ADVERTISEMENT

ഇനിയുള്ള നിക്ഷേപകാലത്ത് ആസ്തി വൈവിധ്യവൽക്കരണത്തിലൂന്നിയുള്ള നിക്ഷേപങ്ങൾക്ക് മുൻഗണന നൽകുന്നതാണ് റിസ്ക് കുറയ്ക്കാനുള്ള മാർഗമെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസിയുടെ പ്രൊഡക്ട് കമ്യൂണിക്കേഷൻ മേധാവി ആർ മനീഷ് പറയുന്നു. മനോരമ ഓൺലൈനും ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്ചൽ ഫണ്ടും ചേർന്നു സംഘടിപ്പിച്ച സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ 2021 ൽ നിക്ഷേപം എങ്ങനെയാകണം എന്നതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം 

ഡിവിഡന്റ്, ഗ്രോത്ത് രീതികളും നികുതി ബാധ്യതയും 

മ്യൂചല്‍ ഫണ്ടുകളുടെ ലാഭവിഹിതത്തിന്റെ കാര്യത്തില്‍ ഡിവിഡന്റ് ഓപ്ഷനാണോ ഗ്രോത്ത്  ഓപ്ഷനാണോ വേണ്ടതെന്നു തീരുമാനിക്കുമ്പോള്‍ തങ്ങളുടെ നികുതി ബാധ്യത കൂടി കണക്കിലെടുക്കണമെന്ന മനീഷ് ചൂണ്ടിക്കാട്ടി. ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കുന്നവരുടെ കാര്യത്തില്‍ ഇതിനു കൂടുതല്‍ പ്രസക്തിയുണ്ടെന്നും വെബിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരിട്ടു നിക്ഷേപിക്കും മുന്‍പ് വിശകലനം നടത്തണം

നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അറിവും അതു ചെയ്യാനുള്ള കഴിവും ഉള്ളവര്‍ മാത്രമായിരിക്കണം നേരിട്ടു നിക്ഷേപം നടത്തേണ്ടത്. അവര്‍ക്ക് ഇതിനുള്ള സമയവും ഉണ്ടായിരിക്കണം. ഇതിനു സാധിക്കാത്തവര്‍ അഡൈ്വസര്‍മാര്‍ വഴി നിക്ഷേപിക്കുന്നതായിരിക്കും ഉചിതം.

ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ക്കു മുന്‍പും കണക്കു കൂട്ടല്‍ നടത്തണം

നികുതി ആനുകൂല്യത്തിനായി ഇഎല്‍എസ്എസ് നിക്ഷേപം നടത്തുമ്പോഴും ആ പദ്ധതികളിലൂടെ ലഭിക്കുന്ന വരുമാനം എത്രയായിരിക്കുമെന്ന വിലയിരുത്തലുകള്‍ നടത്തണം. നികുതി ബാധ്യത എത്രയെന്നതനുസരിച്ച് ലഭിക്കുന്ന നേട്ടവും പദ്ധതിയില്‍ നിന്നു ലഭിച്ചേക്കാവുന്ന വരുമാനവും വിശകലനം ചെയ്ത ശേഷമായിരിക്കണം നിക്ഷേപം നടത്താന്‍. നികുതി ആനുകൂല്യത്തിനായുള്ള ഏറ്റവും മികച്ച നിക്ഷേപങ്ങളിലൊന്നാണ് ഇഎല്‍എസ്എസ് എന്നും മനീഷ് ചൂണ്ടിക്കാട്ടി. 

റിട്ടയര്‍മെന്റ് പ്ലാനിങ് പരമാവധി നേരത്തെ ആരംഭിക്കണം

റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതം മികച്ചതാക്കാന്‍ സഹായിക്കുന്ന നിരവധി പദ്ധതികള്‍ മ്യൂചല്‍ ഫണ്ടുകള്‍ മുന്നോട്ടു വെക്കുന്നുണ്ടെന്ന് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി മനീഷ് പറഞ്ഞു. അറുപതു വയസു കഴിഞ്ഞ് എത്ര തുക വേണ്ടി വരും എന്നത് കണക്കു കൂട്ടി അതു ലക്ഷ്യമാക്കിയുള്ള നിക്ഷേപമായിരിക്കണം റിട്ടയര്‍മെന്റ് പ്ലാനിങിന്റെ ഭാഗമായി നടത്തേണ്ടത്. 

ഇക്വിറ്റി പദ്ധതികളും ഡെറ്റ് പദ്ധതികളും പരിഗണിക്കണം

വ്യക്തികള്‍ മ്യൂചല്‍ ഫണ്ട് നിക്ഷേപം നടത്തുമ്പോള്‍ ഇക്വിറ്റി പദ്ധതികളും ഡെറ്റ് പദ്ധതികളും പരിഗണിക്കണം. ഓരോ വ്യക്തിയുടേയും സവിശേഷതകള്‍ക്ക് അനുസൃതമായായിരിക്കണം ഇതിന്റെ തോത് നിശ്ചയിക്കേണ്ടത്. നഷ്ടസാധ്യതകള്‍ കൂടുതലായി വഹിക്കാനാവുന്നവര്‍ക്ക് ഇക്വിറ്റി പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം നടത്താമെന്നും ചോദ്യങ്ങളോടു പ്രതികരിച്ചു കൊണ്ട് മനീഷ് പറഞ്ഞു.

എജ്യൂക്കേഷന്‍ പ്ലാനിങും റിട്ടയര്‍മെന്റ് പ്ലാനിങിന്റെ രീതിയില്‍ തന്നെ

റിട്ടയര്‍മെന്റ് പ്ലാനിങിനു സമാനമായ രീതിയിലാണ് എജ്യൂക്കേഷന്‍ പ്ലാനിങും നടത്തേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിട്ടയര്‍മെന്റ് പ്ലാനിങില്‍ അറുപതു വയസിനു ശേഷം എത്ര തുക വേണ്ടി വരുമെന്ന് ആദ്യം കണക്കു കൂട്ടിയ ശേഷമായിരിക്കണം നിക്ഷേപ പദ്ധതി തയ്യാറാക്കേണ്ടത്. ഇവിടെ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനു പോകുമ്പോള്‍ എത്ര തുക വേണ്ടി വരും എന്നു കണക്കാക്കിയ ശേഷം പദ്ധതി തയ്യാറാക്കണം. ഈ പ്രത്യേക ആവശ്യം നിറവേറ്റാനാവുന്ന പദ്ധതികള്‍ വിവിധ മ്യൂചല്‍ ഫണ്ടുകള്‍ക്കുണ്ടെന്നും മനീഷ് ചൂണ്ടിക്കാട്ടി. 

45 വയസിലും നിക്ഷേപം ആരംഭിക്കാം

ഏതു പ്രായത്തില്‍ വേണമെങ്കിലും നിക്ഷേപം ആരംഭിക്കാമെന്ന് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു പ്രതികരണമായി മനീഷ് ചൂണ്ടിക്കാട്ടി. എത്ര കുറഞ്ഞ പ്രായത്തില്‍ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും നേട്ടം കൈവരിക്കാം. 45 വയസുള്ള പ്രവാസി തനിക്കിതുവരെ നിക്ഷേപം ആരംഭിക്കാനായിട്ടില്ലെന്നും ഇനി അതു സാധിക്കുമോ എന്നും സംശയം പ്രകടിപ്പിച്ചപ്പോള്‍  45 വയസായി എന്നത് ആദ്യമായി നിക്ഷേപം ആരംഭിക്കുന്നതിന് ഒരു തടസമേ അല്ലെന്നു ചൂണ്ടിക്കാട്ടുകയായിരുന്നു. ഇനിയും വൈകാതെ നിക്ഷേപം ആരംഭിക്കുക എന്നതിനും അത് അച്ചടക്കത്തോടെ തുടര്‍ച്ചയായി മുന്നോട്ടു കൊണ്ടു പോകുക എന്നതിനുമാണ് പ്രാധാന്യമുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഹ്രസ്വകാലത്തേക്ക് എസ്‌ഐപി ഉചിതമോ?

എസ്‌ഐപി രീതിയിലെ നിക്ഷേപം ദീര്‍ഘ കാലത്തേക്കു നടത്തുന്നതാണ് മികച്ചതെന്ന് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി മനീഷ് ചൂണ്ടിക്കാട്ടി. ദീര്‍ഘകാലത്തേക്ക് നിക്ഷേപിച്ചാല്‍ മാത്രമേ ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ട് പദ്ധതികളില്‍ നിന്നു മികച്ച നേട്ടമുണ്ടാക്കാനാവു. കുറഞ്ഞ കാലത്തേക്കും എസ്‌ഐപികള്‍ ആരംഭിക്കാം. പക്ഷേ, നിക്ഷേപ ലക്ഷ്യം, വ്യക്തിഗത സവിശേഷതകള്‍ എന്നിവ കൂടി കണക്കിലെടുത്തു വേണം എസ്‌ഐപി കാലാവധി നിശ്ചയിക്കാന്‍ എന്നും മനീഷ് പറഞ്ഞു. 

പി ജി സുജ മോഡറേറ്ററായി.

English Summery: Details of Smart Investor Webinar Organized by Manorama Online and ICICI Prudential Mutual Fund

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com