ഫോറെക്സ് ട്രേഡിങ്: സൂക്ഷിച്ചാൽ ദുഖിക്കേണ്ട

HIGHLIGHTS
  • രണ്ട് രാജ്യങ്ങളുടെ നാണയങ്ങൾ തമ്മിലുള്ള വിനിമയമാണ് വിദേശ നാണയ വിനിമയം അഥവാ ഫോറെക്സ് ട്രേഡിങ്ങ്
Currency
SHARE

ആട് തേക്ക് മാഞ്ചിയം മുതൽ വ്യാജ ക്രിപ്റ്റോകറൻസി വരെയുള്ള ഏത് സാമ്പത്തിക തട്ടിപ്പുകൾ എടുത്ത് നോക്കിയാലും അതിലെല്ലാം തന്നെ ഇരയാക്കപ്പെട്ട ഒരു മലയാളിയെയെങ്കിലും കണാം. പെട്ടെന്ന് കോടീശ്വരനാകാനുള്ള വ്യഗ്രതയും നിക്ഷേപമാർഗ്ഗങ്ങളിലെ അജ്ഞതയും കൂടി ചേർന്നാൽ കാശ് പോകുന്ന വഴി അറിയില്ല. ഏറ്റവുമൊടുവിലായി ഇത്തരക്കാരെ ലക്ഷ്യമിട്ട് കൊണ്ട് നമ്മുടെ നാട്ടിലും എത്തിച്ചേർന്നിട്ടുള്ള ഒരു തട്ടിപ്പ് വിദേശ നാണയ വിനിമയവുമായി ബന്ധപ്പെട്ടുള്ളതാണ്.

ഫോറെക്സ് ട്രേഡിങ് 

ഫോറിൻ എക്സ്ചേഞ്ച് ട്രേഡിങിന്റെ ചുരുക്കെഴുത്താണ് ഫോറെക്സ് ട്രേഡിങ്. വിദേശ നാണയ വിനിമയമെന്ന് മലയാളം. വിദേശ നാണയങ്ങൾക്ക് പുറമേ കമ്മോഡിറ്റികളിലും സൂചികകളിലുമുള്ള നിക്ഷേപവും ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ നടക്കാറുണ്ടെങ്കിലും നാണയ വിനിമയത്തെ ആണ് പ്രധാനമായും ഫോറെക്സ് ട്രേഡിങ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 

ലളിതമായി പറഞ്ഞാൽ

രണ്ട് രാജ്യങ്ങളുടെ നാണയങ്ങൾ തമ്മിലുള്ള വിനിമയമാണ് വിദേശ നാണയ വിനിമയം അഥവാ ഫോറെക്സ് ട്രേഡിങ്ങ്. ഒരുദാഹരണം പറയാം. ഗൾഫ് മേഖലയിൽ ധാരാളം ബന്ധുജനങ്ങളുള്ളയാളാണ് ആലപ്പുഴക്കാരനായ റമീസ്. അങ്ങനെയിരിക്കെ എൻജിനീയറിങ് പഠനം കഴിഞ്ഞ് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോകാമെന്ന് റമീസ് തീരുമാനിക്കുന്നു. ഗൾഫ് മേഖലയിൽ തന്നെ സൗദിയിലാണ് റമീസിന്റെ സ്വന്തക്കാരിലധികവും എന്നത് കൊണ്ടാണ് സൗദി തന്നെ തിരഞ്ഞെടുത്തത്. പോകുന്നതിന് മുന്നോടിയായി സൗദിയിലെത്തിയിട്ടുണ്ടാകുന്ന ചെലവുകൾക്കായി തന്റെ കയ്യിലുണ്ടായിരുന്ന 10000 ഇന്ത്യൻ രൂപക്കുള്ള 500 സൗദി റിയാൽ അടുത്തുള്ള കറൻസി എക്സ്ചേഞ്ചിൽ നിന്നും വാങ്ങി. എന്നാൽ സൗദിയിലെത്തിയ റമീസിന് സ്വന്തക്കാർ ഉപഹാരമായി നൽകിയ റിയാൽ മാത്രം മതിയായിരുന്നു തന്റെ ചിലവുകൾ കഴിഞ്ഞ് പോകാൻ. അങ്ങനെ മൂന്ന് മാസങ്ങൾക്ക് ശേഷം വിസാ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപ് താൻ നാട്ടിൽ നിന്നും കൊണ്ട് വന്ന 500 റിയാൽ ഇന്ത്യൻ രൂപയാക്കിയേക്കാമെന്ന് കരുതി എക്സ്ചേഞ്ചിലെത്തി. ഇതേ സമയം ഇങ്ങ് ഇന്ത്യയിൽ സാമ്പത്തിക രംഗത്തെ ചില പ്രശ്നങ്ങൾ മുഖാന്തരം രൂപയുടെ മൂല്യത്തിൽ ചെറിയ ഇടിവ് സംഭവിച്ചിരുന്നു. ഇതൊന്നുമറിയാത്ത റമീസിനാകട്ടെ താൻ 10000 രൂപക്ക് മൂന്ന് മാസം മുൻപ് വാങ്ങിയ 500 റിയാലിന് 11000 രൂപ തിരിച്ച് കിട്ടി. യഥാർത്ഥത്തിൽ ഇത് തന്നെയാണ് ഫോറെക്സ് ട്രേഡിങ്ങിലും. രണ്ട് രാജ്യങ്ങളുടെ നാണയങ്ങൾ തമ്മിൽ വിനിമയം നടത്തുകയും മേല്പറഞ്ഞ പോലെ ലാഭമെടുക്കലുമാണ് ഇവിടെ നടക്കുന്നത്. 

നിയമാനുസൃതമാണോ?

ഇന്ത്യയിലെ ഫോറെക്സ് ട്രേഡിങ് കടുത്ത നിബന്ധനകൾക്കും വ്യവസ്ഥയ്ക്കും വിധേയമാണ്. ഇന്ത്യൻ രൂപ അടിസ്ഥാനമായിട്ടുള്ള നാല് ജോഡി കറൻസികളാണ് പ്രധാനമായും നിയമാനുസൃതമായി ഇന്ത്യയിൽ ചെയ്യാനാകുക. USDINR, EURINR, GBPINR, JPYINR എന്നിവയാണവ. ഇതിന് പുറമേ GBPUSD, USDJPY, EURUSD എന്നിങ്ങനെയുള്ള മൂന്ന് ക്രോസ്സ് കറൻസി ജോഡികളും ഏറ്റവുമൊടുവിലെ വിജ്ഞാപനം അനുസരിച്ച് നിയമവിധേയം ആക്കിയിട്ടുണ്ടെങ്കിലും കടുത്ത നിബന്ധനകൾ കാരണമായി പല ബ്രോക്കര്മാരും ഇത് ചെറുകിട നിക്ഷേപകർക്ക് ലഭ്യമാക്കിയിട്ടില്ല. ഇതിന് പുറമേ RBI അംഗീകാരമുള്ളതും സെബിയുടെ നിയന്ത്രണത്തിലുള്ളതുമായ ബ്രോക്കർമാരിലൂടെ നടത്തുന്ന ഫോറെക്സ് ഇടപാടുകൾ മാത്രമേ നിയമാനുസൃതമാകുകയുള്ളൂ. 

എങ്ങനെയാണ് തട്ടിപ്പ്? 

ഇന്ത്യൻ രൂപയെ മാത്രം അടിസ്ഥാനമാക്കിയുള്ള ഫോറെക്സ് ട്രേഡിങ് ക്രോസ്സ് കറൻസി ട്രേഡിങ്ങിനെ അപേക്ഷിച്ച് അത്ര കണ്ട് ലാഭകരമല്ല. സെബി നിയന്ത്രണത്തിലുള്ള ബ്രോക്കർമാരാകട്ടെ ഇത്തരം ക്രോസ്സ് കറൻസി ട്രേഡിങിന് ചെറുകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നുമില്ല. ഇതിനൊരു പോംവഴിയായി നിക്ഷേപകർ ചെയ്യുന്നത് ഫോറെക്സ് ട്രേഡിങ് ചെയ്യാനാകുന്ന ഏതെങ്കിലുമൊരു ഓൺലൈൻ പോർട്ടലിൽ അക്കൗണ്ട് തുടങ്ങി അതിലൂടെ തങ്ങൾക്കിഷ്ടമുള്ള കറൻസികൾ തമ്മിൽ വിനിമയം നടത്തുകയെന്നതാണ്. തങ്ങൾ അംഗീകൃത ബ്രോക്കര്മാരാണ് എന്ന് തന്നെയാകും പലപ്പോഴും ഇത്തരം പോർട്ടലുകൾ നിക്ഷേപകരെ അറിയിക്കുക. മറ്റ് ചിലർ അവകാശപ്പെടുന്നത് തങ്ങൾ സെബിയുടെ നിയന്ത്രണത്തിലല്ലെങ്കിലും ഇന്ത്യക്ക് പുറത്തുള്ള മറ്റേതെങ്കിലും ഏജൻസിയുടെ അധീനതയിൽ ആണെന്നാകും. പ്രസ്തുത ഏജൻസി സെബിയെക്കാൾ സുശക്തമാണെന്നൊക്കെ അവകാശപ്പെടാറുണ്ട് ഇക്കൂട്ടർ. ഇന്ത്യക്ക് പുറത്തുള്ള ഏജൻസി, അതിനി യു.എസ്സിലെ എൻ.എഫ്.എ ആയാലും ശരി ഇന്ത്യയിൽ നിയമാനുസൃതമാകണമെങ്കിൽ സെബിക്ക് കീഴിൽ വരിക തന്നെ വേണം. 

പണം പോകുമോ?

പല നിക്ഷേപകർക്കും നിക്ഷേപിച്ച പണം തിരിച്ചെടുക്കുന്നതിൽ കാലതാമസം നേരിടുന്നതായും മറ്റ് ചിലർക്ക് തീരെ കിട്ടാതിരിക്കുന്നതായുമൊക്കെ പരാതികളുയരുന്നുണ്ട്. മറ്റൊരു പരാതി, തുടക്കത്തിൽ പറയുന്നതിനേക്കാൾ കമ്മീഷൻ ഈടാക്കുന്നുവെന്നതാണ്. സെബി നിയന്ത്രണത്തിൽ അല്ലാത്തതിനാൽ എന്ത് നഷ്ടം വന്നാലും സഹിക്കുകയേ തരമുള്ളു.

മറ്റ് പ്രത്യാഘാതങ്ങൾ 

അനിയന്ത്രിതമായ ഓൺലൈൻ പോർട്ടലുകളിലൂടെയുള്ള ഫോറെക്സ് ട്രേഡിങ് ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റിന്റെ (FEMA) നഗ്നമായ ലംഘനമാണ്. പിടിക്കപ്പെട്ടാൽ തടവും പിഴയുമുൾപ്പെടെ ശിക്ഷ ലഭിക്കാം. വര്‍ഷങ്ങളായി ചെയ്യുന്നു, ഇത് വരെയും പിടിക്കപ്പെട്ടില്ലല്ലോ എന്ന ആത്മവിശ്വാസം മാറ്റി വയ്ക്കുന്നതാണ് ബുദ്ധി. ഇത്തരത്തിലുള്ള സംശയകരമായ ഇടപാടുകൾ (Suspicious transactions) നടത്തുന്നവരെല്ലാം തന്നെ സർക്കാർ സംവിധാനങ്ങളുടെ റഡാറുകൾക്കുള്ളിൽ തന്നെയാണ്. ഏത് നിമിഷവും പിടിക്കപ്പെടാം. ധന നഷ്ടത്തെക്കാൾ കൂടുതലായി ഊന്നൽ നൽകേണ്ടത് നിയമപരമായ പ്രത്യാഘാതങ്ങൾക്കാണ്. 

എങ്ങനെ പ്രതിരോധിക്കാം 

സെബി നിയന്ത്രണത്തിലുള്ള ബ്രോക്കർമാർ മുഖേന മാത്രം ഫോറെക്സ് ട്രേഡിങിൽ ഇടപാടുകൾ നടത്തുകയെന്നതാണ് ചതിക്കുഴികളിൽ വീഴാതിരിക്കാൻ നമുക്ക് ചെയ്യാനാകുന്നത്. സെബി അംഗീകാരമുള്ള ഫോറെക്സ് ബ്രോക്കര്മാരെ കണ്ടെന്നതിനായി സെബിയുടെ വെബ്സൈറ്റിൽ തന്നെ സംവിധാനമുണ്ട്. 

(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്.)

English Summary: Know more About Forex Trading

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA