഷേപ സങ്കേതങ്ങളെക്കുറിച്ചും അവയുടെ യഥാർത്ഥ ഉദ്ദേശങ്ങളെ കുറിച്ചും, ലാഭ-നഷ്ട സാധ്യതകളെക്കുറിച്ചും അന്വേഷിച്ചറിഞ്ഞ ശേഷം മാത്രമാവണം ഒരാൾ ഡീമാറ്റ് അക്കൗണ്ട് തുറക്കേണ്ടത്. ഒരു തുടക്കക്കാരൻ ഒരിക്കലും ദീർഘ കാല നിക്ഷേപ സ്വഭാവമില്ലാത്ത, ഊഹക്കച്ചവട സ്വഭാവമുള്ള  നിക്ഷേപ സങ്കേതങ്ങൾ തുടക്കത്തിൽ തന്നെ പരിഗണിക്കരുത്. 

മികച്ച മുൻ നിര ഓഹരികളും, മ്യൂച്വൽ ഫണ്ടുകളും, ഇടിഎഫുകളും, ഡിബെഞ്ചറുകളും, സോവെറിൻ ഗോൾഡ് ബോണ്ടും മാത്രമേ വിപണിയിലെ  തുടക്കക്കാർ പരിഗണിക്കാവൂ. അതും  വ്യക്തമായ പഠനങ്ങൾക്കും, നിരീക്ഷണങ്ങൾക്കും ശേഷം മാത്രം. 

ദല്ലാൾമാരുടെ ഉപകരണങ്ങളാകാതിരിക്കുക 

ഒരു നിക്ഷേപകന് ലാഭമാണ് വിപണിയിലെ ലക്ഷ്യമെങ്കിൽ  ബ്രോക്കറുടെ ലക്‌ഷ്യം ‘ബ്രോക്കറേജ്’ ഇനത്തിലുള്ള സ്വന്തം വരുമാനം തന്നെയാണെന്നും വിപണിയിലെ നവാഗതർ  മനസിലുറപ്പിക്കണം. അനാവശ്യമായ ‘’ഹൈ വോളിയം’’ ഇൻട്രാ ഡേ ട്രേഡുകളിൽ നഷ്ട സാധ്യത കൂടുതലാണെന്നും, യാഥാർഥ്യ ബോധത്തിന്റെ അടിത്തറ കുറവാണെന്നും മനസിലാക്കി, മികച്ച ഓഹരികളിൽ ദീർഘ കാല, ചെറു നിക്ഷേപങ്ങൾ നടത്തി മികച്ച  പോർട്ട്ഫോളിയോകൾ രൂപീകരിക്കുക.

പണവും സമയവും സമാസമം 

കുറഞ്ഞ നിക്ഷേപത്തിലോ, ഒട്ടും  നിക്ഷേപമില്ലാതെയോ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ലാഭമുണ്ടാക്കാനുള്ള വഴിയായി ഓഹരി വിപണിയെ കാണാൻ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. പണത്തിന്റെയും, സമയത്തിന്റെയും, വിവരങ്ങളുടെയും ശരിയായ  ക്രമീകരണമാണ് ഓഹരി വിപണിയിലെ വിജയത്തിന്റെ  അടിസ്ഥാനം. എന്നാൽ പെട്ടെന്നുള്ള ഭാഗ്യം തേടി ആവശ്യമായ പഠനങ്ങളുടെയും, പണത്തിന്റെയും പിൻബലമില്ലാതെ ഈയാംപാറ്റകളെ പോലെ വിപണിയിലെത്തുന്നവർ പരിചയസമ്പന്നരായ ഫണ്ട് മാനേജർമാരുടെ ഇരകൾ മാത്രമായി മാറും.

ലോകം മുഴുവൻ ഇളക്കി മറിക്കുന്നവർ 

കോടാനുകോടി രൂപയുടെയും, വിപണിയിലെ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പോലും നല്ല ധാരണയുള്ള റിസർച്ച് ഡെസ്കിന്റെയും  പിൻബലത്തിൽ ഓഹരി-കമ്മോഡിറ്റി- കറൻസി വിപണികൾ ഭരിക്കുന്ന വിദേശ-സ്വദേശ ഫണ്ടുകളുമായാണ് ഓരോ നിക്ഷേപകനും മത്സരിക്കാനിറങ്ങുന്നത് എന്ന ബോധ്യം വിപണിയിലെ നവാഗതരുടെ നഷ്ടം കുറയ്ക്കും.

ഭാഗ്യമല്ല, ശരിയായ നിക്ഷേപം  

ഓഹരി വിപണി ഭാഗ്യ പരീക്ഷണത്തിനുള്ള ഇടമല്ല. മറിച്ച് മികച്ച സംരംഭകർക്കും, മാനേജ്മെന്റുകൾക്കും, ഉത്പന്നങ്ങൾക്കും ഒപ്പം മുന്നേറി നിക്ഷേപ മൂല്യം വർദ്ധിപ്പിക്കാനുള്ള  ഇടമാണ്. കമ്പനികളെക്കുറിച്ചും, അവയുടെ ഉത്പന്നങ്ങളെക്കുറിച്ചും, ലാഭനഷ്ടങ്ങളെക്കുറിച്ചും, ഉത്പന്ന-സേവന വിപണി വളർച്ചാ  സാധ്യതകളെക്കുറിച്ചും, വിപണി സാഹചര്യങ്ങളെക്കുറിച്ചുമുള്ള ശരിയായ  പഠനങ്ങളാണ് ഓഹരി  വിപണിയിലെ വിജയത്തിന്റെ അടിസ്ഥാനം. 

ഫണ്ടമെന്റൽ - ടെക്നിക്കൽ അനാലിസിസ്

കമ്പനികളുടെ  അടിസ്ഥാനഘടകങ്ങളും, വളർച്ചാ സാധ്യതകളും  മനസിലാക്കാനുള്ള പഠനമായ ഫണ്ടമെന്റൽ അനാലിസിസിലൂടെ മികച്ച ഓഹരികൾ തെരെഞ്ഞെടുക്കാനും, ടെക്നിക്കൽ അനാലിസിസിലൂടെ ശരിയായ വിലകളിൽ അവ തെരഞ്ഞെടുക്കാനും നിക്ഷേപകർ പഠിക്കേണ്ടതുണ്ട്. മൊമെന്റം അനാലിസിസിലൂടെ ഓഹരികളെയും, മേഖലകളെയും, രാഷ്ട്രീയ -സാമ്പത്തിക-രാജ്യാന്തര ഘടകങ്ങളെയും സ്വാധീനിക്കുന്ന വാർത്തകളുടെ ശരിയായ വിശകലനത്തിലൂടെ വിപണിയിലെ  അവസരങ്ങളെ  കണ്ടെത്താനും ഉപയുക്തമാക്കാനും പുതിയ നിക്ഷേപകർക്ക് സാധിക്കണം. അതിനായി നിരവധി സാങ്കേതികവും, വിവരങ്ങൾ നൽകുന്നതുമായ പ്ലാറ്റ് ഫോമുകള്‍ നിക്ഷേപകർക്ക് വേണ്ടി തയാറാണ്.

പരിചിതമായ ഓഹരികൾ 

പരിചിതമായ ഓഹരികൾ മാത്രം തെരഞ്ഞെടുക്കാനും, കേട്ടിട്ടില്ലാത്ത ഓഹരികളെക്കുറിച്ച് ആവശ്യമായ പഠനത്തിന്  ശേഷം മാത്രം നിക്ഷേപം നടത്താനും ശ്രമിക്കുക. പുതിയ ഓഹരികൾ ഉപദേശിക്കുന്ന ആളുകളോട് അവയുടെ അടിസ്ഥാനങ്ങളെക്കുറിച്ചും സംസാരിക്കുക.  

‘ഡൈവേഴ്‌സിഫൈഡ്‌’ പോർട്ട്ഫോളിയോകൾ 

ഒരു നിക്ഷേപകന്റെ പക്കൽ ലഭ്യമായ ധനമത്രയും ഒന്നോ രണ്ടോ ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്നതും, ഒരേ ഗണത്തിൽപ്പെട്ട ഓഹരികളിൽ നിക്ഷേപിക്കുന്നതും  വിപണിയിലെ ‘’റിസ്‌ക്‘’ വർദ്ധിപ്പിക്കുന്നു. അതിനാൽ വിപണിയിലെ വിവിധ മേഖലകളിലെ മുൻ നിര ഓഹരികളിൽ  നിക്ഷേപം നടത്തുന്നതാണ് അഭികാമ്യം. ഡൈവേഴ്‌സിഫൈഡ്‌ പോർട്ട്ഫോളിയോകൾ ഈ റെക്കോർഡ് മുന്നേറ്റങ്ങളുടെ സാഹചര്യത്തിൽ വിപണിയിലെ വീഴ്ചകളുടെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്നു.

കടമെടുക്കരുത് 

രണ്ടു കൊല്ലത്തേക്കെങ്കിലും സ്വതന്ത്രമായ പണം മാത്രമേ ഒരു നിക്ഷേപകൻ വിപണിയിൽ നിക്ഷേപിക്കാവൂ. കടമെടുത്ത പണവുമായി വിപണിയിലിറങ്ങുന്നത് വിപണിയിൽ നഷ്ടമുറപ്പാക്കലാണ്.  

ചെറു മീനുകൾ 

ഒരു രൂപയും രണ്ടു രൂപയും വിലയുള്ള ഓഹരികളിൽ ഭാഗ്യമന്വേഷിച്ചു പോകുന്നതിന് മുൻപ് അതാത് കമ്പനികൾ എങ്ങനെ ആ നിരക്കിലെത്തി എന്നന്വേഷിക്കണം. മുൻനിര  ഓഹരികളിലെ നിക്ഷേപത്തിലൂടെ മികച്ച ഒരു പോർട്ട്ഫോളിയോ രൂപീകരിച്ചതിന് ശേഷം മാത്രം ‘’മൾട്ടി ബാഗർ’’ഹണ്ടിങ്ങിനിറങ്ങുക.

English Summary : Investment Tips for Biggners in Stock Market

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com