ADVERTISEMENT

ദീർഘകാലത്തേക്കു നിക്ഷേപിച്ചാൽ ഓഹരിവിപണിയിൽ നേട്ടമുണ്ടാക്കാമെന്ന ഉപദേശവുമായി വന്ന റിട്ട. ബാങ്ക് ഉദ്യോഗസ്ഥനോട് പുതുതലമുറയിലെ നിക്ഷേപകരിലൊരാൾ ചോദിച്ചു. 

‘‘ദീർഘകാലം എന്നാൽ എത്ര വർഷമാണ്?’’

‘‘കുറഞ്ഞത് 5 വർഷത്തേക്ക് നിക്ഷേപിക്കണം. കൂടുതൽ കാലം ഓഹരി കൈവശം വച്ചാൽ നേട്ടം കൂടും.’’

‘‘ഞങ്ങൾക്ക് ദീർഘകാലം എന്നാൽ 6 മാസമൊക്കെയാണ്. വാങ്ങിയ അന്നു തന്നെ ലാഭം വന്നാൽ വിൽക്കും. 6 മാസത്തിനുള്ളിൽ എപ്പോഴെങ്കിലും ലാഭം വന്നാൽ വിൽക്കും. ഇല്ലെങ്കിൽ നഷ്ടത്തിനു വിൽക്കും.’’

20–25 വർഷത്തേക്കൊക്കെ ഓഹരികൾ കയ്യിൽ വയ്ക്കുന്നവരും വാങ്ങിയാൽ പിന്നെ വിൽക്കുകയേ ചെയ്യാത്തവരും ഉണ്ടെന്ന് പുതുതലമുറക്കാരനോട് പറഞ്ഞപ്പോൾ മറുപടി ഒരു ചിരിയായിരുന്നു– ‘പുവർ ഫെലോസ്’ എന്ന് അർഥമാക്കുന്ന ചിരി. എന്നിട്ട് ഒരു ചോദ്യം തിരിച്ചു ചോദിച്ചു– ‘‘25 വർഷം കഴിഞ്ഞ് നമ്മൾ ഉണ്ടാകുമെന്നതിന് എന്താണുറപ്പ് അങ്കിളേ.. നമുക്കു തിന്നാനല്ലെങ്കിൽ പിന്നെ ഈ കാശൊക്കെ എന്തിനാ?’’

ഓഹരി വിൽക്കാതെ പിടിച്ചുവെയ്ക്കണോ?

‘‘നിക്ഷേപത്തിൽ ലാഭം കിട്ടിയിട്ടും ഓഹരി വിൽക്കാതെ പിടിച്ചുവച്ചതുകൊണ്ട് എന്തു നേട്ടം? പിന്നെ വില താഴേക്കു പോയാൽ നേട്ടം നഷ്ടമാകില്ലേ?’’– പയ്യൻ വിടുന്ന ലക്ഷണമില്ല. 

‘‘അതെല്ലാം താൽക്കാലികമാണ്’’ എന്നു വിശദീകരിക്കാൻ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ ശ്രമിച്ചെങ്കിലും ഉപദേശം ഫലിച്ചില്ല. തിരിച്ച് അദ്ദേഹത്തെ പഠിപ്പിക്കാനായി ശ്രമം. 

‘‘ഞങ്ങൾ നടത്തുന്നത് സ്വിങ് ട്രേഡിങ്ങാണ്’’– യുവാവ് പറഞ്ഞു. ‘‘ആദ്യം ഇൻട്രാഡേ ആയിരുന്നു. അതിൽ കുറെ കാശു പോയി. രണ്ടു ദിവസം കാശു കിട്ടും, മൂന്നാം ദിവസം എല്ലാം ഒന്നോടെ പോകും–അതായിരുന്നു സ്ഥിതി’’ – പഴയ നഷ്ടക്കഥകൾ പയ്യൻ പറഞ്ഞു. 

വിരൽ തൊടുകയേ വേണ്ടൂ

‘‘അങ്കിളിന്റെ പഴയകാലമല്ല ഇപ്പോൾ. വിരൽ തൊട്ടാൽ സ്റ്റോക്കിന്റെ ഗ്രാഫ് കൺമുന്നിലെത്തും. മുൻപ് ഏതു വിലയിൽ നിന്നാണ് സ്റ്റോക് തിരിച്ചുകയറിയതെന്ന് ഗ്രാഫിൽ നിന്ന് കണ്ടുവയ്ക്കും. ആ വിലയ്ക്കടുത്ത് വില എത്തുമ്പോൾ ഓഹരി വാങ്ങും. വിൽപനയുടെ കാര്യത്തിലും ഇതുപോലെ ഗ്രാഫ് നോക്കും. അങ്ങനെ സ്വിങ് ട്രേഡിങ്ങാണ് ഇപ്പോൾ ചെയ്യുന്നത്.’’

എന്നിട്ട് ഒരു വാചകം അൽപം കടുപ്പത്തിൽ പറഞ്ഞു– ‘‘അങ്കിൾ സ്റ്റോക്കും കെട്ടിപ്പിടിച്ചിരുന്നോ... കുഴിമാടത്തിലേക്കു കൊണ്ടുപോകാം.’’

പണം പോയ വഴി

സ്വിങ് ട്രേഡിങ് പലപ്പോഴും പിഴയ്ക്കാമെന്നത് റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസങ്ങളിൽ പോയ അതേ വഴിയിൽ ഓഹരിവില വീണ്ടും പോകണമെന്നില്ല. വാങ്ങിയ വിലയിലും വളരെ താഴ്ന്നാൽ സ്വിങ് ട്രേഡുകാർ വിറ്റൊഴിയും. ലാഭത്തിനു വിൽക്കാൻ കഴിഞ്ഞാലോ ആ പണം പേയ് ഔട്ട് എടുത്ത് ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനാണ് പലർക്കും താൽപര്യം. പിന്നെ ആ പണം പോയ വഴി കാണില്ല. 

ട്രേഡിങ് കൊണ്ട് കാര്യമായ നേട്ടമുണ്ടാക്കുന്നവർ ചെറിയ ശതമാനമേ വരൂ എന്ന് അയാൾ ചൂണ്ടിക്കാട്ടി. എന്നാൽ ദീർഘകാല നിക്ഷേപം നടത്തിയാൽ നേട്ടം കൂടുതലാണെന്നും പറഞ്ഞു.  

‘‘ദീർഘകാല നിക്ഷേപം തുടങ്ങാൻ എളുപ്പമാണ്. പക്ഷേ, തുടരാൻ ബുദ്ധിമുട്ടും’– റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘‘ദീർഘകാലമെന്നൊക്കെ പറഞ്ഞ് ഓഹരിനിക്ഷേപം തുടങ്ങും. വില താഴേക്കുപോയാൽ എല്ലാം തകിടം മറിയും.  പിന്നെ വിറ്റുമാറും. ഇനി വില കൂടിയാലോ; അപ്പോഴും സമ്മർദം തന്നെ. ലാഭം പോകുമോ എന്ന സമ്മർദം താങ്ങാനാകാതെ വിറ്റു മാറും.’’

മനസ്സിനെ പാകപ്പെടുത്തണം

എന്നാൽ ദീർഘകാല നിക്ഷേപത്തിലൂടെ വലിയ സമ്പത്തുണ്ടാക്കിയവർ പലതവണ ഇത്തരം സമ്മർദങ്ങളെ അതിജീവിച്ച് മനസ്സിനെ പാകപ്പെടുത്തിയവരായിരിക്കും. നല്ല കമ്പനിയുടെ ഓഹരിവില എന്തെങ്കിലും കാരണംകൊണ്ട് താഴ്ന്നാൽ അതിന്റെ കാരണം നോക്കിയാകും മുന്നോട്ടുള്ള നീക്കം. കമ്പനിക്ക് ഭാവിയിൽ വളരാൻ നല്ല സാധ്യതണ്ടെന്നുകണ്ടാൽ ഹ്രസ്വകാലത്തെ ഓഹരിവിലയിടിവ് കാര്യമാക്കില്ല അവർ. പകരം, ഓഹരിവിലയിടിവ് കൂടുതൽ നിക്ഷേപത്തിനുള്ള അവസരമായി കാണും.

ദീർഘകാല നിക്ഷേപത്തിന്റെ നേട്ടങ്ങൾ പുതുതലമുറക്കാരന് പറഞ്ഞുകൊടുക്കലായി പിന്നെ. ഏതു കമ്പനിയുടെ ഓഹരിയാണ് ദീർഘകാല നിക്ഷേപത്തിനു തിരഞ്ഞെടുക്കുന്നത് എന്നത് വളരെ പ്രധാനമാണ്. ഉറച്ച സാമ്പത്തിക അടിത്തറയുള്ളതും ഭാവിയിൽ ബിസിനസ് കൂടുതൽ വളരാൻ സാധ്യതയുള്ളതുമായ കമ്പനിയാകണം തിരഞ്ഞെടുക്കേണ്ടത്. ചെറിയ നിക്ഷേപത്തോടെ തുടക്കമിടുക.  പിന്നീട് പതുക്കെപ്പതുക്കെ നിക്ഷേപം കൂട്ടുക. ഓഹരിവിപണിയുടെ ഹ്രസ്വകാലത്തെ ഇറക്കങ്ങൾ ദീർഘകാലത്തെ നിക്ഷേപത്തെ ബാധിക്കില്ല. 

തുടക്കം ചെറിയ നിക്ഷേപത്തോടെ

1987 ഒക്ടോബർ 19ന് യുഎസിലെ ഓഹരിവിപണിയിലെ കറുത്ത ദിനമായിരുന്നു. ‘ബ്ലാക്ക് മൺഡേ’ എന്ന് അറിയപ്പെടുന്ന അന്ന് യുഎസ് ഓഹരിസൂചിക ഡൗജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 22 ശതമാനമാണ് കൂപ്പുകുത്തിയത്. അന്ന് ഭൂരിഭാഗം നിക്ഷേപകരും കിട്ടിയ വിലയ്ക്ക് നഷ്ടത്തിൽ ഓഹരികൾ വിറ്റൊഴിഞ്ഞു. എന്നാൽ വിൽക്കാതെ പിടിച്ചുനിന്നവർ നേട്ടമുണ്ടാക്കി. ഡൗജോൺസ് സൂചിക 1988ൽ 11.85 ശതമാനവും 1989ൽ 26.96 ശതമാനവും ഉയർന്നു. പിന്നെയും കുതിപ്പു തുടർന്നു. മനസ്സിനെ പാകപ്പെടുത്തിയവർക്കാണ് നേട്ടമുണ്ടായത്. ഇക്കൂട്ടർ നല്ല ഓഹരികൾ താഴ്ന്ന വിലയിൽ വാങ്ങുകയും ചെയ്തു. 

ക്ഷമയ്ക്ക് ആട്ടിൻസൂപ്പിന്റെ ഫലമോ?

‘‘ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യും’’– റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു നിർത്തി. പയ്യൻ ഇക്കുറി തെല്ലു കുറ്റബോധത്തോടെ പറഞ്ഞു. ‘‘എല്ലാം ശരിയാണ്. എന്നാൽ സെൽ ബട്ടൻ കണ്ടാൽ ഒരു കൈത്തരിപ്പാണ്. ആ തരിപ്പ് പോകാൻ മരുന്നുവല്ലതുമുണ്ടോ അങ്കിളേ..’’

മാർക്കറ്റിനെക്കുറിച്ച് ആഴത്തിൽ പഠിക്കുക. കിട്ടാവുന്നിടത്തോളം പുസ്തകങ്ങൾ വായിക്കുക. പിന്നെ ആ കൈത്തരിപ്പ് ഇല്ലാതാകും. നീ ഭാവിയിലെ വലിയ നിക്ഷേപകനാകും– ചെറുപുഞ്ചിരിയോടെ മറുപടി. വികാരങ്ങൾക്ക് കടിഞ്ഞാണിട്ടാലേ ഓഹരിവിപണിയിൽ വലിയ നേട്ടമുണ്ടാക്കാനാകൂ എന്ന തത്വം അപ്പോഴേക്കും ആ പയ്യൻ പഠിച്ചിരുന്നു.

English Summary : What should be Your Strategy in Share Market Now?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com