അമിതാഭ് ബച്ചനും സണ്ണി ലിയോണിയ്ക്കും ഒരുപോലെ ഇഷ്ടം എന്താണ്?

HIGHLIGHTS
  • ബോളിവുഡ് താരങ്ങളുൾപ്പടെയുള്ളവരുടെ പേരിൽ വാർത്തകളിൽ നിറഞ്ഞ 'എൻഎഫ്ടി'യുടെ വിശേഷങ്ങൾ
Amitabh-Bachchan
അമിതാഭ് ബച്ചൻ
SHARE

കഴി‍ഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തയാണ്, ബോളിവുഡ് സൂപ്പർസ്റ്റാർ‌ അമിതാഭ് ബച്ചൻ സ്വന്തമായി എൻഎഫ്ടി ഇറക്കുന്നു എന്നത്. എന്നാൽ സാമ്പത്തിക രംഗത്തെ ബുദ്ധിജീവികൾക്കും, എല്ലാ വിവരങ്ങളെ പറ്റിയും ആദ്യമറിയാൻ വെമ്പുന്ന ഏതാനും ‘ടെക് സാവി’കൾക്കുമല്ലാതെ, എൻഎഫ്ടി എന്താണെന്നു പലർക്കുമറിയില്ല എന്നതാണ് ആ ദിവസങ്ങളിൽ ട്രെൻഡിങ്ങായിരുന്ന ഗൂഗിൾ സെർച്ചുകൾ വ്യക്തമാക്കുന്നത്. പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റം കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് എൻഎഫ്ടി. ബിറ്റ്കോയിൻ തരംഗമായ കാലത്ത് ക്രിപ്റ്റോ കറൻസിയുടെ ഭാവി അധികനാൾ ഉണ്ടാകില്ല എന്നു പുച്ഛിച്ചു തള്ളിയവർക്കുള്ള മറുപടി കൂടിയാണ് ഇത്.

എന്താണ് എൻഎഫ്ടി?

‘നോൺ ഫഞ്ജിബിൾ ടോക്കൺ’ എന്നു പൂർണരൂപം. പകരം വയ്ക്കാനാകാത്ത, മാറ്റിയെടുക്കാനാകാത്ത ടോക്കൺ എന്നർത്ഥം. ഡിജിറ്റൽ ആയി സൂക്ഷിക്കാൻ സാധിക്കുന്ന, മൂല്യമുള്ള ഏതു ഉൽപന്നവും എൻഎഫ്ടികൾ ആക്കി മാറ്റാൻ സാധിക്കും. ചെറിയൊരു ടെക്സ്റ്റ് ഫയൽ മുതൽ ഡിജിറ്റൽ ചിത്രങ്ങൾ, പാട്ടുകൾ, വിഡിയോകൾ, സിനിമകൾ അങ്ങനെ എന്തും. ക്രിപ്റ്റോ കറൻസി വികസിപ്പിക്കപ്പെട്ട പ്ലാറ്റ്ഫോമായ ‘ബ്ലോക്ചെയിൻ’ തന്നെയാണ് ഇതിന്റെയും അടിസ്ഥാനം. ഇഥീറിയം നെറ്റ്‌വർക്കിൽ ഒരു പ്രത്യേക ഐഡിയും, ഉടമസ്ഥന്റെ വിവരങ്ങളും വിലയുമെല്ലാമടക്കമാണ് ഇവ സൂക്ഷിക്കപ്പെടുന്നത്. എന്നാൽ ക്രിപ്റ്റോ കറൻസി പോലെ വിനിമയം ചെയ്യാനുള്ളതല്ല എൻഎഫ്ടികൾ. ഒരു എൻഎഫ്ടി ആരെങ്കിലും വാങ്ങിയാൽ അതുമായി ബന്ധപ്പെട്ട ഉൽപന്നത്തിന്റെ ഉടമസ്ഥാവകാശമാണു വാങ്ങുന്നയാൾക്കു ലഭിക്കുന്നത്.

sunny-leone

ആരൊക്കെയാണ് ഇത് ഉപയോഗിക്കുന്നത്?

ഇപ്പോൾ ധാരാളം കലാകാരൻമാർ അവരുടെ സൃഷ്ടികൾ വിൽക്കുന്നത് എൻഎഫ്ടി വഴിയാണ്. കലാസൃഷ്ടികൾ മാത്രമല്ല, ചരിത്രപ്രാധാന്യമുള്ള രേഖകൾ, സെലിബ്രിറ്റികളുടെ ഓട്ടൊഗ്രാഫുകൾ... അങ്ങനെ പലതും ഇപ്പോൾ എൻഎഫ്ടികളായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ട്വിറ്ററിന്റെ സ്ഥാപകനായ ജാക്ക് ഡോർസി, തന്റെ ഏറ്റവും ആദ്യത്തെ ട്വീറ്റ് എൻഎഫ്ടി ആക്കി മാറ്റിയ ശേഷം വിറ്റത് 29 ലക്ഷം ഡോളറിനാണ്. അതായത് ഏകദേശം 21.29 കോടി രൂപ! അങ്ങനെ സ്വന്തം ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കലാസൃഷ്ടികൾ, തന്റെ പിതാവും കവിയുമായ ഹരിവംശ് റായ് ബച്ചന്റെ കവിതകൾ തന്റെ സ്വരത്തിൽ പാടിയ റെക്കോർഡിങ്ങുകൾ തുടങ്ങിയവ ഒക്കെ എൻഎഫ്ടിയാക്കി മാറ്റിയാണ് അമിതാഭ് ബച്ചൻ ഈയിടെ വാർത്തകളിൽ നിറഞ്ഞത്. ബോളിവുഡ് താരം സണ്ണി ലിയോണിയും എൻഎഫ്ടികളുമായി ഉടൻ‌ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

എന്തൊക്കെയാണ് ഇതിന്റെ പ്രശ്നങ്ങൾ?

ഡിജിറ്റൽ സൃഷ്ടികൾ എൻഎഫ്ടികൾ ആക്കി മാറ്റുന്നതിന് വലിയ തുകയാണ് പലവിധ ഫീസ് ആയി മുടക്കേണ്ടി വരുന്നത്. ചെറുകിട കലാകാരന്മാരിൽ പലർക്കും ഇതു താങ്ങാനാകുന്നതിനും അപ്പുറമാണ്. അതുപോലെ, ദിവസേന പെരുകിവരുന്ന എൻഎഫ്ടികൾ പരിസ്ഥിതിക്കു ദോഷകരമാണെന്നു വാദിക്കുന്നവരുമേറെയാണ്. ഓരോ എൻഎഫ്ടികൾ സൃഷ്ടിക്കുന്നതിനും നെറ്റ്‌വർക്കിൽ സൂക്ഷിക്കുന്നതിനും ധാരാളം വൈദ്യുതി ആവശ്യം വരുമെന്നാണ് ഇവരുടെ വാദം. അന്തരീക്ഷത്തിലേക്കുള്ള കാർബൺ പുറന്തള്ളൽ വർധിക്കുന്നതിന് ഇതു കാരണമാകുന്നുവെന്നും ഇവർ പറയുന്നു.

English Summary : Know More Non Fungible Tokens

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA