സെൻസെക്സ് ഇന്ന് 50,000 കടക്കുമോ?

HIGHLIGHTS
  • പിവിആർ, ടാറ്റ മോട്ടോഴ്‌സ് , ഇൻഫോസിസ്, വിപ്രോ, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ജെ എസ് ഡബ്ലിയു സ്റ്റീൽ, സെയിൽ, ഭെൽ, ടാറ്റ സ്റ്റീൽ എന്നിവ പരിഗണിക്കുക
reserve-bank
SHARE

തെരഞ്ഞെടുപ്പിൽ തോൽപിച്ചിട്ടും പ്രസിഡന്റ് ട്രംപിനെ പുറത്താക്കേണ്ടി വരുന്ന അമേരിക്കൻ ജനാധിപത്യത്തിന്റെ ദയനീയാവസ്ഥ ഇന്നലെ അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകി. ടെക് ഓഹരികളിൽ നിന്നും വിപണിയുടെ ശ്രദ്ധ സമ്പദ് വ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള ഓഹരികളിലേക്ക് മാറിയത് ഡൗ ജോൺസ്‌ സൂചികയുടെ വീഴ്ച 0.29% മാത്രമായി കുറച്ചു. അതേസമയം ടെക് സൂചികയായ നാസ്‌ഡാക്കിന്റെ ഇന്നലത്തെ വീഴ്ച 1.25 % ആണ്. യൂറോപ്യൻ വിപണികളും ഇന്നലെ തിരുത്തലോടെയാണ് അവസാനിച്ചത്.

സെൻസെക്സ് @ 50000

ഡൗ ജോൺസ്‌ ഫ്യൂച്ചർ ഇന്ന് 0.25 ശതമാനത്തിന് മുകളിൽ വ്യാപാരം തുടരുന്നതും സിങ്കപ്പൂരിൽ നിഫ്റ്റി ഫ്യൂച്ചർ 0.50 ശതമാനത്തിന് മുകളിൽ വ്യാപാരം ആരംഭിച്ചതും ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. നാസ്ഡാക് സ്വാധീനത്തിൽ ഇന്ന് വലിയ നഷ്ടത്തിൽ ആരംഭിച്ച ഏഷ്യൻ വിപണികൾ എല്ലാം തിരിച്ചു കയറുന്നതും ഇന്ത്യൻ സൂചികകൾക്ക് അനുകൂലമാണ്. നിഫ്റ്റി ഇന്ന് നേട്ടത്തോടെ ആരംഭിക്കുകയും സെൻസെക്സ് ഇന്ന് 50,000 പോയിന്റ് സ്വന്തമാക്കുകയും ചെയ്തേക്കാം.

നിഫ്റ്റി

നിഫ്റ്റി ഇന്നലെ 14498 എന്ന പുതിയ റെക്കോർഡ് നേടിയ ശേഷം 14484 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച് 14500 എന്ന ഏറെ പ്രത്യേകതയുള്ള കടമ്പ കടക്കുന്നത് ഇന്നത്തേക്ക് മാറ്റി. 14700 പോയിന്റിലാവും നിഫ്റ്റിയുടെ അടുത്ത പ്രധാന റെസിസ്റ്റൻസ്. 14440 കളിൽ നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുന്നു. ഐടി, ഓട്ടോ സെക്ടറുകൾക്കൊപ്പം ഫാർമ, എഫ്എംസിജി സെക്ടറുകളാണ് ഇന്നലെ നിഫ്റ്റിക്ക് റെക്കോർഡ് ഉയരം നൽകിയത്. നാളെ ഫലം പ്രഖ്യാപിക്കുന്ന ഇൻഫോസിസും, എച് സി എൽ ടെക്കും റെക്കോർഡ് മുന്നേറ്റം ഇന്നും തുടർന്നേക്കും. ഇന്നലെ വിദേശ നിക്ഷേപകർ 3138 കോടി രൂപ അധികമായി ഇന്ത്യൻ വിപണിയിലിറക്കിയതും ശ്രദ്ധിക്കുക.

ആർബിഐ റിപ്പോർട്ട്

ആർബിഐ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട് പ്രകാരം ഇന്ത്യൻ ബാങ്കിങ് സിസ്റ്റത്തിലെ കിട്ടാക്കടത്തിന്റെ തോത് സെപ്റ്റംബർ ആകുമ്പോഴേക്കും 13.6% ആയി ഉയരുമെന്ന് പ്രഖ്യാപിച്ചത് ബാങ്കിങ് മേഖലയ്ക്ക് ആശങ്കയാണ്. ഇത് വിപണി പ്രതീക്ഷിച്ചത് തന്നെയാണ്. എന്നാൽ കോർപറേറ്റ് ലോണുകളിൽ ശ്രദ്ധയൂന്നുന്ന പല ബാങ്കുകളുടെയും കിട്ടാക്കടത്തോത് ഇതിലും ഉയരുന്നത് നിക്ഷേപകർ കണക്കിലെടുക്കുക.

ഇന്നും ഐടി, ഓട്ടോ, ഫാർമ എന്നിവയ്ക്കൊപ്പം ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെത്തുടർന്ന് ഇന്നലെ മങ്ങി നിന്ന സ്റ്റീൽ, സിമന്റ് സെക്ടറുകളും ഇന്ന് കുതിപ്പ് തുടരുമെന്ന് കരുതുന്നു. ബജറ്റ്‌ ആനുകൂല്യങ്ങൾ ധാരാളം പ്രതീക്ഷിക്കുന്ന റിയൽ എസ്റ്റേറ്റ് , ഇൻഫ്രാ ഓഹരികൾ ദീർഘ കാല നിക്ഷേപത്തിന് പ്രത്യേകം പരിഗണിക്കുക.

പിവിആർ, ടാറ്റ മോട്ടോഴ്‌സ്, ഇൻഫോസിസ്, വിപ്രോ, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ജെ എസ് ഡബ്ലിയു സ്റ്റീൽ, സെയിൽ, ഭെൽ, ടാറ്റ സ്റ്റീൽ എന്നിവ ഇന്നു പരിഗണിക്കുക

ടാറ്റ - ടെസ്‌ല

അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലക്ക് വേണ്ടി ഇന്ത്യയിൽ വാഹനങ്ങൾ നിർമിക്കാൻ പോകുന്നത് ടാറ്റ മോട്ടോഴ്‌സാണ് എന്ന വാർത്തയാണ് ഇന്നലെ ടാറ്റ മോട്ടോഴ്സിന് വൻ മുന്നേറ്റം നൽകിയത്. ഇലക്ട്രിക് വാഹന നിർമാണ രംഗത്ത് വളരെയേറെ മുന്നോട്ട് പോയിട്ടുള്ള ടാറ്റ മോട്ടോഴ്‌സ് വളരെ അനുകൂലമായ ഒരു ഘട്ടത്തിലാണിപ്പോഴുള്ളത്. ന്യൂയോർക്കിലും ഓഹരി ഇന്നലെ മുന്നേറ്റം നേടി. 500 രൂപ ലക്‌ഷ്യം കണ്ട് ഓഹരിയിൽ നിക്ഷേപം തുടരാവുന്നതാണ്.

ടാറ്റ 2021ൽ കാർ വിൽപനയിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യൂണ്ടായ് മോട്ടോഴ്സിനെ പിന്തള്ളി മുന്നേറിയേക്കാമെന്നതും , ഇലക്ട്രിക് വാഹനങ്ങളടക്കം പുതിയ കാറുകളുടെ ഒരു വലിയ നിര തന്നെ ഇക്കൊല്ലം പുറത്തിറങ്ങാനുണ്ട് എന്നതും ജെഎൽആറിന്റെ വിൽപന മുന്നേറ്റവും കഴിഞ്ഞ പാദത്തിലെ റെക്കോർഡ് കാർ വിൽപന മൂന്നാം പാദ ഫലം മികച്ചതാക്കുന്നതും ടാറ്റക്ക് അനുകൂലമാണ്.

പാദഫലപ്രഖ്യാപനങ്ങൾ

ഇന്ത്യൻ ബാങ്ക്, ടാറ്റ എൽഎക്സി, സ്റ്റീൽ സ്ട്രിപ്പ് വീൽസ് മുതലായ കമ്പനികൾ ഇന്ന് മൂന്നാംപാദ ഫലപ്രഖ്യാപനം നടത്തുന്നത് ശ്രദ്ധിക്കുക. നാളെ ഇൻഫോസിസ്, വിപ്രോ എന്നീ ടെക് ഭീമന്മാരുടെ ഫലപ്രഖ്യാപനമുള്ളതിനാൽ ടെക് ഓഹരികൾ സ്വന്തമാക്കി കാത്തിരിക്കുക.

എച്ച് സിഎൽ ടെക്ക് , എൽ&ടി ഫിനാൻസ്, എച്ച് ഡിഎഫ് സി ബാങ്ക്, പിവിആർ മുതലായ കമ്പനികളും ഈയാഴ്ച പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്നത്ശ്രദ്ധിക്കുക. ബാങ്ക് ഓഹരികളിൽ പ്രത്യേകം ശ്രദ്ധിക്കുക.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary: Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA