വിപണി ഇന്ന് ഗ്യാപ് അപ് ഓപ്പണിങ് പ്രതീക്ഷിക്കുന്നു. നിഫ്റ്റി ഇന്ന് 14850 പോയിന്റിന് മുകളിൽ വ്യാപാരം ആരംഭിച്ചേക്കാം സിങ്കപ്പൂർ വിപണിയിൽ നിഫ്റ്റി ഫ്യൂച്ചർ 14900 പോയിന്റിന് മുകളിലാണ് വ്യാപാരം ആരംഭിച്ചത് എന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ഏഷ്യൻ വിപണികളെല്ലാം വൻ മുന്നേറ്റത്തോടെ വ്യാപാരം ആരംഭിച്ചതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്
അമേരിക്കൻ ഫെഡ് നയങ്ങൾ
രണ്ടു ദിവസത്തെ നയാവലോകന സമ്മേളന ശേഷം അമേരിക്കൻ ഫെഡ് റിസർവ് ചെയർമാൻ അമേരിക്കയുടെ ‘ഇക്കണോമിക് ബൂം’ പ്രവചനം നടത്തിയതും, അതിനായി പലിശ നിരക്ക് പൂജ്യത്തിനടുത്തു തന്നെ നിലനിർത്താൻ തീരുമാനിച്ചതിന്റെ പിൻബലത്തിൽ ഇന്നലെ ഡൗ ജോൺസ് സൂചികയും, എസ്&പി സൂചികയും റെക്കോർഡ് ഭൂരിപക്ഷം സ്വന്തമാക്കി. തൊഴിൽമേഖലയിലെ വളർച്ച പ്രതീക്ഷകളും വിപണിയുടെ മുന്നേറ്റത്തിന് കാരണമായപ്പോഴും ഉത്തേജന പ്രക്രിയയുടെ ഉപോല്പന്നമായ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾ ഫെഡ് റിസർവ് വിഭാവനം ചെയ്യാതെ പോയത് വിപണിയുടെ ആശങ്കയാണ്.
നിഫ്റ്റി
രാജ്യാന്തര വിപണി പിന്തുണയിൽ ഇന്നലെ നേട്ടത്തോടെ തുടങ്ങിയ ഇന്ത്യൻവിപണി വേഗം തന്നെ കരടികളുടെ കൈയിലകപ്പെടുകയും തുടർച്ചയായ നാലാം ദിവസവും തിരുത്തപ്പെടുകയും ചെയ്തു. വിദേശധനകാര്യസ്ഥാപനങ്ങളുടെ 2625കോടി രൂപയുടെ അധിക വാങ്ങലിനും റീറ്റെയ്ൽ നിക്ഷേപകരുടെ വില്പനക്ക് തടയിടാനായില്ല. ബാങ്കിങ് , ഓട്ടോ സെക്ടറുകളിലെ വില്പന മറ്റ് സെക്ടറുകളിലേക്കും പടരുകയും ചെയ്തത് വിപണിക്ക് വിനയായപ്പോഴും ഐടി, എഫ്എംസിജി സെക്ടറുകൾ പിടിച്ചു നിന്നത് ശ്രദ്ധിക്കുക.14660, 14600 പോയിന്റുകളിലെ പിന്തുണ നഷ്ടപ്പെട്ടാൽ 14440 പോയിന്റിലാണ് നിഫ്റ്റിയുടെ ഡീപ് സപ്പോർട്ട്. 14900 പോയിന്റിലെ പ്രതിരോധ നില കടക്കാനായാൽ നിഫ്റ്റിക്ക് ഇന്ന് മുന്നേറ്റസാധ്യതയുണ്ട്,
ബാങ്കിങ്, ഐടി, ഫിനാൻഷ്യൽ, എഫ്എംസിജി സെക്ടറുകൾക്ക് ഇന്ന് തിരിച്ചു വരവിന് സാധ്യതയുണ്ട്. ദീർഘ കാല നിക്ഷേപകർ പവർ, ഇൻഫ്രാ, സിമന്റ്, പൊതുമേഖല, മാനുഫാക്ച്ചറിങ് സെക്ടറുകൾ നിക്ഷേപത്തിനായി പരിഗണിക്കുക. ഇൻഫോസിസ്, എച്ച് സിഎൽ ടെക്, എച്ച് യു എൽ, മാരികോ, മഹിന്ദ്ര, ബിപിസിഎൽ, അദാനി പവർ, ടാറ്റ പവർ, ഐഇഎക്സ്, ബിഇഎൽ, എംടാർ, എസ്ബിഐ, വേദാന്ത, ഐആർസിടിസി, ഭെൽ, എച്ച്എഫ്സിഎൽ, സാറ്റിൻ ക്രെഡിറ്റ്സ് മുതലായ ഓഹരികളും ശ്രദ്ധിക്കുക
ഐടി ബൂം
ഇന്നലെ വിപണി വീഴുമ്പോഴും അവസാനം വരെ പിടിച്ചു നിന്നത് ഐ ടി മാത്രമാണ്. കോവിഡാനന്തരം ഓർഡർ ബുക്കുകൾ നിറഞ്ഞു കവിയുന്നതും , മികച്ച അവസാനപാദഫല പ്രതീക്ഷകളും, 5 ജി കരാറുകൾ ഇനിയും വരാനുള്ളതും ഇന്ത്യൻ ഐ ടി സെക്ടറിന് മുന്നേറ്റ സാധ്യത നൽകുന്നു. ഇൻഫോസിസ്, എച്സിഎൽ ടെക്, മൈൻഡ് ട്രീ, പെർസിസ്റ്റന്റ്, കോഫോർജ്, രാംകോ സിസ്റ്റംസ്, എംഫസിസ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.
ഇക്കണോമിക് റിക്കവറിയും കമ്മോഡിറ്റികളും
2021 ൽ മിക്ക രാജ്യങ്ങളും മികച്ച വളർച്ച ലക്ഷ്യമിടുമ്പോൾ എണ്ണക്കൊപ്പം മറ്റ് ബേസ് മെറ്റലുകളിലും മുന്നേറ്റം വിപണി പ്രതീക്ഷിക്കുന്നു പൂജ്യത്തിനടുത്ത് നിന്നും രണ്ടു വർഷം മുൻപത്തെ നിരക്ക് തിരിച്ചു പിടിച്ച, മുൻ വർഷത്തിൽ നിന്നും 110% വളർച്ച നേടിയ എണ്ണ വില ഉല്പാദന നിയന്ത്രണത്തിന്റെ പിൻബലത്തിൽ ഇനിയും ബഹുദൂരം മുന്നേറ്റം ഉറപ്പിക്കുന്നു.
കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് ഇരട്ടിയോളം വില വർധന നേടി ഉയർന്ന നിരക്ക് സ്വന്തമാക്കിയ കോപ്പറും, ഒരു വർഷം കൊണ്ട് 80% മുന്നേറ്റം നേടിയ ലിഥിയവും ഇനിയും മുന്നേറ്റം പ്രതീക്ഷിക്കുന്നു.
സ്വർണം
ഫെഡ് പ്രഖ്യാപനങ്ങൾ ഇന്നലെ സ്വർണത്തിനും മുന്നേറ്റം നൽകി. വിപണിയിൽ സ്വർണം 1750 ഡോളർ കടന്നത് അടുത്ത കുതിപ്പിന് മുന്നോടിയാണെന്ന് കരുതുന്നു.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.