ADVERTISEMENT

സ്റ്റിമുലസ്  പിന്തുണയിൽ  തിങ്കളാഴ്ച  വൻ മുന്നേറ്റം സ്വന്തമാക്കിയ അമേരിക്കൻ വിപണി  ഇന്നലെ  ആരോഗ്യപരമായ തിരുത്തൽ നേരിട്ടു  തിങ്കളാഴ്ച  മൂന്ന്  ശതമാനം മുന്നേറിയ  നാസ്ഡാക്  ഇന്നലെ  അതിൽ  ഒന്നര ശതമാനം മുന്നേറ്റവും  കൈവിട്ടു. അമേരിക്കൻ  ടെക്  ഓഹരികൾ  ഇന്നലെ വലിയ തിരുത്തൽ നേരിട്ടപ്പോൾ ഓട്ടോ, ഹെൽത് കെയർ, എനർജി, മെറ്റീരിയൽ  ഓഹരികളിലെ മുന്നേറ്റം   ഡൗ ജോൺസിന് അനുകൂലമായി. സ്റ്റിമുലസ് പാക്കേജ്  വാർത്തകളും, കോവിഡ്  വാർത്തകളും ചേർന്ന് അടുത്ത രണ്ടാഴ്ച  വിപണിയെ  പങ്കിട്ടെടുക്കുന്നത്അമേരിക്കൻ  വിപണിയുടെ ചാഞ്ചാട്ടത്തിന്റെ തോത് വർധിപ്പിച്ചേക്കാമെന്നത് മറ്റ് വിപണികൾക്കും ബാധകമാണ്.

അമേരിക്കൻ വിപണിയിലെ ലാഭമെടുക്കലിന് ശേഷം ഡൗ ജോൺസ്‌ ഫ്യൂച്ചർ നേട്ടത്തോടെ വ്യാപാരം തുടരുന്നത് വിപണിക്കനുകൂലമാണെങ്കിലും,   മറ്റ് ഏഷ്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം  തുടരുമ്പോഴും പോസിറ്റിവ് ഓപ്പണിംഗിന് ശേഷം കൊറിയൻ, ജാപ്പനീസ് വിപണികൾ തിരുത്തൽ നേരിടുന്നത്  ഇന്ത്യൻ സൂചികകൾക്ക് വിനയാണ്. ഇന്നും ഇന്ത്യൻ വിപണി ഒരു പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു. തുടർന്ന് റിലയൻസും, ഐടിയുമടക്കമുള്ള കൗണ്ടറുകൾ ശക്തിപ്പെടുന്നതിനനുസരിച്ച് വിപണി മുന്നേറിയേക്കാം. 

നിഫ്റ്റി 

രാജ്യാന്തര വിപണി പിന്തുണയിൽ നിഫ്റ്റി ഇന്നലെ ഒരു ശതമാനത്തിലധികം മുന്നേറി 14919 പോയിന്റിലും, സെൻസെക്സ്  വീണ്ടും 50000 പോയിന്റിന് മുകളിലും  വ്യാപാരമവസാനിപ്പിച്ചത് ഇന്ത്യൻ വിപണിയിലെ സാധ്യതകളുടെ അടിസ്ഥാനത്തിലാണ്.  രാജ്യാന്തര വിപണി സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ വിപണി ഇനി  വരും ദിനങ്ങളിൽ റേഞ്ച് ബൗണ്ട് പ്രകടനം കാഴ്ച വയ്ക്കാനാണ് സാധ്യത. വിപണിയിലെ തിരുത്തലുകൾ അവസരങ്ങളാണ്.

പൊതു മേഖല ബാങ്കിങ് സൂചികയൊഴികെ മറ്റെല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ച ഇന്നലെ ഓട്ടോ, ഐ ടി സെക്ടറുകളുടെ മൂന്ന് ശതമാനം കടന്ന മുന്നേറ്റമാണ് വിപണിമുന്നേറ്റത്തിന് അടിസ്ഥാനമിട്ടത്. ഇൻഫ്രാ, ഫാർമ സെക്ടറുകളും ഇന്നലെ മികച്ച മുന്നേറ്റം സ്വന്തമാക്കി. 

ഐടി , ഓട്ടോ. മെറ്റൽ, ഇൻഫ്രാ, ഹോസ്പിറ്റാലിറ്റി  സെക്ടറുകൾക്കൊപ്പം പൊതു മേഖല ഓഹരികളും  ഇന്ന് ശ്രദ്ധിക്കുക. റിലയൻസ്, ഐഷർ, ടാറ്റ മോട്ടോർസ്, മഹിന്ദ്ര, ടി വി എസ്, യുപിഎൽ , എയർടെൽ ,  ബിപിസിഎൽ , ജെ എസ് ഡബ്ലിയു എനർജി, എസ് സി ഐ, കണ്ടെയ്നർ കോർപറേഷൻ, ജെ കെ  ലക്ഷ്മി സിമന്റ്സ് , ഐആർസിടിസി,  എച് എ എൽ,  മുതലായ ഓഹരികളും ശ്രദ്ധിക്കുക.

സ്പെക്ട്രം വിൽപന 

സ്പെക്ട്രം ലേലത്തിൽ ജിയോക്ക് മേൽകൈ നേടാനായത് റിലയൻസ് ഓഹരിക്ക് അനുകൂലമാണ്. 5ജി സ്പെക്ട്രം ലേലത്തിലും കമ്പനി മേൽകൈ നേടുന്നത് ഇന്ത്യൻ ടെലികോം മേഖലയുടെ തന്നെ നിയന്ത്രണം കമ്പനിക്ക് നൽകിയേക്കും. 

കൂൾ സെയിൽ 

വേനൽ കാലത്ത് കൂടുതൽ എയർ കണ്ടിഷണറുകൾ വില്പന നടക്കുന്നത് സാധാരണയാണ്. ഇത്തവണ വേനൽ കൂടുതൽ കടുത്തതാകുമെന്ന റിപ്പോർട്ടും, പലരും വീടുകളിലിരുന്ന് ജോലി ചെയ്യുന്നതും കൂടുതൽ എയർ കണ്ടിഷണറുകളുടെയും, കൂളിംഗ് ഉത്പന്നങ്ങളുടെയും  വില്പനക്ക്  കാരണമാകുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. അടുത്ത മൂന്ന് മാസക്കാലത്തേക്ക് കമ്പനികളുടെ ഓഹരികൾ ശ്രദ്ധിക്കുക.

ബ്ലൂ സ്റ്റാർ, വോൾട്ടാസ്, സിംഫണി, ഹാവെൽസ്, ജോൺസൻ കോൺട്രോൾസ്, മുതലായവക്കൊപ്പം എയർ കണ്ടിഷണറുകളുടെ കോൺട്രാക്ട് ഉത്പാദകരായ ആംബർ എന്റർപ്രൈസസും നിക്ഷേപത്തിന് പരിഗണിക്കാം.  

കൽക്കരി വില്പന 

പവർ കമ്പനികളുടെ കൈവശമുള്ള കൽക്കരി ഖനികളിൽ നിന്നുമുള്ള 50% കൽക്കരി വിൽക്കുന്നതിനുള്ള അനുവാദം നല്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുവെന്ന വാർത്ത കോൾ ബ്ലോക്കുകൾ അനുവദിക്കപ്പെട്ടിട്ടുള്ള കമ്പനികൾക്ക് ഇന്നലെ മുന്നേറ്റം നൽകി. പവർ സെക്ടർ ഓഹരികൾ ദീർഘ കാല നിക്ഷേപത്തിന് അനുകൂലമാണ്.  ടാറ്റ പവർ , ജെഎസ്ഡബ്ലിയു എനർജി, സെസ്‌ക്, മുതലായവ പരിഗണിക്കാം.

ഐപിഒ

ഇന്ത്യയിലെ പ്രമുഖ പ്രെസിഷൻ എഞ്ചിനീയറിംഗ് കമ്പനിയായ എംടാർ ടെക്നോളജീസിന്റെ ഐപിഓ ഇന്ന് മുതലാണ് . ന്യൂക്ലിയർ, സ്പേസ്, ഡിഫെൻസ് മേഖലയിലെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന അവിഭാജ്യഘടകങ്ങൾ നിർമിക്കുന്ന കമ്പനിയുടെ ഉപഭോകതാക്കളുടെ ലിസ്റ്റിൽ ഐഎസ്ആർഓ, ഡിആർഡിഓ, റാഫേൽ, എൽബിറ്റ് മുതലായ കമ്പനികളും ഉൾപ്പെടുന്നു. കഴിഞ്ഞ  നാല് കൊല്ലവും വ്യക്തമായ ലാഭം സ്വന്തമാക്കിയ കമ്പനി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കുക. 574-575 രൂപയാണ് ഓഹരിയുടെ അടിസ്ഥാന നിശ്ചയിച്ചിരിക്കുന്നത്.

സ്വർണം, എണ്ണ

ഈയാഴ്ച നടക്കുന്ന ഒപെക് മീറ്റിംഗിൽ ഉല്പാദന നിയന്ത്രണ പരിപാടികൾ മാർച്ചിനപ്പുറത്തേക്ക് നീട്ടുമോ എന്ന നിർണായക തീരുമാനമെടുക്കാനിരിക്കുന്നത് ഇന്നലെ ക്രൂഡിന്  തിരുത്തൽ നൽകി. അമേരിക്കയിൽ ക്രൂഡ്ഉത്പാദനം കുറഞ്ഞ   സാഹചര്യത്തിൽ ഒപെക് ഉത്പാദന നിയന്ത്രണം  തുടർന്നേക്കില്ലെന്ന ഭയം എണ്ണ വില ഇനിയും കുറച്ചേക്കാം.

ക്രൂഡിലും, ഓഹരിവിപണിയിലുമുണ്ടായ തിരുത്തൽ സ്വർണത്തിന് ഇന്നലെ മുന്നേറ്റം നൽകി. സ്വർണം സ്റ്റിമുലസ് പാക്കേജ്  പ്രഖ്യാപനം വരെ ഔൺസിന് 1700 ഡോളറിനും 1800 ഡോളറിനുമിടയിൽ വ്യാപാരം തുടർന്നേക്കാം.

English Summary: Share market analysis today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com