ADVERTISEMENT

പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുന്ന ഇന്ന് അമേരിക്കൻ വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്കും ഊഹക്കച്ചവടങ്ങൾക്കും സാധ്യതയേറെയാണ്. എങ്കിലും ഓയിൽ, ഗ്യാസ്, ടെക്, ഹെൽത് കെയർ മേഖലകളുടെ മുന്നേറ്റത്തിൽ ഇന്നലെ അമേരിക്കൻ സൂചികകൾ ഭേദപ്പെട്ട നിലയിൽ വ്യാപാരം അവസാനിപ്പിച്ചത് ഇന്ന് ലോക വിപണിക്ക് അനുകൂലമാണ്. ഡൗ ജോൺസ്‌ സൂചിക 0.39% മാത്രം മുന്നേറിയപ്പോൾ എസ്&പി 0.82%വും, നാസ്ഡാക് 1.54%വും മുൻനേട്ടം നേടി. 

മികച്ച റിസൾട്ടുകളും, ട്രഷറി സെക്രട്ടറി നോമിനീ ജാനറ്റ് യെല്ലെന്റെ സാന്നിധ്യവും, വിശാലമായ സ്റ്റിമുലസ് പദ്ധതികളും അമേരിക്കൻ വിപണിയെ ത്രസിപ്പിച്ചേക്കാം. ഇത് മറ്റ് വിപണികൾക്കും അനുകൂലമാവുമെന്ന് കരുതുന്നു. ട്രംപിന്റെ ശാന്തമായ പടിയിറക്കവും വിപണിക്ക് അനുകൂലമാണ്. ഏഷ്യൻ വിപണികളുടെ മുന്നേറ്റത്തോടെയുള്ള ആരംഭം ഇന്ത്യൻ വിപണിക്കും അനുകൂലമാണെങ്കിലും ചാഞ്ചാട്ടസാധ്യത വിനയായേക്കാം. വലിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ജപ്പാന്റെ നിക്കി സൂചിക ഇന്ന് വൻതകർച്ചയാണ് നേരിടുന്നത്. ഇന്ത്യൻ വിപണിയിലും ഇന്ന് ചുഴികൾ പ്രതീക്ഷിക്കാം. സ്റ്റോപ്പ് ലോസ് നിർബന്ധമായും പരിഗണിക്കുക. 

നിഫ്റ്റി 

ഇന്ത്യൻ സൂചികകൾ തകർത്ത് മുന്നേറുന്ന കാഴ്ചക്കാണ് ഇന്നലെ വിപണി സാക്ഷ്യം  വഹിച്ചത്. നിഫ്റ്റി 239 പോയിന്റുകൾ അഥവാ 1.68% മുന്നേറി 14500 പോയിന്റിന് മുകളിൽ നിലയുറപ്പിച്ചത് അടുത്ത കുതിപ്പിന് ബലമേകും. മുപ്പത് ഓഹരികളിൽ 27 എണ്ണവും നേട്ടം കാണിച്ച സെൻസെക്സ് സൂചിക 49398 പോയിന്റിൽ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. 

14700 പോയിന്റിലായിരിക്കും നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ. 14900 പോയിന്റിൽ നിഫ്റ്റിയിൽ വലിയ വിൽപ്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു. നിഫ്റ്റിയുടെ ഏറ്റവും വിശ്വസ്തമായ പിന്തുണ മേഖല 14200 പോയിന്റിലാണ്. എങ്കിലും 14200 പോയിന്റിനും 14650 പോയിന്റിനുമിടയിൽ നിഫ്റ്റി സ്ഥിരതയിലെത്താനും സാധ്യത കാണുന്നു. 

സകല മേഖലകളും മുന്നേറ്റം നേടിയ ഇന്നലെ ഐടി  മോശം പ്രകടനം കാഴ്ച വെച്ചു. റിയാലിറ്റി, മെറ്റൽ മേഖലകൾ വിപണിയെ മുന്നിൽ നിന്നും നയിച്ചു. ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികളുടെ മുന്നേറ്റമാണ് വിപണിക്ക് ഇന്നലെ നിർണായകമായത്. ഇന്നും ബാങ്കിങ്, ഫിനാൻഷ്യൽ, റിയൽറ്റി, മെറ്റൽ, എഫ്എംസിജി, ഓട്ടോ, ടയർ മേഖലകൾ  മുന്നേറ്റം നേടുമെന്ന് പ്രതീക്ഷിക്കുന്നു. റിലയൻസ്, ടാറ്റ മോട്ടോഴ്‌സ്, സിയറ്റ്, ജെകെ ടയർ, അപ്പോളോ ടയർ , എസ്ബിഐ കാർഡ്, ഡിഎൽഎഫ്, എസ്ബിഐ മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ബജറ്റ് & പിഎൽഐ സ്‌കീം 

സ്മാർട്ട് ഫോൺ, ഇലക്ട്രോണിക് ഘടകങ്ങൾ, റഫ്രിജറേറ്ററുകൾ, വാഹന ഘടകങ്ങൾ തുടങ്ങി  50ൽ അധികം ഉത്പന്നങ്ങളുടെ കൂടി ഇറക്കുമതി തീരുവ ഇത്തവണത്തെ ബജറ്റിൽ 5 മുതൽ പത്തു ശതമാനം വരെ വർദ്ധിപ്പിച്ചേക്കുമെന്ന സൂചനയാണ് കേന്ദ്ര സർക്കാർ തരുന്നത്. ഇത് ഇന്ത്യൻ മാനുഫാക്ച്ചറിങ് മേഖലക്ക് അനുകൂല സാഹചര്യമാണൊരുക്കുന്നത്. ഇപ്പോൾ  ഇറക്കുമതി ചെയ്യുന്നവയിൽ എന്തെല്ലാം ഇന്ത്യയിൽ നിർമിക്കാമെന്ന് പരിശോധിക്കാൻ വ്യവസായ സമൂഹത്തോട് നിതിൻ ഗഡ്‌കരിയുടെ ആഹ്വാനവും ശ്രദ്ധിക്കുക. 

പ്രോഡക്റ്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിൽപെടുന്ന മേഖലകളും കമ്പനികളും കൂടി ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്ന മേഖലകൾ  നിക്ഷേപത്തിന് തീർച്ചയായും പരിഗണിക്കുക. കഴിഞ്ഞ ബജറ്റിൽ ഇലക്ട്രിക്ക് - ഇലക്ട്രോണിക്  ഉപകരണങ്ങൾ  പാദരക്ഷകൾ , കളിപ്പാട്ടങ്ങൾ, ഫർണിച്ചർ എന്നിവയുടെ ഇറക്കുമതിച്ചുങ്കം 20 % വരെ ഉയർത്തിയിരുന്നു.

റിസൾട്ടുകൾ 

ഇന്ത്യാബുൾ റിയൽ എസ്റ്റേറ്റ്, ഐആർബി ഇൻഫ്രാ, സിയറ്റ്, ഗേറ്റ് വേ ഡിസ്‌ട്രി പാക്, സ്കിപ്പർ മുതലായ കമ്പനികളുടെ  മികച്ച റിസൾട്ടുകളും. മൈൻഡ് ട്രീ, ഐ സി ഐ സി ഐ ലൊംബാർഡ്,ഹാറ്റ്‌സൺ അഗ്രോ, ഡിസിഎം ശ്രീറാം, ടാറ്റ മെറ്റാലിക്സ്, മോൾഡ് ടെക് പാക്കേജിങ്,  ബാങ്ക് ഓഫ് മഹാരഷ്ട്ര എന്നിവയുടെയും പ്രതീക്ഷക്കപ്പുറമുള്ള റിസൾട്ടുകളും ഇന്നലെ വിപണിക്ക് മുന്നേറ്റം നൽകി.

ഇന്ന് ഫലപ്രഖ്യാപനം നടത്തുന്ന ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ്, ഹാവെൽസ്, സ്റ്റെർലൈറ്റ് ടെക്, ഹിന്ദ്സിങ്ക്, ഫിലിപ്സ് കാർബൺ, ഉദയ്‌പൂർ സിമന്റ് മുതലായ ഓഹരികളിൽ ഇന്ന് സ്റ്റോപ്പ് ലോസ് പരിഗണിക്കാം.

നാളെയും മറ്റന്നാളുമായി  ഫല ഫലപ്രഖ്യാപനം നടത്തുന്ന ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ബജാജ്  ഹോൾഡിങ്‌സ്, ബയോകോൺ, ജിൻഡാൽ സ്റ്റീൽ, ഐ ഇ എക്സ്, കജാരിയ, ജെ കെ ടയർ, എം സി എക്സ്, എംഫസിസ്, റിലയൻസ്, എസ് ബി ഐ കാർഡ് , എസ് ആർ എഫ്, ജെ എസ് ഡബ്ലിയു സ്റ്റീൽ, സെഞ്ച്വറി ടെക്സ് , ഒബ്‌റോയ് റിയൽറ്റി , എസ് ബി ഐ ലൈഫ്, വി മാർട്ട്, യെസ് ബാങ്ക് മുതലായ  ഓഹരികളും ഇന്ന് നിക്ഷേപത്തിന് പരിഗണിക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com