ADVERTISEMENT

ഐപിഒ വിപണിയിലെ ആഘോഷങ്ങള്‍ക്ക്‌ തിളക്കം കൂട്ടാന്‍ ഇന്‍ഷൂറന്‍സ്‌ മേഖലയില്‍ നിന്നുള്ള മൂന്ന്‌ കമ്പനികള്‍ കൂടി എത്തുന്നു. പ്രഥമ ഓഹരി വില്‍പനയിലൂടെ 10,000 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനികള്‍ ലക്ഷ്യമിടുന്നത്‌.

ഇന്‍ഷൂറന്‍സ്‌ ബ്രോക്കറേജ്‌ സ്ഥാപനമായ പോളിസിബസാറിന്റെ മാതൃകമ്പനിയായ പിബി ഫിന്‍ടെക്‌, ആരോഗ്യ ഇന്‍ഷൂറന്‍സ്‌ കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത്‌ & അലൈയ്‌ഡ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനി , തേര്‍ഡ്‌-പാര്‍ട്ടി അഡ്‌മിനിസ്‌ട്രേറ്റര്‍ സ്ഥാപനമായ മെഡി അസിസ്റ്റ്‌ ഹെല്‍ത്ത് കെയര്‍ സര്‍വീസ്‌ എന്നീ കമ്പനികളാണ്‌ വരും മാസങ്ങളില്‍ ഐപിഒ വിപണിയിലേക്ക്‌ എത്തുന്നത്‌. ഈ കമ്പനികള്‍ വിപണി നിയന്ത്രകരായ സെബിക്ക്‌ മുമ്പാകെ ഇതിനോടകം ഐപിഒ തുടങ്ങുന്നതിനായി ഡിആര്‍എച്ച്‌പി സമര്‍പ്പിച്ചു കഴിഞ്ഞു.

പോളിസി ബസാർ

ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ്‌ വിതരണക്കാരായ പോളിസി ബസാറിന്റെ മാതൃകമ്പനിയായ പിബി ഫിന്‍ടെക്‌ ഐപിഒ വഴി 6,017 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പോളിസികള്‍ വിറ്റഴിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ഡിജിറ്റല്‍ ഇന്‍ഷൂറന്‍സ്‌ പ്ലാറ്റ്‌ഫോമായ പോളിസി ബസാറിന്റെ വിപണി വിഹിതം 93.4 ശതമാനം ആണ്‌.

സ്റ്റാര്‍ ഹെല്‍ത്ത്

സ്വകാര്യ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്തിന്‌ 3,000 കോടി രൂപ സമാഹരിക്കാനാണ്‌ പദ്ധതി. പ്രമുഖനിക്ഷേപകനായ രാകേഷ്‌ ജുന്‍ജുന്‍വാലയും വെസ്റ്റ്‌ബ്രിഡ്‌ജ്‌ ക്യാപിറ്റലുമാണ്‌ സ്റ്റാര്‍ ഹെല്‍ത്തിന്റെ പ്രധാന പ്രൊമോട്ടര്‍മാര്‍. 2021 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ വിപണിയിലെ കമ്പനിയുടെ വിപണി വിഹിതം 15.8 ശതമാനം ആണ്‌. ഐപിഒയില്‍ 2,000 കോടി രൂപയുടെ പുതിയ ഓഹരികള്‍ കമ്പനി വിറ്റഴിക്കും. 

മെഡി അസിസ്റ്റ്‌

രാജ്യത്തെ ഏറ്റവും വലിയ തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ട്രേറ്റര്‍ ആയ മെഡി അസിസ്റ്റ്‌ 840-1000 കോടി രൂപയുടെ ഇഷ്യുവുമായാണ്‌ എത്തുന്നത്‌. ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ശൃംഖല 722 നഗരങ്ങളിലായി 11,000 ഹോസ്‌പിറ്റലുകള്‍ ഉള്‍പ്പെടുന്നതാണ്‌.  

ഈ വര്‍ഷം ഇതുവരെ നാല്‍പതിലേറെ കമ്പനികള്‍ ഐപിഒ വിപണിയിലേക്ക്‌ എത്തി കഴിഞ്ഞു. പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 70,000 കോടിയോളം രൂപയാണ്‌ ഈ കമ്പനികള്‍ സമാഹരിച്ചത്‌. ആഗസ്റ്റില്‍ മാത്രം ലിസ്റ്റ്‌ ചെയ്‌തത്‌ 5 കമ്പനികള്‍ ആണ്‌. ഈ മാസം ഇതുവരെ ഇരുപത്തിനാലോളം കമ്പനികള്‍ ഐപിഒയ്‌ക്കുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌, 4000 കോടി രൂപയോളം സമാഹരിക്കാണ്‌ ഈ കമ്പനികള്‍ ലക്ഷ്യമിടുന്നത്‌. ഈ വര്‍ഷം നൂറിലേറെ കമ്പനികള്‍ ഐപിഒ വിപണിയിലേക്കെത്തുമെന്നാണ്‌ നിക്ഷേപ ബാങ്കുകള്‍ പ്രതീക്ഷിക്കുന്നത്‌.

English Summary : IPO Rush of Insurance Companies in Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com