ADVERTISEMENT

ബ്രിട്ടീഷ് പൗണ്ടിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും വലിയ മുന്നേറ്റത്തോടെ ബ്രിട്ടീഷ് സൂചികയായ എഫ്ടിഎസ്ഇ  2.52%വും, ഫുഡ്, ഡ്രഗ്, ഗ്യാസ് ഓഹരികളുടെ മുന്നേറ്റത്തിൽ ഫ്രഞ്ച് സൂചികയായ കാക് ഇൻഡക്‌സ് 1.45% ഉം, ജർമനിയുടെ ഡാക്സ് സൂചികയുടെ മുന്നേറ്റത്തോടെയുള്ള ക്ളോസിങ്ങും ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. അമേരിക്കൻ സ്റ്റിമുലസ് പ്രതീക്ഷകൾക്കും അപ്പുറത്ത് കമ്പനികളുടെ അവസാന പാദത്തിലെ ഉല്‍പ്പാദന വളർച്ചയും, മികച്ച ലാഭ-പ്രഖ്യാപനങ്ങളും ഇന്നലെ യൂറോപ്യൻ വിപണികൾക്ക് ഊർജം നൽകി. 

അമേരിക്കൻ വിപണികൾ അവധിയിലായിരുന്നതിനാൽ ഇന്നും ഇന്ത്യൻ വിപണികൾക്ക് ഏഷ്യൻ വിപണിചലനങ്ങൾ പ്രധാനമാണ്. നിഫ്റ്റി ഇന്നും 15300  പോയിന്റിന് മുകളിൽ വ്യാപാരം ആരംഭിക്കും. 

നിഫ്റ്റി @ 15300 

ജാപ്പനീസ്-കൊറിയൻ വിപണികൾക്ക് പിന്നാലെ ഗ്യാപ്പ് അപ് ആരംഭം സ്വന്തമാക്കിയ ഇന്ത്യൻ സൂചികകൾ ഇന്നലെ  യൂറോപ്യൻ സൂചികകളുടെ പിൻബലത്തിൽ റെക്കോർഡ്  ക്ളോസിങും സ്വന്തമാക്കി. ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾ വിപണിയെ മുന്നോട്ട് നയിച്ചപ്പോൾ ഐടി, എനർജി, മെറ്റൽ സൂചികകൾ ഇന്നലെ നഷ്ടം രേഖപ്പെടുത്തി.

ശക്തമായ  റെസിസ്റ്റൻസ് പോയിന്റായിരുന്ന 15300 ന്  മുകളിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റിക്ക് 15500 പോയിന്റ് വരെ ഈയാഴ്ച സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചേക്കുമെന്ന് കരുതുന്നു. 15600 ലായിരിക്കും  നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ. 15360 പോയിന്റിലും , 15400 പോയിന്റിലും നിഫ്റ്റി റെസിസ്റ്റൻസ് നേരിട്ടേക്കാം. 15240 ലാണ് നിഫ്റ്റിയുടെ ഇന്നത്തെ പിന്തുണ.

ഭാരതി എയർടെൽ, മതേഴ്സൺ സുമി, ടാറ്റ മോട്ടോർസ്, കൽപതരു പവർ, ഇൻഫോ എഡ്ജ്, വൊഡാഫോൺ , അമര രാജ ബാറ്റെറിസ്, ദീപക്  നൈട്രൈറ്റ് മുതലായ ഇന്നലെ മുന്നേറ്റം നേടിയ പല ഓഹരികളും ഇന്നും മുന്നേറ്റം തുടർന്നേക്കാം. ഓഎൻജിസി, ഇന്ത്യ ബുൾ ഹൗസിങ്, സ്‌പൈസ് ജെറ്റ് , ഗ്ലെൻ മാർക്ക്, ഫ്യൂച്ചർ, റിലയൻസ്, എൽഐസി ഹൗസിങ്, ഡോക്റ്റർ റെഡ്‌ഡിസ്‌, വേദാന്ത, നെസ്‌ലെ,  മുതലായ ഓഹരികൾ കൂടി ശ്രദ്ധിക്കുക. 

ബാങ്ക് നിഫ്റ്റി 

37000 പോയിന്റ് കടന്ന്  മുന്നേറുന്ന ബാങ്ക് നിഫ്റ്റി ആറു  മാസത്തിനുള്ളിൽ സെൻസെക്‌സുമായുള്ള അകലം ഇല്ലാതാക്കിയേക്കാമെന്ന് കരുതുന്നു. ബാങ്കിങ് സ്വകാര്യവത്കരണവും, അടുത്ത ഫല പ്രഖ്യാപങ്ങളും ബാങ്കിങ് ഓഹരികൾക്ക് വൻ മുന്നേറ്റം ഉറപ്പ് വരുത്തുമെന്നത് ശ്രദ്ധിക്കുക. എസ്ബിഐ, ഐ സിഐസിഐ ബാങ്ക് എന്നിവ തന്നെയാണ് ബാങ്കിങ് ഓഹരികളിൽ ഏറ്റവും ആകർഷകം.   

പൊതു മേഖല ബാങ്കിങ് ഓഹരികൾ ഓഹരി  വില്പനയുടെ അടിസ്ഥാനത്തിൽ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.  ആർബിഐയുടെ  പ്രഖ്യാപനങ്ങൾക്കായി കാക്കുകയാണ് വിപണി.

പണപ്പെരുപ്പ സൂചിക 

മൊത്ത വില സൂചിക( ഡബ്ലിയുപിഐ) ജനുവരിയിൽ 2.03% വർദ്ധനവ് രേഖപ്പെടുത്തി, ഡിസംബറിലിത് 1.22%വും, മുൻ വർഷമിത് 3.52%വുമായിരുന്നു.  അടുത്ത പോളിസി മീറ്റിങിൽ ബാങ്കിങ് നിരക്കുകൾ  കുറക്കാതിരിക്കാൻ ഈ കണക്കുകൾ തന്നെ ധാരാളം. ഭക്ഷ്യ  വില കുറയുമ്പോളും നിർമിത ഉത്പന്നങ്ങളുടെ വില കയറുന്നതാണ്  പണപ്പെരുപ്പത്തിൽ വർദ്ധനവിന് കാരണം. ശക്തമായ വില നിയന്ത്രണങ്ങളും, ആന്റി കാർട്ടൽ  നിയമങ്ങളും പ്രതീക്ഷിക്കാം.

രാജ്യത്തിന്റെ കയറ്റുമതി ജനുവരിയിൽ 6.16% വർദ്ധനവ് നേടിയപ്പോൾ ഇറക്കുമതി 2% മാത്രം വർദ്ധിച്ച്  ധനക്കമ്മി  14.54 ട്രില്യൺ ഡോളറായി കുറഞ്ഞത് വിപണിക്കനുകൂലമാണ്.  

റെയിൽ ടെൽ 

പൊതുമേഖല ടെലികോം അടിസ്ഥാനസൗകര്യ സേവനദാതാവായ റെയിൽ ടെല്ലിന്റെ 27.16% ഓഹരികൾ അഥവാ 87.15 ദശലക്ഷം ഓഹരികളാണ് 94  രൂപ നിരക്കിൽ വിപണിയിലിറക്കുന്നത്. ഫെബ്രുവരി  26 ന് ലിസ്റ്റ് ചെയ്യപ്പെടുന്ന ഓഹരി നിക്ഷേപത്തിന്  പരിഗണിക്കാവുന്നതാണ്.  

 ക്രൂഡ് ഓയിൽ 

2021 ൽ ഇത് വരെ  മാത്രം 21 % മുന്നേറ്റം നേടിയ ക്രൂഡ് വില ഇന്നലെയും വൻ മുന്നേറ്റം നേടിയതിനും, ഇന്നും മുന്നേറ്റം തുടരുന്നതിനും പ്രധാന കാരണം ഒപെക്  രാഷ്ട്രങ്ങളുടെ  കൂട്ടായ ശ്രമങ്ങൾക്കൊപ്പം രാജ്യാന്തര സാമ്പത്തിക രംഗത്തെ തിരിച്ചു വരവ് കൂടിയാണ്. അമേരിക്കയുടെ ഡബ്ലിയുടിഐ ക്രൂഡ് വിലയും ബ്രെന്റ് ക്രൂഡിന് പിന്നാലെ ബാരലിന് 60 കടന്നപ്പോൾ ബ്രെന്റ് ക്രൂഡ്  വില 65 ഡോളറിലേക്ക് അടുക്കുകയാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com