ADVERTISEMENT

കോവിഡ്‌ രണ്ടാം തരംഗം ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടാന്‍ രാജ്യം പ്രയത്‌നിക്കുന്നതിനിടെ ഇന്ത്യന്‍ വിപണി മികച്ച പ്രകടനം തുടര്‍ന്നു. ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ഇതാണ്‌ ഏറ്റവും മികച്ച സമയം.

ലാഭമെടുപ്പിനു മുന്നോടിയായി ജൂണ്‍ 15ന്‌ നിഫ്‌റ്റി 15,901 എന്ന പുതിയ ഉയരത്തിലേക്ക്‌ എത്തി. വിവിധ മൂലധന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒട്ടേറെ കമ്പനികള്‍ 2021 ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ റെക്കോർഡ്‌ ഭേദിക്കുന്ന പ്രകടനം കാഴ്‌ചവയ്‌ക്കുന്നത്‌ തുടരുകയും ചെയ്‌തു. 

സാധാരണ രീതിയിലുള്ള തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ലഭ്യതയും മത്സരക്ഷമവും അതേസമയം പ്രാപ്യവുമായ പണവും താരതമ്യേന കുറഞ്ഞ അണുബാധയും ഗ്രാമീണമേഖലയിലെ ചെലവഴിക്കലിനെ താങ്ങി നിര്‍ത്തി, നഗര ഉപഭോഗത്തിലെ ഇടിവിന്‌ പരിഹാരം കണ്ടു. വാക്‌സിനുകള്‍ അവതരിപ്പിച്ചതു വഴി പണലഭ്യത ഉയര്‍ത്താനായി. കോവിഡ്‌ 19 കേസുകളിലെ കുത്തനെയുള്ള ഇടിവ്‌, കമ്പനികളുടെ മികച്ച നാലാംപാദ ഫലങ്ങള്‍, ആശ്ചര്യപ്പെടുത്തുന്ന സാമ്പത്തിക വിവരങ്ങള്‍ എന്നിവ ഓഹരികളെ ഉയര്‍ത്തി. 

റിസര്‍വ്‌ ബാങ്ക്‌ വായ്‌പനിരക്ക്‌ നിലനിര്‍ത്തിയെങ്കിലും ഏപ്രില്‍-മേയ്‌ കാലയളവില്‍ കോവിഡ്‌ മഹാമാരിയുടെ രണ്ടാം തരംഗത്തിലുണ്ടായ തിരിച്ചടി കാരണം നിലവിലെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷയില്‍ 100 ബേസിസ്‌ പോയിന്റ്‌സിന്റെ കുറവ്‌ വരുത്തി.

സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ മാസം

2021 മേയില്‍ രാജ്യത്തെ മൊത്തം ജിഎസ്‌ടി വരുമാനം 10,2709 കോടി രൂപയാണ്‌. തുടര്‍ച്ചയായി എട്ടാം മാസവും മൊത്തം ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടിക്കു മുകളിലാണ്‌. എന്നിരുന്നാലും 2021 ഏപ്രില്‍ മാസത്തില്‍ സമാഹരിച്ച 1.41 ലക്ഷം കോടി രൂപയെക്കാള്‍ കുറവാണ്‌ മേയിലെ ജിഎസ്‌ടി വരുമാനം. 

കോവിഡ്‌ രണ്ടാംതരംഗം മൂലം വിവിധ സംസ്ഥാനങ്ങളില്‍ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ്‌ മേയില്‍ ജിഎസ്‌ടി വരുമാനം കുറയാന്‍ പ്രധാന കാരണം. 2021 സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ ജിഡിപി 1.6% വളര്‍ച്ച നേടിയെങ്കിലും 2021 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി 7.3% ചുരുങ്ങി. 

നാലാംപാദത്തില്‍ മികച്ച ഫലം രേഖപ്പെടുത്തിയ ചില കമ്പനികള്‍

1. ഡിക്‌സണ്‍ ടെക്‌നോളജീസ്‌– നാലാംപാദത്തില്‍ കമ്പനിയുടെ ഏകീകൃത മൊത്തലാഭം മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച്‌ 60% ഉയര്‍ന്ന്‌ 44 കോടിയായി. പ്രവര്‍ത്തന വരുമാനം 146% ഉയര്‍ന്നു. ഫലപ്രഖ്യാപനത്തിനു ശേഷമുള്ള കാലയളവില്‍ കമ്പനിയുടെ ഓഹരികള്‍ 4,786 വരെ ഉയര്‍ന്നേക്കാം. ഓഹരികള്‍ക്ക്‌ തിരുത്തലില്‍ 4,220ല്‍ പിന്തുണ ഉണ്ടാകും. 

2. കംപ്യൂട്ടര്‍ ഏജ്‌ മാനേജ്‌മെന്റ്‌ സര്‍വീസസ്‌ (സിഎഎംഎസ്‌)– കമ്പനിയുടെ ഏകീകൃത മൊത്തലാഭം 39.6% ഉയര്‍ന്ന്‌ 60.13 കോടി രൂപയായി. പ്രവര്‍ത്തന വരുമാനത്തില്‍ 14.3% വര്‍ധന ഉണ്ടായി. മികച്ച പാദഫലത്തെ തുടര്‍ന്ന്‌ ഓഹരികള്‍ 2,969 ലേക്ക്‌ ഉയര്‍ന്നേക്കാം. തിരുത്തലില്‍ ഓഹരികള്‍ക്കുള്ള പിന്തുണ 2,574 രൂപയിലായിരിക്കും. 

3. എന്‍ഐഐടി ലിമിറ്റഡ്‌– മാര്‍ച്ച്‌ പാദത്തില്‍ കമ്പനിയുടെ ലാഭം 46.5 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവിലിത്‌ 0.60 കോടി രൂപയായിരുന്നു. കമ്പനിയുടെ ഓഹരികള്‍ 313 വരെ ഉയര്‍ന്നേക്കാം. തിരുത്തല്‍ ഉണ്ടാകുമ്പോള്‍ 230 രൂപയില്‍ ആയിരിക്കും പിന്തുണ ലഭിക്കുക. 

4. മദര്‍സണ്‍ സുമി സിസ്റ്റംസ്‌– നാലാംപാദത്തില്‍ കമ്പനിയുടെ ഏകീകൃത മൊത്തലാഭം 290% ഉയര്‍ന്ന്‌ 713.62 കോടി രൂപയായി. മൊത്തം പ്രവര്‍ത്തന വരുമാനത്തില്‍ ഉണ്ടായ വളര്‍ച്ച 17.58 ശതമാനമാണ്‌. കമ്പനിയുടെ ഓഹരികള്‍ 279 രൂപ വരെ എത്തിയേക്കാം. തിരുത്തലില്‍ 201 രൂപയിലായിരിക്കും ഓഹരികള്‍ക്ക്‌ പിന്തുണ ലഭിക്കുക. 

5. അമരരാജ ബാറ്ററീസ്‌– നാലാംപാദത്തില്‍ ഏകീകൃത മൊത്തം ലാഭം 38% ഉയര്‍ന്ന്‌ 189.38 കോടി രൂപയായി. പ്രവര്‍ത്തന വരുമാനം 33 ശതമാനവും ഉയര്‍ന്നു. കമ്പനിയുടെ ഓഹരികള്‍ 808 രൂപ വരെ ഉയര്‍ന്നേക്കും. തിരുത്തല്‍ വേളയില്‍ ഓഹരികള്‍ക്ക്‌ 725 ല്‍ പിന്തുണ ലഭിക്കും. 

6. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌–നാലാംപാദത്തില്‍ ഏകീകൃത മൊത്തലാഭം 123.62% ഉയര്‍ന്ന്‌ 894.15 കോടി രൂപയായി. പ്രവര്‍ത്തന വരുമാനം 4.13% ഉയര്‍ന്നു. സണ്‍ഫാര്‍മ ഓഹരികള്‍ 720 വരെ ഉയരുമെന്ന്‌ പ്രതീക്ഷിക്കാം. തിരുത്തലില്‍ 635 ൽ ആയിരിക്കും പിന്തുണ ഉണ്ടായിരിക്കുക. 

2021 ജൂലൈയില്‍ നിഫ്‌റ്റി 

ജൂണ്‍ 15 ന്‌ നിഫ്‌റ്റി ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ഉയരമായ 15,901 ലേക്ക്‌ എത്തുകയും ലാഭമെടുപ്പിനെ തുടര്‍ന്ന്‌ തിരുത്തലിലേക്കു കടക്കുകയും ചെയ്‌തു. 

ചില പോര്‍ട്‌ഫോളിയോ നിക്ഷേപകരുമായി ബന്ധപ്പെട്ട്‌ അദാനി ഗ്രൂപ്പ്‌ കമ്പനികളില്‍നിന്നു പ്രതികൂലമായ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന്‌ ഈ ഓഹരികളുടെ വിൽപന പെട്ടെന്ന്‌ ഉയര്‍ന്നതും വിപണിയുടെ വികാരത്തെ ബാധിച്ചു. 

15,201 ന്‌ മുകളില്‍ നിലനിൽക്കുന്നിടത്തോളം നിഫ്‌റ്റി 16,391 പരീക്ഷിച്ചേക്കാം. 

തിരുത്തലുകളില്‍ നിഫ്‌റ്റിക്ക്‌ 15,201 ല്‍ പിന്തുണ ഉണ്ടായിരിക്കും, ഇതില്‍നിന്നു താഴുകയാണെങ്കില്‍ ജൂലൈ മാസത്തില്‍ നിഫ്‌റ്റി 14,011 ലേക്ക്‌ എത്തുന്നതു കാണാം. 

സെബി അംഗീകൃത റിസർച് അനലിസ്റ്റായ ലേഖകൻ എഎഎ പ്രോഫിറ്റ് അനലിസ്റ്റിക്സിന്റെ സിഇഎ ആണ്

English Summary: Share Market Forecast for July

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com