ADVERTISEMENT

ജോബ്‌ലെസ് ക്ലെയിമിലുണ്ടായ അപ്രതീക്ഷിത ഉയർച്ചയിൽ അമേരിക്കൻ വിപണി ഇന്നലെ പതറി വീണു. വാറൻ ബുഫെ തുടങ്ങി വച്ച മുൻനിര ഓഹരി വിറ്റൊഴിവാക്കൽ ഇന്നലെ റീറ്റെയ്ൽ നിക്ഷേപകർ ഏറ്റെടുത്തതും ഇന്നലെ അമേരിക്കൻ വിപണിയിലെ ആദ്യ മണിക്കൂറിൽ വീഴ്ചക്ക് ആക്കം കൂട്ടി. വാൾമാർട്ടിന്റെ മോശം റിസൾട്ട് അമേരിക്കൻ നിക്ഷേപകരുടെ പ്രതീക്ഷ കെടുത്തിയതും വിപണിയിൽപ്രതിഫലിച്ചു. ഇന്നലെ ഒരു ഘട്ടത്തിൽ ഒരു ശതമാനത്തിന് മേൽ വീണു പോയ സൂചികകൾ റീറ്റെയ്ൽ വാങ്ങലിൽ തിരികെ വന്നത് ഇന്ന് ലോക വിപണിക്കനുകൂലമാണ്. ഡൗ ജോൺസ്‌ 0.38%വും, നാസ്ഡാക് 0.72%വും നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഈ ആഴ്ച റെക്കോർഡ് നേട്ടത്തോടെ തുടങ്ങിയ അമേരിക്കൻ സൂചികകൾക്ക് പിന്നീടങ്ങോട്ട് തിരിച്ചടികളുടെ സമയമായിരുന്നു. ട്രഷറി ബോണ്ട് യീൽഡ് വർദ്ധനവും, പണപ്പെരുപ്പ ഭയവും, വാറൻ  ബുഫെയുടെ ആപ്പിൾ വില്പനയും, അവസാനമായി ജോബ് ഡേറ്റയും അമേരിക്കൻ വിപണിക്കും അത് വഴി ലോക വിപണിക്കും ആവശ്യമായ തിരുത്തൽ നൽകി. ഡൗ ജോൺസ് ഫ്യൂച്ചറും ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലേക്ക് വീണതോടെ നിഫ്റ്റിയും നഷ്ടത്തോടെ തുടങ്ങാനാണ് സാധ്യത.

നിഫ്റ്റി 

രാജ്യാന്തര വിപണിക്ക് പിന്നാലെ തുടർച്ചയായ മൂന്നാം ദിവസവും വീണ നിഫ്റ്റി ഇന്ന് 15000 പോയിന്റിന് മുകളിൽ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു.15000 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ 14800 ലാണ് അടുത്ത സപ്പോർട്ട്. ഇന്നലെ ഇന്ത്യൻ വിപണിയെ പിന്നോട്ട് വലിച്ച ഓട്ടോ, ബാങ്കിങ് സെക്ടറുകൾ ഇന്ന് ക്രമപ്പെടുകയോ  മുന്നേറുകയോ ചെയ്തേക്കാമെന്നത് അനുകൂലമാണ്. 

ബാങ്കിങ്, ഓട്ടോ സെക്ടറുകൾക്കൊപ്പം ഫാർമ ,റിയൽറ്റി, എഫ്എംസിജി സെക്ടറുകളും ഇന്നലെ നഷ്ടം രേഖപെടുത്തിയപ്പോൾ ഇൻഫ്രാ, സിമന്റ് സെക്ടറുകളിലും തിരുത്തൽ വന്നത് വിപണിക്ക് ക്ഷീണമായി. സെക്ടറുകളിലെ തിരുത്തൽ അവസരമാണ്.ഇന്നലെ  പൊതു മേഖല ബാങ്കുകൾക്കൊപ്പം മുന്നേറിയ ഐടി, എനർജി, മെറ്റൽ സെക്ടറുകൾ ഇന്നും അനുകൂല സാഹചര്യങ്ങളിൽ തിളങ്ങിയേക്കാം. മെറ്റൽ, ക്രൂഡ്, എണ്ണ വിപണന, പവർ, ഇൻഫ്രാ, മാനുഫാക്ച്ചറിങ് , ടെലികോം ഓഹരികൾ ഇന്ന് ശ്രദ്ധിക്കുക. 

എസ്ബിഐ, ആംബർ, ഡിക്‌സൺ, ടാറ്റ മോട്ടോഴ്സ്, മഹിന്ദ്ര ,റിലയൻസ്, എയർടെൽ, ഇന്ത്യ മാർട്ട് ഇന്റെർമെഷ്, ഐസിഐസിഐ ബാങ്ക്,  ഓഎൻജിസി, ടാറ്റ സ്റ്റീൽ, പിരമൽ എന്റർപ്രൈസസ്, ദിവാൻ ഹൗസിങ്, മുതലായ ഓഹരികളും ശ്രദ്ധിക്കുക. 

മൂന്നാം പാദം 

മൂന്നാംപാദ ഫലപ്രഖ്യാപനങ്ങൾ അവസാനിക്കുമ്പോൾ ഉൽപ്പാദന–വിൽപ്പന-ലാഭ കണക്കുകളിൽ  ഇന്ത്യൻ കമ്പനികൾ അവരുടെ ലക്ഷ്യങ്ങൾ നേടുകയോ, മറികടക്കുകയോ ചെയ്തിട്ടുള്ളത് സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിനെ കുറിക്കുന്നു. പ്രഖ്യാപിത പ്രവർത്തന ലക്ഷ്യങ്ങൾ മറികടന്ന കമ്പനികളുടെ കണക്കുകൾ കോവിഡിന് മുമ്പുണ്ടായിരുന്നതിലും മികച്ചതായപ്പോൾ പല ഓഹരികളുടെ വിലകളും കോവിഡ്  വീഴ്ചക്ക് മുമ്പുള്ള നിലയിലേക്കുയർന്ന് കഴിഞ്ഞതും, അടുത്ത പാദങ്ങളിൽ ഇന്ത്യൻ കമ്പനികളുടെ മികച്ച പ്രവർത്തന സാധ്യതയെ തന്നെയാണ് സൂചിപ്പിക്കുന്നത്. 

വിപണിയിൽ ഇനിയൊരു വൻവീഴ്ചക്ക്  സാധ്യതയില്ലെന്നതും, തിരുത്തലുകൾ അവസരങ്ങളാണെന്നതും ശ്രദ്ധിക്കുക.  മാനുഫാക്ച്ചറിങ്, ഇൻഫ്രാ, സിമന്റ് , മെറ്റൽ, ഓട്ടോ, ടയർ, ഓട്ടോ അനുബന്ധ മേഖലകളും ശ്രദ്ധിക്കുക. റിയൽറ്റി, ബാങ്കിങ്, ഹൗസിങ്- ഓട്ടോ  ഫിനാൻസ് കമ്പനികളും അടുത്ത പാദങ്ങൾ മികച്ചതാക്കും.

പൊതു മേഖല വിൽപ്പന

പൊതു മേഖല വിൽപ്പന മുതലെടുക്കുന്നതിന് നിക്ഷേപകർ മുൻകൂട്ടി തയ്യാറെടുക്കേണ്ടതുണ്ട്. ഫണ്ടുകൾ ഫാർമ, എഫ്എംസിജി, ഐടി സെക്ടറുകളിൽ നിന്നും വില്പന സാധ്യതയുള്ള പൊതു മേഖല ബാങ്കുകളിലേക്കും, മറ്റു പൊതു മേഖല  ഓഹരികളിലേക്കും സ്വിച്ച് ചെയ്തു തുടങ്ങിയത്  ശ്രദ്ധിക്കുക. പൊതു മേഖല വിൽപ്പന അടുത്ത രണ്ടു വര്‍ഷം നീണ്ടു നിൽക്കുന്ന പ്രക്രിയയായതിനാൽ അതിദീർഘ കാല ലക്ഷ്യത്തോടെ മാത്രം നിക്ഷേപത്തെ സമീപിക്കുക.  ചെറു ലാഭങ്ങളല്ല ഇരട്ടി ലാഭങ്ങളാണ് ലക്ഷ്യമിടേണ്ടത്. 

ബിപിസിഎല്ലിന്റെ ഫിനാൻഷ്യൽ ബിഡ് അടുത്ത് തന്നെ ഉണ്ടായേക്കാവുന്നത്, പൊതു മേഖല ബാങ്കിങ് ഓഹരികൾക്ക് പിന്നാലെ മറ്റ് പൊതു മേഖല ഓഹരികളിലും തീ പടർത്തിയേക്കാം.  

നാൽകോ 

വൈമാനിക ലോഹമായ അലുമിനിയം ഇലക്ട്രിക് വാഹന വിപ്ലവത്തിൽ സ്റ്റീലിനെ പിന്തള്ളി കാറുകളുടെയും മറ്റും ബോഡിയിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നത് അലുമിനിയത്തിന്റെ ഉപഭോഗം വർദ്ധിപ്പിക്കും. നാഷണൽ അലുമിനിയം ദീർഘകാല നിക്ഷേത്തിന് പരിഗണിക്കുക.

ഓയിൽ 

ടെക്സസ് കോൾഡ് ബ്ലാസ്റ്റിനെ തുടർന്ന് ഇന്നലെ ബ്രെന്റ് ക്രൂഡ് 65 ഡോളർ കടന്നെങ്കിലും പിന്നീടുണ്ടായ വിറ്റഴിക്കലിൽ ക്രൂഡ് വില ബാരലിന് 1% വരെയും, ഡബ്ല്യുടിഐ വില ഒരു ശതമാനത്തിന് മുകളിലും തിരുത്തപെട്ടു. അമേരിക്കൻ ക്രൂഡ് ഉത്പാദനം കുറയുകയും, റിഫൈനറികൾ അടഞ്ഞകിടക്കുകയും ചെയ്യുന്നത് സാധാരണഗതിയിൽ വിലക്കയറ്റത്തിനുള്ള അവസരമാണ്. എണ്ണ വില നാളെ  തിരികെ കയറിയേക്കാം.

സ്വർണം വിപണി പ്രതീക്ഷിച്ച തിരുത്തൽ നേരിട്ടു. ഔൺസിന് 1760 ഡോളറിൽ സ്വർണം വലിയ പിന്തുണ പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com