എന്തുകൊണ്ട് ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപം ഇന്ത്യൻ ഓഹരിവിപണിയിലേക്ക് കൂടുതലായി വരുന്നു?

HIGHLIGHTS
  • എന്താണ് ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപം (FPI )?
grow1
SHARE

വിദേശ രാജ്യങ്ങളിലെ നിക്ഷേപകർക്ക് ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപിക്കുവാനുള്ള ഒരു മാർഗമാണ് ഫോറിൻ പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ്.  ഇതിലൂടെ ഇന്ത്യയിലെ ഓഹരികളിലും മറ്റു സാമ്പത്തിക ആസ്തികളിലും, മറ്റൊരു രാജ്യത്തെ വ്യക്തിക്ക് അല്ലെങ്കിൽ സ്ഥാപനത്തിന് ക്രയവിക്രയം ചെയ്യുവാൻ സാധിക്കുന്നു. വിദേശ നിക്ഷേപകന് നേരിട്ടുള്ള ഉടമസ്ഥാവകാശം നൽകുന്നില്ല. രാജ്യത്ത്  അനിശ്ചിതാവസ്ഥ എന്തെങ്കിലും ഉണ്ടാകാനുള്ള സാഹചര്യമുണ്ടെന്നു  തോന്നിയാൽ എഫ് പി ഐ പെട്ടെന്ന് നിക്ഷേപം പിൻവലിക്കുകയും അവരുടെ ആസ്തി സുരക്ഷിതമാക്കുകയും ചെയ്യും. എഫ് പി ഐ നിക്ഷേപം, ഓഹരികളിലും, കടപ്പത്രങ്ങളിലും, മ്യൂച്ചൽ ഫണ്ടുകളിലും, ഇ ടി എഫുകളിലും അനുവദനീയമാണ്. വിദേശ രാജ്യങ്ങളിൽനിന്നും, ഹെഡ്ജ് ഫണ്ടുകളും, പെൻഷൻ ഫണ്ടുകളും, ഇൻഷുറൻസ് കമ്പനികളും, മ്യൂചൽ  ഫണ്ടുകളും ഇന്ത്യൻ ഓഹരി വിപണിയിൽ എഫ് പി ഐ മുഖേന നിക്ഷേപം നടത്തുന്നു. സെബിയുടെ കണക്കുകൾ പ്രകാരം, മാർച്ച് വരെ, 9316 എഫ് പി ഐ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ സെബി വിലയിരുത്തുകയും, നിക്ഷേപങ്ങൾക്ക് പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. 

എന്തുകൊണ്ട് എഫ് പി ഐ നിക്ഷേപത്തിനായി  ഇന്ത്യൻ ഓഹരി വിപണി തിരഞ്ഞെടുക്കുന്നു? 

∙ഉയർന്നുവരുന്ന സമ്പദ് വ്യവസ്ഥകളാണ് എഫ് പി ഐകൾ നിക്ഷേപത്തിനായി പരിഗണിക്കുക. ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക, മെക്സിക്കോ, അർജന്റീന , ബ്രസീൽ  റഷ്യ, ഇവയെല്ലാം ഇത്തരം വിപണികൾക്കു ഉദാഹരണങ്ങളാണ്. 

∙കൂടുതൽ വളർച്ചയുള്ള ഇത്തരം വിപണികൾ എഫ്പിഐയെ ശക്തിപ്പെടുത്തുകയും, ആദായം കൂടുതൽ നൽകുകയും ചെയ്യും. ലോക് ഡൗണിനുശേഷം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പതുക്കെ തിരിച്ചു വരവിന്റെ പാതയിലാണെന്ന സൂചനകൾ കൂടുതൽ എഫ് പിഐ നിക്ഷേപം ഇന്ത്യയിലേക്കാകർഷിക്കുന്നുണ്ട് .

∙ആഗോളമായി പണത്തിന്റെ ലഭ്യത കൂടിയതും, ഓഹരി നിക്ഷേപത്തിന് ഇന്ത്യയിൽ സ്വീകാര്യത വർദ്ധിച്ചതും 

∙നിക്ഷേപത്തിന്റെ ഒഴുക്ക് കൂട്ടിയ ഘടകങ്ങളാണ്. 2020  മാർച്ച് മാസത്തിലെ കുത്തനെയുള്ള വിൽപ്പനക്ക് ശേഷം ഓരോ മാസവും പടിപടിയായി   നിക്ഷേപം  വർദ്ധിച്ചുവന്നു. 2021 ഫെബ്രുവരി  മാസത്തിലെ കണക്കുകൾ പ്രകാരം,   24012   കോടി രൂപ നിക്ഷേപം ഇന്ത്യൻ ഓഹരിവിപണിയിൽ ഒഴുകിയെത്തി.

∙മാർച്ച് മാസത്തിൽ ഇത്  17022 കോടിയാണ്. വാക്സിനേഷനുശേഷം ആഗോളമായി സമ്പദ് വ്യവസ്ഥകൾ മെച്ചപ്പെടുന്നത് ഓഹരിവിപണികളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കൂട്ടുമെന്ന് വിദഗ്ധർ അവകാശപ്പെടുന്നു.

കൂടുതൽ ആദായകരം

ഇന്ത്യയുടെ ആഭ്യന്തര ഓഹരി നിക്ഷേപ വളർച്ച ഓരോ പാദത്തിലും കൂടുന്നതും വിദേശ നിക്ഷേപം  ഓഹരിവിപണിയിലേക്കാകർഷിക്കുന്നുണ്ട്. ആഭ്യന്തര നിക്ഷേപക വളർച്ച, വിദേശനിക്ഷേപകരെ ആകർഷിക്കുന്നതുപോലെ, ഓഹരിവിപണിയിലെ വിദേശ നിക്ഷേപം ഇന്ത്യൻ ചെറുകിട നിക്ഷേപകരെയും, വൻകിട ആഭ്യന്തര നിക്ഷേപകരെയും സഹായിക്കുന്നുണ്ട്. കേന്ദ്ര ബഡ്ജറ്റിനുശേഷം, മൂലധനചെലവ് വര്ധിപ്പിക്കുവാനുള്ള തീരുമാനം, എഫ് പി ഐ  നിക്ഷേപം കൂടുതലായി  ഇന്ത്യൻ ഓഹരിവിപണിയിലേക്കു ഒഴുകുവാൻ മറ്റൊരു  കാരണമായി. പല വിദേശ രാജ്യങ്ങളിലെയും സ്ഥിരനിക്ഷേപ പലിശ നിരക്ക് ഇന്ത്യയേക്കാൾ വളരെ താഴ്ന്നിരിക്കുന്നതിനാൽ കൂടുതൽ ആദായം ലഭിക്കുന്നതിനും എഫ് പിഐ വഴി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നു.

ഇന്ത്യയുടെ സ്റ്റോക്ക് മാർക്കറ്റ് എക്കാലത്തും  വിദേശ നിക്ഷേപകരുടെ പ്രിയപ്പെട്ട  ഇടമായിരുന്നു. 2015 വരെ വിദേശ നിക്ഷേപകർ നിക്ഷേപം പിൻവലിച്ചാൽ ഓഹരിവിപണി ഇടിയുമായിരുന്നു.  എന്നാൽ 2015 നു  ശേഷം, ആഭ്യന്തര നിക്ഷേപകരുടെ വൻതോതിലുള്ള ഇടപെടലുകൾ ഓഹരിവിപണിയെ തകർച്ചകളിൽ പിടിച്ചുനിർത്തിയിട്ടുണ്ട്.ഇത് ഇന്ത്യയുടെ ഓഹരിവിപണി വിദേശ നിക്ഷേപകരുടെ പിന്തുണയില്ലെങ്കിലും, സന്തുലനാവസ്ഥയിൽ നിൽക്കുവാൻ പറ്റുമെന്ന് തെളിയിച്ചിട്ടുണ്ട്.

എഫ് പിഐകൾ ഓഹരികൾ കൂടുതലായി വാങ്ങുമ്പോൾ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഓഹരികൾ വിട്ടൊഴിയുകയും, എഫ് പിഐകൾ വിറ്റൊഴിയുമ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ കൂടുതലായി വാങ്ങുകയും ചെയ്യുന്ന ഒരു പ്രവണത പുതിയതായി ഇന്ത്യൻ ഓഹരിവിപണിയിൽ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. 2020 ഡിസംബർ മാസത്തെ കണക്കനുസരിച്ചു ഏതൊക്കെ രാജ്യങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ ഏറ്റവും കൂടുതൽ നിക്ഷേപിക്കുന്നുവെന്നു താഴെയുള്ള പട്ടിക വ്യക്തമാക്കും.  ഏറ്റവും രസകരമായ വസ്തുത പല യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കയും ക്യാനഡയുമെല്ലാം,അവരുടെ പെൻഷൻ ഫണ്ടുകളും, സാമൂഹ്യ  സുരക്ഷാ ഫണ്ടുകളും  മറ്റും  വളർത്തുവാനുള്ള പണം സ്വരൂപിക്കുന്നത് ഇന്ത്യയെപ്പോലുള്ള ഉയർന്നുവരുന്ന സമ്പദ്വ്യവസ്ഥകളിലെ ഓഹരിവിപണികളിൽനിന്നുമാണ് എന്നുള്ളതാണ്.

Fpi-Table
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA