ADVERTISEMENT

കഴിഞ്ഞ ആഴ്ച റെക്കോർഡ് നേട്ടത്തോടെ ആരംഭിച്ച ശേഷം തുടർച്ചയായ മൂന്ന് ദിവസം തിരുത്തപ്പെട്ട അമേരിക്കൻ വിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപെട്ടത് വിനയാണ്. വർദ്ധിക്കുന്ന പണപ്പെരുപ്പവും ഒപ്പം ബോണ്ട് വരുമാനം ഉയരുന്നതും  വിപണിയിലേക്കുള്ള പണമൊഴുക്ക് തടഞ്ഞേക്കാമെന്നതും, തൊഴിലില്ലായ്മ ക്ലെയിമിലുണ്ടായ വർധന സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിനെ കുറിച്ചുള്ള വാർത്തകളെ ഖണ്ഡിക്കുന്നതും ആഴ്ചയുടെ തുടക്കത്തിൽ ക്ഷീണമാണ്. യൂറോപ്യൻ വിപണിക്ക് വെള്ളിയാഴ്ച ഡേറ്റകളുടെ പിൻബലത്തിൽ ലഭിച്ച മികച്ച റിക്കവറി ഇന്നും തുടർന്നേക്കാമെന്നത്  ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്. ചൈനയൊഴികെയുള്ള ഏഷ്യൻ വിപണികളെല്ലാം ഇന്ന് മുന്നേറ്റത്തോടെ ആരംഭിച്ചതും അനുകൂലമാണ്. എങ്കിലും നിഫ്റ്റി പതിഞ്ഞ തുടക്കമായിരിക്കും

നിഫ്റ്റി 

കഴിഞ്ഞ വാരത്തിലെ തിരുത്തലിന് ശേഷം മുന്നേറ്റം കൊതിക്കുന്ന ഇന്ത്യൻ വിപണിയെ  ജിഡിപി വളർച്ച വിവരങ്ങളും, ഫെബ്രുവരി അവധി വ്യാപാരത്തിന്റെ കാലാവധി തീരുന്നതുമടക്കം വലിയ പരീക്ഷണങ്ങളാണ് ഈ ആഴ്ചയുടെ അവസാന ദിനങ്ങളിൽ  കാത്തിരിക്കുന്നത്. കോവിഡ് വ്യാപനവും, രാജ്യാന്തര വിപണി ചലനങ്ങളും, വിദേശ നിക്ഷേപകരുടെ വിപണി സമീപനവും ഈ ആഴ്ചയും ഇന്ത്യൻ വിപണിക്ക്  നിർണായകമാണ്. 

14,800 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ പിന്നെ  14630 പോയിന്റിലും 14440 മേഖലയിലെ അതി ശക്തമായ പിന്തുണ മേഖലയിലുമാണ് നിഫ്റ്റിയുടെ പ്രതീക്ഷ. എന്നാൽ രാജ്യാന്തര വിപണി പിന്തുണയിൽ നിഫ്റ്റി 15150 പോയിന്റിലെ കടമ്പ കടന്നാൽ ഇന്ത്യൻ വിപണിക്ക് മുന്നേറ്റ  സാധ്യതയുമുണ്ട്. അമേരിക്കൻ ഉത്തേജക പാക്കേജ് വാർത്തകൾക്ക് മാത്രമായിരിക്കും അത്തരമൊരു മുന്നേറ്റം ഇന്ത്യൻ വിപണിക്ക് നല്കാനാകുക.

പൊതു മേഖല, ഇൻഫ്രാ, സിമന്റ് , മെറ്റൽ , മാനുഫാക്ച്ചറിങ്, ഏവിയേഷൻ സെക്ടറുകൾ അതി ദീർഘ കാല നിക്ഷേപങ്ങൾക്കായി  നിർബന്ധമായും തിരുത്തലിൽ സ്വന്തമാക്കാൻ ശ്രദ്ധിക്കുക. വിപണിയിലെ ചാഞ്ചാട്ടങ്ങൾ മുതലെടുത്തു കൊണ്ട് മുന്നേറാൻ ശ്രമിക്കുക. ബിപിസിഎൽ, ഓഎൻജിസി, എൻടിപിസി, പവർഗ്രിഡ്, എൻഎംഡിസി, സ്‌പൈസ് ജെറ്റ്, ഐഇഎക്സ്, സിഡിഎസ്എൽ, ബിഎസ്ഇ, റിലയൻസ്, ഇന്ത്യൻ ഹോട്ടൽ, ഇൻഡിഗോ, എസ്ബിഐ, ജൂബിലന്റ് ഫുഡ്, ജെറ്റ് എയർവെയ്‌സ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

വിദേശ നിക്ഷേപം 

മറ്റ് വികസിത-വികസ്വര വിപണികളിലെ സൂചികകളുമായി താരതമ്യം ചെയ്യുമ്പോൾ  നിഫ്റ്റി-50 സൂചികയുടെ  പിഇ റേഷ്യോ കൂടിയ നിരക്കിലാണെന്നതും ഇന്ത്യൻ വിപണിക്ക് ആശങ്കയാണ്. ചൈനയുടെ ഷാങ്ങ്ഹായ് കോമ്പോസിറ്റ് ഇൻഡക്സിന്റെ പിഇ 19.3 ഉം, ഡൗ ജോൺസ്‌ സൂചികയുടേത് 28.2 ഉം ആയിരിക്കെ നിഫ്റ്റിയുടെ പിഇ 36.5 ആണെന്നത് വളർച്ച വേഗം കുറയ്ക്കും.

എങ്കിലും, മുൻ നിര മേഖലകൾ വിട്ട് ഇനിയും വിലകൂടിയിട്ടില്ലാത്ത  മേഖലകളിലേക്ക് വിദേശ നിക്ഷേപകർ മാറിത്തുടങ്ങിയത്  ശ്രദ്ധിക്കുക. മാനുഫാക്ച്ചറിങ്, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി മേഖലകൾ പ്രത്യേകിച്ചും.

ജുൻജുൻവാല

രാകേഷ് ജുൻജുൻവാല എൻസിസി,  ജൂബിലന്റ് ഫാർമ,  ഇന്ത്യൻഹോട്ടൽസ്, ഫോർട്ടിസ്ഹെൽത്ത്, ലുപിൻ മുതലായ ഓഹരികളിലെ നിക്ഷേപം വർദ്ധിപ്പിച്ചത് ദീർഘകാല നിക്ഷേപകർ ശ്രദ്ധിക്കുക. 

ഐപിഓ

ഹെറാൻബാ ഇൻഡസ്ട്രീസിന്റെ ഐപിഓ നാളെ ആരംഭിച്ച് 25 ന് അവസാനിക്കുന്നു. 1992ൽപ്രവർത്തനമാരംഭിച്ച  ഗുജറാത്ത് ആസ്ഥാനമായ കമ്പനി കീടനാശിനികളും മറ്റും ഉൽപാദിപ്പിക്കുന്നു. മികച്ച ഉത്പന്ന ശ്രേണിയും, വിപുലമായ വിപണിയും സ്വന്തമായുള്ള കമ്പനി നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്. 626-627 രൂപയാണ് ബിഡ് വില.

റെയിൽടെൽ , നൂറേക്ക ഓഹരികൾ ഫെബ്രുവരി 26ന് ലിസ്റ്റ് ചെയ്യപ്പെടുന്നത് ശ്രദ്ധിക്കുക.

എണ്ണ-സ്വർണം

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 50 % മുന്നേറിയ രാജ്യാന്തര എണ്ണ വില ടെക്സസ് കോൾഡ് ബ്ലാസ്റ് കൊടുത്ത താത്കാലിക തിരുത്തലിന് ശേഷം വീണ്ടും റാലി തുടരുന്നതിനെത്തുടർന്ന് ബ്രെന്റ് ക്രൂഡ്  വില ബാരലിന്  70 ഡോളറിലേക്ക് കയറിയേക്കാവുന്നത്  ലോകമാസകലമുള്ള എണ്ണക്കിണർ കമ്പനികൾക്ക് മികച്ച പാദ  ഫലങ്ങൾ ഉറപ്പു വരുത്തുന്നു. ദീർഘ കാല നിക്ഷേപകർ  ഓഎൻജിസി നിർബന്ധമായും പരിഗണിക്കുക.

സ്വർണത്തിലെ വീഴ്ചയും ഒരു തുടക്കം മാത്രമായേക്കാമെന്ന് കരുതുന്നു. ഓയിൽ, ബേസ് മെറ്റൽ എന്നിവക്കൊപ്പം ഓഹരി വിപണിയിലും അവസരങ്ങൾ ഉയരുമ്പോൾ സ്വർണത്തിലെ വില്പന സമ്മർദ്ദം നീണ്ടു നിന്നേക്കാമെന്നതും നിക്ഷേപകർ പരിഗണിക്കുക.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com