ADVERTISEMENT

പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യുന്ന നടപടിയുമായി അമേരിക്കൻ കോൺഗ്രസ് മുന്നോട്ട് പോകുന്നത് വിപണിക്ക് ചെറുതിരുത്തൽ നൽകുമെന്ന് കരുതുന്നു. ടെക് ഓഹരികളുടെ പ്രത്യേകിച്ച് ഇന്റലിന്റെ പിൻബലത്തിൽ മുന്നേറിയ നാസ്ഡാകും എസ്&പിയും റെക്കോർഡ് ഉയരം സ്വന്തമാക്കിയപ്പോൾ ഡൗ ജോൺസ്‌ ഇന്നലെ നേട്ടം കൈവിട്ടു. യൂറോപ്യൻ വിപണികളും ഇന്നലെ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഏഷ്യയിൽ ജപ്പാൻ, കൊറിയൻ സൂചികകൾക്ക് മാത്രമേ മുന്നേറാനായുള്ളൂ. 

അമേരിക്കയുടെ പണപ്പെരുപ്പ നിരക്ക് പുതിയ സ്റ്റിമുലസ് പാക്കേജിനെ ഉൾക്കൊള്ളുന്നതിനായി ഫെഡ് റിസർവ് വിഭാവനം ചെയ്തത് പോലെ തന്നെ  ഉയരുകയാണ്. ട്രംപിനെ ഇറക്കി വിട്ട ശേഷം ബൈഡന്റെ പുത്തൻ സ്റ്റിമുലസ് പ്രഖ്യാപനങ്ങൾക്കായി കാക്കുകയാണ് വിപണി. വാക്സിനേഷൻ വിജയമാണ് ഇനി ലോക വിപണിയുടെ തന്നെ ഗതി നിർണയിക്കുക. ഇന്ന് പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്ന ഇന്ത്യൻ സൂചികകൾ വിദേശ ഫണ്ടുകളുടെ പിന്തുണയിൽ വീണ്ടും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഐടി ഓഹരികളിൽ ഉണ്ടായേക്കാവുന്ന ലാഭമെടുക്കൽ വിപണിക്ക് വിനയാണ്. 

നിഫ്റ്റി

നിഫ്റ്റി ഇന്നലെത്തെ റെക്കോർഡ് നേട്ടം കനത്ത ലാഭമെടുക്കലിൽ കൈവിട്ടുവെങ്കിലും മുൻ ക്ലോസിങിനൊപ്പമെത്തി വ്യാപാരം അവസാനിപ്പിച്ചത് ഇന്ന് വിപണിക്ക് അനുകൂലമാകും. എന്നാൽ സെൻസെക്സ് നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.  പൊതുമേഖല ബാങ്കിങ്, ഓട്ടോ, സെക്ടറുകൾക്കൊപ്പം മെറ്റൽ, ഇൻഫ്രാ, എഫ്എംസിജി സെക്ടറുകളും മുന്നേറിയപ്പോൾ ഐടി പ്രതീക്ഷിച്ച മുന്നേറ്റം നേടാതെ പോയതും, എൻബിഎഫ്സി,  സ്വകാര്യ ബാങ്കിങ്  ഓഹരികളിലെ ഇറക്കത്തിനൊപ്പം റിലയൻസിലെ ഇടിവും വിപണിക്ക് വിനയായി. 

ഇന്ന് ഐടി, ബാങ്കിങ് , ഫിനാൻഷ്യൽ മേഖലകളിൽ വാങ്ങൽ നടന്നേക്കാമെന്നത് വിപണിയുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. മെറ്റൽ, എഫ്എംസിജി, എന്റർടൈൻമെന്റ്, ഇൻഫ്രാ, ഹോസ്പിറ്റാലിറ്റി മേഖലകളും ഇന്നും മുന്നേറ്റ പ്രതീക്ഷയിലാണ്. ഇന്നലെ മുന്നേറ്റം നേടിയ മഹിന്ദ്ര & മഹിന്ദ്ര, എസ്ബിഐ, ഐടിസി, ഭാരതി എയർടെൽ, ഒഎൻജിസി മുതലായ ഓഹരികൾക്കൊപ്പം  ഇൻഫോസിസ് , വിപ്രോ, ടാറ്റ എൽഎക്സി, എച്എഎൽ,  ടാറ്റ മോട്ടോഴ്സ്, സെയിൽ, സ്‌പൈസ് ജെറ്റ്, എച്ഡിഎഫ്സി , മുതലായ ഓഹരികളും ഇന്ന് ശ്രദ്ധിക്കുക.

ഫല പ്രഖ്യാപനങ്ങൾ

ഇൻഫോസിസ്, വിപ്രോ, സെസ്‌ക്, രാജൂ  എഞ്ചിനീയേഴ്‌സ് , റാഡിക്സ് , ക്യാപിറ്റൽ ട്രേഡ് ലിങ്ക്സ് മുതലായ കമ്പനികൾ ഇന്നലെ മികച്ച റിസൾട്ടുകൾ പുറത്തു വിട്ടത് വിപണിക്ക് അനുകൂലമാണ്. ടാറ്റ സ്റ്റീൽ ലോങ്ങ് പ്രോഡക്ട്, ഡെൻ നെറ്റ് വർക്സ്, ആർഐഐഎൽ, എച്എഫ്സിഎൽ, ഡിജി കണ്ടെന്റ്, വെബൽ സോളാർ മുതലായ കമ്പനികളും ഇന്ന്  ത്രൈമാസഫല പ്രഖ്യാപനം നടത്തുന്നത് ശ്രദ്ധിക്കുക. 

ഇൻഫോസിസ്

നടപ്പ്  പാദത്തിൽ 5% വരെ വരുമാന വളർച്ച ലക്ഷ്യമിടുന്ന ഇൻഫോസിസ് കഴിഞ്ഞ പാദത്തിൽ 25927 കോടി രൂപയുടെ വിട്ടുവരവ് സ്വന്തമാക്കി. മുൻവർഷത്തിൽ നിന്നും 16.6% വർദ്ധനവോടെ 5197 കോടി രൂപയാണ് കമ്പനിയുടെ ലാഭം. ഓഹരി 1800 രൂപ ലക്ഷ്യത്തിൽ ദീർഘകാല നിക്ഷേപത്തിന്പരിഗണിക്കാം. 

വിപ്രോ 

വിപ്രോയും വിപണിയുടെ പ്രതീക്ഷ കാത്ത ഫലപ്രഖ്യാപനമാണ് ഇന്നലെ നടത്തിയത്. നാലാം പാദത്തിൽ 3.5% നിരക്കിൽ  വരുമാന വളർച്ച പ്രതീക്ഷിക്കുന്ന കമ്പനിക്ക് കഴിഞ്ഞ പാദത്തിൽ വരുമാനത്തിൽ വൻവളർച്ച സാധ്യമായില്ലെങ്കിലും 21% വർദ്ധനവോടെ 2968 കോടി രൂപയുടെ അറ്റാദായം നേടാനായത് അനുകൂലമാണ്. മൂന്നാം പാദത്തിൽ മാത്രം 23% മുന്നേറിയ ഓഹരിയുടെ കഴിഞ്ഞ ഒരു കൊല്ലത്തെ നേട്ടം 50% ത്തിന് മുകളിലാണ്. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.  

ഐ പി ഓ 

ഇന്ത്യൻ വിപണിയിലെ ഈ വർഷത്തെ ആദ്യ ഐപിഓക്ക് ജനുവരി 18ന് തുടക്കമാവുകയാണ്. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ (ഐആർഎഫ് സി)  എന്ന പൊതുമേഖല ധനകാര്യ സ്ഥാപനം 26000 കോടി രൂപയാണ് വിപണി പ്രവേശനത്തിലൂടെ സമാഹരിക്കുന്നത്. 25-26 രൂപ നിരക്കിലിറക്കുന്ന 10 രൂപ മുഖവിലയുള്ള ഓഹരി നിക്ഷേപത്തിന് അനുയോജ്യമാണ്. 

ഇൻഡിഗോ പെയിന്റും വിപണിയിൽ നിന്നും ഓഹരി ഒന്നിന് 1500 രൂപ നിരക്കിൽ 1000 കോടി രൂപ സമാഹരിക്കുന്നതിനായി ജനുവരി ഇരുപതിന് വിപണിയിലെത്തുന്നു. ഓഹരി നിക്ഷേപത്തിന്  പരിഗണിക്കാവുന്നതാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com