ADVERTISEMENT

വിപണി കുതിച്ചു കയറുന്നു എന്ന വാർത്ത കേട്ടപാതി കേൾക്കാത്ത പാതി വെറുതെയങ്ങ് ഈ രംഗത്തേയ്ക്ക് എടുത്തുചാടുന്നവരുടെ എണ്ണം ഇപ്പോൾ ഓഹരി വിപണിയിൽ ഏറെയാണ്. വിപണി തരുന്ന കണ്ണഞ്ചിക്കുന്ന നേട്ടത്തിൽ മയങ്ങി ഒരു കൈ നോക്കാൻ വരുന്ന ന്യൂജെൻ തരംഗമാണിത്. ഒരു ഓഹരിയുടെ വില ഉയരുമ്പോൾ പെട്ടെന്ന് ആവേശത്തിൽ വാങ്ങുകയും, കൂടുതൽ വിൽപ്പനക്കാരെ കാണുമ്പോൾ പെട്ടെന്ന് വിറ്റൊഴിയുകയും ചെയ്യുകയാണ് ഇക്കൂട്ടരിലേറെയും. കോവിഡ് കാലത്തെ വിപണിയുടെ കുതിപ്പിൽ രംഗത്തു വന്ന ഇവർ പലതരം കൃത്രിമങ്ങൾ നടക്കുന്ന ഒരിടമാണ് ഓഹരിവിപണി എന്ന യാഥാർത്ഥ്യം ഇതുവരെ മനസിലാക്കിയിട്ടില്ലെന്നു വേണം കരുതാൻ. 

കള്ളത്തരങ്ങൾ പെരുകുന്നു

ഓഹരി വിപണിയിലും പലതരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നുണ്ട്. സെബി പല മുൻകരുതലുകൾ എടുത്തിട്ടുപോലും പുതിയതരം കള്ളത്തരങ്ങൾ ബ്രോക്കറേജ് കമ്പനികളുടെ  ഭാഗത്തുനിന്നുപോലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചില സെർവറുകളിൽനിന്നും ഓഹരി വിൽപ്പന അല്ലെങ്കിൽ വാങ്ങൽ പെട്ടെന്നു നടപ്പാക്കുന്ന സംവിധാനങ്ങൾ (high frequency trading) കുറച്ചുനാളുകളായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 

ഓഹരിയുടെ വിലകൾ വേണ്ടപ്പോൾ കയറ്റുവാനും പെട്ടെന്ന് വിറ്റൊഴിയുവാനും അൽഗോരിതം അടിസ്ഥാനമാക്കിയുള്ള സോഫ്ട്‍വെയറുകൾ ധാരാളമുണ്ട്. 20,000 ഓഹരികൾ ഒന്നിച്ച് വാങ്ങുന്ന ഒരു മ്യൂച്ചൽ ഫണ്ട് മാനേജർക്ക് തീർച്ചയായും 10 ഓഹരി വാങ്ങുന്ന ഒരു വ്യക്തിയേക്കാൾ ഓഹരിയുടെ വിലനിലവാരം നിശ്ചയിക്കുവാൻ സാധിക്കും. 

മറ്റൊരാളുടെ നേട്ടം നിങ്ങളുടെ നഷ്ടമാണ്

ഓഹരി വിദഗ്ധരുടെ ശുപാർശകൾ പ്രകാരം വാങ്ങാതിരിക്കുക. ടെലിഗ്രാം ഗ്രൂപ്പുകളും, ഓഹരി ഫോറങ്ങളും അഭിപ്രായങ്ങൾ കൃത്രിമമായി ഉണ്ടാക്കി ആളുകളെ സ്വാധീനിക്കാറുണ്ട് എന്ന് മറക്കാതിരിക്കുക. ഒരു പ്രധാനപ്പെട്ട ഓഹരി വാർത്താചാനലിൽ സ്ഥിരമായി വന്നിരുന്ന ഒരു പ്രമുഖ അനലിസ്റ്റ് കുറച്ച് വർഷങ്ങൾക്ക്‌ മുൻപ് ക്വാളിറ്റി എന്ന ഓഹരി 100 രൂപയ്ക്കു മുതൽ വാങ്ങുവാൻ മാസങ്ങളോളം ആഹ്വാനം ചെയ്ത് 135 രൂപയിൽ എത്തിച്ച് പിന്നീട് വിറ്റൊഴിഞ്ഞ് ഇപ്പോൾ അത് 2 രൂപയിലെത്തിയിരിക്കുകയാണ്. ആര് ശുപാര്‍ശ ചെയ്താലും നമ്മുടെ പണം ഏത് ഓഹരിയിൽ നിക്ഷേപിക്കണമെന്ന് കൃത്യമായ വായനകൾക്കുശേഷം മാത്രം തീരുമാനിക്കുക. കാരണം ഓഹരിവിപണിയിൽ മറ്റൊരാളുടെ നേട്ടം നിങ്ങളുടെ നഷ്ടമാണെന്നറിയുക.സ്വന്തം നഷ്ടം കൊണ്ട് മറ്റൊരാൾക്ക് പണം കിട്ടി നന്നാവണമെന്ന് ആരും വിചാരിക്കുകയില്ലല്ലോ. 

market-share

കാൻഡിൽ ചാർട്ടുകളിലെ കളികൾ

ഓഹരി വാങ്ങുന്നയാൾ തന്നെ അതെ എണ്ണം ഓഹരി വിൽക്കുവാനും ഒരേ സമയം നോക്കുന്നതിനാലാണ് ചിലപ്പോൾ കാൻഡിൽ ചാർട്ടുകളിൽ പെട്ടെന്ന് ഒരു ഉയർച്ച രേഖപ്പെടുത്തിയശേഷം ആ നിമിഷത്തിൽ തന്നെ താഴുന്നത്. അതിനാൽ സാങ്കേതികമായ അറിവില്ലാത്തവർ ചാർട്ട് മനസ്സിലാക്കുവാൻ ശ്രമിച്ചാൽ തെറ്റിപ്പോകുവാൻ സാധ്യതയുണ്ട്. മാത്രമല്ല സിദ്ധാന്തങ്ങൾ (theory) അനുസരിച്ചല്ല യഥാർത്ഥ വിപണി നീങ്ങുന്നത്. 

കമ്പനികളുടെ ഫലപ്രഖ്യാപനത്തിനോടനുബന്ധിച്ച് കൂടുതലായി കാണാറുള്ള ആവേശം പലപ്പോഴും കമ്പനിയുടെ അകത്തുള്ളവർ തന്നെ കൃത്രിമമായി ഉണ്ടാക്കുന്നതാണെന്ന് പലസമയത്തും റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്. 

'ഗ്യാരന്റീഡ് റിട്ടേൺ' എന്ന ഒരുകാര്യം ഓഹരി വിപണിയിൽ ഇല്ല എന്ന് മനസ്സിലാക്കുക. അതിനാൽ ഇത്തരം വാഗ്ദാനങ്ങളുള്ള ഓഹരി അധിഷ്ഠിത പദ്ധതികളിൽ ചേരാതിരിക്കുക. 

ഫ്യൂച്ചേഴ്സസിലും, ഓപ്ഷനിലും 'റിവേഴ്‌സ് ട്രേഡ് ' ചെയ്ത് പണമുണ്ടാക്കുന്ന സൂത്രക്കാരുമുണ്ട്. അതിനാൽ നന്നായി അറിയുമെങ്കിൽ മാത്രം ഇതിൽ പണം മുടക്കുവാൻ തുനിഞ്ഞാൽ  മതി. 

സെബി പിഴ ചുമത്തിയിട്ടുണ്ടോ?

വിശ്വസനീയമായ ബ്രോക്കേജ് സേവന അക്കൗണ്ട് മാത്രം തുടങ്ങുക. 2015 മുതൽ സെബി പിഴ ചുമത്തിയിട്ടുള്ള ബ്രോക്കറേജ് കമ്പനികളെ ഒഴിവാക്കുക. ഡബ്ബ ട്രേഡിങ്ങ്, നിക്ഷേപകരുടെ അനുവാദമില്ലാത്ത വ്യാപാരം, റിസർച്ച് റിപ്പോർട്ടുകളുണ്ടാക്കി ചെറുകിടക്കാരെ സ്വാധീനിക്കുവാൻ ശ്രമിക്കുക.. ഇതെല്ലാം പല ബ്രോക്കറേജ് സേവനദാതാക്കളും ചെയ്യുന്നുണ്ട്.

market-2-

ഓഹരി വിപണി ദിവസം തോറും കയറുന്ന വാർത്തകൾ കണ്ട്, ഏതെങ്കിലും മോശം കമ്പനിയുടെ ഓഹരി വാങ്ങിയാലും ലാഭമുണ്ടാക്കുവാൻ സാധിക്കുമെന്ന് ദിവാസ്വപ്നം കാണാതിരിക്കുക. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഉൾപ്പെട്ടിരിക്കുന്ന വലിയ കമ്പനികളുടെ ഓഹരികൾ ഉയർന്നാൽ സെൻസെക്സ് ഉയർന്നതായി കണക്കാക്കും. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരികൾ ഉയർന്നാൽ നിഫ്റ്റി ഉയർന്നതായി കണക്കാക്കും. എന്നാൽ ഓഹരി വിപണി കയറി പോകുമ്പോഴും തീരെ  ചെറിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിൽ തന്നെയായിരിക്കും. 

കുംഭകോണങ്ങൾ ഇനിയുമുണ്ടായേക്കും

ഹർഷദ് മേത്ത, കേതൻ പരേഖ്, സത്യം കമ്പ്യൂട്ടർ പോലുള്ള കുംഭകോണങ്ങൾ ഇനി ഇന്ത്യൻ ഓഹരിവിപണിയിൽ ആവർത്തിക്കില്ലെന്ന ആത്മവിശ്വാസം നല്ലതല്ല. ഐ പി ഒ ആവേശം നിലനിൽക്കുന്ന ഒരു സമയമായതിനാൽ അതിലും കള്ളനാണയങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. പോൺസി സ്കീമുകളെ തിരിച്ചറിയാനുള്ള വിവേകം നിക്ഷേപകനുണ്ടാകണം. 

ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ www.sebi.gov.in  അല്ലെങ്കിൽ cybercrime.gov.in ലോ റിപ്പോർട്ട് ചെയ്യുവാൻ സൗകര്യം ഉണ്ട്.

ഇത്തരം തട്ടിപ്പുകളെല്ലാം ഓഹരിവിപണിയിൽ ഉണ്ടെങ്കിലും ദീർഘ കാല സമ്പാദ്യത്തിനായി എപ്പോഴും സ്ഥിരതയോടെയുള്ള ചിട്ടയായ നിക്ഷേപം ഓഹരികളിലോ മ്യൂച്ചൽ ഫണ്ടുകളിലോ നടത്തുക. തീർച്ചയായും അത്തരം നിക്ഷേപങ്ങൾ ഫലവത്താണ്. നമ്മൾ 'മനസുവെക്കാതെ' തട്ടിപ്പുകളിൽ  ചെന്നുചാടുകയില്ലെന്നുള്ളതാണ് വേറൊരു സത്യം.

English Summary: Beware about These Frauds in Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com