വിദേശ വിപണികളില്‍ നിക്ഷേപിക്കാനൊരുങ്ങുന്നോ? സാമ്പത്തിക ലക്ഷ്യം കൈവിടരുത്

HIGHLIGHTS
  • വിപുലമായ വരുമാന സാധ്യതകള്‍ സൃഷ്ടിക്കാം
Happy
SHARE

കൂടുതല്‍ നേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടുതല്‍ പേര്‍ വിദേശ വിപണികളില്‍ നിക്ഷേപിക്കുന്ന കാലമാണിത്. വൈവിധ്യവല്‍ക്കരണത്തിലൂടെ നഷ്ടസാധ്യതകള്‍ കുറയ്ക്കാമെന്നതും കൂടുതല്‍ വിപുലമായ വരുമാന സാധ്യതകള്‍ സൃഷ്ടിക്കാമെന്നതും ഇത്തരം നിക്ഷേപങ്ങളിലൂടെ കൈവരിക്കാനാവുന്ന നേട്ടങ്ങളാണ്. ഇവയ്‌ക്കൊപ്പം തന്നെ നിക്ഷേപത്തിന്റെ ലക്ഷ്യം എന്തെന്ന കണക്കു കൂട്ടലുകള്‍ കൂടി ഇവിടെ നിര്‍ബന്ധമായും ഉണ്ടാകണം.

ഏതു നിക്ഷേപം നടത്തുമ്പോഴും അതിനു പിന്നില്‍ കൃത്യമായൊരു സാമ്പത്തിക ലക്ഷ്യം ഉണ്ടാകണം. അത് ആഭ്യന്തര വിപണികളിലെ നിക്ഷേപമാണെങ്കിലും വിദേശ വിപണികളിലെ നിക്ഷേപമാണെങ്കിലും ബാധകമാണ്.

വിദേശ യാത്ര മുതല്‍ റിട്ടയര്‍മെന്റ് വരെ

വിദേശ വിപണികളില്‍ നിക്ഷേപിക്കുമ്പോള്‍ സ്വാഭാവികമായും അത് വിദേശനാണ്യത്തിലാവും മുന്നോട്ടു പോകുക. ഉദാഹരണത്തിന് അമേരിക്കന്‍ ഓഹരി വിപണിയില്‍ മ്യൂചല്‍ ഫണ്ട് വഴിയോ ഇടിഎഫ് വഴിയോ നേരിട്ട് ഓഹരികളിലായോ നിക്ഷേപിക്കുമ്പോള്‍ അത് അമേരിക്കന്‍ ഡോളറിലാവും. ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ ഡോളറില്‍ തന്നെ തുടരുന്നതിനാല്‍ രൂപയുമായുള്ള വിനിമയ മൂല്യത്തിലുള്ള വ്യത്യാസം അനുഭവപ്പെടുകയില്ല. അഞ്ചോ ആറോ വര്‍ഷത്തിനു ശേഷം കുട്ടികളുടെ ഉന്നത പഠനത്തിന് വിദേശത്തു പോകുന്നത് മുന്‍കൂട്ടി കാണുന്നവര്‍ക്ക് അതിനുള്ള പണം സ്വരൂപിക്കാന്‍ ഇത്തരത്തിലുള്ള നിക്ഷേപവും പ്രയോജനപ്പെടുത്താം. ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നു നേട്ടമുണ്ടാക്കാമെങ്കിലും വിനിമയ മൂല്യത്തിലെ വ്യത്യാസങ്ങള്‍ ഇവിടെ താരതമ്യേന കുറഞ്ഞ നേട്ടമാണു നല്‍കിയിട്ടുള്ളതെന്നാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതേ സമയം ഡോളറിലാണ് നിക്ഷേപവും അതില്‍ നിന്നുള്ള വരുമാനവും എങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിന് വിദേശ സ്ഥാപനങ്ങളിലേക്കു പോകുന്ന സാഹചര്യത്തില്‍ വിനിമയ മൂല്യം ഇടിഞ്ഞാലും അതു ബാധിക്കില്ല. 

പിൻവലിക്കൽ ഘട്ടംഘട്ടമായി മാത്രം

ഇതേ രീതിയില്‍ തന്നെ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം നടത്താന്‍ ഉദ്ദേശിക്കുന്ന വിദേശ യാത്രകള്‍ക്കായും ഇത്തരത്തില്‍ നിക്ഷേപം നടത്താം. ജോലിയില്‍ നിന്നു വിരമിച്ച ശേഷമുള്ള ചെലവുകള്‍ക്കായും ഇത്തരത്തില്‍ വിദേശ വിപണികളെ പ്രയോജനപ്പെടുത്താം. ഇക്കാര്യത്തില്‍ ദീര്‍ഘകാല നിക്ഷേപത്തിന്റെ നേട്ടങ്ങള്‍ കൂടി സഹായകമാകും. ഇതില്‍ എന്തിനായാലും ആവശ്യത്തിനു തൊട്ടു മുന്‍പ് പിന്‍വലിക്കാം എന്നു കരുതിയിരിക്കുന്നത് അബദ്ധമാകും. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഹ്രസ്വകാലത്തില്‍ പ്രശ്‌നമുണ്ടാക്കിയേക്കാം എന്നതിനാല്‍ സാമ്പത്തിക ലക്ഷ്യം എന്താണോ അതിന് ആറു മാസമോ ഒരു വര്‍ഷമോ മുന്നേ തന്നെ പിന്‍വലിക്കാനുള്ള വിശകലനങ്ങള്‍ ആരംഭിക്കുകയും അവ പിന്‍വലിച്ച് സുരക്ഷിതമായ ഏതെങ്കിലും പദ്ധതിയില്‍ പാര്‍ക്കു ചെയ്യുകയും വേണം. 

നഷ്ടസാധ്യതകളും പരിഗണിക്കണം

രാജ്യത്തിനകത്തായാലും പുറത്തായാലും ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്കു വിധേയമാണെന്നത് ഇവിടേയും മറക്കരുത്. അതനുസരിച്ചുള്ള വിശകലനങ്ങള്‍ നടത്തുകയും നഷ്ടസാധ്യത വഹിക്കാനുള്ള കഴിവു പരിശോധിക്കുകയും ചെയ്ത ശേഷം വേണം തീരുമാനം കൈക്കൊള്ളാന്‍. ഇന്ത്യന്‍ വിപണിയിലെ രീതികളല്ല മറ്റു രാജ്യങ്ങളില്‍ ഉള്ളതെന്നു കൂടി മനസിലാക്കണം. അതനുസരിച്ച് ചെലവുകളിലും വ്യത്യാസം ഉണ്ടാകും. ഇതു കൂടി കണക്കിലെടുത്തായിരിക്കണം നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍.

English Summary : Consider Your Financial Goals before investing in Foreign Stocks also

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA