ADVERTISEMENT

ആദായ നികുതി ആനുകൂല്യത്തിനായി ഇഎല്‍എസ്എസ് നിക്ഷേപം നടത്തുന്നതോടൊപ്പം അതിലൂടെ ആസ്തികള്‍ വളര്‍ത്തിയെടുക്കാന്‍ കൂടി കഴിയണമെന്ന് മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്ചൽ ഫണ്ടും ചേര്‍ന്നു സംഘടിപ്പിച്ച വെബിനാര്‍ ആഹ്വാനം ചെയ്തു. നികുതി ലാഭത്തിനായി നിക്ഷേപിക്കുക എന്നതല്ല, നിക്ഷേപം നടത്തുന്നതു കൊണ്ട് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്നതായിരിക്കണം വേണ്ടത്. നികുതി ആനുകൂല്യം ലഭിക്കാനായി നിങ്ങള്‍ സമ്പാദിക്കുന്ന തുക നിക്ഷേപമാക്കി മാറ്റുകയാണ് വേണ്ടതെന്ന് ഇതേക്കുറിച്ചു വിശദീകരിച്ച ഐസിഐസിഐ പ്രൂ പ്രൊഡക്ട് സ്പെഷ്യലിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ ആയ കെ വി സജേഷ് പറഞ്ഞു. ദീര്‍ഘകാലത്തില്‍ ആസ്തികള്‍ സൃഷ്ടിക്കാനും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനും ഏറ്റവും മികച്ച മേഖല ഓഹരികളുടേതാണ്. അതുകൊണ്ടു തന്നെ ഇഎല്‍എസ്എസ് പദ്ധതികള്‍ ഇവിടെ ഏറെ ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണപ്പെരുപ്പത്തെ മറികടന്നു നേട്ടമുണ്ടാക്കാന്‍ ഏറ്റവും കഴിവുള്ളത് ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ക്കാണെന്നും ഇവിടെ ഓര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ഓഹരി അധിഷ്ഠിത പദ്ധതിയായതിനാല്‍ ഇഎല്‍എസ്എസിന് വിപണിയുമായി ബന്ധപ്പെട്ട നഷ്ട സാധ്യതകളുണ്ട്. പക്ഷേ, അതനുസരിച്ചുള്ള ലാഭ സാധ്യതയുമുണ്ട്. 

ഇഎല്‍എസ്എസ് പദ്ധതികളിലും എസ്‌ഐപി രീതിയാണ് നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഒരുമിച്ചു പണമടയ്ക്കുന്നതു മൂലം ഉണ്ടാകുന്ന സാമ്പത്തിക ഞെരുക്കം ഒഴിവാക്കാനും ഇതു സഹായിക്കും. 

ഇഎല്‍എസ്എസ് എപ്പോള്‍ പിന്‍വലിക്കണം

ഇഎല്‍എസ്എസ് പദ്ധതികളിലെ നിക്ഷേപം എപ്പോള്‍ എങ്ങനെ പിന്‍വലിക്കണമെന്നത് വ്യക്തിഗത സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കണമെന്ന് വെബിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കു പ്രതികരണമായി സജേഷ് പറഞ്ഞു. ഒറ്റയടിക്കു പിന്‍വലിക്കുകയോ എസ്ഡബ്ല്യുപി സ്വീകരിക്കുകയോ ചെയ്യുന്നത് അവരവരുടെ സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കണം.

അമിത വൈവിധ്യവല്‍ക്കരണം ആപത്ത്

വൈവിധ്യവല്‍ക്കരണത്തിന്റെ പേരില്‍ ഒരേ വിഭാഗത്തില്‍ പെട്ട വിവിധ മ്യൂചല്‍ ഫണ്ടുകളുടെ പദ്ധതികളില്‍ നിക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല. വിവിധ ഫണ്ട് ഹൗസുകള്‍ക്കിടയില്‍ വൈവിധ്യവല്‍ക്കരണം നടത്താതെ ആസ്തികളില്‍ വൈവിധ്യവല്‍ക്കണം നടത്തുകയാണ് വേണ്ടത്. അമിത വൈവിധ്യവല്‍ക്കരണം നിക്ഷേപകരുടെ ലാഭം കുറയുന്നതിന് ഇടയാക്കും. 

സ്വര്‍ണ ഇടിഎഫില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ വില കുറഞ്ഞിരിക്കുന്നതിനാല്‍ നിക്ഷേപം നടത്താമെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരു ഹെഡ്ജിങ് എന്ന നിലയില്‍ സ്വര്‍ണ നിക്ഷേപം എല്ലാവര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ ഇടിഎഫുകള്‍ പിന്‍വലിക്കണോ എന്ന ചോദ്യത്തിന് അത് തികച്ചും വ്യക്തിഗത അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

50 വയസു കഴിഞ്ഞവര്‍ക്കും ഇഎല്‍എസ്എസ് പ്രയോജനപ്പെടുത്താം

ഇതുവരെ നിക്ഷേപം ആരംഭിച്ചിട്ടില്ലാത്ത 50 വയസു കഴിഞ്ഞവര്‍ക്കും ഇഎല്‍എസ്എസ് പരിഗണിക്കാവുന്നതാണെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ കൊണ്ട് സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്ന രീതിയിലാവണം നിക്ഷേപം ആസൂത്രണം ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അധ്വാനിച്ചു സമ്പാദിച്ച പണം നിക്ഷേപിക്കാന്‍ മികച്ചൊരു പദ്ധതി തെരഞ്ഞെടുക്കാന്‍ അല്‍പം സമയം ചെലവഴിക്കണമെന്നും സജേഷ് ചൂണ്ടിക്കാട്ടി. പദ്ധതിയുടെ മുന്‍കാല പ്രകടനം ഭാവിയിലും നേട്ടമുണ്ടാക്കുമെന്ന് ഉറപ്പു നല്‍കുന്നില്ല. എങ്കിലും പദ്ധതിയുടെ പ്രകടനം വിലയിരുത്തണം. അതു പോലെ തന്നെ ഫണ്ട് മാനേജറുടെ പ്രകടനവും വിലയിരുത്തണം. മുന്‍കാല പ്രകടനം മാത്രമായിരിക്കരുത് പദ്ധതി തെരഞ്ഞെടുക്കുമ്പോഴുള്ള മാനദണ്ഡം. ചെലവഴിക്കാന്‍ സമയവും വിലയിരുത്തലുകള്‍ നടത്താന്‍ വൈദഗ്ദ്ധ്യവും ഇല്ലെങ്കില്‍ അഡ്വൈസറുടെ സേവനം തേടുന്നതു തന്നെയായിരിക്കും മികച്ചതെന്നും വെബിനാറില്‍ അഭിപ്രായമുയർന്നു. പി ജി സുജ മോഡറേറ്ററായി.

English Summary : Smart Investor Webinar on ELSS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com