നിക്ഷേപകർക്കിടയിൽ പ്രിയമേറി മ്യൂച്ചൽഫണ്ട്

HIGHLIGHTS
  • മറ്റു നിക്ഷേപങ്ങൾക്കൊപ്പം മ്യൂച്വൽ ഫണ്ടിലും പണം മുടക്കുന്നതാണ് അഭികാമ്യം
MF1
SHARE

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനു വൻതോതിൽ പ്രിയം ഏറുന്നു. ഇക്കഴിഞ്ഞ ജൂൺ 30ലെ കണക്കനുസരിച്ചു രാജ്യത്തെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ എണ്ണം 2.3 കോടിയിലെത്തിയിരിക്കുന്നു. മൂന്നു വർഷത്തിനകം അര ലക്ഷത്തോളം വിതരണക്കാർ കൂടി നിയമിക്കപ്പെടുമെന്നാണു കണക്കാക്കുന്നത്. അതോടെ നിക്ഷേപകരുടെ എണ്ണത്തിൽ ഭീമമായ കുതിപ്പുണ്ടാകുമെന്ന് ഉറപ്പ്. ജൂൺ 30ന് അവസാനിച്ച ഈ സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ഇന്ത്യയിലെ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 33.61 ലക്ഷം കോടി രൂപയായിട്ടുണ്ട്. 10 വർഷം മുൻപ് ഇത് 6.73 ലക്ഷം കോടി രൂപ മാത്രമായിരുന്നു. 

ഇപ്പോഴത്തെ തോതിലുള്ള വളർച്ച തുടർന്നാൽത്തന്നെ 2029–’30 ആകുമ്പോഴേക്കു ഫണ്ടുകളുടെ പക്കലുള്ള ആസ്തി 92 ലക്ഷം കോടി രൂപയിലെത്തുമെന്നു കണക്കാക്കുന്നു. ഈ കണക്കുകളിൽ ഭ്രമിച്ചു മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനു തയാറാകുന്നവർ ഏതു തരത്തിലുള്ള നിക്ഷേപത്തിനും നഷ്ട സാധ്യതയുണ്ടെന്ന പാഠം ഉൾക്കൊള്ളണമെന്നാണു നിരീക്ഷകർക്കു നിർദേശിക്കാനുള്ളത്. മറ്റു നിക്ഷേപങ്ങൾക്കൊപ്പം മ്യൂച്വൽ ഫണ്ടുകളിലും പണം മുടക്കുന്നതാണ് അഭികാമ്യമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഏതു ഫണ്ട് തിരഞ്ഞെടുക്കും?

നിക്ഷേപത്തിന് ഏതു പദ്ധതി തിരഞ്ഞെടുക്കുമെന്നും ഏതായിരിക്കണം സമയമെന്നും എങ്ങനെ തിരഞ്ഞെടുക്കുമെന്നുമൊക്കെയുള്ള ചോദ്യങ്ങൾക്കു റെഡിമെയ്ഡ് ഉത്തരമില്ല. നിക്ഷേപകന്റെ പ്രായവും വ്യക്‌തിഗതമായ താൽപര്യങ്ങളും ലക്ഷ്യങ്ങളും ധനവിനിയോഗശേഷിയും നഷ്‌ട സാധ്യത നേരിടാനുള്ള മനസ്സുറപ്പുമൊക്കെയാണ് ഈ കാര്യങ്ങളിൽ നിർണായകം.

പ്രായക്കുറവു പ്രധാനം

എത്ര നേരത്തെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ആരംഭിക്കാൻ കഴിയുന്നുവോ അത്രയും നേരത്തെ ലക്ഷ്യം കൈവരിക്കാനാവും. മാത്രമല്ല, പ്രായം കുറഞ്ഞിരിക്കുന്തോറും ലക്ഷ്യപ്രാപ്‌തിക്കു വേണ്ടിവരുന്ന നിക്ഷേപത്തിന്റെ അളവും കുറഞ്ഞിരിക്കും.

എന്താണു ലക്ഷ്യം?

മകന്റെ ഉന്നത വിദ്യാഭ്യാസച്ചെലവിനു പണം സ്വരൂപിക്കുകയാണു ലക്ഷ്യമെന്നു കരുതുക. നിലവിലെ നിരക്കിൽ പഠനച്ചെലവ് 20 ലക്ഷം രൂപയിലൊതുങ്ങുമെങ്കിൽ ആ തുക ലക്ഷ്യമിട്ടായിരിക്കരുത് പദ്ധതിയിൽ ചേരുന്നത്. മകൻ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടുമ്പോഴേക്ക് പഠനച്ചെലവ് 35 ലക്ഷം രൂപയാണെന്നു വന്നേക്കാം. അതിനാൽ ലക്ഷ്യമിടേണ്ടതു 35 ലക്ഷം രൂപയായിരിക്കണം. 

എത്ര തുക നിക്ഷേപിക്കാനാവും?

നിക്ഷേപത്തിന് എത്ര തുക നീക്കിവയ്‌ക്കാനാവുമെന്നതു സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. ഭാവിയിലെ വേതന വർധനയും മറ്റും മാത്രമായിരിക്കരുത് ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടത്. ഭാവിയിലെ അധികച്ചെലവുകൾ കൂടി വകയിരുത്തണമെന്നു സാരം.

കാലാവധിയും പ്രധാനം

എത്ര തുക എന്നതു പോലെ പ്രാധാന്യമുണ്ട് നിക്ഷേപത്തിന്റെ കാലയളവിനും. ദീർഘകാല നിക്ഷേപമോ ഹ്രസ്വകാല നിക്ഷേപമോ യോജിച്ചത് എന്നു യാഥാർഥ്യബോധത്തോടെ വേണം തീരുമാനിക്കാൻ.

സഹനശേഷി കുറഞ്ഞവർ

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനും നഷ്ടസാധ്യതയുണ്ടെന്നിരിക്കെ സഹന ശേഷിയുടെ അടിസ്ഥാനത്തിലാകണം ഫണ്ടു തിരഞ്ഞെടുക്കേണ്ടത്. സഹന ശേഷി കുറഞ്ഞവർ നഷ്ട സാധ്യത കുറഞ്ഞ പദ്ധതികൾ തിരഞ്ഞെടുക്കണം.

English Summary :Keep these Things in Mind Before Investing in Mutual Fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA