ADVERTISEMENT

2021ലെ ആദ്യവ്യാപാരദിനം റെക്കോർഡ് നേട്ടത്തോടെ ആഘോഷിച്ചു കൊണ്ട്  തുടങ്ങിയ അമേരിക്കൻ സൂചികകൾക്ക് ഇന്നലെ ജോർജിയൻ തെരെഞ്ഞെടുപ്പ് ആശങ്കകളും, ലാഭമെടുക്കലും ബോയിങിന്റെ വീഴ്ചയും വിനയായി. എന്നാൽ വാക്സിനേഷന്റെയും, മെച്ചപ്പെടുന്ന അമേരിക്കൻ ഡാറ്റകളുടെയും പിൻബലത്തിൽ  അമേരിക്കൻ സമ്പദ് വ്യവസ്ഥ മുന്നേറ്റം നേടുമെന്ന പ്രതീക്ഷയും, മെച്ചപ്പെട്ട അവസാന പാദ ഫലപ്രഖ്യാപന പ്രതീക്ഷകളും അമേരിക്കൻ വിപണിക്ക് തിരിച്ചു വരവ് സാധ്യമാക്കുമെന്ന് പരിഗണിക്കാം. എന്നാൽ ബ്രിട്ടനിൽ വീണ്ടും ലോക്ക് ഡൗൺ  വരുന്നത് യൂറോപ്യൻ സൂചികകൾക്ക് ഇന്ന്  മോശം തുടക്കം നൽകിയേക്കാം.

ഡൗ ജോൺസ്‌  ഫ്യൂച്ചറിൽ ഇന്ന്  നേരിയ നേട്ടത്തിൽ  വ്യാപാരം നടക്കുന്നതും  വിപണിക്ക് അനുകൂലമാണ്. നഷ്ടത്തിൽ ആരംഭിച്ച ഏഷ്യൻ വിപണിയുടെ തിരിച്ചു വരവ് സൂചനകൾ  ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ഇന്ത്യൻ സൂചികകളിൽ  ഇന്ന് ഒരു പതിഞ്ഞ  തുടക്കം പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വിപണിയിൽ ഇന്ന് ഒരു ഗ്യാപ് ഡൗൺ ഓപ്പണിങ് ഒരു മികച്ച വാങ്ങൽ അവസരമാണ്. 

നിഫ്റ്റി 

കോവാക്സിൻ-കോവിഷീൽഡ്‌ വാക്സിനുകൾക്ക് ഇന്ത്യൻ കേന്ദ്രഏജൻസി അനുമതി നല്കിയതിനെ  തുടർന്ന് പ്രതീക്ഷിച്ചത് പോലെ തന്നെ റെക്കോർഡ് ഗ്യാപ് അപ് ഓപ്പണിങ് നേടിയ ഇന്ത്യൻ സൂചികകൾ ഇടക്കൊരു ലാഭമെടുക്കലിൽ വീണു പോയെങ്കിലും പിന്നീട് പുതിയ റെക്കോർഡ് സ്വന്തമാക്കി. 14132 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ 14280 പോയിന്റിലാണ്. 14000 പോയിന്റിൽ നിഫ്റ്റിക്ക് മികച്ച പിന്തുണ ലഭ്യമാകും. സെൻസെക്സ് 48000 പോയിന്റ് പിന്നിട്ട് വിസ്മയം തീർത്ത ഇന്നലെ ബാങ്കിങ് ഒഴികെ മറ്റെല്ലാ മേഖലകളും  മുന്നേറി. 

ഇന്നലെ 5.1% മുന്നേറ്റം നേടിയ മെറ്റൽ  സെക്ടറിനൊപ്പം, ഐടിയും, ഓട്ടോയും, ഫാർമയും , എനർജിയും , ഇൻഫ്രയും , പൊതു മേഖല ബാങ്കുകളും വിപണിക്ക് ഊർജം പകർന്നു. ലോഹ  ഓഹരികൾക്കൊപ്പം ഇന്നും ഐടി, ഫാർമ, പൊതു മേഖല  ബാങ്കിങ്, മൾട്ടി പ്ലെക്സ്, ഹോട്ടൽ, ഏവിയേഷൻ  മുതലായ  സെക്ടറുകൾ ഇന്നും നേട്ടം സ്വന്തമാക്കുമെന്ന് കരുതുന്നു. സെയിൽ, ടാറ്റ സ്റ്റീൽ, റിലയൻസ്, സൺ ഫാർമ, വോക്കർട് ഫാർമ, ഇൻഫോസിസ്, എച് സിഎൽ ടെക് , ടിസിഎസ്, ഐഷർ, ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യൻ ഹോട്ടൽ , പിവിആർ, ഐനോക്‌സ് ,  ഡോ. റെഡ്‌ഡിസ്,  മുതലായ ഓഹരികൾ  ശ്രദ്ധിക്കുക.       

ബാഡ് ബാങ്ക്സ് 

ബജറ്റിൽ ബാങ്കിങ്മേഖലയിൽ വളരെ ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ട് വരുമെന്ന  സൂചന  പൊതുമേഖല ബാങ്കുകൾക്ക് വളരെ നിർണായകമാണ്. പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കലും, ബാങ്ക് റീകാപിറ്റലൈസേഷനുമൊപ്പം മോശം ബാങ്കുകൾക്കു വേണ്ടി തിരുത്തൽ നടപടികളും സർക്കാർ വിഭാവനം ചെയ്യുന്നത് നിക്ഷേപകർ പ്രത്യേകം ശ്രദ്ധിക്കുക. 

പൊതുമേഖല ബാങ്കുകളുടെ എണ്ണം 12ൽ നിന്നും നാലിലേക്ക് കുറക്കുമ്പോൾ വിൽപ്പനയിലും, ലയനത്തിലും, മൂലധനവികസനത്തിലും ഏതൊക്കെ ബാങ്കുകൾ ഉൾപെടുമെന്നതും വിഷയമാണ്. പൊതു മേഖല  ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ തോത് പരിഗണിച്ച്  മാത്രം നിക്ഷേപം നടത്തുക. എസ്ബിഐ, കാനറാ ബാങ്ക്, പിഎൻബി, യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക് മുതലായ ഓഹരികൾ  നിക്ഷേപത്തിന്  പരിഗണിക്കുക.

ഐടി

ഇന്ത്യൻ ടെക് മേഖല അഭൂത പൂർവമായ മുന്നേറ്റ പാതയിലാണ്. സൂചനകൾ  അനുസരിച്ച് സർവകാല റെക്കോർഡ്  പ്രവർത്തനഫലമാണ് കഴിഞ്ഞ പാദത്തിൽ ഇന്ത്യൻ ടെക് മേഖല പ്രതീക്ഷിക്കുന്നത്. ടിസിഎസ് ആദ്യമായി  3000 രൂപ മറികടന്ന്  മുന്നിൽ നിന്നും  നയിക്കുമ്പോൾ  ഇൻഫോസിസ്  1300 രൂപയും, വിപ്രോ  400 രൂപയും , എച് സിഎൽ ടെക്ക് 1000 രൂപയും ഇന്ന് തന്നെ മറി കടക്കുമെന്നും  കരുതുന്നു. രാംകോ സിസ്റ്റംസ് , റ്റൻലാ പ്ലാറ്റ്ഫോംസ് , ബിർള  സോഫ്റ്റ് , പെർസിസ്റ്റന്റ് , കോഫോർജ്, ടാറ്റ എൽഎക്സി, റൂട്ട്  മൊബൈൽ, ഇൻഫി ബീം അവെന്യൂസ്, ഹാപ്പിയസ്റ് മൈൻഡ്‌സ് മുതലായ ഓഹരികൾ  പരിഗണിക്കാം..

സ്വർണം 

പുത്തൻ വൈറസുകളുടെയും,അമേരിക്കൻ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെയും പിന്തുണയിൽ ഇന്നലെ സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 50 ഡോളറിനടുത്ത് മുന്നേറ്റം നേടി. ഇനി ഔൺസിന് 2080 ഡോളർ  വരെ സ്വർണത്തിന്  തടസങ്ങളില്ല.  വാക്സിൻ  വികസനത്തിൽ ഇനി വരാനിടയുള്ള വീഴ്ചകളും  സ്വർണത്തിന് വൻ കുതിപ്പ് നൽകുമെന്ന് കരുതുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com