ADVERTISEMENT

വെള്ളിയാഴ്ച അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ വീഴ്ചയോടെ  വ്യാപാരം അവസാനിപ്പിച്ചെങ്കിലും ഇന്ന് അവ  നേട്ടത്തിൽ വ്യാപാരം ആരംഭിച്ചത് വിപണിക്ക് അനുകൂലമാണ്. കൊറിയൻ  വിപണി ഒഴികെ മറ്റെല്ലാ ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിൽ  വ്യാപാരം  ആരംഭിച്ചതും, ഇന്ത്യയിലെ ഉയരുന്ന  കോവിഡ് കണക്കുകൾ  കണക്കിലെടുത്ത്  എസ്ജിഎക്സ്  നിഫ്റ്റി  ഫ്യൂച്ചർ ഇന്ന് നഷ്ടത്തിൽ  വ്യാപാരം ആരംഭിച്ചതും  വിപണിക്ക് ആശങ്കയാണ് .

കുതിപ്പ്  തേടി  അമേരിക്കൻ വിപണി

മികച്ച  ഫലപ്രഖ്യാപനങ്ങളുടെയും, വളർച്ച  സൂചിപ്പിക്കുന്ന  സാമ്പത്തിക സൂചനകളുടെയും പിൻബലത്തിൽ  മുന്നേറുന്ന അമേരിക്കൻ വിപണിക്ക്  ഫെഡ് നടപടികളുടെ  പിൻബലത്തിൽ വീണ്ടും  തിരിച്ചുവരവിന്റെ  ലക്ഷണങ്ങൾ  കാണിക്കുന്ന ബോണ്ട് യീൽഡ് മാത്രമാണ്  പ്രശ്നമായേക്കാവുന്ന ഘടകം. ഈയാഴ്ച  പുറത്തു  വരാനിരിക്കുന്ന  അമേരിക്കൻ പിഎംഐ ഡേറ്റകളും,  വ്യാഴാഴ്ചത്തെ  ജോബ് ഡേറ്റയും, ആദ്യ പാദ  ഫലപ്രഖ്യാപനങ്ങളും  അമേരിക്കൻ വിപണിയുടെ ഗതി നിർണയിക്കും.

നിഫ്റ്റി 

നാല്  ദിവസത്തെ  മുന്നേറ്റം അവസാനിപ്പിച്ച് കൊണ്ട് വെള്ളിയാഴ്ച രാജ്യാന്തര  വിപണികൾക്കൊപ്പം വീണ ഇന്ത്യൻ വിപണി ഈ ആഴ്ച തിരിച്ച്  വരവ് പ്രതീക്ഷിക്കുന്നു. മികച്ച  ഫലപ്രഖ്യാപനങ്ങളും,  രാജ്യാന്തര  വിപണി പിന്തുണയും, വിദേശ നിക്ഷേപകരുടെ  വാങ്ങലും, മികച്ച  ഇക്കണോമിക്  ഡേറ്റകളും നിഫ്റ്റിക്ക് അനുകൂലമായേക്കാം. എങ്കിലും 14600  പോയിന്റിലെ പിന്തുണ  നഷ്ടമായാൽ  14440 പോയിന്റിലാണ്  നിഫ്റ്റിയുടെ  അടുത്ത  സപ്പോർട്ട്. 14800, 14950 പോയിന്റുകളിലാണ്  നിഫ്റ്റിയുടെ  അടുത്ത  കടമ്പകൾ. വെള്ളിയാഴ്ച  ആയിരം  പോയിന്റിനടുത്ത് വീണ ബാങ്ക്  നിഫ്റ്റിയുടെ അടുത്ത സപ്പോർട്ട് 32450 പോയിന്റിലാണ്.  

ബാങ്കിങ്, ഇൻഷുറൻസ്, ഐടി, സ്റ്റീൽ, ഫാർമ ഇന്ന് ശ്രദ്ധിക്കുക. മഹിന്ദ്ര,  മാരുതി, സൺ ടിവി, റിലയൻസ്, എയർടെൽ, ജിൻഡാൽസ്റ്റീൽ, സെയിൽ,  നാഷണൽ  അലുമിനിയം, മാസ്ടെക്ക്, ടാറ്റ കെമിക്കൽ , ദീപക് നൈട്രേറ്റ്, മുതലായ ഓഹരികൾ ശ്രദ്ധിക്കുക . 

ഓട്ടോ ഡാറ്റ 

ഇന്ത്യ ലോക്ക് ഡൗണിലായിരുന്ന  കഴിഞ്ഞ  ഏപ്രിലിൽ വില്പനയില്ലാതെ പോയ ഇന്ത്യൻ ഓട്ടോ കമ്പനികൾക്ക് ഈ ഏപ്രിലിൽ, മുൻമാസത്തേക്കാൾ   മോശം വിൽപ്പനയാണ് നേടാനായത്. മാർച്ചിൽ  66609 വാഹനങ്ങൾ വില്പന  നടത്തിയ  ടാറ്റ  മോട്ടോഴ്സിന് ഏപ്രിലിൽ  39530  വാഹനങ്ങൾ വിൽക്കാനെ കഴിഞ്ഞുളളു. മാരുതിയും, വില്പന  നഷ്ടം  രേഖപെടുത്തിയപ്പോൾ  മഹിന്ദ്ര  കാർ വില്പനയിൽ നേട്ടമുണ്ടാക്കിയത്  ശ്രദ്ധേയമാണ്.

ഐഷർ മോട്ടോഴ്സും, ഹീറോയും മാർച്ചിൽ നിന്നും യഥാക്രമം  19 ശതമാനത്തിന്റെയും, 35 ശതമാനത്തിന്റെയും വില്പന  നഷ്ടമാണ് നേരിട്ടത്. 

കോവിഡ് സംഖ്യകൾ 

ആഗോള കോവിഡ്  വ്യാപനത്തിന്റെ   ദിവസക്കണക്കുകളുടെ പകുതിയും ഇന്ത്യയുടെ  പേരിലായിക്കഴിഞ്ഞത്  വിപണിക്ക് ആശങ്ക  നൽകുന്ന  പ്രധാന ഘടകമാണ്. വാക്സിൻ ഉപയോഗം  ക്രമപ്പെടാത്തതും, ഉയർന്ന  മരണ സംഖ്യയും വിപണിയുടെയും  ആത്മവിശ്വാസം കെടുത്തുന്നു.

ഇന്ത്യൻ  പി എം ഐ ഡാറ്റ 

ഇന്ന്  അവതരിപ്പിക്കാനിരിക്കുന്ന മാനുഫാക്ച്ചറിങ് പിഎംഐ ഡാറ്റയും, ബുധനാഴ്ച പുറത്തു  വരുന്ന  സർവീസ്  പിഎംഐ ഡേറ്റയും ഇന്ത്യയുടെ  വ്യാവസായിക  വളർച്ചയുടെ  ഗതി വെളിപ്പെടുത്തും.

വിദേശ ഫണ്ടുകൾ 

നീണ്ട  പതിനൊന്ന്  മാസങ്ങൾക്ക്  ശേഷം ഏപ്രിലിൽ വീണ്ടും വിദേശ നിക്ഷേപകർ  വില്പനക്കാരായത്  വിപണിക്ക് ആശങ്കയാണ്. എങ്കിലും മികച്ച വിലകളിൽ വിദേശ ഫണ്ടുകൾ ഈ മാസവും വാങ്ങലുകാരായേക്കാമെന്ന്  പ്രതീക്ഷിക്കുന്നു. 

റിസൾട്ടുകൾ 

റിലയൻസിന്റെ  13227 കോടി രൂപയുടെ  മികച്ച  അറ്റാദായവും, വർദ്ധിച്ച  വരുമാന കണക്കുകളും ഓഹരിക്കും വിപണിക്ക് തന്നെയും അനുകൂലമാണ്. ഇൻഡസ് ഇൻഡ്  ബാങ്ക് 876 കോടി രൂപയുടെ അറ്റാദായം  സ്വന്തമാക്കിയത് ബാങ്കിങിന്  അനുകൂലമാണ്.

കൊട്ടക് മഹിന്ദ്ര  ബാങ്ക്, എസ്ബിഐ ലൈഫ്, ടാറ്റ  കെമിക്കൽസ്, എൽ& ടി ടെക്‌നോളജി സർവിസസ്, ഗോദ്‌റെജ്‌  പ്രോപ്പർടീസ്, ഐഡി ബിഐ ബാങ്ക്, വരുൺ  ബിവറേജസ്, സുപ്രീം  ഇൻഡസ്ട്രീസ് , അപ്പോളോ ട്യൂബ്സ്, ജെകെ അഗ്രി ജനറ്റിക്‌സ്, മുതലായ  ഓഹരികൾ  ഇന്ന് ഫലപ്രഖ്യാപനം  നടത്തുന്നത് ശ്രദ്ധിക്കുക.

സ്വർണം, ക്രൂഡ് 

രാജ്യാന്തര സ്വർണ  വില 1760 ഡോളറിൽ മികച്ച പിന്തുണ  പ്രതീക്ഷിക്കുന്നു. 1800 ഡോളറിലെ വിൽപ്പന സമ്മർദ്ദം  അതിജീവിക്കാനുള്ള  ഘടകങ്ങളുടെ അഭാവം സ്വർണത്തിന് തിരിച്ചടിയാണ്.

അമേരിക്കയുടെ പി എം ഐ ഡാറ്റയുടെ  പിൻബലത്തിൽ ക്രൂഡ് ഓയിൽ  ഈ ആഴ്ച  മുന്നേറ്റം നേടിയേക്കാം. ബ്രെന്റ്  ക്രൂഡ്  70 ഡോളറിലെ വില്പന സമ്മർദ്ദം മറികടന്ന് മുന്നേറിയേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com