ദിവസവും ഓഹരിവിപണിയിൽ നിന്ന് 10,000 രൂപ!

HIGHLIGHTS
  • പെട്ടെന്ന് പൈസയുണ്ടാക്കുവാനുള്ള അത്യാഗ്രഹമാണ് പെന്നിസ്റ്റോക്കുകളുടെ അനിയന്ത്രിത വളർച്ചക്ക് കാരണം
money
SHARE

ദിവസം ഓഹരിവിപണിയിൽ നിന്ന് 10,000 രൂപ വരെ വീട്ടിലിരുന്നു തന്നെ സമ്പാദിക്കാം എന്ന പരസ്യങ്ങൾ  ഇന്റർനെറ്റിലും, മൊബൈലിലും ധാരാളമായി പ്രചരിക്കുന്നുണ്ട്. ഓഹരി വിപണിയുടെ മറവിൽ കൃത്യമായ അംഗീകാരമില്ലാത്ത പ്രസ്ഥാനങ്ങളും, വ്യക്തികളും, ഒരു കൂട്ടം ഓഹരികൾ പെട്ടെന്ന് ഉയർന്ന വിലയിലേക്കെത്തിക്കാനും, ലാഭമുണ്ടാക്കുവാനും ചെയ്യുന്ന കുതന്ത്രങ്ങളാണിവ. പെന്നി സ്റ്റോക്കുകളാണ് പ്രധാനമായും ഇത്തരത്തിൽ മാർക്കറ്റ്ചെയ്യപെടുന്നത്. 

പെന്നി സ്റ്റോക്കുകൾ

പത്തുരൂപയിൽ കുറവിൽ ലഭ്യമായ, വിപണി മൂല്യം കുറഞ്ഞ, അറിയപ്പെടാത്ത കമ്പനികളുടെ ഓഹരികളാണ് പെന്നി സ്റ്റോക്കുകൾ. കാര്യക്ഷമമായ ഒരു ഭരണ നേതൃത്വും ഇത്തരം കമ്പനികൾക്കുണ്ടാകില്ല. കടം കൂടുതലും, ലാഭം ഇല്ലാതിരിക്കലും, ഡിവിഡന്റ് തരാത്തതും  ഇത്തരം കമ്പനികളുടെ പ്രത്യേകതകളാണ്.  പക്ഷെ പത്തുരൂപയിൽ കുറവുള്ള എല്ലാ സ്റ്റോക്കുകളും പെന്നി സ്റ്റോക്കുകളല്ല. പല നല്ല കമ്പനികളുടെയും ഓഹരികൾ പ്രത്യക സാഹചര്യത്തിൽ പത്തു രൂപയിൽ കുറവിൽ വ്യാപാരം നടക്കുന്നുണ്ട്. 

ഓഹരിയുടെ ആദ്യ ലിസ്റ്റിങ്ങിനു ശേഷം 500 മുതൽ1000 ശതമാനം വരെ പല പെന്നിസ്റ്റോക്കുകളും ഉയർന്നിട്ടുണ്ട്. ഇത്രയും ആദായം നൽകുന്ന ഓഹരികൾ പലപ്പോഴും പുതിയ നിക്ഷേപകരെ ആകർഷിക്കാറുണ്ട്. ഓഹരി വാങ്ങിയതിന് ശേഷം; വിൽക്കുവാൻ ശ്രമിക്കുമ്പോൾ പെട്ടെന്ന് വില ഇടിയുന്നത് ഇത്തരം ഓഹരികളുടെ ഒരു പ്രത്യേകതയാണ്. പല പെന്നി സ്റ്റോക്കുകളും വില്പനസമ്മര്‍ദം ഉള്ളപ്പോൾ തുടർച്ചയായി വിൽക്കുവാൻ സാധിക്കാത്ത വില നിലവാരത്തിലെത്താറുണ്ട് (lower price circuit). 

പണമാക്കാനാകില്ല

ഒരു ഓഹരി വിൽക്കുവാൻ ശ്രമിക്കുമ്പോൾ ആവശ്യത്തിന് ഡിമാൻഡ് ഇല്ലെങ്കിൽ, അഥവാ വാങ്ങുവാൻ ആളില്ലെങ്കിൽ അത്തരം ഓഹരികൾ ലിക്വിഡിറ്റി ഇല്ലാത്തവയാണെന്ന് മനസ്സിലാക്കാം. പല പെന്നി സ്റ്റോക്കുകളും ആദ്യത്തെ കയറ്റത്തിനുശേഷം അവയുടെ ഫേസ് വാല്യൂ വിനേക്കാൾ കുറവായിട്ടായിരിക്കും വ്യാപാരം നടക്കുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്കോ,വൻകിട ആഭ്യന്തര  നിക്ഷേപകർക്കോ  അത്തരം ഓഹരികൾ വാങ്ങുന്നതിനു താല്പര്യം കുറവായിരിക്കും. ചില ദിവസങ്ങളിൽ കൃത്രിമ ഡിമാൻഡ് സൃഷ്ടിച്ചു വിൽക്കുന്നതിനു മാത്രമോ അല്ലെങ്കിൽ വാങ്ങുന്നതിന് മാത്രമോ നിക്ഷേപകർ ഉണ്ടാകൂ. വിൽക്കുവാനും, വാങ്ങുവാനുമുള്ള ഓഹരികളുടെ എണ്ണം പരിശോധിച്ചാൽ അങ്ങനെയുള്ള ഓഹരികൾ പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കും.

4300% വരെ ആദായം

ഭൂരിഭാഗവും പെന്നി സ്റ്റോക്കുകളാണ് ഈ ഗണത്തിൽപെടുക. വളരെ തുച്ഛമായ വിലക്ക് ലഭിക്കുന്നതിനാൽ തന്നെ പെന്നി സ്റ്റോക്കുകൾ വാങ്ങുന്നതിനു ചില നിക്ഷേപകർ പ്രത്യേക താല്പര്യം പ്രകടിപ്പിക്കും. തീരെ ചെറിയ, അറിയപ്പെടാത്ത കമ്പനികളുടെ ഓഹരികളാണെന്ന കാര്യം  കണക്കിലെടുക്കാതെ വാങ്ങിയതിനുശേഷം, വിൽക്കുവാൻ ശ്രമിക്കുമ്പോഴാണ് ഇതൊരു കെണിയാണെന്നു മനസ്സിലാവുക. 4300% വരെ ആദായം നൽകിയ പെന്നിസ്റ്റോക്കുകളെ 2020ൽ പല ധനകാര്യ മാധ്യമങ്ങളും ഉയർത്തികാട്ടിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പരിശോധിച്ചാൽ പല പെന്നി സ്റ്റോക്കുകളും അങ്ങേയറ്റം ഉയർച്ച രേഖപ്പെടുത്തിയതായി കാണാം. റീറ്റെയ്ൽ നിക്ഷേപകരുടെ പെട്ടെന്ന് പൈസയുണ്ടാക്കുവാനുള്ള അത്യാഗ്രഹമാണ് പെന്നിസ്റ്റോക്കുകളുടെ അനിയന്ത്രിത വളർച്ചക്ക് ഒരു കാരണം. ഓഹരിയുമായി  ബന്ധപ്പെട്ടുണ്ടായിട്ടുള്ള പല അഴിമതികളിലും പെന്നി സ്റ്റോക്കുകൾ വലിയ പങ്കു വഹിച്ചിരുന്നു. ഉയർന്ന നഷ്ട സാധ്യത ഉള്ളതിനാൽ  പെന്നി സ്റ്റോക്കുകൾ ഓഹരി നിക്ഷേപത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതല്ല. പെന്നി സ്റ്റോക്കുകൾക്കു 100% പരാജയ സാധ്യതയുണ്ടെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ദിനംപ്രതിയുള്ള ഓഹരിവ്യാപാരത്തിന്റെ  നിയന്ത്രണത്തിനായി സെബി പുതിയ മാർജിൻ വ്യവസ്ഥകൾ പ്രാബല്യത്തിലാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥകൾ പെന്നി സ്റ്റോക്ക് വ്യാപാരം ചെയ്യുന്നവരെ  നിരുത്സാഹപ്പെടുത്തുമെന്നു ഓഹരി രംഗത്തെ പ്രമുഖ ബ്രോക്കിങ് കമ്പനികൾ അവകാശപ്പെടുന്നു. 

ചാറ്റ് കൂട്ടായ്മകളുടെ സഹകരണത്തോടെ ഒരു പെന്നി സ്റ്റോക്ക് പെട്ടെന്ന് 451% ഉയർന്നത് അമേരിക്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നല്ലോ .2020 ലെ പോലെ തന്നെ 2021ലും പെന്നി സ്റ്റോക്കുകൾ റെക്കോർഡുകൾ ഭേദിക്കും എന്ന പ്രവചനങ്ങൾ പ്രധാന ഓഹരി വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് വരുന്നുണ്ട്.  

അവബോധം വേണം

പെന്നി സ്റ്റോക്കുകൾ ദിവസേന  വ്യാപാരം ചെയ്തു ലക്ഷങ്ങൾ സമ്പാദിക്കാം എന്നുള്ള ഓൺലൈൻ പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കുക. ഓഹരിയുടെ ലിസ്റ്റിങ്ങിനു ശേഷം കുറച്ചു നാളുകൾ ഉയർന്നു തന്നെ നിന്നതിനുശേഷം പതുക്കെ പതുക്കെ മൂല്യം ഒറ്റയടിക്ക് ഇടിക്കുന്ന പ്രവണതയും പെന്നി സ്റ്റോക്ക് പ്രൊമോട്ടേഴ്സ് പിന്തുടരാറുണ്ട്. പോൺസി സ്കീം മാതൃകയിലാണ് പല പെന്നി സ്റ്റോക്കുകളും നിക്ഷേപകരെ കബളിപ്പിക്കുന്നത്. റീറ്റെയ്ൽ ഓഹരി വ്യാപാര തോത് കൂടുന്നതോടെ പെന്നി സ്റ്റോക്കുകൾ കൂടുതലായി ഓഹരി വിപണിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നിക്ഷേപിക്കുവാൻ ഉദ്ദേശിക്കുന്ന കമ്പനിയെക്കുറിച്ചു നല്ല അവബോധമുണ്ടായാൽ പെന്നി സ്റ്റോക്കുകളുടെ ചതിക്കുഴിയിൽ വീഴാതെ രക്ഷപ്പെടാം.

English Summary: Know Details about Penny Stocks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA