ഓഹരി വിപണിയും റോബിൻഹുഡും എങ്ങോട്ടാണീ പോകുന്നത്?

HIGHLIGHTS
  • ചെറുകിടക്കാരുടെ 'സ്വന്തം' ഓഹരി വിപണിയാണിപ്പോൾ
Mkt1
SHARE

ഓഹരി വിപണിയിലെ ശക്തരായി ചെറുകിട നിക്ഷേപകര്‍ മാറിയ റോബിന്‍ഹുഡ് പ്രതിഭാസം ആഗോള പ്രവണതയാണ്. ഇന്ത്യയില്‍ അതു കൂടുതല്‍ പ്രകടമാണ്. ഇപ്പോഴത്തെ ബുള്‍ വിപണിയെ വേറിട്ടു നിര്‍ത്തുന്നത് ചെറുകിട നിക്ഷേപകരുടെ ഈ ആവേശകരമായ പങ്കാളിത്തമാണ്. കുറഞ്ഞ ചിലവില്‍ എവിടെ നിന്നും ട്രേഡിങ് നടത്താവുന്ന നവീന ടെക്‌നോളജി പ്‌ളാറ്റ്‌ഫോമുകള്‍ ചെറുകിട നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. വീട്ടിലിരുന്നു ജോലി ചെയ്യുന്നതും യാത്രാ സമയം കുറഞ്ഞതും നവീന സാങ്കേതിക വിദ്യയോടുള്ള അടുപ്പവും ചെറുകിട നിക്ഷേപകര്‍ക്ക് അനുകൂലമായി. ബാങ്ക് നിക്ഷേപം പോലുള്ള സ്ഥിര നിക്ഷേപത്തില്‍ നിന്നു വരുമാനം  കുറഞ്ഞതും പലരേയും ഓഹരി വിപണിയിലേക്കു ആകര്‍ഷിച്ചിട്ടുണ്ട്. 

ചെറുകിടക്കാര്‍ ഇപ്പോള്‍ അവഗണിക്കാനാവാത്ത ശക്തി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.42 കോടി ഡിമാറ്റ് അക്കൗണ്ടുകള്‍ തുറക്കപ്പെട്ടത് റിക്കാര്‍ഡാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടുമാസം മാത്രം 44.7 ലക്ഷം ഡിമാറ്റ് അക്കൗണ്ടുകളുണ്ടായി. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇടപാടുകളില്‍ 45 ശതമാനം ചെറുകിട നിക്ഷേപകരുടേതാണെന്ന് ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.  2016 ലെ 33 ശതമാനത്തില്‍ നിന്നാണ് ഈ ഉയര്‍ച്ച. ഇക്കാലയളവില്‍ വിദേശ സ്ഥാപനങ്ങളുടെ വിപണിയിലെ ഇടപാടുകള്‍ 23 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി കുറയുകയും ആഭ്യന്തര സ്ഥാപനങ്ങളുടേത് 9 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി താഴുകയും ചെയ്തു.  

പുത്തന്‍ കൂറ്റ് നിക്ഷേപകര്‍ക്ക് ചില പൊതു സവിശേഷതകളുണ്ട്

∙വിപണിയിലെ ശക്തമായ തകര്‍ച്ചയോ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന താഴ്ചയോ  അവര്‍  അനുഭവിച്ചിട്ടില്ല.

∙ദീര്‍ഘകാലയളവില്‍ വിപണിയെ സ്വാധീനിക്കുന്ന മൂല്യനിര്‍ണയഘടകങ്ങള്‍, സമ്പദ് ശാസ്ത്ര ആശയങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്  അവര്‍ക്ക് കാര്യമായ  അറിവില്ല.

∙എന്നാല്‍ വിപണിയില്‍ നിന്നുള്ള കണ്ണഞ്ചിപ്പിക്കുന്ന ആദായത്തിന്റെ മോഹവലയത്തില്‍ പെട്ട് ആഹ്‌ളാദത്തോടെ അവര്‍ ട്രേഡിങ് നടത്തി വരികയാണ്.

∙2020 മാര്‍ച്ചിലെ തകര്‍ച്ചയ്ക്കു ശേഷമുണ്ടായ മിക്കവാറും ഏകപക്ഷീയമായ കുതിപ്പിന്റെ ഗുണഭോക്താക്കളാണ് അവര്‍.

അവസാനത്തെ ചിരി ആരുടേതായിരിക്കും?

ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകളുടെ, പ്രത്യേകിച്ച് യുഎസ് കേന്ദ്ര ബാങ്കിന്റെ ഉദാര പണ നയങ്ങളാണ് ഓഹരി വിപണിയിലെ ആഗോള കുതിപ്പിന്റെ പ്രധാന ചാലക ശക്തി. ഉദാര പണനയങ്ങള്‍ പിന്‍വലിക്കപ്പെടുന്നതോടെ ഓഹരി വിപണിയില്‍ കാര്യമായ തിരുത്തലുണ്ടാകാന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തെ സൂചനകളനുസരിച്ച് 2021 ഒടുവിലോ 2022 ആദ്യത്തിലോ യുഎസ് കേന്ദ്ര ബാങ്ക് വിപണിയിലേക്ക് പണം ഇറക്കുന്നതില്‍ കുറവു വരുത്തനാണ് സാധ്യത. പലിശ നിരക്കുയര്‍ത്തല്‍ 2023 ലേ പ്രതീക്ഷിക്കുന്നുള്ളു. എന്നാല്‍ 2022 ല്‍ തന്നെ ബോണ്ട് വരുമാനംഉയരുകയും ഓഹരികളില്‍ നിന്ന് ബോണ്ടുകളിലേക്കു പണം ഒഴുകാന്‍ ആരംഭിക്കുകയും ചെയ്‌തേക്കാം. വിപണിയില്‍ ശക്തമായ തിരുത്തലുകള്‍ക്ക് ഇതു കാരണമാകാന്‍ ഇടയുണ്ട്. 

മുന്നറിയിപ്പുണ്ടാകും

2013ല്‍ സംഭവിച്ചതുപോലുള്ള വിപണികളിലെ രൂക്ഷമായ പ്രക്ഷുബ്ധാവസ്ഥ ഒഴിവാക്കാന്‍ യുഎസ് കേന്ദ്രബാങ്ക് മതിയായ മുന്നറിയിപ്പുകള്‍ക്കു ശേഷമേ ഉദാര പണനയം അവസാനിപ്പിക്കുകയുള്ളു എന്നാണ് ബുള്‍ വിപണിയുടെ കാഴ്ചപ്പാട്. അതോടെ ഇപ്പോള്‍ വന്‍ ലാഭത്തിലുള്ള  വിദേശ സ്ഥാപനങ്ങള്‍ വന്‍ തോതില്‍ വില്‍പ്പന നടത്തിയേക്കാം. ട്രേഡിങില്‍ ചെറുകിടക്കാര്‍ക്കു മേല്‍ക്കൈയുണ്ടെങ്കിലും ആസ്തികള്‍ വിദേശ നിക്ഷേപകരുടെ കയ്യിലാണ്. ഇന്ത്യന്‍ ഓഹരികളില്‍ 27.4  ശതമാനവും വിദേശ സ്ഥാപനങ്ങളുടെ കൈയിലാണ്. ആഭ്യന്തര സ്ഥാപനങ്ങളുടെ പക്കല്‍ 7.9 ശതമാനം ഓഹരികളും വ്യക്തിഗത നിക്ഷേപകരുടെ പക്കല്‍ 8.1 ശതമാനം ഓഹരികളുമാണുള്ളത്.

ചോദ്യം ഇതാണ്: ഓഹരി വിലകള്‍ ഏറെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ നടത്തിയേക്കാവുന്ന  വന്‍തോതിലുള്ള വില്‍പനയുടെ  കുത്തൊഴുക്ക് ഉള്‍ക്കൊള്ളാന്‍ ചെറുകിട നിക്ഷേപകര്‍ക്കും ആഭ്യന്തര സ്ഥാപനങ്ങള്‍ക്കും സാധിക്കുമോ? കാത്തിരുന്നു കാണേണ്ടി വരും.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ്

English Summary : Who will be the Winner in this Bull Market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA