ചെറുകിട, ഇടത്തരം ഓഹരികളിലെ നേട്ടം ഓഗസ്റ്റിലും തുടരും

HIGHLIGHTS
  • കുറച്ചു മാസങ്ങളായി ചെറുകിട, ഇടത്തരം ഓഹരികളും മികച്ച പ്രകടനമാണ്
Coin
SHARE

വിപണിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും ട്രേഡിങ്ങും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. 

ഡേ ട്രേഡിങ്– ഒരു ദിവസം തന്നെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതാണ് ഡേ ട്രേഡിങ്. ഇതില്‍ വലിയ തോതില്‍ ഊഹക്കളികളും റിസ്‌കും എല്ലാം ഉണ്ട്. ഫ്യൂച്ചേഴ്‌സിലും ഓപ്ഷന്‍സിലുമാണ് ട്രേഡിങ്ങെങ്കിൽ റിസ്‌ക് വീണ്ടും കൂടും. പുതുതായി കടന്നുവരുന്നവര്‍ ട്രേഡിങ്ങില്‍ ഏര്‍പ്പെടാതിരിക്കുന്നതാണു നല്ലത്. 

ഇന്‍വെസ്റ്റ്‌മെന്റ്– ഓഹരിയെ നിക്ഷേപമാര്‍ഗമായി കാണുന്ന രീതിയാണിത്. നല്ല ഓഹരികള്‍ തിരഞ്ഞെടുത്ത് 10–20 എണ്ണം വാങ്ങിച്ച് പോർട്ഫോളിയോ വികസിപ്പിക്കുന്നു. കയ്യിലുള്ള മൂലധനം മാത്രമാണ് മിക്കവരും ഉപയോഗപ്പെടുത്തുന്നത്. ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമായി നിക്ഷേപിക്കുന്നതാണ് പൊതുവേ കണ്ടുവരുന്ന ട്രെന്‍ഡ്. 

15-30 % നേട്ടമുണ്ടാകുമ്പോള്‍ ഹ്രസ്വകാല നിക്ഷേപത്തില്‍നിന്നു ലാഭമെടുക്കാം. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ദീര്‍ഘകാല നിക്ഷേപത്തില്‍നിന്നുള്ള ലാഭമെടുപ്പ്. ഓഹരിയില്‍ സ്ഥിരതയാര്‍ന്ന ഒരു അധിക വരുമാനമാണ് പുതുനിക്ഷേപകര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ട്രേഡിങ്ങും ഇന്‍വെസ്റ്റ്‌മെന്റും തമ്മിലുള്ള വ്യത്യാസം ശരിക്കും മനസ്സിലാക്കണം. 

അധികവരുമാനത്തിനുള്ള സാധ്യത

കോവിഡിനെ തുടര്‍ന്ന് ലോകത്ത് സംജാതമായ സാഹചര്യം അധികവരുമാനമുണ്ടാക്കാന്‍ വലിയ സാധ്യതകൾ തുറന്നു തരുന്നു. ആദ്യ ശ്രമങ്ങളില്‍ പരാജയപ്പെട്ട ഒട്ടേറെപേർ ഓഹരി വിപണിയിലേക്ക് വീണ്ടും എത്തുന്നുണ്ട്. ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കാനും പുതിയ സാഹചര്യം തുണയായി. 

ബ്രോക്കിങ് സ്ഥാപനങ്ങളുടെ ഓഹരി വിലയിലും മാറ്റം പ്രകടമാണ്. 2021ല്‍ ഏയ്ഞ്ചല്‍ ബ്രോക്കിങ്ങിന്റെ വിലയിലുണ്ടായത് 280 ശതമാനം വര്‍ധനയാണ്. ഐസിഐസിഐ സെക്യൂരിറ്റീസ്, മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ജെഎം ഫിനാന്‍ഷ്യല്‍, ജിയോജിത് ഫിനാന്‍ഷ്യല്‍, എംകെ ഗ്ലോബല്‍, ആദിത്യ ബിര്‍ള മണി തുടങ്ങിയവയിലും 30 മുതല്‍ 80 % വരെ വര്‍ധനയുണ്ടായി. 

ഡീമാറ്റ് അക്കൗണ്ടുകൾ റെക്കോർഡ്

ഇന്ത്യയിലെ ഡീമാറ്റ് അക്കൗണ്ടുകൾ ആറ് കോടിയെന്ന റെക്കോർഡിലേക്ക് എത്തി. ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ചാണിത്. 2020 ഫെബ്രുവരിയില്‍ ഇത് നാലു കോടിയായിരുന്നു. രാജ്യം അടച്ചിടലിലേക്ക് കടന്നപ്പോള്‍ വ്യക്തിഗത നിക്ഷേപകര്‍ നേരിട്ടു വിപണിയിലേക്ക് എത്താന്‍ തുടങ്ങിയതോടെയാണ് കുതിപ്പ് തുടങ്ങിയത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍നിന്നുള്ള നേട്ടം കുറഞ്ഞതും പലരെയും ഓഹരി വിപണിയിലേക്ക് ആകര്‍ഷിച്ചു. ടെക് ഉള്‍പ്പെടെയുള്ള മേഖലകളില്‍നിന്നുള്ള കമ്പനികളുടെ ഐപിഒകളും വിപണിയില്‍ നിക്ഷേപകര്‍ക്ക് താൽപര്യമുണര്‍ത്തി. ഓഹരിയെ ഒരു ആസ്തി വിഭാഗമായി കാണാനുള്ള പ്രവണത ശക്തിപ്പെട്ടു എന്നതാണ് വാസ്തവം. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2020 മാര്‍ച്ച് 23 ന് 14.90 രൂപയായിരുന്ന ജിയോജിത്തിന്റെ ഓഹരിവില 2021 ജൂലൈയിൽ 102.70 രൂപയായി. 16 മാസത്തിനുള്ളിൽ നേട്ടം 589 %. വിപണിയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. 

ഓഗസ്റ്റില്‍ നിഫ്റ്റി

ജൂലൈ 16 ന് നിഫ്റ്റി എക്കാലത്തെയും വലിയ ഉയര്‍ച്ച കൈവരിച്ച് 15,962.25 ലെവലില്‍ എത്തി. ആഗോള വിപണികളിലെ ട്രെന്‍ഡ് പിന്തുടര്‍ന്ന് ലാഭമെടുപ്പും ദൃശ്യമായി. ആഗോള വിപണികളില്‍ വിറ്റഴിക്കലുണ്ടായാല്‍ നിഫ്റ്റി 15,011 ലെവല്‍ എത്തിയേക്കും. 15,941, 16,160 നിലവാരത്തിൽ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഓഗസ്റ്റിലെ വിപണിയുടെ ചലനം നിശ്ചയിക്കുന്നത് ഒന്നാം പാദ ഫലങ്ങളായിരിക്കും. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കമ്പനികള്‍ നടത്തിയാല്‍ 16,405 വരെ പോയേക്കും (കൂടുതൽ വിവരങ്ങൾ ഓഗസ്റ്റ് ലക്കം സമ്പാദ്യം മാസികയിൽ)

എക്‌സിറ്റ് ബട്ടണ്‍ അമര്‍ത്തും മുൻപ് ഓർക്കാൻ ചില കാര്യങ്ങൾ

തിരുത്തല്‍ ഉണ്ടാകാം, ഇല്ലാതെയുമിരിക്കാം. വിപണിയെ സമയമനുസരിച്ച് വിധിക്കുന്നത് വ്യർഥമാണ്. അതിനാല്‍ ഈ കാര്യങ്ങള്‍ മനസ്സില്‍ ഓര്‍ക്കണം

1. വിപണി വലിയ തിരുത്തലിലേക്ക് പോകുമെന്ന വാര്‍ത്ത ഒരു വര്‍ഷമായി നിങ്ങള്‍ കേൾക്കുന്നുണ്ട്. എന്നാല്‍ അത് സംഭവിച്ചില്ല. അതിനാല്‍ പുറത്തുള്ള ബഹളങ്ങള്‍ ശ്രദ്ധിക്കാതിരിക്കുക, യാഥാർഥ്യങ്ങളില്‍ ഫോക്കസ് ചെയ്യുക. ഒരു ബുള്‍മാര്‍ക്കറ്റിന്റെ വലിയ അവസരങ്ങളാകും, ഒരുപക്ഷേ നേരത്തേ ലാഭമെടുക്കുന്നതിലൂടെ നിങ്ങള്‍ക്കു നഷ്ടമാകുക. 

2. മറ്റ് ആവശ്യങ്ങള്‍ക്കായി അടുത്ത ഒന്നോ രണ്ടോ വര്‍ഷങ്ങളിലേക്ക് പണം ആവശ്യമില്ലെങ്കില്‍ നിക്ഷേപം തുടരുക. ലാഭമെടുക്കുന്നത് ഭാഗികമായി മാത്രം മതി. അനുകൂല സാഹചര്യങ്ങളില്‍ വീണ്ടും നിക്ഷേപിക്കുക.

3. അടിസ്ഥാനപരമായി ദുര്‍ബലമെന്നു തോന്നിക്കുന്ന ഓഹരികള്‍ ഒഴിവാക്കുക. 

4. ഒരു പരിധിക്കപ്പുറം ഓഹരികള്‍ കൈവശമുണ്ടെങ്കില്‍ എണ്ണം കുറയ്ക്കുക.

സെബി അംഗീകൃത റിസർച് അനലിസ്റ്റായ ലേഖകൻ AAA Profit Analytics ന്റെ സിഇഒ ആണ് 

English Summary: Small and Midcap Share Rally may Continue in August

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA