ADVERTISEMENT

2020-2022 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 10 ശതമാനത്തിനു മുകളിലാകും വിധം വി (V) മാതൃകയിലുള്ള തിരിച്ചുവരവാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഉണ്ടാകാനിരിക്കുന്നത്. എല്ലാ ഘടകങ്ങളും അനുകൂലമായാല്‍ 2022 സാമ്പത്തിക വര്‍ഷം നിഫ്റ്റി ഇപിഎസ് 600നു മുകളില്‍  പോയേക്കും. ഇപ്പോഴത്തെ പ്രവണതകള്‍ പരിശോധിച്ചാല്‍ വരാന്‍ പോകുന്ന കുതിപ്പിനെക്കുറിച്ചുള്ള ഒരു ചിത്രം ലഭിക്കും. മാര്‍ച്ചിലെ താഴ്ചക്കു ശേഷം നിഫ്റ്റി അവിശ്വസനീയമായ തിരിച്ചുവരവു നടത്തിയപ്പോള്‍ നിക്ഷേപം നില നിര്‍ത്തിയവര്‍ ഒന്നാന്തരം ലാഭമുണ്ടാക്കി. തകര്‍ച്ചക്കാലത്തും അതിനു ശേഷവും നിക്ഷേപം നടത്തിയവര്‍ അത്യാകര്‍ഷകമായ ലാഭമാണുണ്ടാക്കിയത്. തകര്‍ച്ച കണ്ട്  അന്ധാളിക്കുകയും വിപണി വിട്ടോടിപ്പോവുകയും ചെയ്തവര്‍ക്ക് കനത്ത നഷ്ടമുണ്ടായി. ഓഹരി വിപണിയില്‍ നിന്ന് 2020 ല്‍ ലഭിച്ച രണ്ടു പ്രധാന പാഠങ്ങള്‍ ഇവയാണ്: പ്രതിസന്ധികളില്‍ പരിഭ്രമിക്കാതിരിക്കുക ; നിലവാരമുള്ള ഓഹരികളില്‍ നിക്ഷേപം നില നിര്‍ത്തുക. 

ഈ വര്‍ഷം നിക്ഷേപകര്‍ക്ക് എന്ത് പ്രതീക്ഷിക്കാം?

രണ്ടു ഘടകങ്ങള്‍ പ്രധാനമാണ്. 1, വിപണി മൂല്യം ഉയര്‍ന്നതായതിനാല്‍ വില്‍പന സമ്മര്‍ദ്ദവും ഗണ്യമായ തിരുത്തലും ഏതു സമയവും സാധ്യമാണ്. 2, പോയ വര്‍ഷം വിപണിയിലെ മുന്നേറ്റത്തിന്റെ  പ്രധാന പ്രചോദനമായിരുന്ന പണത്തിന്റെ ഒഴുക്ക് 2021ലും ശക്തമായി തുടരാനാണിട. പണത്തിന്റെ ഒഴുക്ക് 2021ലും തുടരാനും വിപണിയെ വീണ്ടും മുന്നോട്ടു നയിക്കാനും പര്യാപ്തമാണ്. വിപണിയിലെ ഇപ്പോഴത്തെ മൂല്യം ഉയര്‍ന്നിരിക്കുന്നതുകൊണ്ട്  2021 ല്‍ നിക്ഷേപകര്‍ മിതമായ നേട്ടമേ പ്രതീക്ഷിക്കാവൂ. അതുകൊണ്ടു തന്നെ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരു തീരുമാനമെടുക്കല്‍ പ്രയാസകരമാണ്. 

തിരിച്ചുവരവ്, ലാഭത്തില്‍ കുതിപ്പ്

സാമ്പത്തിക മേഖല മാന്ദ്യത്തിലായിരുന്നപ്പോഴും ഇന്ത്യയിലെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ മികച്ച പ്രകടനമാണു നടത്തിയത്. ഫാര്‍മ, ഐടി, എഫ്എംസിജി  മേഖലകളും അടുത്തിടെയായി വാഹന മേഖലയും ഒന്നാന്തരം പ്രകടനം കാഴ്ചവെച്ചു. ബാങ്കിംഗ് മേഖലയിലെ ആഘാതം ആദ്യം ഭയപ്പെട്ടതുപോലെ മാരകമാകാനിടയില്ല. രണ്ടും മൂന്നും പാദ ഫലങ്ങളിലെ പ്രവണതയനുസരിച്ച് 2021 സാമ്പത്തിക വര്‍ഷത്തിലെ നിഫ്റ്റി  ഇപിഎസ് 500 ന് അടുത്തെത്താന്‍ സാധ്യതയുണ്ട്. 2020-2022 സാമ്പത്തിക വര്‍ഷം ജിഡിപി വളര്ച്ചാ നിരക്ക് 10 ശതമാനത്തിനു മുകളിലാകും.

ശക്തമായ തിരുത്തലിന് സാധ്യത 

വളര്‍ച്ചയ്ക്ക്  അനുകൂലമായ സാഹചര്യം ഉണ്ടായാലും വിപണിമൂല്യം ഏറെ ഉയരത്തിലാണ്. പിഇ അനുപാതം ദീര്‍ഘകാല ശരാശരിയേക്കാള്‍ ഏതാണ്ട് 50 ശതമാനം കൂടുതലാണ്. വിപണി മൂല്യ ജിഡിപി അനുപാതം 0.9 നു മുകളിലാണ്. ദീര്‍ഘകാല ശരാശരിയായ 0.75 നേക്കാള്‍ ഏറെ ഉയരത്തിലാണിത്. സമൃദ്ധമായ പണമൊഴുക്കും കുറഞ്ഞ പലിശയും തികച്ചും സാധാരണമായിക്കഴിഞ്ഞ സ്ഥിതിക്ക് പിഇ ഗുണിതങ്ങള്‍ ഉയരാമെന്ന വാദം ശരിയാണ്. വിപണിയില്‍ വിലകള്‍ ഏറെ ഉയര്‍ന്നിരിക്കുമ്പോള്‍  തിരുത്തലിനും തകര്‍ച്ചയ്ക്കുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് പ്രശ്‌നം. ഇപ്പോള്‍ അറിയാത്ത അജ്ഞാത ഘടകങ്ങള്‍ കടുത്ത തിരുത്തലുകള്‍ക്കു കാരണമായേക്കാം.

പണമൊഴുക്ക് തുടര്‍ന്ന് വിപണി മുന്നോട്ടു പോയേക്കാം

 ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ തുടരുന്ന തീര്‍ത്തും ഉദാരമായ പണനയവും വന്‍തോതില്‍ പണം സൃഷ്ടിച്ച് വിപണിയിലിറക്കിയതു ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത പണ ലഭ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുഎസ് കേന്ദ്ര ബാങ്ക് ഫെഡ് , യൂറോപ്യന്‍ കേന്ദ്ര ബാങ്ക്,  ബാങ്ക് ഓഫ് ജപ്പാന്‍ എന്നിവ  2020ല്‍ അവയുടെ ബാലന്‍സ് ഷീറ്റില്‍  8 ട്രില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടാക്കിയത്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് 2023 ന്റെ അവസാനം വരെ പണത്തിന്റെ ഈ ഒഴുക്കു നിലനിര്‍ത്താനും പലിശ നിരക്ക് പൂജ്യത്തിനടുത്ത് തുടരാനും തീരുമാനിച്ചിട്ടുണ്ട്.  കുറഞ്ഞ നിരക്കില്‍ യഥേഷ്ടം പണം ലഭ്യമാകും എന്നാണ് വിപണിയിലെ ഇപ്പോഴത്തെ സമവായം.  ഈ സമവായം തെറ്റിയാല്‍ വിപണിയില്‍ ശക്തമായ തിരുത്തല്‍ ഉണ്ടാകും.  

ഭാഗികമായി ലാഭമെടുക്കാം, പക്ഷേ നിക്ഷേപം നില നിര്‍ത്തണം

നിക്ഷേപകരെ സംബന്ധിച്ച് ശരിയായ തീരുമാനമെടുക്കല്‍ ക്‌ളേശകരമാണ്. ഇപ്പോള്‍ നിക്ഷേപകര്‍ നല്ല ലാഭത്തിലായതുകൊണ്ട്  ഭാഗികമായ ലാഭമെടുപ്പ് നല്ലതാണ്. എന്നാല്‍ നിക്ഷേപം നില നിര്‍ത്തേണ്ടത് പ്രധാനമാണ്. കുറച്ചു വര്‍ഷങ്ങള്‍ നീളുന്ന ഒരു സാമ്പത്തിക വികസന ചക്രത്തിന്റെ തുടക്കത്തിലാണ്  ഇന്ത്യ എന്ന് പല വിദഗ്ധരും കരുതുന്നു.  ഇത് യാഥാര്‍ത്ഥ്യമായാല്‍ വിപണിയിലെ കുതിപ്പ് നിലനില്‍ക്കുകയും ശക്തമായി മുന്നോട്ടു പോവുകയും ചെയ്യും. അതിനാല്‍ നല്ല പ്രകടനം നടത്തുന്ന മേഖലകളായ ഐടി, ഫാര്‍മ, സ്വകാര്യ ബാങ്കുകള്‍, എഫ്എംസിജി ,ഓട്ടോ മൊബൈല്‍സ് എന്നിവയിലെ  നിലവാരമുള്ള ഓഹരികളില്‍ നിക്ഷേപം നിലനിര്‍ത്തുക. എസ്‌ഐപികള്‍ തുടരുക. പ്രമുഖ കേന്ദ്ര ബാങ്കുകള്‍ ധനപരമായ ഉദാര സമീപനം മാറ്റുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ ഈ നിക്ഷേപ തന്ത്രത്തില്‍ മാറ്റം വരുത്തുന്ന കാര്യം ചിന്തിക്കേണ്ടതുള്ളു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com