ADVERTISEMENT

കോര്‍പറേറ്റ് കമ്പനികളുടെ മികച്ച പ്രകടനവും പണലഭ്യതയുമെല്ലാം ഓഹരിവിപണിക്ക് കരുത്തു കൂട്ടുകയാണ്.18 മാസമായി കാളക്കൂറ്റന്മാര്‍ ആടിത്തിമിര്‍ക്കുന്നു. പലിശ കുറച്ചതും പണലഭ്യത ഉറപ്പാക്കിയതും വിപണിയെ ആവോളം തൃപ്തിപ്പെടുത്തി. മിക്ക ലിസ്റ്റഡ് കമ്പനികളും മികച്ച പ്രകടനം ആണ് നടത്തുന്നത്. 

ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്ല കാലം

കേന്ദ്രസര്‍ക്കാരിന്റെ ഉല്‍പാദന അനുബന്ധ ആനുകൂല്യ പദ്ധതി (പിഎൽഐ– പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം) മികച്ച നിക്ഷേപാവസരമാണു കമ്പനികള്‍ക്ക് ഒരുക്കുന്നത്. ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍സ്, മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ഉൽപാദനം തുടങ്ങിയ മേഖലകളിലെ കമ്പനികളെ നോട്ടമിടാം. വാഹന, വാഹന ഘടകനയവും വലിയ അവസരം നിക്ഷേപകര്‍ക്കു നല്‍കും. 

കഴിഞ്ഞ അഞ്ചു വര്‍ഷമായി മന്ദഗതിയിലായിരുന്ന വ്യാവസായിക, എന്‍ജിനീയറിങ് കമ്പനികളും നില മെച്ചപ്പെടുത്തുന്നുണ്ട്. ചൈനയില്‍നിന്ന് ഉൽപാദനം മാറ്റാന്‍ ശ്രമിക്കുന്ന കമ്പനികളെയും നിരീക്ഷിക്കാം. ഗുണനിലവാരമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ആവശ്യകത കൂടുന്ന സന്ദര്‍ഭമാണിത്. അത്തരം ഓഹരികളെയും പരിഗണിക്കാം. അഞ്ചു വര്‍ഷത്തിനുള്ളില്‍ വലിയ നേട്ടം നല്‍കുമത്. 

ഇന്ത്യന്‍ ഉൽപന്നങ്ങള്‍ക്ക് വൻ ആവശ്യകതയാകും ഉണ്ടാകുക. തൻമൂലം 4–5 വര്‍ഷത്തിനുള്ളില്‍ മിഡ്ക്യാപ് നിർമാണ കമ്പനികള്‍ക്ക് മികച്ച പ്രകടനം നടത്താനാകും. നിക്ഷേപകർ അത്തരം കമ്പനികളെ തിരിച്ചറിഞ്ഞ് ആ ഓഹരികൾ കൈവശം വയ്ക്കാൻ ധൈര്യം കാണിച്ചാൽ ഭാവിയില്‍ നേട്ടമുണ്ടാക്കാം. 

സാമ്പത്തിക പ്രകടനം

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിഡിപി വളര്‍ച്ച 201 ശതമാനമാണ്. ജിഎസ്ടി വരുമാനം രണ്ടാം മാസവും ഒരു ലക്ഷം കോടി രൂപ പിന്നിട്ടു. ഓഗസ്റ്റിലെ മൊത്തം ജിഎസ്ടി പോയ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 30% കൂടുതൽ. ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നത് സാമ്പത്തികരംഗം അതിവേഗം തിരിച്ചുവരുന്നതിന്റെ സൂചന തന്നെയാണ്. 

ഉന്നമിടാം ഫാര്‍മ കമ്പനികളെ

കോവിഡിന്റെ തച്ചുടയ്ക്കലില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഫാര്‍മ, ഹോസ്പിറ്റല്‍സ്, ഡയഗ് നോസ്റ്റിക്‌സ് ഉൾപ്പെടുന്ന ആരോഗ്യമേഖലയാണ്. ഈ കുതിപ്പ് അടുത്ത കുറച്ചു വര്‍ഷങ്ങളിലും തുടരും. കോവിഡ് ഇതര മരുന്നു വിപണിയിലും രോഗനിര്‍ണയ സംവിധാനങ്ങള്‍ വിന്യസിക്കുന്ന കമ്പനികള്‍ക്കും മികച്ച ബിസിനസ് ലഭിക്കും. കാര്യങ്ങള്‍ സാധാരണ സ്ഥിതിയിലേക്കു വരുന്നതോടെ മെഡിക്കല്‍ ടൂറിസം മേഖലയ്ക്കും വന്‍നേട്ടം കൊയ്യാവുന്ന സാഹചര്യവുമുണ്ട്. ആരോഗ്യ പരിരക്ഷയെ കുറിച്ചുള്ള അവബോധം കൂടിയതുകൊണ്ട് ഇന്‍ഷുറന്‍സ് ബിസിനസിലും വന്‍ വര്‍ധന വരാനാണു സാധ്യത. 

ഫാര്‍മ കമ്പനികളില്‍ വാക്‌സീന്‍ വിൽപനയിലൂടെ മികച്ച നേട്ടം കൊയ്യുന്ന ഡോ റെഡ്ഡീസ് ലാബ്‌സ് തന്നെയാകും താരം. സ്‌പെഷ്യൽറ്റി മരുന്നുകളില്‍ സണ്‍ ‍ഫാര്‍മ ഉയര്‍ന്ന റിസ്‌ക്കും ഉയര്‍ന്ന നേട്ടവും നല്‍കുന്ന ഓഹരി ആകാം. അരബിന്ദോ ഫാര്‍മയും ആകര്‍ഷകം തന്നെ. 

സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ ഉൽപാദിപ്പിക്കുന്ന ദിവിസ് ലാബ്‌സ്, ലൗറസ് ലാബ്‌സ്, ഗ്ലാന്‍ഡ് ഫാര്‍മ തുടങ്ങിയവയും നല്ല നേട്ടത്തിനു സാധ്യതയുള്ളവയാണ്. ഏറ്റെടുക്കലും ലയനങ്ങളും വഴി ചെറുകിട, ഇടത്തരം കമ്പനികള്‍ക്കും നല്ല കാലമായിരിക്കും. രാജ്യാന്തര യാത്ര നിയന്ത്രണങ്ങള്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. സ്വകാര്യ ആശുപത്രി വമ്പനായ അപ്പോളോ ഹോസ്പിറ്റല്‍സ്, രോഗനിര്‍ണയ സ്ഥാപനങ്ങളായ ഡോ ലാല്‍ പാത്ത് ലാബ്‌സ്, മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍ എന്നിവയും പരിഗണിക്കാവുന്നതാണ്.

ഒക്ടോബറില്‍ നിഫ്റ്റി 18,897 ലെവലിലേക്ക്

ഓഗസ്റ്റിൽ 1369 പോയിന്റ് നേട്ടം കൊയ്ത നിഫ്റ്റി സെപ്റ്റംബര്‍ 19 വരെ 452 പോയിന്റിന്റെ കുതിപ്പു രേഖപ്പെടുത്തി. 17,792 എന്ന റെക്കോർഡ് ലെവലിൽ എത്തിയ നിഫ്റ്റി18,352 വരെ ഉയർന്നേക്കും. അതേസമയം രണ്ടാം പാദത്തിൽ കമ്പനികളുടെ പ്രകടനം മികച്ചതായാൽ ഒക്ടോബറിൽ 18,897 ലെവലിൽ എത്തിയാലും അദ്ഭുതം വേണ്ട. തിരുത്തലുണ്ടായാൽ 17,025–16,781 ലെവൽ പ്രതീക്ഷിക്കാം 

6 മാസം കൊണ്ട് ഇരട്ടി നേട്ടം

ഒരു വർഷത്തിനകം 20% ലാഭം പ്രതീക്ഷിച്ച് 1,855 രൂപ നിലവാരത്തിൽ വാങ്ങാൻ 2021 ഏപ്രിലിൽ മാർക്കറ്റ് മാപ്പിൽ ശുപാർശ ചെയ്ത ഓഹരിയായിരുന്നു ഐആർസിടിസിയുടേത്. സെപ്റ്റംബർ 20ന് ഐആർസിടിസിയുടെ വില 3,600 രൂപയാണ്. ആറു മാസം കൊണ്ട് കിട്ടിയത് 95 ശതമാനത്തോളം നേട്ടം.

ലേഖകൻ സെബി അംഗീകൃത റിസർച്ച് അനലിസ്റ്റും AAA Profit Analytics ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് 

English Summary: Share Market may Go Up in October also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com