ADVERTISEMENT

കൊറോണ രണ്ടാം തരംഗത്തില്‍ ഇന്ത്യയൊന്നാകെ ആടിയുലയുമ്പോള്‍ സ്വര്‍ണവിലയില്‍ പവനു 42000 എന്ന റെക്കോര്‍ഡ് തകര്‍ക്കുമോ എന്ന ചോദ്യമാണ് പലരുടേയും മനസില്‍ ഇപ്പോള്‍.

മൂന്നു നാലു പതിറ്റാണ്ടായി ഏറ്റവും സുരക്ഷിതമായി ഏറ്റവും മികച്ച നേട്ടം നല്‍കുന്ന നിക്ഷേപം ഏതെന്നു ചോദിച്ചാല്‍ മലയാളി ഉറപ്പിച്ചു പറയും അതു സ്വര്‍ണം മാത്രമാണ് എന്ന്.  കാരണം കഴിഞ്ഞ 40 വര്‍ഷം കൊണ്ട് 40-45 ഇരട്ടി വര്‍ധയാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. 80 കളുടെ തുടക്കത്തില്‍ 900 രൂപയ്ക്ക് അടുത്തായിരുന്നു ഒരു പവനെങ്കില്‍ 2020 ല്‍ അതു 42000 മറികടന്നു. ഇപ്പോള്‍ അതു അല്‍പം ഇടിഞ്ഞ് 36000 രൂപ നിലവാരത്തിലാണ്.

പക്ഷേ ഇതു യഥാര്‍ത്ഥത്തില്‍ സ്വര്‍ണത്തിന്റെ വില വര്‍ധനയല്ല എന്നതാണ് സത്യം.  കാരണം രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിനു കഴിഞ്ഞ 40 വര്‍ഷം കൊണ്ട് ഉണ്ടായ വര്‍ധന  3-4  ഇരട്ടി മാത്രം. 1981  ഒരു ഔണ്‍സിനു  490 ഡോളര്‍ ആയിരുന്നു എങ്കില്‍  ഇപ്പോള്‍ അത് 1778 ഡോളര്‍ മാത്രം. 2020 ല്‍ കൊറോണ പ്രതിസന്ധിയെ തുടര്‍ന്നു 2000 ഡോളര്‍ മറികടന്നു. 3000 ഡോളറിലേയ്ക്ക് കുതിച്ചെത്തുമെന്ന് പ്രവചനങ്ങളുണ്ടായി, പക്ഷേ  2100 ഡോളര്‍  നിലവാരം പോലും സ്പര്‍ശിക്കാതെ പിന്‍വാങ്ങുകയും ചെയ്തു.

gold-price

 ഇപ്പോള്‍  കേരളത്തിലെ കുഗ്രാമത്തിലെ ജ്വല്ലറിയാണെങ്കിലും  സ്വര്‍ണവില  നിശ്ചയിക്കുന്നതും നീയന്ത്രിക്കുന്നതും  രാജ്യാന്തര വിപണിയാണെന്ന്  ആണ്  വിദദ്ധര്‍ ഏകസ്വര്‍ത്തില്‍ പറയുന്നത്.  എന്നിട്ടും  ലോകത്ത് 3-4 മൂന്നിരട്ടി മാത്രം വര്‍ധിച്ചപ്പോള്‍  ഇന്ത്യയിലെ സ്വര്‍ണവില 40-45  ഇരട്ടിയോളം വര്‍ധിച്ചു. 

എന്തുകൊണ്ട്? 

അതിനു ഉത്തരം ഒന്നു മാത്രം. അമേരിക്കന്‍ ഡോളറിനെതിരെ നമ്മുടെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്. നാല്‍പതു വര്‍ഷം മുമ്പ്  ഒരു ഡോളര്‍ കിട്ടാന്‍  ഏഴു  ഇന്ത്യന്‍  രൂപ കൊടുത്താല്‍ മതിയായിരുന്നു. പക്ഷേ ഇപ്പോള്‍  70 രൂപ കൊടുത്താല്‍  ഒരു  ഡോളര്‍ കിട്ടില്ല എന്നതാണ് അവസ്ഥ. അതായത്  രൂപയ്‌ക്കെതിരെ ഡോളറിന്റെ മൂല്യം  പത്തിരട്ടിയോളം വര്‍ധിച്ചു. അതും സ്വര്‍ണത്തിന്റെ 3-4 ഇരട്ടി വര്‍ധനയും കൂടിയായപ്പോള്‍ മൊത്തം 40-45 ഇരട്ടി വര്‍ധന സ്വര്‍ണവിലയില്‍ ഉണ്ടായി. 

ഡോളറും  രൂപയുമായുള്ള വിനിമയനിരക്കും സ്വര്‍ണവിലയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നു കൂടി നോക്കാം. ലോകത്തു തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണെങ്കിലും നമുക്ക് ഇവിടെ സ്വര്‍ണ ഉല്‍പ്പാദനം പേരിനു മാത്രം. അതുകൊണ്ടു തന്നെ ഇറക്കുമതിയെ വന്‍തോതില്‍ ആശ്രയിച്ചേ പറ്റൂ. സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍  വില ഡോളറില്‍ തന്നെ കൊടുക്കണം.

അതായത് സ്വര്‍ണവില വര്‍ധന എന്നു സാധാരണ നിക്ഷേപകന്‍ കരുതുന്നത് യഥാര്‍ത്ഥത്തില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിലുണ്ടായ വര്‍ധനയല്ല. മറിച്ച് അതില്‍ നല്ലൊരു ഭാഗവും  നമ്മുടെ രൂപയ്ക്കു സംഭവിച്ച വിലയിടിവിനു നമ്മള്‍ നല്‍കേണ്ടി വരുന്ന വിലയാണ്. സ്വര്‍ണത്തോടുള്ള നമ്മുടെ കമ്പം  രാജ്യത്തിന്റെ  മൊത്തം താല്‍പര്യത്തിനു വിരുദ്ധമാണെന്നു പറയുന്നതും ഇതുകൊണ്ടു തന്നെയാണ്.

English Summary: Why Gold Price is Increasing? Factors that Influence Gold Prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com