ADVERTISEMENT

സാധാരണയായി ഓഹരിവിപണിയിലെയോ, മ്യൂച്ചൽ ഫണ്ടുകളിലെയോ, ബാങ്കുകളുടെയോ ദീർഘകാല നിക്ഷേപങ്ങളെപ്പറ്റിയാണ് എല്ലാവരും ആശങ്കപ്പെടുന്നത്. എന്നാൽ ഒരു ദിവസത്തേക്ക് മാത്രമോ, ഒരു രാത്രിക്കു മാത്രമായോ നിക്ഷേപം നടത്താവുന്ന ഫണ്ടുകൾ ലഭ്യമാണ്. ഓവർ നൈറ്റ് ഫണ്ടുകൾ അത്തരത്തിലുള്ളതാണ്. ഒരു ദിവസത്തേക്കുമാത്രം കോർപറേറ്റുകൾക്കു വായ്പ നൽകുന്ന കടപ്പത്ര ഫണ്ടുകളാണ് ഓവർ നൈറ്റ് ഫണ്ടുകൾ. ബാങ്കുകൾ, മ്യൂച്ചൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ,എൻബിഎഫ്സികൾ എന്നിവക്ക് സർക്കാർ നിയന്ത്രണങ്ങൾക്കു വിധേയമായി  ഓവർ നൈറ്റ് ഫണ്ടുകളിൽ നിന്നും കടമെടുക്കുവാൻ സാധിക്കും. 

റിസ്ക് കുറവ്

യാഥാസ്ഥിതിക ചിന്താഗതിയുള്ള നിക്ഷേപകർക്ക് അനുയോജ്യമായതാണ് ഓവർ നൈറ്റ്  ഫണ്ടുകൾ. പകൽ സമയം ഓഹരി വ്യാപാരം നടത്തുന്നവർക്ക് തികച്ചും അനുയോജ്യമായതാണിത്. അതല്ലെങ്കിൽ ഒരാഴ്ചക്ക് പൈസ കൈയിൽ സൂക്ഷിക്കേണ്ട ആവശ്യമുള്ളവർക്ക് നിക്ഷേപം നടത്താവുന്ന മാർഗങ്ങളുണ്ട്. നേട്ടം അധികമില്ലെങ്കിലും, അപകട സാധ്യത വളരെ കുറവുള്ള നിക്ഷേപ രീതിയാണ് ഓവർ നൈറ്റ് ഫണ്ടുകളുടേത്. എത്ര ചെറിയ നിക്ഷേപകനും, ഇത്തരം ഫണ്ടുകളിൽ നിക്ഷേപം നടത്തി ലാഭമുണ്ടാക്കാം.

രാത്രിയിലും ആദായം

പണം ക്രിയാത്മകമായി  ഉപയോഗിക്കാതെ ഇരിക്കുന്ന രാത്രികാലത്തും ആദായം ലഭിക്കുന്നത് തീർച്ചയായും ലാഭകരമായിരിക്കും. സേവിങ്സ് ബാങ്കിൽ നിഷ്ക്രിയമായിരിക്കുന്ന പണവും, ഓഹരി ട്രേഡിങ്ങ് അക്കൗണ്ടിൽ വെറുതെ ഇരിക്കുന്ന തുകയും, കുറച്ചുദിവസത്തേക്കു മാത്രം കയ്യിൽ വരുന്ന തുകയും, ഇത്തരത്തിൽ ആദായം നേടുവാൻ ഉപയോഗിക്കുവാൻ പറ്റും. അത്യാവശ്യങ്ങൾക്കായി കരുതിയിരിക്കുന്ന 'എമർജൻസി ഫണ്ട് ' എപ്പോഴും എടുക്കുവാൻ സാധിക്കുന്ന വിധത്തിൽ ഓവർ നൈറ്റ് ഫണ്ടുകളിൽ സൂക്ഷിച്ചാൽ; വിചാരിക്കുന്ന രീതിയിൽ പിൻവലിക്കുവാനും അതേസമയം ആദായം ഉറപ്പുവരുത്തുവാനും സാധിക്കും.

സെബിയുടെ നിയന്ത്രണം

ഓവർ നൈറ്റ് വായ്പ നിരക്കനുസരിച്ചാണ് ഈ ഫണ്ടുകൾ ആദായം നൽകുന്നത്. സെബി നിഷ്കർഷിക്കുന്ന  നിയന്ത്രണങ്ങൾക്കനുസരിച്ചു ഫണ്ടുകളിൽ കാലോചിത വ്യത്യാസങ്ങൾ വരും. ഓരോരുത്തരുടെയും നിക്ഷേപ കാലാവധി തിരഞ്ഞെടുക്കുവാനും, മാറ്റം വരുത്താനും  ഇത്തരം ഫണ്ടുകളിൽ  സ്വാതന്ത്ര്യം ഉണ്ട്. ചിട്ടയായുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾക്ക്, ഓവർ നൈറ്റ് ഫണ്ടുകളിൽനിന്നും പണം മാറ്റുവാനുള്ള സൗകര്യവും ഉണ്ട്. മറ്റു മ്യൂച്ചൽ ഫണ്ടുകളുടേതുപോലെ വിറ്റഴിയുമ്പോഴുള്ള  എക്സിറ്റ് ലോഡ്  നിബന്ധനകൾ ഓവർ നൈറ്റ് ഫണ്ടുകൾക്കില്ല. 

∙മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ചു ഓവർ നൈറ്റ് ഫണ്ടുകൾക്ക്‌ ആദായം കുറവായിരിക്കും.

∙കുറഞ്ഞ ചിലവും, കൂടുതൽ ആദായവുമുള്ള ഫണ്ടുകളെ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം.

∙നിക്ഷേപ കാലാവധി മൂന്ന് മാസത്തിനു മുകളിൽ ആണെങ്കിൽ ഓവർ നൈറ്റ് ഫണ്ടുകളേക്കാൾ ആദായം നൽകുന്ന മ്യൂച്ചൽ  ഫണ്ടുകളിലോ, ഓഹരികളിലോ നിക്ഷേപിക്കുന്നതായിരിക്കും നല്ലത്. 

∙നിക്ഷേപകർക്ക് പലിശ, ഡിവിഡന്റ്, മൂലധന നേട്ടം എന്നിവ ഓവർ നൈറ്റ്  ഫണ്ടുകളിൽ നിന്ന് ലഭിക്കാം. ഡിവിഡന്റിനു നികുതിയില്ലെങ്കിലും, മൂലധന നേട്ടത്തിന് നികുതിയുണ്ടായിരിക്കും. 

∙ചുരുക്കത്തിൽ പറഞ്ഞാൽ നിഷ്ക്രിയമായി ഇരിക്കുന്ന പണത്തിനെ കാര്യക്ഷമമായി ഉപയോഗിക്കാവുന്ന ഒരു മാർഗമാണ് ഓവർ നൈറ്റ് ഫണ്ട് നിക്ഷേപം. 

∙ഇവ നഷ്ടസാധ്യത കുറവുള്ള മേഖലകൾ  മാത്രമേ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുകയുള്ളൂ എന്നതിനാൽ സുരക്ഷിത നിക്ഷേപമാർഗമാണ്. 

∙ഓഹരി വിപണിയിൽ ചാഞ്ചാട്ടമുള്ള സമയങ്ങളിൽ ഓവർ നൈറ്റ് ഫണ്ടുകളിലെ നിക്ഷേപം പരിഗണിക്കാം.  

താഴെ തന്നിരിക്കുന്ന പട്ടികയിൽ നിന്നും പല ഓവർനെറ്റ് ഡയറക്റ്റ്  ഫണ്ടുകളുടെ പേരുവിവരവും, റാങ്കിങ്ങും മനസിലാക്കാം. 

source:moneycontrol.com(Data as on 3rd May 2021)

over-night-fund-table

 

English Summary : Know More about Over Night Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com