ഐപിഒയുമായി സ്റ്റാർട്ടപ്പുകളുടെ ഘോഷയാത്ര; ഇന്ത്യൻ ഓഹരി വിപണിയിൽ തലമുറ മാറ്റമോ?

IPO-1
SHARE

ഓഹരി വിപണി ഒരു സിനിമയാണെങ്കിൽ, അവിടെ ഗസ്റ്റ് റോളിൽ തല കാണിച്ചു നിന്നിരുന്നവരാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ. ആ അതിഥിതാരങ്ങൾ നായകരായി മാറുന്ന അവിസ്മരണീയ നിമിഷത്തിലൂടെയാണ് ഇന്ത്യൻ ഓഹരി വിപണി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 9350 കോടി രൂപ സമാഹരിക്കാൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാട്ടോ കഴിഞ്ഞയാഴ്ച നടത്തിയ ആദ്യ പൊതു ഓഹരിവിൽപന(ഐപിഒ–ഇനീഷ്യൽ പബ്ലിക് ഓഫർ) സാമ്പത്തിക രംഗത്ത് ചർച്ചയും ആഘോഷവുമായി മാറിയത് അതുകൊണ്ടാണ്. ഒരു സ്റ്റാർട്ടപ്പായി തുടങ്ങി, യൂണികോൺ കമ്പനിയായി മാറി എന്ന നേട്ടമാണ് സൊമാട്ടോയ്ക്ക് ഉള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ ആദ്യ ഓഹരി വിൽപനയുമായി മറ്റൊരു സ്റ്റാർട്ടപ്പായ പേയ്ടിഎമ്മും ഈ വർഷാവസാനം എത്തുകയാണ്. കൂടാതെ ഫാഷൻ റീടെയ്‌ലറായ നൈക, മൊബൈൽ പേയ്മെന്റ് സേവനം നൽകുന്ന മൊബിക്വിക്ക്, ഓൺലൈൻ പോളിസി വിൽപനക്കാരായ പോളിസിബസാർ, കാർട്രേഡ് തുടങ്ങിയ സ്റ്റാർട്ടപ്പുകളും ഐപിഒ ക്യൂവിലുണ്ട്. പുതുതലമുറ ടെക്നോളജി സംരംഭകർക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് ഓഹരിവിപണിയിലെ ഈ കാഴ്ച.

പുതിയ നിക്ഷേപകർ, പുതുമുറ കമ്പനികൾ

ഉപഭോക്തൃ ഉൽപന്നങ്ങൾ, ബാങ്കുകൾ എന്നിവയുടെ ഓഹരികളാണ് ഏറെക്കുറെ നിലവിൽ ഇന്ത്യൻ ഓഹരിവിപണിയെ ഭരിക്കുന്നത്. പുതുതലമുറ ടെക്നോളജി കമ്പനികളുടെ പങ്കാളിത്തം നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിലവിൽ 14 ശതമാനമാണ്. നിക്ഷേപകർക്ക് ഏറെ പ്രതിപത്തിയുള്ളതാണ് ഇതിലെ മിക്കവാറും കമ്പനികൾ. ഇത്തരം കമ്പനികൾ കൂട്ടത്തോടെ ഐപിഒയുമായി എത്തുമ്പോൾ അതുകൊണ്ടുതന്നെ നിക്ഷേപകരും ആവേശത്തിലാണ്. കോവിഡ് ലോക്ഡൗണിനു ശേഷം ഓഹരി വിപണിയിൽ വലിയ തോതിൽ യുവ നിക്ഷേപകരുടെ സാന്നിധ്യം കൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പുതുതലമുറ കമ്പനികളെ ഏറെ വിശ്വാസത്തിലെടുക്കുന്നതും ഇത്തരക്കാരാണെന്നാണ് വിലയിരുത്തൽ. ഐപിഒ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ഇക്കഴിഞ്ഞ ആറു മാസത്തിനിടയിലുണ്ടായതിൽ ഇത്തരം നിക്ഷേപകരുടെ പങ്കും നിസ്സാരമല്ലെന്ന് ഇതെല്ലാം കാണിക്കുന്നു.

IPO-2

സ്റ്റാർട്ടപ്പായി തുടങ്ങിയ ടെക്നോളജി കമ്പനികളുടെ പങ്കാളിത്തം അമേരിക്കയിലെ സ്റ്റാൻഡേർഡ് ആൻഡ് പുവർ 500(എസ്&പി 500) സൂചികയിൽ  30 ശതമാനത്തിലേറെയാണ്. സ്റ്റാർട്ടപ്പായി തുടങ്ങിയ ഇലക്ട്രിക് വാഹന കമ്പനി ടെസ്‌ലയുടെ വിപണി മൂല്യം കമ്പനി ഉടമ ഇലോൺ മസ്കിന്റെ ഓരോ ട്വീറ്റിലും മാറിമറിഞ്ഞ് അമേരിക്കൻ ഓഹരിവിപണിയെ ചൂടുപിടിപ്പിക്കുന്നത് നമ്മൾ കാണാറുണ്ട്. പരമ്പരാഗത കമ്പനികളിൽ നിന്നു വ്യത്യസ്തമായി, നിക്ഷേപകരെ ചലനാത്മകമാക്കുന്ന ഇത്തരം സ്റ്റാർട്ടപ്പ് താരങ്ങളുടെ ഇന്ത്യൻ ഓഹരി വിപണി പ്രവേശനവും ഏറെ പ്രതീക്ഷയോടെയാണ് നിരീക്ഷകർ നോക്കിക്കാണുന്നത്. 

ലാഭം മാത്രമല്ല, ഭാവി കൂടി നോക്കണം

സൊമാട്ടോയുടെതു പോലെ ഇത്ര ആഘോഷമായ ഒരു ഐപിഒ ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. പ്രവർത്തന രംഗത്തെ മുഖ്യ എതിരാളി സ്വിഗ്ഗി പോലും സൊമാട്ടോയ്ക്ക് ആശംസ അറിയിച്ച് ട്വീറ്റ് ചെയ്തു. ഓഫിസിനു ചുറ്റുപാടുമുള്ള ഏതാനും ഹോട്ടലുകളുടെ മെനുകാ‍ർഡ് ഓൺലൈനായി കാണാവുന്ന ആപ്പ് അവതരിപ്പിച്ച് രംഗത്തെത്തിയ സൊമാട്ടോയുടെ അത്ഭുതാവഹമായ വളർച്ച ആഘോഷിക്കുകയായിരുന്നു ഇന്ത്യയിലെ മറ്റ് സ്റ്റാർട്ടപ്പുകളും ഈ ദിവസങ്ങളിൽ. ഓൺലൈൻ ഭക്ഷണ വിതരണരംഗത്തു നിന്നുള്ള ആദ്യ ഓഹരിവിപണി പ്രവേശനമാണ് സൊമാട്ടോയുടേത്. സൊമാട്ടോയുടെ ഐപിഒ ബുക്ക് ചെയ്യാൻ പേയ്ടിഎം സംവിധാനം ഒരുക്കിയിരുന്നു. ഇതുവഴി ബുക്ക് ചെയ്തവരിൽ 65 ശതമാനം പേരും 32 വയസിനു താഴെയുള്ളവരാണ്. ‘ഞങ്ങൾ നിരന്തരം ഉപയോഗിക്കുന്ന കമ്പനിയുടെ ഒരുപിടി ഓഹരി ഞങ്ങൾക്കും വേണം’, ഇതാണ് മിക്കവാറും പുതുതലമുറ നിക്ഷേപകരുടെ ആപ്തവാക്യം. അതുകൊണ്ടു തന്നെ കമ്പനികളുടെ ബാലൻസ് ഷീറ്റിലെ ലാഭത്തിന്റെ വമ്പൻ കണക്കുകൾ പരിശോധിച്ചല്ല ഇവർ നിക്ഷേപം നടത്തുന്നതും. കമ്പനി ലാഭത്തിലോ നഷ്ടത്തിലോ എന്നതല്ല, അതിന് ഇന്ത്യയിൽ എന്തു ഭാവിയുണ്ട് എന്നതാണ് പുതുതലമുറ നിക്ഷേപകരെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.  

ipo-story

പുതുസംരംഭകർക്ക് കിട്ടും പുതുനിക്ഷേപകർ

2011ലാണ് ഇന്ത്യയിൽ ആദ്യമായി ഒരു ടെക്നോളജി സ്റ്റാർട്ടപ് കമ്പനി യൂണികോൺ സ്ഥാനം നേടിയത്. ഇൻമൊബി ആയിരുന്നു അത്. 100 കോടി ഡോളറിലേറെ (7200 കോടി രൂപ) മൂല്യം കൽപ്പിക്കപ്പെടുന്നതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ ടെക്നോളജി സ്റ്റാർട്ടപ് കമ്പനികളെയാണ് പൊതുവെ ‘യൂണികോൺ’ എന്നു വിളിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ 40 സ്റ്റാർട്ടപ്പുകൾ യൂണികോൺ ആയിട്ടുണ്ട്. അതിൽ 15 ഉം ഇക്കഴിഞ്ഞ ഏതാനും മാസങ്ങളിലാണ്. കഴിഞ്ഞ വർഷം 12 സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ യൂണികോൺ പദവിയിലേക്ക് ഉയർന്നത്. 600 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഐപിഒ വരുന്നതോടെ ഇതിലെ നിക്ഷേപകർക്ക് ലാഭമെടുത്തശേഷം, മറ്റേതെന്തെങ്കിലും സ്റ്റാർട്ടപ്പുകൾക്ക് ഊർജമായി മാറാനാകും. നിലവിലെ വമ്പൻ സ്റ്റാർട്ടപ്പുകളുടെ ഓഹരിവിപണി പ്രവേശനം ചെറുകിട സ്റ്റാർട്ടപ്പുകൾക്ക് ആ വിധത്തിലും പ്രതീക്ഷ നൽകുന്നു.

സ്വകാര്യ നിക്ഷേപകരിൽനിന്ന് 1200 കോടി ഡോളറാണ് ഈ വർഷം ആറു മാസം കൊണ്ട് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കു ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ആകെ നിക്ഷേപത്തേക്കാൾ 100 കോടി ഡോളറോളം അധികമാണിത്. ഈ വർഷം അവസാനത്തോടെ 2300 കോടി ഡോളറിനടുത്തു വരെ നിക്ഷേപം എത്തിയേക്കാമെന്നാണ് വിലയിരുത്തൽ.

സ്റ്റാർട്ടപ്പുകളുടെ ഐപിഒയ്ക്കു കിട്ടുന്ന വമ്പൻ സ്വീകാര്യത ഇതിൽ പ്രധാന ഘടകമാണ്. ഐപിഒ വിജയമാകുന്നതോടെ സ്വകാര്യ നിക്ഷേപകർക്ക് മികച്ച നേട്ടത്തോടെ താൽപര്യംപോലെ പിൻവാങ്ങുകയും ചെയ്യാം. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ച് കൈ പൊള്ളിയിരുന്ന സ്വകാര്യ നിക്ഷേപകർ മാറി ചിന്തിക്കുകയാണ്. ചില്ലറ ലാഭമല്ല, വിജയിച്ചാൽ റോക്കറ്റുപോലെ കുതിക്കുന്നതാണ് സ്റ്റാർട്ടപ്പുകളുടെ ജനിതകസ്വഭാവമെന്ന കാര്യം ഏറെക്കുറേ അംഗീകരിക്കപ്പെടുന്നുവെന്നാണ് നിക്ഷേപരംഗത്തെ പ്രമുഖർ വിലയിരുത്തുന്നത്. നിക്ഷേപം എളുപ്പത്തിൽ എത്തുമെന്നു വന്നതോടെ പുതുതലമുറ സംരംഭകരാകട്ടെ, മനസിൽ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന ആശയങ്ങൾക്കു ചിറകു നൽകാനുള്ള സജീവശ്രമത്തിലുമാണ്.

റെക്കോർഡ് ഇടാൻ മറ്റൊരു സ്റ്റാർട്ടപ്പ്

16600 കോടി രൂപയുടെ ആദ്യ ഓഹരി വിൽപനയ്ക്കാണ് പേയ്ടിഎം കോപ്പുകൂട്ടുന്നത്. 15200 കോടി രൂപ സമാഹരിക്കാൻ 2010ൽ കോൾ ഇന്ത്യ നടത്തിയതാണ്  ഇന്ത്യൻ ഓഹരി വിപണിയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഐപിഒ. അതിനെ മറികടക്കാനാണ് പേയ്ടിഎം ഒരുങ്ങുന്നത്. ഫാർമീസി, ഇക്സിജോ, ഒല, ഡെൽഹിവെറി, ഗ്രോഫേഴ്സ് തുടങ്ങിയ സ്റ്റാർട്ടപ്പുകളും ഐപിഒയ്ക്ക് ആയുള്ള ഒരുക്കത്തിലാണ്.

കുറവല്ല വിമർശനവും

സ്റ്റാർട്ടപ്പുകളുടെ ഐപിഒ വാർത്തകളെ തുടർന്നുണ്ടാകുന്ന ഓഹരി വിപണിയിലെ ഒച്ചപ്പാടിനെതിരെ ഒട്ടേറെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ നിരന്തരം നഷ്ടം പെരുകി വരുന്ന കമ്പനികളാണെന്നും, നിക്ഷേപത്തിനു പറ്റിയതല്ലെന്നുമാണ് പ്രധാനവാദം. ആദ്യ ഓഹരിവിൽപനയുമായുള്ള സ്റ്റാർട്ടപ്പുകളുടെ ഘോഷയാത്രയ്ക്ക് വലിയ ആയുസില്ലെന്നാണ് ഇന്ത്യയിലെ ഏറ്റവും പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ വിലയിരുത്തൽ. സൊമാട്ടോയുടെ ഓഹരിക്കായി 38 മടങ്ങ് അപേക്ഷകരെത്തിയപ്പോൾ, ജീവനക്കാർക്കായി മാറ്റിവച്ച ഓഹരിക്കായി അപേക്ഷിച്ചത് വെറും 62 ശതമാനം ആണെന്നതും കൗതുകമായി. 

English Summary: Startup IPOs new momentum in equity market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS