ADVERTISEMENT

സെന്‍സെക്‌സ് 60000 ഭേദിക്കുകയും വിലകള്‍ അമിതമായി കുതിക്കുകയും ചെയ്യുന്ന ഈ വേളയില്‍ പല നിക്ഷേപകരും ചോദിക്കുന്നു: ഇത് ഓഹരികള്‍ വില്‍ക്കാന്‍ പറ്റിയ സമയമാണോ ? 

2020 മാര്‍ച്ചിലെ താഴ്ചയില്‍ നിന്ന് നിഫ്റ്റി 130 ശതമാനത്തിലേറെ മുകളിലെത്തുകയും നിക്ഷേപകര്‍ക്ക് മികച്ച ലാഭം ലഭിക്കുകയും ചെയ്ത ഇപ്പോഴത്തെ സാഹചര്യത്തില്‍  ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്. മാര്‍ച്ചിലെ തകര്‍ച്ചയ്ക്കു ശേഷം നിക്ഷേപിച്ചവര്‍ വന്‍ ലാഭത്തിലാണ്.  അല്‍പം ലാഭമെടുക്കുന്നത് എപ്പോഴും നല്ലതു തന്നെ. എന്നാല്‍ നിക്ഷേപകര്‍ ഓഹരികള്‍ വില്‍ക്കണോ, നിക്ഷേപം തുടരണമോ  എന്നീ ചോദ്യങ്ങള്‍ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ തന്നെ. വിശദീകരിക്കാം.

ലക്ഷ്യമിട്ടത് നേടേണ്ടേ?

വീടോ കാറോ വാങ്ങുക എന്ന  ലക്ഷ്യത്തോടെ നിങ്ങള്‍ വിപണിയില്‍ പണം നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണെന്നിരിക്കട്ടെ. ലക്ഷ്യം നേടാന്‍ പാകത്തിന് നിങ്ങളുടെ നിക്ഷേപം വളര്‍ന്നെങ്കില്‍ ഓഹരികള്‍ വില്‍ക്കുന്നത്  ഉചിതമായിരിക്കും. വീടു വാങ്ങാനാണുദ്ദേശിക്കുന്നതെങ്കില്‍ ഡൗണ്‍ പെയ്‌മെന്റിനുള്ള പണത്തിനായി ഓഹരികള്‍ വില്‍ക്കാം.ബാക്കി പണം വെറും 6.6 ശതമാനം പലിശയ്ക്കു ലഭിക്കുന്ന ഭവന വായ്പയിലൂടെ സ്വരൂപിക്കുന്നതായിരിക്കും നല്ലത്. കാറോ സമാനമായ മറ്റെന്തെങ്കിലുമോ വാങ്ങാനാണെങ്കിലും ഇതേ തത്വം പ്രയോഗിക്കാവുന്നതാണ്. പണം ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം മാത്രമാണ്; സ്വയം ലക്ഷ്യമല്ല എന്നറിയുക! 

പൊങ്ങച്ച ഉപഭോഗത്തിനാണ് വില്‍പ്പനയെങ്കില്‍ രണ്ടു വട്ടം ചിന്തിക്കണം

സാമ്പത്തിക ലക്ഷ്യത്തിന്റെ സാക്ഷാത്കാരവും പൊങ്ങച്ച ഉപഭോഗവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് പ്രധാനമാണ്. താന്‍ നിക്ഷേപം നടത്തിയത് ആഢംബര കാര്‍ വാങ്ങുന്നതിനോ രത്‌നം പതിച്ച ആഭരണം വാങ്ങുന്നതിനോ ആണെന്നും അതിന്റെ പൂര്‍ത്തീകരണത്തിനായാണ് ഇപ്പോള്‍ വില്‍പന നടത്തുന്നതെന്നും  ഒരു നിക്ഷേപകന്‍ തീരുമാനിച്ചു  എന്നു കരുതുക. നിക്ഷേപകന്റെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഇതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഇതു നല്ല നിക്ഷേപ തന്ത്രമായിരിക്കില്ല. ആഗ്രഹ പൂര്‍ത്തീകരണത്തിനായി, പ്രത്യേകിച്ച് എന്തെങ്കിലും പൊങ്ങച്ച ഉപഭോഗത്തിനായി  ഓഹരികള്‍ വിറ്റതിന്റെ പേരില്‍ പലരും ഖേദിച്ചിട്ടുണ്ട്.  

ഇനി മറ്റൊരു ഉദാഹരണമെടുക്കാം. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍  എസ്‌ഐപിയിലൂടെ റിട്ടയര്‍മെന്റ് ജീവിതത്തിനായി പണം നിക്ഷേപിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എന്നും റിട്ടയര്‍മെന്റ് അഞ്ചുവര്‍ഷം അകലെയാണെന്നും കരുതുക. എങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ധൃതി പിടിച്ച് ഓഹരികള്‍ വില്‍ക്കേണ്ടതില്ല. മുന്നോട്ടു പോകുന്തോറും വിപണിയില്‍ ധാരാളം തിരുത്തലുകള്‍ സംഭവിക്കാനിരിക്കുന്നു. ഇന്നുള്ളതിനേക്കാള്‍ എത്രയോ ഉയരത്തിലായിരിക്കും വിപണി അഞ്ചു വര്‍ഷം കഴിയുമ്പോള്‍. അതിനാല്‍ നിക്ഷേപം നിലനിര്‍ത്തുകയും പണമടയ്ക്കുന്നത് തുടരുകയുമാണു വേണ്ടത്.  

money-count

സമ്പത്തു സൃഷ്ടിക്കാന്‍ നിക്ഷേപം നിലനിര്‍ത്താം

ഇനി ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യത്തിലേക്കു വരാം. ഓഹരി വിപണിയിലൂടെ സമ്പത്തു സൃഷ്ടിക്കാനാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ നിക്ഷേപം നിലനിര്‍ത്തുകയും ഘട്ടം ഘട്ടമായി ഓഹരികള്‍ വാങ്ങുകയുമാണു വേണ്ടത്.  ഏറ്റവും കൂടുതല്‍ സമ്പത്തു സൃഷ്ടിക്കപ്പെടുന്നത് ഓഹരിവിപണിയിലൂടെയാണെന്ന തിരിച്ചറിവ് പ്രധാനമാണ്. ഗുണനിലവാരമുള്ള ഓഹരികള്‍ ദീര്‍ഘകാലത്തേക്കു നിലനിര്‍ത്തിയാണ് ഇതു സാധിക്കുന്നത്. ദീര്‍ഘകാല നിക്ഷേപം വന്‍ സമ്പത്തിലേക്കു നയിക്കും. 

പോര്‍ട്‌ഫോളിയോയിലെ റിസ്‌ക് കുറയ്ക്കുക

വിലകള്‍ ഏറെ ഉയര്‍ന്നിരിക്കുകയും വിപണിയില്‍ കടുത്ത തിരുത്തലിനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍, അടിസ്ഥാന പിന്തുണയില്ലാതെ കുതിച്ചുകൊണ്ടിരിക്കുന്ന, പ്രത്യേകിച്ച്  ഇടത്തരം ചെറുകിട ഓഹരികള്‍ വിറ്റ് പോര്‍ട്്‌ഫോളിയോയിലെ റിസ്‌ക്  കുറയ്ക്കുന്നത് നല്ലതാണ്. ഇപ്പോള്‍, ഏറ്റവും സുരക്ഷിതം ഉയര്‍ന്ന ഗുണനിലവാരമുള്ള വന്‍കിട ഓഹരികളാണ്. കുറച്ചു പണം സ്ഥിര നിക്ഷേപത്തിലേക്കു മാറ്റുന്നതും നല്ലതാണ്.  

ഇന്ത്യയില്‍ കഴിഞ്ഞ 42 വര്‍ഷത്തിനിടയില്‍ 15 ശതമാനത്തിലധികം ശരാശരി വാര്‍ഷിക നേട്ടം നല്‍കിക്കൊണ്ട് സെന്‍സെക്‌സ് (1979 = 100) 600 മടങ്ങ് കുതിച്ചു.  മറ്റേതൊരു ആസ്തിയേയും ബഹുദൂരം പിന്നിലാക്കിയായിരുന്നു ഈ കുതിപ്പ്. മികച്ച ഈ പ്രകടനം ഭാവിയിലും തുടരും. അതിനാല്‍, സമ്പത്തു സൃഷ്ടിക്കുന്ന പ്രക്രിയയില്‍ പങ്കാളിത്തം വേണമെങ്കില്‍, നിക്ഷേപം നിലനിര്‍ത്തുക തന്നെ വേണം. മാത്രമല്ല, സെന്‍സെക്‌സ് 58000 ത്തിലോ 60000 ത്തിലോ 62000 ത്തിലോ ആണെന്നതു പരിഗണിക്കാതെ നിക്ഷേപിച്ചുകൊണ്ടിരിക്കുകയും വേണം. അച്ചടക്കത്തോടെയുള്ള  നിക്ഷേപമാണ് സമ്പത്തിന്റെ സൃഷ്ടിക്കായുള്ള താക്കോല്‍.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary: Sensex @ 60000 Is It Right Time to Sell Shares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com