ADVERTISEMENT

കയറ്റമായാലും ഇറക്കമായാലും ഓഹരി വിപണിയിലെ നീക്കങ്ങൾ പലപ്പോഴും അതിരുവിട്ടതായിരിക്കും. വിപണിയിൽ വലിയ തകർച്ചയുണ്ടാകുമ്പോൾ, നിക്ഷേപകർ പരിഭ്രാന്തരായി വിൽപന നടത്തും. അപ്പോൾ വിലകൾ യഥാർഥ മൂല്യത്തിൽനിന്നു വളരെ താഴോട്ടു പോകും. അതുപോലെ കുതിപ്പിന്റെ ഘട്ടങ്ങളിൽ അമിതമായ ആത്മവിശ്വാസം വിലകൾ അയഥാർഥമായ നിലകളിലേക്കുയർത്തുകയും ചെയ്യും. നിക്ഷേപക ഗുരു വാറൻ ബഫറ്റ് പറഞ്ഞതുപോലെ ‘മറ്റുള്ളവർ പരിഭ്രാന്തരാകുമ്പോൾ ആർത്തിയോടെ വാങ്ങുകയും എല്ലാവരും ആർത്തിക്കാരാകുമ്പോൾ പരിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്യുക’ എന്നതാണ് നല്ല നിക്ഷേപതന്ത്രം. എന്നാൽ ഈ തന്ത്രം നടപ്പാക്കുക അത്ര എളുപ്പമല്ല, കാരണം വിപണിയുടെ ഗർത്തങ്ങളും ശൃംഗങ്ങളും തിരിച്ചറിയുക എളുപ്പമല്ല.

മാനദണ്ഡങ്ങൾ

ഓഹരി വിലകൾ ന്യായമായ നിലയിലാണോ എന്നു നിർണയിക്കാൻ പ്രധാനമായും 3 മാനദണ്ഡങ്ങളുണ്ട്– 1:മാർക്കറ്റ് കാപ്-ജിഡിപി അനുപാതം, 2:പിഇ അനുപാതം, 3:പിബി അനുപാതം. മാർക്കറ്റ് ക്യാപ് – ജിഡിപി എന്നത് എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും കമ്പോള മൂല്യവും രാജ്യത്തിന്റെ ജിഡിപിയും തമ്മിലുള്ള അനുപാതമാണ്. ഓഹരിവിലയും ഓഹരിയുടെ ലാഭവും തമ്മിലുള്ള അനുപാതമാണ് പിഇ റേഷ്യോ. ഉദാഹരണത്തിന് ഒരു ഓഹരിയുടെ ഇപിഎസ് (ഏണിങ്സ് പെർ ഷെയർ) 10, കമ്പോള വില 200 ആണെങ്കിൽ പിഇ അനുപാതം 200/10= 20 ആയിരിക്കും. മാർക്കറ്റ് വാല്യുവേഷൻ ഉയർന്നതാണോ ന്യായമാണോ താഴ്ന്നതാണോ എന്ന് പരിശോധിക്കാൻ മൊത്തം വിപണിയുടെ പിഇ അനുപാതമാണ് നോക്കുക. പിബി അനുപാതം ഓഹരി വിലയും ഓഹരിയുടെ ബുക്ക് വാല്യുവും തമ്മിലുള്ള അനുപാതമാണ്. 

അപകട സിഗ്‌നൽ

ഇന്ത്യയിൽ ദീർഘകാല മാർക്കറ്റ് ക്യാപ്-ജിഡിപി അനുപാതം 77 ശതമാനമാണ്. ദീർഘ കാലാടിസ്ഥാനത്തിലെ പിഇ അനുപാതം 16ഉം പിബി അനുപാതം 3.23ഉം ആണ്. ഈ മൂല്യ നിർണയ അളവുകോലുകൾ ഇപ്പോൾ എവിടെ നിൽക്കുന്നു? മാർക്കറ്റ് ക്യാപ്- ജിഡിപി അനുപാതം 110 ശതമാനമാണ്. പിഇ അനുപാതം 21, പിബി അനുപാതം  4.44 എന്നിങ്ങനെയാണ്. 3 അളവുകോലുകളും അപകട സിഗ്‌നൽ കാണിക്കുന്നു. എന്നാൽ ഉയർന്ന പണമൊഴുക്കിന്റെ ഇക്കാലത്ത് സ്ഥിരനിക്ഷേപം ഉൾപ്പടെയുള്ള മറ്റ് ആസ്തികളിൽ നിന്നുള്ള നേട്ടം ഏറെ കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഉയർന്ന ഓഹരി വിലകൾക്ക് ഭാഗികമായ ന്യായീകരണമുണ്ട്. എങ്കിലും വിലകൾ ഏറെ ഉയരത്തിലാണ്. അതിനാൽ നിക്ഷേപകർ ജാഗ്രത പുലർത്തണം. ഓഹരി നിക്ഷേപത്തിൽനിന്ന് ഏറെ ലാഭമുള്ള ഈ സമയത്ത് ഭാഗികമായി ലാഭമെടുക്കാവുന്നതാണ്.

ചെറുകിടക്കാരുടെ ആധിക്യം

വാൾ സ്ട്രീറ്റിലായാലും ദലാൽ സ്ട്രീറ്റിലായാലും പുത്തൻ കൂറ്റുകാരായ ചെറുകിട നിക്ഷേപകരാണ് താരങ്ങൾ.  മഹാമാരിയുടെ വരവിനു ശേഷം ഓഹരി ഡിമാറ്റ് അക്കൗണ്ടുകളിൽ സ്ഫോടനാത്മകമായ വളർച്ചയാണുണ്ടായിട്ടുള്ളത്. ചെറുകിട ഓഹരി ഇടപാടുകളുടെ ആധിക്യം വിപണിയിൽ ശക്തമായ സ്വാധീനം ഉണ്ടാക്കിയിട്ടുമുണ്ട്. ഉദാഹരണത്തിന് മേയിൽ 6000 കോടി രൂപയ്ക്കുള്ള ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റത്; ആഭ്യന്തര സ്ഥാപനങ്ങൾ വാങ്ങിയത് 2000 കോടി രൂപയുടെ ഓഹരികൾ മാത്രം. അതുകൊണ്ട് വിപണിയിൽ താഴ്ച ഉണ്ടാകേണ്ടതാണ്. എന്നാൽ ചെറുകിടക്കാരുടെ ഓഹരി വാങ്ങൽ കാരണം വിപണിയിൽ 7.5% ഉയർച്ചയാണുണ്ടായത്. ഇന്ത്യയിൽ 2021 സാമ്പത്തിക വർഷം 1.47 കോടി പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കപ്പെടുകയുണ്ടായി. 

വീണ്ടുവിചാരമില്ലാത്ത ട്രേഡിങ്

ചെറുകിടക്കാരുടെ വിപണികളിലെ പങ്കാളിത്തം അഭികാമ്യമാണ്. സാധാരണക്കാർ ഓഹരി വിപണി പങ്കാളിത്തത്തിലൂടെ പണമുണ്ടാക്കുന്നത്  നല്ലതാണ്; എന്നാൽ നിർഭാഗ്യവശാൽ മിക്കവാറും ചില്ലറ നിക്ഷേപകർ വീണ്ടുവിചാരമില്ലാത്ത ട്രേഡിങ് ആണു നടത്തുന്നത്. വ്യവസ്ഥാപിതമായി പണം നിക്ഷേപിച്ച്  സമ്പത്തുണ്ടാക്കുന്നതിനു പകരം അവർ വിപണിയിലെ ചൂതാട്ടത്തിലൂടെ പണം നഷ്ടപ്പെടുത്തുന്നു. അമിതമായ ഊഹക്കച്ചവടം നടത്തി പണം കളയുന്നതിനു പകരം നല്ല ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും വ്യവസ്ഥാപിതമായി നിക്ഷേപിച്ച് സമ്പത്തു സൃഷ്ടിക്കുകയാണു വേണ്ടത്.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ആണു ലേഖകൻ)

English Summary: Share Inestors should be Beware these Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com