ഉത്തേജക പാക്കേജിൽ ചുറ്റിത്തിരിഞ്ഞ് ആഗോള വിപണി

HIGHLIGHTS
  • ടാറ്റ മോട്ടോഴ്‌സ്, മഹിന്ദ്ര, ടിവിഎസ്, ഐഷർ, ബജാജ് ഓട്ടോ മുതലായവ ശ്രദ്ധിക്കുക.
market-morning
SHARE

ജോ ബൈഡന്റെ 1.9 ട്രില്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് ഹൗസ് ഓഫ് റെപ്രെസന്ററീവിൽ ശനിയാഴ്ച പാസായത് ലോക വിപണിക്ക് ഇന്ന് ആവേശമായേക്കും. ദശലക്ഷക്കണക്കിന് തൊഴിൽ രഹിതരായ അമേരിക്കക്കാർക്ക് അനുകൂല്യമെത്തിക്കുന്ന,1400 ഡോളറിന്റെ പേ ചെക്കുകൾ ഉൾപ്പെടുന്ന സ്റ്റിമുലസ് ബില്ല് റിപ്പബ്ലിക്കന്‍കാർക്ക് 50% പ്രാതിനിധ്യമുള്ള  സെനറ്റിലാണ് യഥാർത്ഥ പരീക്ഷണം നേരിടുക. മാർച്ച് പതിനാലിന് ബിൽ പാസ്സാക്കി ബൈഡന്റെ ടേബിളിലെത്തിക്കാനുള്ള ഡെമോക്രറ്റുകളുടെ പദ്ധതി വിജയം കാണുന്നത് ലോക വിപണിയുടെ അടുത്ത റാലിക്ക് തുടക്കം കുറിക്കും. ഇനി ലോക വിപണി രണ്ടാഴ്ചക്കാലം ഉത്തേജക ബില്ലിന് പിന്നാലെയായിരിക്കും. ഏഷ്യൻ ഓഹരികള്‍ മുന്നേറ്റത്തോടെ തുടങ്ങിയത് ഇന്ത്യൻ സൂചികകൾക്കും ഇന്ന് അനുകൂലമാണ്. നിഫ്റ്റി ഇന്ന് ഗ്യാപ് അപ് ഓപ്പണിങ് സ്വന്തമാക്കുമെന്നും മുന്നേറ്റം തുടരുമെന്നും കരുതുന്നു. 

നിഫ്റ്റി 

ഒന്നും, രണ്ടും പാദങ്ങളിൽ വളർച്ചാശോഷണം രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ പാദത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം മുൻവർഷത്തിലെ മൂന്നാം പാദത്തിൽ നിന്നും 0.4% വളർച്ച രേഖപ്പെടുത്തിയത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. മാന്ദ്യത്തിൽ നിന്നും ഇന്ത്യൻ സമ്പദ്  വ്യവസ്ഥ കരകയറുന്നുവെന്ന ധാരണ വിദേശനിക്ഷേപങ്ങളെ ഇന്ത്യയിൽ തന്നെ പിടിച്ചുനിർത്തിയേക്കാം.

വെള്ളിയാഴ്ച 3.76% വീണ നിഫ്റ്റി 14529 പോയിന്റിലാണ്  വ്യാപാരം അവസാനിപ്പിച്ചത്. 14440 പോയിന്റിലാണ് നിഫ്റ്റിയുടെ ഏറ്റവും അടുത്ത പിന്തുണ മേഖല. ഇന്ന്  15100 പോയിന്റിലെ ശക്തമായ റെസിസ്റ്റൻസ് മറികടക്കാനായാൽ  മാത്രമേ നിഫ്റ്റിക്ക്  മുന്നേറ്റ സാധ്യതയുള്ളൂ. 

വാഹന വില്പനകണക്കുകൾ

ഫെബ്രുവരി മാസത്തിലെ വില്പകണക്കുകൾ ഇന്ന് പുറത്തു വരുന്നത് ശ്രദ്ധിക്കുക. മികച്ച വില്പനകണക്കുകൾ വാഹന ഓഹരികൾക്ക് ഇന്ന് മുന്നേറ്റം നൽകിയേക്കാം. ടാറ്റ മോട്ടോഴ്‌സ്, മഹിന്ദ്ര, ടിവിഎസ്, ഐഷർ, ബജാജ് ഓട്ടോ മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ഫെർട്ടിലൈസർ, സ്റ്റീൽ, ഇലക്ട്രിസിറ്റി

ജനുവരിയിൽ കോൾ, ക്രൂഡ് , നാച്ചുറൽ ഗ്യാസ്, സിമെന്റ് എന്നിവ മുൻ വർഷത്തിൽ നിന്നും ഉത്പാദനകുറവ് രേഖപെടുത്തിയപ്പോൾ ഫെർട്ടിലൈസർ , സ്റ്റീൽ , ഇലക്ട്രിസിറ്റി എന്നിവയുടെ ഉല്പാദനത്തിൽ യഥാക്രമം 2.7%, 2.6%, 5.1% വർധനയുണ്ടായത് ശ്രദ്ധിക്കുക. സ്റ്റീൽ, ഇലക്‌ട്രിസിറ്റി, ഫെർട്ടിലൈസർ, സിമന്റ് ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കുക.

സ്റ്റീൽ, കോപ്പർ, അലൂമിനിയം എന്നിവയുടെ ഉയരുന്ന ആവശ്യകതയും, വിലക്കയറ്റവും മെറ്റൽ ഓഹരികൾക്ക് അനുകൂലമാണ്. സെയിൽ, എൻ എം ഡി സി, ഹിന്ദ് കോപ്പർ, ഹിൻഡാൽകോ,  നാൽകോ, ടാറ്റ സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ , ജെഎസ്ഡബ്ലിയു സ്റ്റീൽ എന്നിവ അടക്കമുള്ള മെറ്റൽ ഓഹരികൾ നിക്ഷേപത്തിന്  യോഗ്യമാണ്. പോർട്ട്ഫോളിയോകളിൽ മെറ്റൽ ഓഹരികൾ നിർബന്ധമായും ഉൾപെടുത്തുക.

 ഉൽപ്പാദനത്തിൽ കുറവുണ്ടായെങ്കിലും വില വർദ്ധനവ് ക്രൂഡ്, ഗ്യാസ് ഓഹരികൾക്ക് അനുകൂലമാണ്. ഓഎൻ ജി സി , ഗെയിൽ എന്നിവ ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കുക.      

ഷിപ്പിങ് & കണ്ടെയ്നർ 

2021 ൽ നിരക്ക് വർധനയുടെ പശ്ചാത്തലത്തിൽ ഷിപ്പിങ്, കണ്ടെയ്നർ കമ്പനികൾ മികച്ച ലാഭം നേടുമെന്ന പഠനം ഷിപ്പിങ് ഓഹരികൾക്ക് അനുകൂലമാണ്. ഇവ പൊതു മേഖല ഓഹരി വില്പനയുടെ കൂടി പശ്ചാത്തലത്തിൽ നിക്ഷേപത്തിന് പരിഗണിക്കുക.. 

ഗോൾഡ് ബോണ്ട് നിക്ഷേപം  

അമേരിക്കൻ സ്റ്റിമുലസ്‌ പാക്കേജിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ 1750 ഡോളറിന് താഴെ വ്യാപാരം നടക്കുന്ന സ്വർണത്തിന് ഇനിയും വില വിലയിടിവുണ്ടായേക്കാമെന്ന് വിപണി കരുതുന്നു. ദീർഘ കാല നിക്ഷേപകർക്ക് ഇത് അനുകൂല സാഹചര്യമാണ്.

സോവറിൻ ഗോൾഡ് ബോണ്ടിൻറെ പന്ത്രണ്ടാമത് സീരീസ് ഇന്ന് മുതൽ ആരംഭിക്കുന്നത് ശ്രദ്ധിക്കുക. ആറും, ഏഴും സീരീസുകളിൽ ഗ്രാമിന് 5400 രൂപക്കടുത്ത് കൊടുക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഗ്രാമിന് 4552 രൂപ മാത്രം നൽകിയാൽ മതിയാവും. വര്‍ഷം 2.5% പലിശ ലഭിക്കുന്ന ഗോൾഡ് ബോണ്ട് നിക്ഷേപത്തിന്മേൽ 5 വർഷത്തിന് ശേഷം ക്യാപിറ്റൽ ഗെയിൻ ടാക്‌സും ഒഴിവായിക്കിട്ടുന്നത് നിക്ഷേപത്തെ കൂടുതൽ ആകർഷകമാക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA