ADVERTISEMENT

റെക്കോർഡ് ഉയരം നേടാനാവാതെ വീണ ജർമൻ സൂചികയായ ഡാക്സിന് പിന്നാലെ വിപണിയെ ഞെട്ടിച്ചു കൊണ്ട് ഡൗ ജോൺസും വീഴ്ചയോടെയാണ് ഇന്നലെ വ്യാപാരം ആരംഭിച്ചത്.  എന്നാൽ സ്റ്റിമുലസ് പ്രഖ്യാപനങ്ങളിൽ കണ്ണ് വെച്ചുകൊണ്ട്  അമേരിക്കൻ വിപണി  ഉയർത്തെണീറ്റു. ഡൗ  ജോൺസ്‌ (0.032%) ഇന്നലെ  നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നാസ്ഡാക് സൂചിക (0.14%) നേട്ടത്തിലാണ് അവസാനിച്ചത് . മികച്ച അവസാനപാദ ഫലപ്രഖ്യാപനങ്ങളാണ് അമേരിക്കൻ വിപണിയെയും  പിടിച്ചു നിർത്തുന്നത്.

ഡൗ ജോൺസ്‌ ഫ്യൂച്ചർ 0.20% നേട്ടത്തോടെ വ്യാപാരം തുടരുന്നതും, ചൈനീസ്, ഹോങ്കോങ് വിപണികളുടെ നേട്ടത്തോടെയുള്ള ആരംഭവും അനുകൂലമാണെങ്കിലും, ജാപ്പനീസ്,കൊറിയൻ , സിങ്കപ്പൂർ സൂചികകളുടെ നഷ്ടത്തിലുള്ള ആരംഭം ഇന്ത്യൻ വിപണിക്ക് വിനയാണ്. എങ്കിലും നിഫ്റ്റി ഇന്നും നേട്ടത്തോടെ തന്നെ വ്യാപാരം ആരംഭിച്ചേക്കും. 

നിഫ്റ്റി

ആറു ദിവസത്തെ മുന്നേറ്റം ഇന്ത്യൻ വിപണി ഇന്നലെ വില്പന സമ്മർദ്ദത്തിൽ കൈവിട്ടു. അടുത്ത മുന്നേറ്റത്തിന് മുൻപായി ഇന്ത്യൻ വിപണിയിലൊരു വാങ്ങൽ അവസരം കാത്തിരിക്കുന്ന ഫണ്ടുകളും വില്പന സമ്മർദ്ദത്തിന് ആക്കം കൂടിയിട്ടുണ്ട്. അമേരിക്കൻ സ്റ്റിമുലസ് പാക്കേജിന് മുൻപുള്ള ഏത് തിരുത്തലും അവസരമാണെന്ന് നിക്ഷേപകർ മനസിലുറപ്പിക്കണം

ഇൻഫ്രാ, എനർജി, ബാങ്കിങ് ഒഴികെയുള്ള മേഖലകളെല്ലാം ഇന്നലെ നഷ്ടം രേഖപ്പെടുത്തി. ഫാർമ, ഓട്ടോ, മെറ്റൽ സെക്ടറുകളാണ് ഇന്നലെ കൂടുതൽ തിരുത്തപ്പെട്ടത്. ഇൻഫ്രാ, സിമന്റ്, മെറ്റൽ, എനർജി, ബാങ്കിങ്, പവർ സെക്ടറുകൾ ഇന്ന് ശ്രദ്ധിക്കുക. സ്റ്റീൽ ഓഹരികൾ പ്രത്യേകം ശ്രദ്ധിക്കുക.  

ടാറ്റ സ്റ്റീൽ, റിലയൻസ്, ആംബർ, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, ബിപിസിഎൽ, ഡാൽമിയ ഭാരത് ഷുഗർ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, സുമി കെം, ഐഇഎക്സ്, ഗെയിൽ എന്നിവ ശ്രദ്ധിക്കുക. 

റിസൾട്ടുകൾ

ടാറ്റ സ്റ്റീൽ, ബെർജർ പെയിന്റ്സ്, റെയ്മണ്ട്, മുത്തൂറ്റ് ഫൈനാൻസ്, ജെബിഎം ഓട്ടോ, അദാനി പോർട്സ് കമ്പനികൾ ഇന്നലെ മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചപ്പോൾ ബർഗർ കിംഗ്, ഫ്യൂച്ചർ റീറ്റെയ്ൽ മുതലായ കമ്പനികൾ നിരാശപ്പെടുത്തി.

ഇന്നത്തെ റിസൾട്ടുകൾ 

ടൈറ്റാൻ, ഐഷർ മോട്ടോർസ്, ഉജ്ജീവൻ, ബാറ്റ ഇന്ത്യ, പേജ് ഇൻഡസ്ട്രീസ്, ബിഇഎംഎൽ, എബിബി, ഓറോബിന്ദോ ഫാർമ, ഗെയിൽ, ഐജിഎൽ, കെഇസി, കിറ്റെക്സ്, ടിടികെ പ്രസ്റ്റീജ് , ഹിൻഡാൽകോ സ്‌പൈസ്ജെറ്റ്. 

ടാറ്റ സ്റ്റീൽ

ഇന്ത്യയിലെ ഏറ്റവും വലിയ  സ്റ്റീൽ  ഉത്പാദകരായ  ടാറ്റ സ്റ്റീൽ  ഇന്ത്യൻ കച്ചവട വളർച്ചയുടെ പിൻബലത്തിൽ  3989 കോടിരൂപയുടെ അറ്റാദായവും, 11% വരുമാന വളർച്ചയും സ്വന്തമാക്കിയത് ലോഹ  ഓഹരികൾക്ക് ഇന്ന് അനുകൂല അവസരമാണ്. മുൻ വർഷത്തിൽ 1228 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ഇൻഫ്രാ-ബജറ്റിന്റെ പിന്തുണയിൽ  ഓഹരി  അതിദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കുക.

സ്വർണം , എണ്ണ

എണ്ണ  ഭീമൻമാർക്കൊപ്പം ഫണ്ടുകൾ കൂടി രാജ്യാന്തര എണ്ണവിപണിയിലെ ബുൾ തരംഗം മുതലാക്കാനിറങ്ങുന്നത് ക്രൂഡിനെ ഈആഴ്ച തന്നെ ബാരലിന് 65 ഡോളർ നിരക്കിലെത്തിച്ചേക്കാം. ബ്രെന്റ്  ക്രൂഡ് വില 61 ഡോളർ പിന്നിട്ടു കഴിഞ്ഞു. ആഗോള സാമ്പത്തിക ഉത്തേജനം എണ്ണ വില 100 ഡോളറിലേക്ക് കൊണ്ട്പോകുമെന്ന അനുമാനങ്ങളും വന്നു കഴിഞ്ഞത് ശ്രദ്ധിക്കുക.

സ്വർണം വീണ്ടും കൺസോളിഡേഷനിലാണ്. രാജ്യാന്തര വിപണിയിൽ സ്വർണം ഏത് ദിശയിലേക്കും തിരിയാവുന്ന അവസ്ഥയാണുള്ളത്. ഓഹരി വിപണിയിലും, എണ്ണ വിപണിയിലുമുള്ള അവസരങ്ങൾ മുതലാക്കാനായി സ്വർണം വിറ്റഴിക്കപ്പെടാനുള്ള സാധ്യതയും നിക്ഷേപകർ കണക്കിലെടുക്കണം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com