ADVERTISEMENT

തിരിച്ചറിയൽ കാർഡ് വേണ്ട, ആധാർ ലിങ്ക് ചെയ്യേണ്ട, ഫോം പൂരിപ്പിക്കേണ്ട, ഒപ്പിട്ടു നൽകേണ്ട.. വെറും 15 മിനിറ്റിനുള്ളിൽ എൻപിഎസ് അക്കൗണ്ട്  തുടങ്ങാം. വാർധക്യകാലം സുരക്ഷിതമാക്കാൻ സർക്കാരിന്റെ നിക്ഷേപ പദ്ധതിയായ നാഷനൽ പെൻഷൻ സ്കീമിൽ (എൻപിഎസ്) നിക്ഷേപിക്കാൻ ആഗ്രഹമുണ്ടോ. ഇതിനായി ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോയി ക്യൂ നിൽക്കേണ്ടതില്ല. വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാം. നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നവരാണെങ്കിൽ എൻപിഎസിൽ ചേരാൻ വളരെ എളുപ്പമാണ്. മാത്രമല്ല കെവൈസിയും (Know your customer) ആവശ്യമില്ല. അല്ലാത്ത രീതിയിൽ ചെയ്യുമ്പോൾ കെവൈസി ഫോം പൂരിപ്പിച്ചു ഒപ്പിട്ടു നൽകുന്നതിനോടൊപ്പം തിരിച്ചറിയൽ രേഖകളും സമർപ്പിക്കണം. എൻപിഎസ് വെബ്സൈറ്റിലൂടെയാണ് ചെയ്യുന്നതെങ്കിൽ ഇവ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. എന്നാൽ നെറ്റ് ബാങ്കിങ് വഴിയാകുമ്പോൾ ഈ നൂലാമാലകൾ ഒഴിവാക്കാം. കാരണം നിങ്ങളുടെ കെവൈസി ബാങ്കിൽ ഉള്ളതിനാൽ വീണ്ടും നൽകേണ്ടതില്ല.

എങ്ങനെ ചെയ്യാം

ഉദാഹരണത്തിന് എസ്ബിഐയുടെ നെറ്റ് ബാങ്കിങ് വഴിയാണിത് ചെയ്യുന്നതെങ്കിൽ ഹോം പേജ് തുറക്കുക. അതിൽ ഇ സർവീസ് ക്ലിക് ചെയ്യുക. അതിൽ നിന്ന് എൻപിഎസ് തിരഞ്ഞെടുക്കുക. എൻപിഎസ് ആർഐ, എൻആർഐ എന്നിങ്ങനെ രണ്ടു ഓപ്ഷനുകൾ കാണാം. വിദേശത്തുള്ളവരാണെങ്കിൽ മാത്രം എൻആർഐ തിരഞ്ഞെടുക്കുക. ഇന്ത്യയിൽ താമസിക്കുന്നവരാണെങ്കിൽ ആർഐ ക്ലിക്ക് ചെയ്യുക. പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ആധാർ തുടങ്ങിയവ നൽകി പ്രാഥമിക റജിസ്ട്രേഷൻ പൂർത്തിയാക്കുക. അപ്പോൾ നിങ്ങളുടെ പേരിൽ 12 അക്ക പ്രാൺ (പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ) നമ്പർ ക്രിയേറ്റ് ആകും. ഇതുപയോഗിച്ചാണ് തുടർന്നുള്ള കാര്യങ്ങൾ ചെയ്യേണ്ടത്.

ഏതുവേണം

അടുത്ത ഘട്ടം നിങ്ങളുടെ നിക്ഷേപത്തെക്കുറിച്ചുള്ളതാണ്. ടയർ 1, ടയർ 2 എന്നിവയിൽ നിക്ഷേപിക്കാം. നികുതി ഇളവ് ലഭിക്കുന്നത് ടയർ 1 ലെ നിക്ഷേപത്തിനാണ്. രണ്ടിലും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെയാകാം. ടയർ 2 ഓഹരി അധിഷ്ടിത മ്യൂചൽ ഫണ്ട് നിക്ഷേപമാണ്. ഏതൊക്കെ ഫണ്ടിൽ എത്ര ശതമാനം വീതം നിക്ഷേപിക്കണമെന്നു തിരഞ്ഞെടുക്കാം. ഇതോടൊപ്പം നോമിനിയുടെ വിവരങ്ങൾ കൂടി നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം.

പണം അടയ്ക്കാനും നെറ്റ് ബാങ്കിങ്

എല്ലാ മാസവും നെറ്റ് ബാങ്കിങ്ങിലൂടെ വളരെ എളുപ്പത്തിൽ എൻപിഎസിൽ പണം അടയ്ക്കാനും സംവിധാനമുണ്ട്. പ്രാൺ നമ്പർ നൽകി റജിസ്റ്റർ ചെയ്താൽ മതി. ഒരു തവണ റജിസ്റ്റർ ചെയ്തിട്ടാൽ പിന്നീടു വെറും 3 ക്ലിക്കിൽ പണം എൻപിഎസ് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യാം. 18-70 വയസ്സുവരെയുള്ളവർക്ക് എൻപിഎസിൽ ചേരാം. 60 വയസ്സാകുമ്പോൾ നിക്ഷേപത്തിന്റെ 60% പിൻവലിക്കാം. ബാക്കി 40% പെൻഷൻ പ്രതിമാസ പെൻഷൻ ലഭിക്കുന്നതിനായി ആന്വുറ്റിയിൽ നിക്ഷേപിക്കണം. 80സി പ്രകാരം 1.5 ലക്ഷം രൂപയും, വകുപ്പ് 80 സിസിഡി പ്രകാരം 50,000 രൂപയും നികുതി ഇളവു ലഭിക്കും.   

English Summary : How to Start NPS Account Easily through Net Banking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com