ADVERTISEMENT

അമേരിക്കൻ ട്രഷറിവരുമാനം ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയത് ഇന്നലെ വിപണിയിൽ പടർത്തിയ ആശങ്ക ഒരു വില്പന കൊടുങ്കാറ്റ് അഴിച്ചു വിട്ടു. എസ്&പിയുടെ ലാഭവീതത്തിലും ഉയർന്ന നിരക്കായ1.48% കൈവരിച്ച ട്രഷറി വരുമാനം വിപണിയിൽ നിന്നും  റിസ്ക് കുറഞ്ഞ ബോണ്ടുകളിലേക്കൊഴുകുന്നത് വിപണിക്ക് ഇനിയും ക്ഷീണമാകും.

മുൻനിര ഓഹരികളിലെല്ലാം വാറൻ ബുഫേ ഇഫക്ട് പ്രകടമായതും ഉത്തേജക പാക്കേജ് ചിത്രത്തിലില്ലാത്തവണ്ണം പിന്നോട്ട് പോയതും, ഇന്നലെ ഡൗജോൺസിന്  1.75 % തിരുത്തൽ നൽകിയപ്പോൾ, ടെക് ഹെവി സൂചികയായ നാസ്ഡാക് ഇന്നലെ 3.52% തിരുത്തപെട്ടു. മുൻ ആഴ്ചയിലേക്കാൾ മെച്ചപ്പെട്ട തൊഴിൽ കണക്കുകൾക്കും വീഴ്ചക്ക് തടയിടാനായില്ല. ആപ്പിളും, ആമസോണുമടക്കമുള്ള  ടെക് ഓഹരികളിൽ വൻ വില്പന അനുഭവപ്പെട്ടപ്പോൾ 6% ത്തിന് മേലാണ് ടെസ്‌ലയുടെ നഷ്ടം.തിരുത്തലോടെ  തുടങ്ങുന്ന  ഇന്ത്യൻ വിപണിയിൽ പല മേഖലകളിലും വാങ്ങൽ പ്രകടമാകുമെന്നത് അനുകൂലമാണ്.

നിഫ്റ്റി

രാജ്യാന്തര  വിപണിയുടെ  പിന്തുണയിൽ  നേട്ടത്തോടെ ആരംഭിച്ച നിഫ്റ്റി ഇന്നലെ  റിലയൻസിന്റെയും, മെറ്റൽ , ഇൻഫ്രാ, എനർജി മേഖലകളുടെയും മുന്നേറ്റത്തിൽ എഫ്&ഓ ക്ലോസിങ്ദിനമായ ഇന്നലെ 0.77% നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത് നിക്ഷേപകർക്ക് നേട്ടമായി. ഫണ്ടുകളുടെ പിന്തുണയില്ലാതെയായിരുന്നു ഇന്നലത്തെ വിപണിയുടെ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. എഫ്എംസിജി മേഖല മാത്രമാണ് ഇന്നലെയും തിരുത്തൽ നേരിട്ടത്.   

അമേരിക്കൻ വിപണിയിലെ വൻതിരുത്തലിന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന വിപണിയിൽ നിക്ഷേപസാദ്ധ്യതകൾ കൂടുതലായിരിക്കുമെന്ന് കരുതുന്നു. 14900 പോയിന്റിലായിരിക്കും ഇന്ന് നിഫ്റ്റിയിലെ പ്രധാന സപ്പോർട്ട്. 14800 പോയിന്റിനും 15150 പോയിന്റിനുമിടയിലാണ് നിഫ്റ്റിയുടെ ഇന്നത്തെ സഞ്ചാര മേഖല. 

പൊതു മേഖല ഓഹരികൾക്കൊപ്പം, ഇൻഫ്രാ, സിമന്റ്, മെറ്റൽ, ക്രൂഡ് , പവർ ഓഹരികൾ ഇന്നും നിശ്ചയമായും നിക്ഷേപകർ പരിഗണിക്കുക. റിലയൻസ്, ഭാരത് ഫോർജ് , കൊച്ചിൻ ഷിപ്യാർഡ്, എസ് സി ഐ, എച്ച്എഎൽ, ബിഡിഎൽ, ഏ ബി ക്യാപിറ്റൽ, ഹാപ്പിയെസ്റ്റ് മൈൻഡ്‌സ്, എൽ&ടി, അംബുജ സിമന്റ്, എസിസി,  ടാറ്റ പവർ, ഐഇഎക്സ്, റെയിൻ ഇൻഡസ്ട്രീസ്, ഐബി റിയൽ, ഡ്രെഡ്ജിങ് കോർപറേഷൻ, മോണ്ടെ കാർലോ ഫാഷൻസ്,ബിപിസിഎൽ, അശോക് ലെയ് ലാന്‍ഡ്, ബാങ്ക് ഓഫ് ബറോഡ,ഇൻഫോസിസ്, എച് ഡിഎഫ് സി ബാങ്ക്, റെയ്ൽടെൽ, ന്യറേക്ക, മഹീന്ദ്ര ലൈഫ് സ്പേസ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

ജിഡിപി

ഇന്ന്  പ്രസിദ്ധപ്പെടുത്തുന്ന ജിഡിപി കണക്കുകൾ ഇന്ത്യൻ വിപണിയുടെ മുന്നോട്ടുള്ള പ്രയാണഗതി നിശ്ചയിക്കും. ക്രമാനുഗതമായി വളരുന്ന ഇന്ത്യയുടെ വ്യവസായികോല്പാദനവും, ശക്‌തമായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ കമ്പോളങ്ങളും കഴിഞ്ഞ പാദത്തിൽ നിന്നും  വളർച്ച സൂചിപ്പിക്കുന്ന കണക്കുകൾ പുറത്തു വിടുമെന്ന് വിപണി കരുതുന്നു. ഇന്ത്യൻവിപണിയുടെ  പിഇ അനുപാതം താരതമ്യേന കൂടുതലാണെങ്കിലും ഉല്പാദന വളർച്ച പ്രതീക്ഷകളാണ് ഇന്ത്യയെ എമേർജിങ് വിപണികൾക്കിടയിലെ താരമാക്കുന്നത്. ആഭ്യന്തര ഉല്പാദന വളർച്ച കണക്കുകൾ ഇന്ത്യൻ വിപണിക്ക് കുതിപ്പ് നൽകും. 

ഉയരുന്ന കോവിഡ് കണക്കുകൾ 

വിപണി വീഴ്ചകളുടെ ആഴം വർദ്ധിപ്പിക്കും. പോർട്ട് ഫോളിയോകളിലെ പരമാവധി വൈവിധ്യവത്കരണവും,വളർച്ച സാധ്യതയുള്ള ഇൻഫ്രാ, സിമന്റ്, മെറ്റൽ, പൊതുമേഖല ഓഹരികളുടെ സാന്നിധ്യവും വിപണി വീഴ്ചകളിൽ നിക്ഷേപകർക്ക് വീഴ്ചയുടെ തോത് കുറയ്ക്കാനുപകരിക്കും.

ഐപിഓ

ഹെറാൻബാ ഓഹരികൾ 83 ഇരട്ടിയിലധികം സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്  ഓഹരിക്ക് ഒരു മികച്ച ലിസ്റ്റിങ് നല്കുമെന്നത് വിപണിക്ക് അനുകൂലമാണ്. ഇന്നലെ ലിസ്റ്റ് ചെയ്ത നൂറേക്ക ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 400  രൂപക്ക് ഇഷ്യൂ  ചെയ്ത ഓഹരി  645 രൂപയ്ക്കാണ് ക്ളോസ് ചെയ്തത് റെയിൽ ടെൽ ഓഹരികൾ ഇന്ന് ലിസ്റ്റ് ചെയ്യപ്പെടുന്നതും ശ്രദ്ധിക്കുക. 94 രൂപയ്ക്കായിരുന്നു  ഓഹരി ഇഷ്യൂ ചെയ്തത്.

സ്വർണം 

രാജ്യാന്തര ഓഹരി വിപണിക്കൊപ്പം സ്വർണവും ബോണ്ട് യീൽഡ് വളർച്ചയിൽ തട്ടി വീണു. അമേരിക്കൻ ബോണ്ടുകളിലെ ഉയരുന്ന വരുമാനം സ്വർണത്തിൽ നിന്നും വിപണിയിൽ നിന്നും പണം പിന്മാറ്റുമെന്നത് ശ്രദ്ധിക്കുക.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com