ADVERTISEMENT

പുതിയതായി ഓഹരി നിക്ഷേപത്തിലേക്ക് എത്തുന്നവർക്ക് വിപണി ചാഞ്ചാട്ടം എപ്പോഴും വെല്ലുവിളിയാണ്. പ്രത്യേകിച്ച്, പരമ്പരാഗത നിക്ഷേപമാര്‍ഗങ്ങളുടെ സുരക്ഷിതത്വം അനുഭവിച്ചവർക്ക്. അവരെ സംബന്ധിച്ച് വിപണിയുടെ നിത്യേനയുള്ള ചാഞ്ചാട്ടത്തെ എങ്ങനെ അതിജീവിക്കാനാകും എന്നതിനുള്ള ഉത്തരമാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് മ്യൂച്വൽ ഫണ്ടുകൾ. ഓരോ നിക്ഷേപകന്റെയും പോർട്ഫോളിയോയിൽ നിർബന്ധമായും വേണ്ട പദ്ധതിയാണിതെന്നു പറയാം. 

കടപ്പത്രവും ഓഹരിയും

ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് (ഡൈനാമിക് അസെറ്റ് അലോക്കേഷന്‍) എന്ന ഒരേ പദ്ധതിയിലൂടെ നിക്ഷേപം ഓഹരിയിലും കടപ്പത്രത്തിലുമായി വൈവിധ്യവല്‍ക്കരിക്കാൻ കഴിയും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ മികച്ചതാണ് ഓഹരി. സ്ഥിരതയാര്‍ന്ന നേട്ടത്തിലൂടെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കാൻ കടപ്പത്രങ്ങൾ മികച്ചതാണ്. രണ്ടിലും കൂടി നിക്ഷേപം വൈവിധ്യവല്‍ക്കരിച്ചാൽ സ്ഥിരതയും ഒപ്പം റിസ്ക് മാനേജ് ചെയ്ത് മികച്ച നേട്ടവും ലഭിക്കാം.

വിപണി കുതിക്കുമ്പോള്‍ ബാലൻസ്ഡ് ഫണ്ട് ഓഹരിയില്‍നിന്ന് ലാഭമെടുത്ത് കൂടുതല്‍ നിക്ഷേപം കടപ്പത്രങ്ങളിലേക്കു മാറ്റുന്നു. വിപണി തകർച്ചയിൽ ഓഹരിയിലെ വകയിരുത്തല്‍ കൂട്ടുന്നു. താഴ്ന്നിരിക്കുമ്പോള്‍ ഓഹരി വാങ്ങുകയും ഉയര്‍ന്നിരിക്കുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇവിടെയും നടക്കുന്നത്. 

നിലവിലെ സാഹചര്യത്തില്‍ പ്രസക്തം

ഉയര്‍ന്ന നിലവാരത്തിലെത്തി വിപണികള്‍ അപ്രവചനീയ സ്വഭാവം കൈവരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഈ ഫണ്ടുകള്‍ കൂടുതല്‍ പ്രസക്തമാണ്. ഒരു ആസ്തിയില്‍ നഷ്ടമുണ്ടായാലും മറ്റൊന്നില്‍നിന്ന് ലാഭം കിട്ടുന്ന തരത്തിലാണ് ഇവയുടെ ഘടന. വലിയൊരു തുക നിക്ഷേപിക്കുമ്പോള്‍ പൂര്‍ണ ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ആര്‍ക്കും പരിഗണിക്കാവുന്ന ഒന്നാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍. 

ആർക്കെല്ലാം യോജിച്ചത്?

ചാഞ്ചാട്ട സ്വഭാവം കാരണം ഓഹരിയില്‍നിന്ന് വിട്ടുനില്‍ക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണിത്. വിപണിയുടെ അപ്രവചനീയ പ്രതികരണങ്ങളില്‍ നിന്ന് നിക്ഷേപകനു സംരക്ഷണം നല്‍കുന്നു. ആസ്തി വകയിരുത്തലിലെ പ്രത്യേകതകള്‍ കൊണ്ട് എല്ലാ വിപണി സാഹചര്യങ്ങളിലും താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്താനും ഇവയ്ക്കു കഴിയും. 

ഐസിഐസിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്

ഡൈനാമിക് അസെറ്റ് അലോക്കേഷന്‍ ഫണ്ടുകളില്‍ ശ്രദ്ധേയമാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യലിന്റെ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്. ഈ വിഭാഗത്തിന് തുടക്കം കുറിച്ചതും ഏറ്റവും പഴക്കം ചെന്നതുമായ ഫണ്ടാണിത്. ഈ വിഭാഗത്തിൽ ഇന്ന് ലഭ്യമായ മിക്ക പദ്ധതികളും രണ്ട് വര്‍ഷത്തിനിടെ വന്നതാണ്. ഒരു പതിറ്റാണ്ടിലധികം അനുഭവപരിചയമുള്ളതിനാല്‍ ഒരു വിപണി ചക്രം മുഴുവന്‍ സാക്ഷ്യം വഹിക്കാന്‍ ഐസിഐസിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന് സാധിച്ചിട്ടുണ്ട്. പ്രകടനത്തില്‍ സ്ഥിരത നിലനിര്‍ത്താനും എല്ലാത്തരം വിപണി ചാഞ്ചാട്ടത്തെയും അതിജീവിക്കുന്നതില്‍ നിക്ഷേപകരെ സഹായിക്കാനും ഈ ഫണ്ടിന് കഴിഞ്ഞു.

ഫിനാൻഷ്യൽ അഡ്വൈസറാണ് ലേഖകൻ

English Summary : Know more about Balanced Advantage Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com