ADVERTISEMENT

മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, ഗൃഹനിർമാണം, റിട്ടയർമെന്റ് പ്ലാനിങ് തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾക്ക് സമ്പത്ത് സ്വരൂപിക്കാനുള്ള സുരക്ഷിതമാർഗമാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്). ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ സമ്പാദ്യം വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കു മാത്രമല്ല, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്നവർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും പെൻഷൻ പദ്ധതിയായും ഇത് ഉപയോഗപ്പെടുത്താം. 

50 നു മുൻപ് റിട്ടയർ ചെയ്യുന്നവർക്ക്

ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന പുതുതലമുറക്കാർക്ക്, പ്രത്യേകിച്ച് നേരത്തേ വിരമിക്കണമെന്നു കരുതുന്നവർക്ക് റിട്ടയർമെന്റ് ജീവിതത്തിനുള്ള പണം പിപിഎഫിലൂടെ കണ്ടെത്താൻ കഴിയും. കാരണം, എൻപിഎസ് പോലുള്ള െപൻഷൻ പദ്ധതികൾ 60 വയസ്സിലേ പൂർത്തിയാകൂവെങ്കിൽ ഇവിടെ കാലാവധിക്കുശേഷം തുക ബാങ്കിലിട്ട് മാസപെൻഷൻ ഉറപ്പാക്കാം. അതുപോലെ പിപിഎഫിൽ നേട്ടം കുറവാണെങ്കിലും മുതൽ സുരക്ഷിതമാണ്. ഉറപ്പുള്ള വരുമാനവും ലഭിക്കുന്നു.

നികുതിയിളവ്

ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് 80സിയിൽ ആദായനികുതിയിളവുണ്ട്. ഇവിടെ പലിശ ഉൾപ്പെടെയുള്ള വരുമാനം പൂർണമായും നികുതിമുക്തമാണ്.

ആർക്കെല്ലാം േചരാം

18 വയസ്സുള്ള ഇന്ത്യൻ പൗരനു ചേരാം. പ്രായപൂർത്തിയാകാത്തവരുടെ േപരിൽ രക്ഷിതാക്കൾക്കു േചരാം. ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രം. വിദേശ ഇന്ത്യക്കാർക്ക് േചരാൻ പറ്റില്ല. പോസ്റ്റ് ഓഫിസ്, ബാങ്ക് വഴിയും േചരാം. നേരിട്ടും ഓൺലൈനായും അക്കൗണ്ട് തുറക്കാം.

കാലാവധി

15 വർഷമാണ് കാലാവധി. ഇടയ്ക്കു പിന്മാറാനാകില്ല. അ‍ഞ്ചു വർഷത്തിനുശേഷം ഭാഗികമായി നിക്ഷേപം പിൻവലിക്കാം, വായ്പ എടുക്കാം. നിക്ഷേപകന്റെയോ ജീവിതപങ്കാളിയുടെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസം, മാരകരോഗ ചികിത്സ, വിദേശത്തേക്കു താമസം മാറ്റുക തുടങ്ങിയവയ്ക്ക് പിന്‍വലിക്കൽ അനുവദിക്കും. 

15 വർഷം പൂർത്തിയായാൽ അഞ്ചു വർഷം വീതം അക്കൗണ്ട് നീട്ടാം. പണം നിക്ഷേപിച്ചോ അല്ലാതെയോ അക്കൗണ്ട് തുടരാനും കഴിയും. 

പലിശനിരക്ക്

നിലവിൽ 7.1 ശതമാനമാണ് പലിശ ലഭിക്കുന്നത്. ബാങ്കിലെക്കാൾ ഉയർന്ന നിരക്കാണിത്. മൂന്നു മാസത്തിലൊരിക്കൽ ഈ പലിശ സർക്കാർ തന്നെ പുനർനിർണയിക്കുന്നു. 

500 രൂപയ്ക്ക് ആരംഭിക്കാം

500 രൂപയ്ക്ക് അക്കൗണ്ട് ആരംഭിക്കാം. വർഷം കുറഞ്ഞത് 500 രൂപയും പരമാവധി ഒന്നര ലക്ഷം രൂപയും നിക്ഷേപിക്കാം. എന്നാൽ, ഒരു വർഷം 500 രൂപ ഇട്ടില്ലെങ്കിൽ അക്കൗണ്ട് നിർജീവമാകും. പിന്നീട് മുടങ്ങിയ കാലയളവിലെ ചുരുങ്ങിയ നിക്ഷേപവും പ്രതിവർഷം 50 രൂപ ഫൈനും േചർത്ത് അടച്ചാൽ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാൻ കഴിയുന്നതാണ്.

കോടതിക്കും തൊടാനാവില്ല

വായ്പ എടുത്ത് കടം വരികയോ ജാമ്യം നിന്നു ബാധ്യത വരികയോ ചെയ്താലും ബാങ്കുകൾക്കോ കോടതികൾക്കോ പിപിഎഫ് അക്കൗണ്ട് മരവിപ്പിക്കാനോ കണ്ടുകെട്ടാനോ പറ്റില്ല.

മരണശേഷം നോമിനിക്ക് തുടരാമോ?

നിക്ഷേപകന്റെ മരണശേഷം നോമിനിക്ക് തുക ൈകപ്പറ്റാം. എന്നാൽ, അക്കൗണ്ട് തുടരാൻ അനുവദിക്കില്ല. പിപിഎഫിൽ ജോയിന്റായി അക്കൗണ്ട് തുറക്കാനും സാധ്യമല്ല.

ന്യൂനതകൾ

മ്യൂച്വൽ ഫണ്ട്, എൻപിഎസ് എന്നിവയെ അപേക്ഷിച്ച് നേട്ടം കുറവാണ്. മൂന്നു മാസം കൂടുമ്പോൾ പലിശ മാറുമെന്നതിനാൽ നിലവിലെ പലിശ ഇനിയും കുറയാനും സാധ്യതയുണ്ട്. 15 വർഷമെന്ന ലോക്ക് ഇൻ പീരിയഡും വർഷം ഒന്നര ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കാനാകില്ലെന്നതും ന്യൂനതയായി പറയാം.

കൂടുതൽ നേട്ടം കിട്ടാൻ

ഓരോ മാസവും 5–30 തീയതിക്കുള്ളിലെ കുറഞ്ഞ നിക്ഷേപത്തിനാണ് പലിശ. 5–ാം തീയതിക്കു മുൻപു തവണ അടച്ചാൽ ആ സംഖ്യയുൾപ്പെടെയുള്ള പലിശ ആ മാസം ലഭിക്കും. ഒറ്റത്തവണയായാണ് നിക്ഷേപിക്കുന്നതെങ്കിൽ അഞ്ചാം തീയതിക്കു മുൻപു നിക്ഷേപിക്കുക.

കൂട്ടുപലിശയുടെ അദ്ഭുതം

ഒരു മാസം 12,500 രൂപ വീതം നിക്ഷേപിച്ചാൽ 7.1% നിരക്കനുസരിച്ച് വിവിധ കാലാവധികളിൽ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക കാണുക. 

PPF-table

 

വാർഷികാടിസ്ഥാനത്തിൽ കൂട്ടുപലിശ തോതിലാണ് പലിശ കണക്കാക്കുക. ഓരോ വർഷത്തേയും പലിശ മുതലിനോടു േചർത്താണ് അടുത്ത വർഷത്തെ പലിശ കണക്കാക്കുന്നത്. 

15 വർഷത്തെ പലിശ ആകെയുള്ള നിക്ഷേപസംഖ്യയെക്കാളും കുറവാണ്. എന്നാൽ 20, 25 വർഷങ്ങളിൽ കിട്ടുന്ന പലിശ നിക്ഷേപ‌സംഖ്യയെക്കാൾ കൂടുതലാണ്. മാത്രമല്ല, ലഭിക്കുന്നത് നിക്ഷേപ‌ത്തുകയുടെ ഇരട്ടിയിലും അധികമാണെന്നതും ആകർഷകമാണ്.

അതുപോലെ, 20–25 വർഷത്തെ കണക്കുകൾ നോക്കിയാൽ ഏഴര ലക്ഷം രൂപയാണ് അഞ്ചു വർഷം കൊണ്ട് അധികമായി അടയ്ക്കുന്നത്. എന്നാൽ, ഈ രണ്ടു കാലയളവിൽ തിരികെ ലഭിക്കുന്ന തുകയുടെ വ്യത്യാസം 36,49,727 രൂപയാണ് (10,303,015–66,58,288–36,49,727). 20 വർഷത്തിനുശേഷം അ‍ഞ്ചു വർഷത്തേക്ക് ഏഴര ലക്ഷം രൂപ കൂടി നിക്ഷേപിക്കുമ്പോൾ മെച്യൂരിറ്റി തുകയിൽ 36,49,727 രൂപ അധികമായി ലഭിക്കുന്നു. ഇതാണ് പവർ ഓഫ് കോമ്പൗണ്ടിങ്ങിന്റെ അദ്ഭുതം.

English Summary: You can become a Billionaire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com