ADVERTISEMENT

ഇന്ന് എത്ര വരുമാനം ഉണ്ടാക്കിയാലും അതിൽനിന്ന് ഒരു പങ്ക് നാളേക്കായി മിച്ചംപിടിക്കുകയും അതു ശരിയായി നിക്ഷേപിക്കുകയും ചെയ്താൽ മാത്രമേ ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും ഭാവിജീവിതം സുഖകരവും സമ്പൽസമൃദ്ധവും ആകൂ. അതിന് ഓരോരുത്തരും വിവേകശാലിയായ നിക്ഷേപകൻ ആകണം. അതിനു നിങ്ങൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പാഠങ്ങൾ ഇതാ. 

1. നിക്ഷേപം ഒരു കലയാണ്. അതിനു മികച്ച ഫലം കിട്ടാൻ നല്ല അനുഭവസമ്പത്തും ക്ഷമയും വേണം.

2.  സമ്പത്ത് സൃഷ്ടിക്കാൻ അതിന്റേതായ സമയം ആവശ്യമാണ്. അതിനു കുറുക്കുവഴികളില്ല.

3.  പഠനവും അനുഭവവും വ്യത്യസ്തമാണ്. ചെറിയ കാലയളവുകൊണ്ട് നമുക്കു കാര്യങ്ങൾ പഠിച്ചെടുക്കാം. പക്ഷേ, നല്ല അനുഭവ സമ്പത്തുണ്ടാക്കാൻ സമയം എടുക്കും.

4. നിക്ഷേപം നടത്താൻ നിങ്ങൾക്ക് ആവശ്യത്തിനു വൈദഗ്ധ്യം ഇല്ലെങ്കിൽ ഫിനാൻഷ്യൽ പ്ലാനറുടെ സഹായം തേടുക. നിശ്ചിത ഇടവേളകളിൽ അദ്ദേഹവുമായി ബന്ധപ്പെടുക.

5.  ഓഹരി നിക്ഷേപത്തിൽ‌നിന്ന് ഏറ്റവും ഉയർന്ന നേട്ടം എടുക്കേണ്ട പ്രായം എന്നത് 35–45 വയസ്സാണ്.

6.  ആദ്യം ഗോൾ നിശ്ചയിക്കുക.എന്നിട്ട് ആ ലക്ഷ്യം നേടാൻ പ്ലാൻ ചെയ്യുക. ഓരോ ലക്ഷ്യത്തിനും അതിന്റേതായ ഊന്നൽ നൽകി വേണം മുന്നോട്ടു പോകാൻ.

7.  ഒരു മാസം നിങ്ങളുടെ കയ്യിൽ വരുന്ന പണം, ചെലവുകൾ, കടങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കുകയും അത് എഴുതി സൂക്ഷിക്കുകയും ചെയ്യുക.

8.  ഏറ്റവും ആദ്യം ഒരു എമർജൻസി ഫണ്ട് സ്വരൂപിക്കണം. ആറു മാസത്തെ നിങ്ങളുടെ മൊത്തംചെലവിനുള്ള തുകയെങ്കിലും ഇങ്ങനെ കരുതണം. 

9. നിങ്ങൾ ഏതൊരു ഇൻവെസ്റ്റ്മെന്റ് പ്ലാനിലേക്കും കടക്കുംമുൻപ് നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ ഹെൽത്ത് – ക്രിട്ടിക്കൽ ഇൽനസ് കവറേജ്, കുടുംബനാഥനു വേണ്ട ടേം ഇൻഷുറൻസ് എന്നിവയെല്ലാം ഉറപ്പാക്കിയിരിക്കണം. 

10.  ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ ലക്ഷ്യങ്ങൾക്കും പ്ലാൻ ചെയ്തിട്ടുണ്ട് എന്നുറപ്പാകണം. അതും കഴിയുന്നത്ര നേരത്തേ പ്ലാൻ ചെയ്യണം. എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും നല്ലത്. അങ്ങനെയെങ്കിൽ മാസം ചെറിയൊരു തുക – പോക്കറ്റിനു താങ്ങാവുന്നത്– നീക്കിവച്ചു കൊണ്ട് ബുദ്ധിമുട്ടില്ലാതെ ലക്ഷ്യം കൈവരിക്കാനാകും. 

11.  പണപ്പെരുപ്പത്തിന്റെയും മനുഷ്യന്റെ ഉയരുന്ന ആയുസ്സിന്റെയും യഥാർഥ സ്വാധീനം മനസ്സിലാക്കണം. ഇവ രണ്ടും റിട്ടയർമെന്റ് ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന രണ്ടു വലിയ വെല്ലുവിളികളാണ്. അതുകൊണ്ട് ഇവയുടെ ഫലം കൃത്യമായി മനസ്സിലാക്കി മുൻകൂട്ടി ശരിയായിത്തന്നെ റിട്ടയർമെന്റ് പ്ലാൻ ചെയ്തിരിക്കണം

12.  മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയും ശരിയായ സമയം കണക്കാക്കി പ്ലാൻ ചെയ്യണം.കുട്ടി ജനിക്കുമ്പോൾത്തന്നെ പ്ലാൻ ചെയ്തു തുടങ്ങുന്നതാണ് നിലവിലെ രീതി.

13.  ഓഹരി വിപണിയിൽ നിങ്ങൾ എപ്പോൾ പ്രവേശിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ നേട്ടസാധ്യതയും അവസരങ്ങളും. അതിനാൽ, വിപണി താഴ്ന്നിരിക്കുന്ന അവസരങ്ങളിൽ നിക്ഷേപം നടത്തുകയും ഉള്ള നിക്ഷേപം ആവറേജ് ചെയ്യുകയും ചെയ്യുക.

14.  വെറുതെ കൈവശമിരിക്കുന്ന പണം ഒരു നിക്ഷേപം അല്ല. അതിനാൽ, പണം നല്ല ആശയങ്ങളിലും അവസരങ്ങളിലും നിക്ഷേപിക്കുക.

15.  ഓഹരി‌യിൽ നേട്ടത്തിനു പുറകെ പോകരുത്.കാത്തിരിക്കുക. തിരുത്തലുകൾ വരുമ്പോൾ പ്രവർത്തിക്കുക.

16.  റിസ്ക് അഥവാ നഷ്ടസാധ്യത എല്ലായിടത്തും ഉണ്ട്. ഓരോയിടത്തും അത് എന്താണെന്നു കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കണം. 

 17. ഓഹരിയിലൂടെ നേട്ടമുണ്ടാക്കാൻ സമയവും വൈദഗ്ധ്യവും ഇല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് വഴിനിക്ഷേപിക്കുക. മ്യൂച്വൽ ഫണ്ടിൽ ഒന്നിച്ച് ഒരു തുക നിക്ഷേപിക്കുന്നതിനൊപ്പം ഒരു സിപ് (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാൻ) കൂടി ചേരുക. അതു വഴി ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ മെച്ചപ്പെട്ട ഫലം ഉറപ്പാക്കാം.

18.  നിക്ഷേപിക്കാനായി വിപണിയുടെ ഏറ്റവും താഴ്ന്ന നിലവാരത്തിനായി കാത്തിരിക്കരുത്. അതുപോലെ ലാഭമെടുക്കാൻ ഏറ്റവും ഉയരത്തിനായും കാത്തിരിപ്പ് വേണ്ട. പകരം എത്രയും പെട്ടെന്നു നിക്ഷേപം ആരംഭിക്കുക. എന്നിട്ട് അവസരങ്ങൾ കിട്ടുമ്പോൾ ആവറേജിങ് നടത്തുക. ദീർഘാകാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കാനുള്ള ഒരേ ഒരു മാർഗം അതാണ്. 

19.  ഏതു നിക്ഷേപമായാലും വൈവിധ്യവൽക്കരണം നിർബന്ധമാണ്.

20.  ഓഹരി നിക്ഷേപത്തിൽ വിജയമന്ത്രം എന്നത് ആവറേജിങ് ആണ്. 

സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറായ ലേഖകൻ ഐടിഐ മ്യൂച്വൽ ഫണ്ടിന്റെ കേരളാ റീജൻ ഹെഡാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com