ADVERTISEMENT

കോവിഡ് രണ്ടാം തരംഗത്തോട് മല്ലിടുന്ന ഇന്ത്യ കനത്ത അനിശ്ചിതത്വമാണ് അഭിമുഖീകരിക്കുന്നത്.ഈ യുദ്ധത്തില്‍ വാക്‌സിനുകള്‍ തന്നെ വിജയിക്കും.

പ്രശസ്ത ഇമ്മ്യൂണോളജിസ്റ്റും ഏഴ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഉപദേശകനുമായ ഡോ. ആന്റണി ഫൗച്ചിയുടെ അഭിപ്രായത്തില്‍ ഈ മഹാമാരി അധികം താമസിയാതെ അവസാനിക്കും. പ്രതിരോധ കുത്തിവെപ്പ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ഏക പരിഹാരമെന്നു അദ്ദേഹം അടിവരയിടുന്നു. വിപണിയും ഇതേ അനുമാനത്തിലാണ്. 'അജ്ഞാതനോ'ടുള്ള യുക്തിസഹമായ പ്രതികരണമായിരുന്നു 2020 മാര്‍ച്ചിലെ പരിഭ്രാന്തിയും തകര്‍ച്ചയും. തുടര്‍ന്നുള്ള മാര്‍ക്കറ്റ് റാലി, 'പരിചിതനായ അജ്ഞാത'നോടുള്ള പ്രതികരണമാണ്. 2020 മാര്‍ച്ചില്‍ ഈ മഹാമാരി എങ്ങനെ അവസാനിക്കുമെന്ന് ആര്‍ക്കും ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍, വ്യക്തതയുണ്ട്. ഈ യുദ്ധത്തില്‍ വാക്‌സിന്‍ തന്നെ വിജയിക്കുമെന്ന് വിശ്വസിക്കാം.

കരകയറുന്ന ആഗോള സമ്പദ്വ്യവസ്ഥ

അമേരിക്കയുടെയും ചൈനയുടെയും പിന്‍ബലത്തില്‍  ആഗോള സമ്പദ്വ്യവസ്ഥ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. യുഎസിലെ തൊഴിലില്ലായ്മ ക്ലെയിമുകളെയും റീട്ടെയില്‍ വില്‍പനയെയും കുറിച്ചുള്ള ഏറ്റവും പുതിയ മാക്രോഡാറ്റ ഈ നിഗമനം ശരിവയ്ക്കുന്നു. 2021ല്‍ അമേരിക്ക 6 ഉം ചൈന 9 ഉം ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധ്യതയുണ്ട്. ഈ രണ്ട് വന്‍ സമ്പദ്‌വ്യവസ്ഥകളുടെ വളര്‍ച്ച ലോകത്തിന്റെ മറ്റു രാജ്യങ്ങള്‍ക്കും ഗുണംചെയ്യും. വാക്‌സിനേഷന്‍ നല്‍കുന്ന ആത്മവിശ്വാസത്തിന്റെ ഉണര്‍വിലാണ് യൂറോപ്പിലെയും വികസ്വര രാജ്യങ്ങളിലെയും വിപണികള്‍. തിരിച്ചുവരവിന്റെ വ്യക്തമായ സാധ്യതയാണ് ഈ വിപണികള്‍ നല്‍കുന്നത്. 

ഇന്ത്യയുടെ ജിഡിപി കുറയും

ഇന്ത്യയുടെ ജിഡിപി 2021 സാമ്പത്തിക വര്‍ഷത്തില്‍ 8 ശതമാനം ചുരുങ്ങിയതായി കണക്കാക്കപ്പെടുന്നു. മഹാമാരിയുടെ രണ്ടാം തരംഗത്തിന് മുമ്പ്,  2022 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 11 ശതമാനത്തിന് മുകളിലാകുമെന്നും നിഫ്റ്റി വരുമാന വളര്‍ച്ച 30 ശതമാനം കടക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഉയര്‍ന്ന വൈറസ് വ്യാപനവും അതേത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അല്‍പ്പം മന്ദീഭവിപ്പിക്കാനിടയുള്ളതിനാല്‍, ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കില്ലെങ്കിലും 10 ശതമാനം ജിഡിപി വളര്‍ച്ച നേടാന്‍ ഇന്ത്യയ്ക്ക് സാധിക്കും.  

നിക്ഷേപം ലളിതമായി നിലനിര്‍ത്തുക

ഈ സങ്കീര്‍ണ്ണ സമയത്ത് നിക്ഷേപ തന്ത്രം ലളിതമായിരിക്കണം. ആഗോളതലത്തില്‍ ഓഹരി വിപണികള്‍ ശക്തവും ഊർജസ്വലവുമാണ്. പണലഭ്യത സമൃദ്ധമായി തുടരുന്നതിനാലും പലിശനിരക്ക് താഴ്ന്ന നിലയിലായിരിക്കുമെന്നതിനാലും വിപണികള്‍ സ്ഥിരത കൈവരിക്കാന്‍ സാധ്യതയുണ്ട്. പണപ്പെരുപ്പത്തില്‍ ഉണ്ടായേക്കാവുന്ന വര്‍ധനയും യുഎസ് കേന്ദ്ര ബാങ്ക് അതിന്റെ ഉദാര പണനയം ഉപേക്ഷിക്കാനുള്ള സാധ്യതയുമാണ് വിപണിയുടെ ഭീഷണി. എന്നാല്‍ ഹ്രസ്വകാലത്തേക്ക് ഇതിനു സാധ്യതയില്ല. അതിനാല്‍, ഓഹരിയില്‍ നിക്ഷേപം തുടരുന്നതാണ്്് നല്ലത്. എന്നിരുന്നാലും, അനിശ്ചിതത്വം ഉയര്‍ന്നതിനാല്‍, ഓഹരിവിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ നേട്ടം കുറവാണെങ്കിലും സ്ഥിരവരുമാന ആസ്തികളിലേക്ക് അല്പം നിക്ഷേപം മാറ്റുന്നത് നന്നായിരിക്കും.

ഇന്ത്യയുടെ കോര്‍പ്പറേറ്റ് ലാഭത്തിന്റെ 80 ശതമാനവും മികച്ച 20 കമ്പനികളില്‍ നിന്നാണ്. ധനകാര്യസേവനങ്ങള്‍, ഐടി, ഓയില്‍&ഗ്യാസ്, എഫ്എംസിജി, ക്യാപിറ്റല്‍ഗുഡ്‌സ് എന്നിവയിലെ ഈ ബ്ലൂചിപ്പുകളില്‍ ഭൂരിഭാഗവും മികച്ച രീതിയില്‍ തുടരും. അതിനാല്‍ അവയില്‍ നിക്ഷേപം തുടരുന്നതില്‍ അര്‍ത്ഥമുണ്ട്. ലാര്‍ജ് ക്യാപ് ഓഹരികളുടെ വിലകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ താരതമ്യേന വിലക്കുറവുള്ള മധ്യനിര ചെറുകിട ഓഹരികളിലാണ് കൂടുതല്‍  വിലവര്‍ദ്ധനവിനുള്ള സാധ്യത. എന്നാല്‍ ചെറുകിടക്കാരിൽ നിന്ന് ഭാവിയിലെ ബ്ലൂചിപ്പുകള്‍ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇത്തരം ഓഹരികളില്‍ മ്യൂച്ചല്‍ ഫണ്ട് എസ് ഐ പികളിലൂടെ  നിക്ഷേപിക്കുകയാണ് അനുയോജ്യമായ  തന്ത്രം.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary : Simple Investment Strategy is Suitable for Complicated Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com