ADVERTISEMENT

ആഭ്യന്തര വിപണിയില്‍ ഇനി നിക്ഷേപകര്‍ക്ക്‌ ഗോള്‍ഡ്‌ ഇടിഎഫില്‍ എന്നപോലെ സില്‍വര്‍ ഇടിഎഫിലും നിക്ഷേപം നടത്താം. ഇന്ത്യയില്‍ സില്‍വര്‍ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകള്‍ (ഇടിഎഫ്‌) അവതരിപ്പിക്കുന്നതിന്‌ മ്യൂച്വല്‍ ഫണ്ട്‌ ഹൗസുകള്‍ക്ക്‌ വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ ( സെബി) അനുമതി നല്‍കി.

നിലവില്‍ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ സ്വർണത്തിൽ മാത്രം ഇടിഎഫ്‌ അവതരിപ്പിക്കാനാണ്‌ അനുമതി ഉണ്ടായിരുന്നത്‌. ആഗസ്റ്റ്‌ വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ ഗോള്‍ഡ്‌ ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 16,349 കോടിയോളം വരും.

വെള്ളി , അസംസ്‌കൃത എണ്ണ എന്നിവയുടെ വില പിന്തുടരുന്ന ഇടിഎഫുകള്‍ ആരംഭിക്കുക എന്നത്‌ നിക്ഷേപകരുടെയും മ്യൂച്വല്‍ ഫണ്ട്‌ മേഖലയുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ്‌. സ്വർണവും വെള്ളിയും ഇന്ത്യന്‍ നിക്ഷേപകർക്ക് പ്രധാനപ്പെട്ട ആസ്‌തി വിഭാഗവുമാണ്‌.

∙സില്‍വര്‍ ഇടിഎഫുകള്‍ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌?

ആഗോള വിപണികളില്‍ വെള്ളി വില രണ്ട്‌ തരത്തില്‍ പിന്തുടരുന്ന എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളാണ്‌ അസറ്റ്‌മാനേജ്‌മെന്റ്‌ കമ്പനികള്‍ പുറത്തിറക്കുന്നത്‌. ചില സ്‌കീമുകള്‍ ഡെറിവേറ്റീവുകള്‍ ഉപയോഗിച്ചാണ്‌ വെള്ളിയില്‍ നിന്നുള്ള വരുമാനം പ്രതിഫലിപ്പിക്കുന്നത്‌, മറ്റു ചിലര്‍ ഇതിനായി ഭൗതിക വെള്ളി ബാറുകള്‍ വാങ്ങാനാണ്‌ ഇഷ്ടപ്പെടുന്നത്‌. ഇതുവരെ ആഭ്യന്തര നിക്ഷേപകര്‍ക്ക്‌ വെള്ളിയില്‍ നിക്ഷേപം നടത്തണം എന്നുണ്ടെങ്കില്‍ വെള്ളി ബാറുകള്‍ വാങ്ങുക, കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളിലെ കമ്മോഡിറ്റി ഫ്യൂചറുകളില്‍ നിക്ഷേപിക്കുക എന്നീ വഴികള്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌.

സ്വര്‍ണത്തെ അപേക്ഷിച്ച്‌ ചാഞ്ചാട്ടം കൂടുതലാണ്‌ വെള്ളിയ്‌ക്ക്‌. ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ട്‌ ഹൗസുകള്‍ അവര്‍ കൈകാര്യം ചെയ്യുന്ന ഗോള്‍ഡ്‌ ഇടിഎഫിനായി ഭൗതിക സ്വർണം വാങ്ങുകയാണ്‌ ചെയ്യുന്നത്‌.

ഇതു പോലെ സില്‍വര്‍ ഇടിഎഫിനായി ഫണ്ട്‌ ഹൗസുകള്‍ വെള്ളി ബാറുകള്‍ സ്വന്തമാക്കുന്ന രീതി റെഗുലേറ്റര്‍ തുടരുമെന്നമാണ്‌ പ്രതീക്ഷിക്കുന്നത്‌. വിലകൂടിയ ലോഹം എന്നതിന്‌ പുറമെ നിരവധി വ്യാവസായിക ഉപയോഗങ്ങളും വെള്ളിയ്ക്കുണ്ട്‌.

English Summary: Silver ETF is also Possible in India Now

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com