അറിയുക, വാള്‍ സ്ട്രീറ്റും ദലാല്‍ സ്ട്രീറ്റും വണ്‍വേ നിരത്തുകളല്ല

HIGHLIGHTS
  • ഈ കാളക്കൂറ്റന്‍ ഇനിയും കുതിപ്പു തുടരാനും സാധ്യതയുണ്ട്
market (3)
SHARE

നാം ഇപ്പോള്‍ അതിശക്തമായി കുതിക്കുന്ന ബുള്‍ വിപണിയിലാണ്. ഓഹരി വിപണികളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച അതിരു കടന്ന വിലകളെക്കുറിച്ചും ഒരു തകര്‍ച്ചയുടെ സാധ്യതയെക്കുറിച്ചുമാണ്. കുതിക്കുന്ന വിലകളെക്കുറിച്ച് പല വിപണി ഗുരുക്കന്മാരും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വിപണി ആചാര്യന്മാരായ  റേ ഡാലിയോ, മൈക്കെല്‍ ബറി, ജെറീമി ഗ്രന്താം, സ്്റ്റാന്‍ലി ഡ്രക്കന്‍മില്ലര്‍ എന്നിവരെല്ലാം മുന്നറിയിപ്പു നല്‍കുന്നത് ഇപ്പോഴത്തെ ഉയര്‍ന്ന വിലകള്‍ നിലനില്‍ക്കുന്നതല്ലെന്നും അതുകൊണ്ടു തന്നെ ഒരു ശക്തമായ തിരുത്തല്‍  ആസന്നമാണെന്നുമാണ്. ഇന്ത്യയില്‍ ആര്‍ബിഐയുടെ  2021സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഓഹരി വിപണിയിലെ കുമിളയെക്കുറിച്ചു സൂചന നല്‍കുന്നുണ്ട്.  

യുഎസ് തിരുത്തലിന് പാകം

ഓഹരി വിലകള്‍ ഏറെ കൂടുതലാണെന്ന കാര്യത്തില്‍ മിക്കവാറും എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്.  വിപണിമൂല്യവും ജിഡിപിയും തമ്മിലുള്ള അനുപാതമെന്ന വാറന്‍ ബുഫെറ്റിന്റെ പ്രസിദ്ധമായ സൂചിക 205 ശതമാനത്തിലാണു നില്‍ക്കുന്നത്. ദീര്‍ഘകാല ശരാശരിയേക്കാള്‍ ഏറെ കൂടുതലാണിത്. S&P  500 ന്റെ പിഇ അനുപാതം 46 ആയി ഉയര്‍ന്നിരിക്കുന്നു. ദീര്‍ഘകാല ശരാശരിയായ 16 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു വളരെ കൂടുതലാണ്. മാതൃവിപണിയായ യുഎസ് തിരുത്തലിന് പാകമായിരിക്കുന്നു. എന്നാല്‍ തിരുത്തല്‍  എപ്പോഴുണ്ടാകുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. മാതൃവിപണിയിലെ തകര്‍ച്ച വികസിത രാജ്യങ്ങളിലേയും വികസ്വര രാജ്യങ്ങളിലേയും വിപണികളെ  ബാധിക്കും. സമ്പദ് വ്യവസ്ഥയുടെ ശക്തിയനുസരിച്ച്  ഇതിന്റെ തോത് വ്യത്യസ്തമായിരിക്കുമെന്നു മാത്രം. 

ഇന്ത്യയില്‍ മൂല്യ നിര്‍ണയത്തിന്റെ എല്ലാ സൂചികകളും ഏറെ മുകളിലാണ്. ഇവിടെ  വിപണിയും ജിഡിപിയും തമ്മിലുള്ള ദീര്‍ഘകാല അനുപാതം 77 ശതമാനത്തോളമാണ്. ദീര്‍ഘകാല പിഇ ഗുണിതം ഏതാണ്ട് 16 ഉം പ്രൈസ് ടു ബുക്ക് വാല്യു 3.23 ഉം ആണ്.  ഈ മൂല്യ നിര്‍ണയ സൂചികകള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു? വിപണി മൂല്യവും ജിഡിപിയുമായുള്ള അനുപാതം 115 ശതമാനവും ഒരു വര്‍ഷം മുമ്പോട്ടുള്ള പിഇ ഏതാണ്ട് 21 ഉം പ്രൈസ് ടു ബുക്ക് വാല്യു 4.44 ഉം ആണ്. മൂന്നു സൂചകങ്ങളും അപായ സൂചനയാണു നല്‍കുന്നത്. 

വിലകള്‍ ഏറെ ഉയര്‍ന്നതാണെങ്കിലും തകര്‍ച്ചയുടെ ലക്ഷണമില്ല

INDIA-STOCKS

ഇപ്പോഴത്തെ വിപണിയെ സംബന്ധിച്ച കൗതുകകരമായ അവസ്ഥയുണ്ട്. അശുഭ വിശ്വാസികളില്‍ അധികവും ഓഹരികള്‍ വിറ്റുമാറുകയോ വിപണി വിടുകയോ ചെയ്തിട്ടില്ലെന്നു മാത്രമല്ല ഇവരില്‍ പലരും പൂര്‍ണമായും നിക്ഷേപിച്ചിട്ടുള്ളവരാണ്. വിപണിയില്‍ പെട്ടെന്നൊരു തകര്‍ച്ചയുടെ ലക്ഷണങ്ങളൊന്നുമില്ല എന്നതാണ് കാരണം. തകര്‍ച്ചയുടെ ലക്ഷണങ്ങളായ ഉയര്‍ന്ന വിലക്കയറ്റം, യുഎസ് കേന്ദ്രബാങ്കിന്റെ ജാഗ്രതാ നിലപാട് , ഒരു മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയൊന്നും തന്നെ പ്രകടമല്ല. അതുകൊണ്ട് കരടിയുടെ ആക്രമണത്തിനു മുമ്പ് ഈ കാളക്കൂറ്റന്‍ ഇനിയും കുതിപ്പു തുടരാനും സാധ്യതയുണ്ട്.   

INDIA-ECONOMY-STOCKS

മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളുക

വികസിത രാജ്യങ്ങളിലായാലും വികസ്വര രാജ്യങ്ങളിലായാലും ഇപ്പോഴത്തെ ബുള്‍ തരംഗത്തിന്റെ  പൊതുവായൊരു പ്രത്യേകത പുത്തന്‍കൂറ്റുകാരായ ചെറുകിട നിക്ഷേപകരുടെ ഉദയമാണ്. ഈ പുതുമുറക്കാര്‍ വിപണിയിലെ ഗൗരവതരമായൊരു തകര്‍ച്ച ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. വിപണിയെക്കുറിച്ചുള്ള അജ്്ഞതയും യുക്തിരഹിതമായ അമിതാവേശവും  കലര്‍ന്ന മാരകമായ ചേരുവയാണ് ഇവരില്‍ ഭൂരിപക്ഷത്തേയും നയിക്കുന്നത്. അതിനാല്‍ അര്‍മാദത്തോടെ അവര്‍ വിപണിയില്‍ ട്രേഡിങ് നടത്തുകയാണ്. വാള്‍ സ്ട്രീറ്റും ദലാല്‍ സ്ട്രീറ്റും വണ്‍വേ നിരത്തുകളല്ലെന്നു താമസിയാതെ അവര്‍ തിരിച്ചറിയും. 

നിക്ഷേപകര്‍ക്ക്  നേട്ടവും ചൂതാട്ടക്കാര്‍ക്ക് കോട്ടവും 

down

ഓഹരി വിപണിയില്‍ അനിവാര്യമായ കരടി ആക്രമണം ഉണ്ടാകുമ്പോള്‍ ഇപ്പോള്‍ പുതുനിക്ഷേപകര്‍ പിന്തുടരുന്ന ഗുണനിലവാരം കുറഞ്ഞ ചെറുകിട ഓഹരികള്‍ കശാപ്പു ചെയ്യപ്പെടും. ബെഞ്ചമിന്‍ ഗ്രഹാമിന്റെ പ്രസിദ്ധമായ മുന്നറിയിപ്പ്  ഇതാണ് : '' നിക്ഷേപകനും ഊഹക്കച്ചവടക്കാരനും തമ്മിലുള്ള  ശരിയായ വ്യത്യാസം ഓഹരി വിപണിയിലെ ചലനങ്ങളോടുള്ള അവരുടെ നിലപാടിലാണ്. ഊഹക്കച്ചവടക്കാരന്റെ പ്രാഥമിക താല്‍പര്യം വിപണിയുടെ  ഗതിവിഗതികള്‍ മുന്‍കൂട്ടി കണ്ട്  അതില്‍ നിന്നു നേട്ടമുണ്ടാക്കുന്നതിലാണ്. എന്നാല്‍ നിക്ഷേപകന്റെ പ്രാഥമിക താല്‍പര്യം അനുയോജ്യമായ ഓഹരികള്‍ അനുയോജ്യമായ വിലയില്‍ വാങ്ങി ആ നിക്ഷേപം നിലനിര്‍ത്തുന്നതിലുമാണ്.''  വരാനിരിക്കുന്ന ശക്തമായൊരു തിരുത്തലിനു ശേഷം വിപണി വീണ്ടെടുപ്പു നടത്തുമ്പോള്‍ ഗുണനിലവാരമുള്ള ഓഹരികള്‍ മികച്ച രീതിയില്‍ തിരിച്ചുവരികയും ഗുണനിലവാരമില്ലാത്ത 'നായ്ക്കളും പൂച്ചകളും' അപ്രത്യക്ഷരാവുകയും ചെയ്യും. 

പോര്‍ട്‌ഫോളിയോകളില്‍ ചെറിയ തോതിലുള്ള പുന:സന്തുലനം ആലോചിക്കാം  

വിപണികള്‍ റിക്കാര്‍ഡുയരത്തിലെത്തുകയും വിലകള്‍ അതിരുകടക്കുകയും ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വിപണിയിലെ ശൃംഗങ്ങളും ഗര്‍ത്തങ്ങളും തിരിച്ചറിയുക പ്രയാസകരമാണെന്നല്ല, മിക്കവാറും അസാധ്യം തന്നെയാണ്. എന്നാല്‍ റിക്കാര്‍ഡ് ലാഭത്തിലുള്ള  നിക്ഷപകരെ സംബന്ധിച്ചിടത്തോളം ജാഗ്രതയുടെ പേരില്‍ പിശകു പറ്റിയാലും കുഴപ്പമില്ല. വില്‍പനയിലൂടെ അല്‍പം ലാഭമെടുക്കുകയും സ്ഥിര വരുമാന ആസ്തികള്‍ അല്‍പം വര്‍ധിപ്പിച്ചുകൊണ്ട്  പോര്‍ട്‌ഫോളിയോകള്‍ പുന:സന്തുലനത്തിനു വിധേയമാക്കുകയും ചെയ്യുന്നത് ഗുണകരമായിരിക്കും.  

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary: Share Market is Very High Now

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA