ADVERTISEMENT

സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപമാണോ ലക്ഷ്യം, സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാം. സ്വാഭാവിക മൂല്യവര്‍ധനയ്ക്ക് പുറമേ നിക്ഷേപകര്‍ക്ക് രണ്ടര ശതമാനം പലിശ ഉറപ്പാക്കുന്ന നിക്ഷേപ സാഹചര്യമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് തുറന്നിടുന്നത്.

ഗ്രാമിന് വില 4,790

2021-22 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കുന്ന  സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ് ജി ബി) അഞ്ചാം സീരീസിലാണ് ഇപ്പോള്‍ നിക്ഷേപിക്കാന്‍ അവസരം. ഓഗസ്റ്റ് 9 മുതല്‍ 13 വരെ നിക്ഷേപിക്കാം. ഒരു ഗ്രാം സ്വര്‍ണം സബ്സ്‌ക്രൈബ് ചെയ്യുന്നതിന് 4,790 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വാങ്ങുമ്പോൾ ഒരു ഗ്രാമിന് 50 രൂപ നിരക്കില്‍ കുറവ് ലഭിക്കും.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില കുറയുകയാണ്. ഗ്രാമിന് 75 രൂപ ഇടിഞ്ഞ് 4385 രൂപയും പവന് 600 രൂപ ഇടിഞ്ഞ് 35,080 രൂപയുമാണ് ശനിയാഴ്ചത്തെ വില. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 105 രൂപയാണ് കുറഞ്ഞത്. ഇത് മറ്റൊരു ഉയര്‍ച്ചയ്ക്കുള്ള കളമൊരുക്കലാണെന്നും നിരീക്ഷണമുണ്ട്.

ചുരുങ്ങിയത് ഒരു ഗ്രാം

2015 ന് നിലവില്‍ വന്ന എസ് ജി ബി യില്‍ വലിയ തോതില്‍ നിക്ഷേപം എത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറുമാസം എസ് ജി ബി യില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ ബി ഐ ആണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്നത്.  ചുരുങ്ങിയ നിക്ഷേപം ഒരു ഗ്രാമാണ്. എട്ടു വര്‍ഷ കാലാവധിയുള്ള ഇതില്‍ എത്ര ഗ്രാം (തുക) വേണമെങ്കിലും നിക്ഷേപിക്കാം.

എങ്ങനെ വാങ്ങാം

ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ചുമതലപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക് എക്സേഞ്ച്, മുംബൈ സ്റ്റോക് എക്സേഞ്ച് എന്നിവിടങ്ങളില്‍ ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കും. അപേക്ഷ സ്വീകരിക്കുമ്പോള്‍ വ്യക്തമായ ഫോം ബിയിലുള്ള റസീറ്റ് നല്‍കും.

മൂല്യവര്‍ധനയും പലിശയും

സ്വര്‍ണത്തിന് സ്വാഭാവികമായി ഉണ്ടാകാവുന്ന വിലക്കയറ്റത്തിന് പുറമേ രണ്ടര ശതമാനം പലിശ ലഭിക്കുമെന്ന നേട്ടവും ഇവിടെ നിക്ഷേപകര്‍ക്കുണ്ട്. അഞ്ച് വര്‍ഷത്തെ ലോക് ഇൻ പീരിയഡുണ്ട്.

English Summary: Gold Investors can Now Invest in Sovereign Gold Bond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com