ADVERTISEMENT

ഡൗ ജോൺസ് സൂചികയുടെ നേട്ടത്തോടെയുള്ള ക്ലോസിങിന് ശേഷം ഇന്ന് ഡൗ ജോൺസ്‌ ഫ്യൂച്ചറും നേട്ടത്തോടെ വ്യാപാരം തുടരുന്നതും,  ഏഷ്യൻ വിപണികളുടെ ഗ്യാപ്‌ അപ്പ് ഓപ്പണിങും  ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. എസ്ജിഎക്സ് നിഫ്റ്റി  ഫ്യൂച്ചർ  14700 പോയിന്റിന്  മുകളിൽ വ്യാപാരം നടക്കുന്നത്  ശ്രദ്ധിക്കുക.

ഡൗ ജോൺസ്‌ റെക്കോർഡ്  ഉയരത്തിൽ 

ഏപ്രിൽ  മാസത്തിൽ  അമേരിക്കയിലെ   കോർപറേറ്റ് തൊഴിലവസരങ്ങളിലുണ്ടായ കുതിച്ചു ചാട്ടം ഇന്നലെ  അമേരിക്കൻ വിപണിക്ക് ഒരു മികച്ച തുടക്കം നൽകി . ഇക്കണോമിക്  സെൻസിറ്റീവ്  ഓഹരികൾക്കൊപ്പം, ഗ്രോത്ത്  സ്റ്റോക്കുകളും മുന്നേറിയെങ്കിലും  അവസാന  മണിക്കൂറുകളിലെ ലാഭമെടുക്കൽ  വിനയായി. ഇന്ന്  പുറത്തു വരാനിരിക്കുന്ന  അമേരിക്കൻ  ജോബ് ഡേറ്റയും, നാളെ  പുറത്തു  വരാനിരിക്കുന്ന  അമേരിക്കൻ നോൺ ഫാം പേ റോൾ  റിപ്പോർട്ടും വിപണിക്ക്  അനുകൂലമാകുമെന്ന്  പ്രതീക്ഷിക്കുന്നു.

നിഫ്റ്റി 

ആഭ്യന്തര- വിദേശ ഫണ്ടുകൾ വില്പനക്കാരായ ഇന്നലെ രാജ്യാന്തര വിപണിയുടെ പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണിക്ക് ആർബിഐയുടെ ലിക്വിഡിറ്റി സപ്പോർട്ട് പ്രഖ്യാപനങ്ങളും, മികച്ച യൂറോപ്യൻ ഓപ്പണിങും അനുകൂലമായി. ബാങ്കിങ്  തന്നെയാണ് ഇന്നലെ മുന്നേറ്റം ഉറപ്പിച്ചത്. ഫാർമ  സെക്ടറിന്റെ  4% മുന്നേറ്റവും, ഐടി, മെറ്റൽ സെക്ടറുകളുടെ പിന്തുണയും അനുകൂലമായി. ഇന്നും 14500 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്ന  നിഫ്റ്റി, 14700-14730 മേഖലയിലെ റെസിസ്റ്റൻസും  കടന്നാൽ  14800 പോയിന്റിലേക്ക്  മുന്നേറ്റം പ്രതീക്ഷിക്കുന്നു. 14900 പോയിന്റിൽ വലിയ വില്പന സമ്മർദ്ദമാണ് നിഫ്റ്റിയെ കാത്തിരിക്കുന്നത്.

ഇന്നും ബാങ്കിങ്, ഫാർമ, ഐടി, മെറ്റൽ സെക്ടറുകളിൽ മുന്നേറ്റം പ്രതീക്ഷിക്കാം. എൻബിഎഫ്സി, സിമന്റ്, പവർ സെക്ടറുകളും ഇന്ന്  ശ്രദ്ധിക്കുക. ഐഡിബിഐ, ടാറ്റ സ്റ്റീൽ, അദാനിഗ്രീൻ, അദാനി പവർ, അദാനി ട്രാൻസ്മിഷന്സ്, ലുപിൻ, ഗ്ലെൻ മാർക്ക്, സിപ്ല , കോഫോർജ്, ഹീറോ മോട്ടോഴ്‌സ്, സിയറ്റ്, റിലയൻസ്, എയർടെൽ, പ്രാജ് ഇൻഡസ്ട്രീസ് മുതലായ ഓഹരികളും ശ്രദ്ധിക്കുക. 

ആർബിഐ പ്രഖ്യാപനങ്ങൾ

കോവിഡ്  യുദ്ധത്തിലെ മുൻനിരക്കാരായ വാക്സിൻ  ഉൽപ്പാദന കമ്പനികൾക്കും, പാത്തോളജി  ലാബുകൾക്കും, ഹോസ്പിറ്റലുകൾക്കും മൂലധനസഹായം ഉറപ്പു വരുത്തുന്ന ആർബിഐയുടെ  പ്രഖ്യാപനങ്ങൾ ഇന്നലെ ഫാർമ സെക്ടറിന്  മുന്നേറ്റം നൽകി. സമ്പദ്  ഘടനയുടെ  പണലഭ്യതക്കുറവ്  പരിഹരിക്കുന്നതിനായി സ്‌മോൾ ഫിനാൻസ്  ബാങ്ക്, മൈക്രോ  ഫിനാൻസ് സ്ഥാപനങ്ങൾ, എംഎസ്എംഇകൾ  മുതലായവക്കും മൂലധനസഹായം പ്രഖ്യാപിച്ച്  മാറ്റിവെച്ചത്  വിപണി പ്രതീക്ഷയോടെ കാണുന്നു. ഫാർമ, ഹോസ്പിറ്റൽ, ലാബ്, എൻബിഎഫ്സി  ഓഹരികൾ ശ്രദ്ധിക്കുക.

ഐഡിബിഐ ബാങ്ക് വിൽപ്പന 

ഐഡിബിഐ  ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികൾ  കൈമാറ്റം നടത്തി ബാങ്കിന്റെ  നിയന്ത്രണവും  കൈമാറാൻ  കേന്ദ്ര സർക്കാർ   ഇന്നലെ തത്വത്തിൽ തീരുമാനിച്ചത് പൊതുമേഖലയെ വീണ്ടും  ശ്രദ്ധകേന്ദ്രമാക്കുന്നു. പൊതുമേഖല വില്പനയുടെ ഘട്ടങ്ങൾക്ക് ഇനി വേഗം കൂടുമെന്ന്  പ്രതീക്ഷിക്കുന്നു.  എൽഐസിയും , കേന്ദ്ര സർക്കാരും ചേർന്ന്  ഐഡിബിഐ ബാങ്കിന്റെ 94% ഓഹരികൾ കൈയ്യാളുന്നുണ്ട്. 

റിസൾട്ടുകൾ 

ടാറ്റ സ്റ്റീൽ മുൻ പാദത്തിൽ നിന്നും അറ്റാദായത്തിൽ ഇരട്ടിയോളം വർദ്ധന നേടി.  മുൻവർഷത്തിൽ  1481കോടിയുടെ  നഷ്ടം രേഖപ്പെടുത്തിയ ടാറ്റ സ്റ്റീൽ നാലാം പാദത്തിൽ  6644 കോടിയുടെ  അറ്റാദായവും, 39% വളർച്ചയോടെ 49977 കോടി രൂപയുടെ  വരുമാനവും സ്വന്തമാക്കി. സിയറ്റ്‌, എസ്ആർഎഫ്, അദാനി ഗ്രീൻ മുതലായ കമ്പനികളും  ഇന്നലെ മികച്ച ഫലപ്രഖ്യാപനങ്ങൾ  നടത്തിയത് ശ്രദ്ധിക്കുക.

ഇന്നത്തെ  ഫലപ്രഖ്യാപനങ്ങൾ 

ടാറ്റ കൺസ്യൂമർ, ഹീറോ മോട്ടോഴ്‌സ്, അദാനി പവർ, അദാനിട്രാൻസ്മിഷന്സ് ,സെഞ്ച്വറി  ടെക്സ്, കോഫോർജ്,  ബ്ലൂ സ്റ്റാർ, ക്യാപ്‌ളിൻ പോയിന്റ്  ലബോറട്ടറീസ്, ക്രെഡിറ്റ്  ആക്സസ്  ഗ്രാമീൺ, ഇക്ര, റെയ്മണ്ട്, സോളാര ആക്റ്റീവ്, ഐഐഎഫ്എൽ  മുതലായ കമ്പനികൾ  ഇന്ന് ഫലപ്രഖ്യാപനം  നടത്തുന്നത്  ശ്രദ്ധിക്കുക. 

സ്വർണം, ക്രൂഡ്

രാജ്യാന്തര  സ്വർണ  വില വീണ്ടും 1800  ഡോളറിലെ  കെട്ട് പൊട്ടിക്കുന്നതിനുള്ള  ശ്രമത്തിലാണ്. 1780 ഡോളറിൽ  ക്രമപ്പെടുന്ന സ്വർണ വില  1810 ന് മുകളിൽ അടുത്ത  റാലി  ആരംഭിച്ചേക്കും.

ഇന്നലെ തിരുത്തൽ നേരിട്ടെങ്കിലും  ഹെഡ്ജ്  ഫണ്ടുകൾ ലോങ്ങ് പൊസിഷനുകൾ  എടുക്കുന്നത്  ക്രൂഡ്  ബാരലിന്  80 ഡോളറിന് മുകളിലേക്ക് കുതിപ്പ്  നൽകിയേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com