ADVERTISEMENT

 

ഓഹരി വിപണിയിൽ ഐപിഒ കളുടെ പൂക്കാലമാണ്. ദിവസേനയെന്നവണ്ണം കമ്പനികൾ ഐപിഒ അവതിരിപ്പിക്കുന്നു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാഗ്രഹിക്കുന്ന കമ്പനികൾ തങ്ങളുടെ ഓഹരികൾ ആദ്യമായി നിക്ഷേപകനു നൽകുന്നത് ഐപിഒ വഴിയാണ്. ഐപിഒ വഴി ഓഹരി നിക്ഷേപം നടത്തുന്ന നിക്ഷേപകനാകട്ടെ ‘അസ്ബ’ (ASBA - Application Supported by Blocked Amount) സംവിധാനം വഴിയാണ് ഓഹരി നിക്ഷേപം നടത്തുന്നത്. അസ്ബ സംവിധാനത്തിൽ ഓഹരിയിൽ‌ നിക്ഷേപകൻ അപേക്ഷിക്കുമ്പോൾത്തന്നെ അതിനാവശ്യമായ തുക നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിൽ ബ്ലോക്ക് (മരവിപ്പിക്കുക) ചെയ്തുവയ്ക്കുകയാണു ചെയ്യുക. നിക്ഷേപകന് കമ്പനി ഓഹരികൾ അനുവദിക്കുന്നുണ്ടെങ്കിൽ (അലോട്മെന്റ്) മാത്രം അതിനാവശ്യമായ തുക കമ്പനികൾക്കു നിക്ഷേപകൻ ബ്ലോക്ക് ചെയ്തുവച്ച തുകയിൽനിന്ന് എടുക്കാം. ഓഹരികൾ അനുവദിക്കാത്ത പക്ഷം നേരത്തേ ബ്ലോക്ക് ചെയ്തുവച്ച തുക നിക്ഷേപകന് ഇഷ്ടാനുസരണം ഉപയോഗിക്കാം. 

അസ്ബയുടെ പ്രാധാന്യം?

മുൻകാലങ്ങളിൽ ഐപിഒ വഴി അപേക്ഷിക്കുമ്പോൾ അപേക്ഷാ ഫോമിനൊപ്പം ഓഹരി നിക്ഷേപത്തിനാവശ്യമായ തുകയ്ക്കുള്ള ചെക്ക്, ഡിഡി എന്നിവ നൽകേണ്ടിയിരുന്നു. ഓഹരികൾ അലോട്മെന്റ് നടക്കുന്നതിന് എടുക്കുന്ന കാലമത്രയും നിക്ഷേപകന്റെ പണം കമ്പനികളുടെ കൈകളിൽ എത്തിച്ചേരുകയും കമ്പനികൾ പലതരത്തിൽ ആ തുക ദുരുപയോഗം ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു. അസ്ബ സംവിധാനത്തിൽ നിക്ഷേപകന്റെ പണം അദ്ദേഹത്തിന്റെ തന്നെ ബാങ്ക് അക്കൗണ്ടിൽ കിടക്കുകയും അലോട്ട്മെന്റ് ഉണ്ടെങ്കിൽ മാത്രം ബാങ്കിൽനിന്നു പണം കമ്പനിയിലേക്കു നൽകുകയുമാണു ചെയ്യുക. അതിനാൽ നിക്ഷേപകന് തന്റെ പണത്തിന്റെ പലിശപോലും ലഭ്യമാകുകയും കമ്പനികൾക്കു പണം ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യുന്നു. 

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

∙ ഇന്റർനെറ്റ് ബാങ്കിങ് അക്കൗണ്ട് വഴിയോ ഓഹരി ബ്രോക്കറുടെ ഡീമാറ്റ് അക്കൗണ്ടിന്റെയോ ഓൺലൈൻ സംവിധാനം വഴി ‘അസ്ബ’ വഴി ഓഹരികൾക്ക് അപേക്ഷിക്കാം. 

∙ ആദ്യമായി UPI (United Payment Interface) ഐഡി ഉണ്ടാക്കുക. 

∙ അപേക്ഷിക്കാനാഗ്രഹിക്കുന്ന ഐപിഒ തിരഞ്ഞെടുത്ത് ഐപിഒ അപേക്ഷ ഓൺലൈനായി പൂരിപ്പിക്കുകയും മൂന്നു ബിഡുകൾ വരെ സമർപ്പിക്കുകയും ചെയ്യുക. 

∙ ഡീമാറ്റ് അക്കൗണ്ടിന്റെ വിശദാംശങ്ങൾ, UPI ID  എന്നിവ ടൈപ്പ് ചെയ്ത് അപേക്ഷ സമർപ്പിക്കുക. 

∙ പ്രസ്തുത സമയം UPI ആപ്പായ ബീം ആപ്, ഗൂഗിൾ പേ തുടങ്ങിയവയിൽ ഓഹരികൾക്കാവശ്യമായ തുക ബ്ലോക്ക് ചെയ്യുന്നതിനുള്ള സന്ദേശം ലഭ്യമാകും. 

∙UPI പിൻ ടൈപ്പ് ചെയ്യുന്നതോടെ പ്രസ്തുത തുക ബാങ്ക് അക്കൗണ്ടിൽ ബ്ലോക്ക് ആകും. 

∙ അപേക്ഷാസംബന്ധമായ വിശദാംശങ്ങൾ നിക്ഷേപകന് എസ്എംഎസ്⁄ ഇ–മെയിൽ വഴി ലഭ്യമാകും. 

അസ്ബ സംവിധാനം ഓഹരികൾ അനുവദിച്ചോ?

ഓഹരി അപേക്ഷകരുടെ എണ്ണം പരിഗണിച്ച് കമ്പനികൾ അപേക്ഷകർക്ക് ഓഹരി അനുവദിക്കും. അലോട്മെന്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രസ്തുത വിവരം എസ്എംഎസ് ⁄ ഇ–മെയിൽ വഴി നിക്ഷേപകനെ അറിയിക്കും. നിക്ഷേപകനു റജിസ്റ്റർ ആൻഡ് ട്രാൻസ്ഫർ ഏജന്റ് (RTA) വെബ്സൈറ്റിൽനിന്ന് അലോട്മെന്റ് സംബന്ധമായ വിശദാംശങ്ങൾ ലഭ്യമാകും.

സെബിയുടെ അംഗീകൃത ട്രെയ്നറാണ് ലേഖകൻ

English Summary: Details about ASBA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com