ADVERTISEMENT

പൊതുവെ മലയാളികളെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരുമായി താരതമ്യം ചെയ്താല്‍ തനതായ ചില സ്വഭാവ വിശേഷങ്ങള്‍ കാണാന്‍ സാധിക്കും. മാന്യമായി പണിയൊന്നും ചെയ്യാതെ പെട്ടെന്നു പണമുണ്ടാക്കുക എന്നത് നമ്മുടെ ഒക്കെ ഒരു പൊതുസ്വഭാവമാണ്. ചുരുക്കം ചിലരെങ്കിലും കഠിനാധ്വാനികളാണെന്നത് ഒഴിച്ചാല്‍ ഒട്ടുമിക്ക പേരും മടിയന്‍മാര്‍ തന്നെയാണെന്ന് പറയാം. ഒരുപക്ഷേ അതുകൊണ്ടായിരിക്കണം കെട്ടിടനിര്‍മ്മാണ മേഖലപോലുള്ള കഠിനാധ്വാനം വേണ്ട ജോലികളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ആധിക്യം നമുക്ക് കാണാന്‍ സാധിക്കുന്നത്. പൊതുവേ മലയാളികള്‍ക്ക് ഇവരെ സൂപ്പര്‍വൈസ് ചെയ്യുന്ന ജോലിയിലാണ് കൂടുതല്‍ താൽപ്പര്യം. ഒരുപക്ഷേ ഇത്തരത്തിലുള്ള മനോഭാവമായിരിക്കണം മലയാളികളെ ചുളുവില്‍ പൈസയുണ്ടാക്കാനുള്ള മാര്‍ഗങ്ങളിലേക്ക് ആകൃഷ്ടരാക്കുന്നത്. ഈ മനോഭാവത്തിന് വിദ്യാഭ്യാസമോ, ജോലിയോ, സംസ്കാരമോ, കുടുംബമഹിമയോ ഒന്നും പ്രതിബന്ധമാകുന്നില്ല. പണക്കാര്‍പോലും കൂടുതല്‍ പണമുണ്ടാക്കാനായി ഇത്തരം തട്ടിപ്പുകെണികളില്‍ വീണുപോകാറുണ്ട്. 

ആട്, തേക്ക്, മാഞ്ചിയം

വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ തുടങ്ങിവച്ച ആട്, തേക്ക്, മാഞ്ചിയം കൃഷിയില്‍ തുടങ്ങി ഒറ്റ നമ്പര്‍ ലോട്ടറി, ഒട്ടക കുളമ്പ്, ഓണ്‍ലൈന്‍ ലോണ്‍, പോപ്പുലര്‍ ഫൈനാന്‍സ്, ടോട്ടല്‍ ഫോര്‍ യു, നാഗമാണിക്യം, ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിങ്ങനെ നിരവധി തട്ടിപ്പുകളില്‍ മലയാളികള്‍ ഇന്നും വീണുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് പൈസയുണ്ടാക്കാനുള്ള തന്ത്രപ്പാടില്‍ ഇതിന്‍റെ ശാസ്ത്രീയതയെപ്പറ്റി ചിന്തിക്കാന്‍ ഉന്നത വിദ്യാഭ്യാസമുണ്ടെങ്കില്‍കൂടി ശരാശരി മലയാളി മെനക്കെടുന്നില്ല എന്നതാണ് ദുഃഖസത്യം. മാത്രമല്ല ഇതിനെക്കുറിച്ച് ആരോടെങ്കിലും ചോദിച്ചാല്‍ ഈ സുവര്‍ണാവസരം മറ്റൊരാള്‍ അടിച്ചുമാറ്റുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ഇരയാവുന്നവര്‍ പലപ്പോഴും സ്വന്തം കുടുംബക്കാരോടുപോലും പറയാതെയാണ് ഭീമമായ തുക ഇത്തരം കെണികളില്‍ നിക്ഷേപിക്കാറുള്ളത്. അവസാനം പണം നഷ്ടപ്പെട്ടു എന്നു ബോധ്യമാകുമ്പോഴേ സ്വന്തം വീട്ടുകാരോടുപോലും കാര്യങ്ങള്‍ തുറന്നു പറയാറുള്ളു. 

cash-in-hand

മൂടിവക്കാന്‍ ശ്രമം

മലയാളികളുടെ മറ്റൊരു സവിശേഷത അവരുടെ "ഈഗോ" അഥവാ "ദുരഭിമാനം" തന്നെയാണ് എന്ന് പറയാം. പണം നഷ്ടപ്പെട്ടാല്‍ തന്നെ മാനക്കേട് ഭയന്ന് ഈ വിവരം മറ്റുള്ളവരില്‍നിന്ന് മൂടിവക്കാന്‍ ശ്രമിക്കുന്നവരാണ് മലയാളികള്‍. തനിക്ക് ഇത്തരം ഒരു അമളി പറ്റി എന്ന് സമൂഹത്തെ അറിയിക്കാതിരിക്കാനുള്ള ബദ്ധപ്പാടിലായിരിക്കും ശരാശരി മലയാളി. അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പുകളില്‍ ചെറിയൊരു ശതമാനം മാത്രമേ പുറത്ത് അറിയപ്പെടുന്നുള്ളു. വലിയൊരു ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണ് പതിവ്. 

loat-sad

അൽപ്പം പൈസയൊക്കെ കയ്യില്‍ വന്നാല്‍ മലയാളിയുടെ അടുത്ത നോട്ടം അധികാരത്തിലും പദവിയിലും പ്രശസ്തിയിലുമായിരിക്കും. പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദ സെയിന്‍റ് സിനിമയില്‍ കാണിച്ചിരിക്കുന്നത് അത്തരം മലയാളിയുടെ ഒരു പ്രോട്ടോടൈപ്പാണ്. പത്മശ്രീയടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കാന്‍ നെട്ടോട്ടമോടി പൈസ വെള്ളത്തിലായ നിരവധി പ്രാഞ്ചിയേട്ടന്‍മാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. 

loan-fraud1

പേരും പ്രശസ്തിയും

മറ്റാര്‍ക്കും ഇല്ലാത്ത ചില അത്ഭുത സാധനങ്ങള്‍ തങ്ങളുടെ കയ്യില്‍ ഉണ്ട് എന്ന് പറയുമ്പോള്‍ പേരും പ്രശസ്തിയും തന്നെ വരും എന്ന് ചിലര്‍ വ്യാമോഹിക്കുന്നു. ഇത്തരമൊരു വ്യാമോഹം കൊണ്ടാണ് ചിലരൊക്കെ പുരാവസ്തുക്കള്‍ എന്നു പറയുന്ന തട്ടിപ്പു വസ്തുക്കളുടെ പുറകേ പോകുന്നത്. അതിന്‍റെ ആധികാര്യതയേയും ശാസ്ത്രീയതയേയും കുറിച്ചെല്ലാം അന്വേഷിക്കാന്‍ തുടങ്ങിയാല്‍ ആ സമയംകൊണ്ട് സംഗതി മറ്റാരെങ്കിലും തട്ടിയെടുക്കുമോ എന്ന ആവലാതിയും, ഇതിനെക്കുറിച്ച് മറ്റാരോടും ചോദിക്കേണ്ട കാര്യമില്ല, എനിക്ക് തന്നെ എല്ലാം അറിയാം എന്ന ഈഗോയും കൂടി ചേര്‍ന്നാല്‍ മലയാളിക്ക് തട്ടിപ്പിന്‍റെ കെണിയില്‍  വീഴാന്‍ മറ്റൊന്നും ആവശ്യമില്ല. ഇത്രയും തട്ടിപ്പുകള്‍ കേരളത്തില്‍ നടന്നുകൊണ്ടിരുന്നിട്ടും നമ്മള്‍ ഇനിയും ഇതേക്കുറിച്ച് മനസ്സിലാക്കുന്നില്ല, വീണ്ടും വീണ്ടും പുതുപുത്തന്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നു എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം മോശപ്പേരുതന്നെയാണ്.

പണം സമ്പാദിക്കണമെങ്കില്‍ നല്ല കഠിനാധ്വാനം വേണം, ക്ഷമ വേണം, സമചിത്തതയോടെയുള്ള ദീര്‍ഘനാളത്തെ പ്ലാനിങ്ങ് വേണം എന്നതെല്ലാം മലയാളികള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഇന്ന് നാം കാണുന്ന ടാറ്റയോ, അംബാനിയോ കേവലം ദിവസങ്ങള്‍ക്കുള്ളിലോ, മാസങ്ങള്‍ക്കുള്ളിലോ അല്ല ധനികരായതെന്ന് നമ്മള്‍ മനസ്സിലാക്കണം. അവരുടെ കഠിനാധ്വാനത്തിന്‍റെ ചരിത്രം നാം വായിച്ച് മനസ്സിലാക്കണം. തട്ടിപ്പിന്‍റെ കെണിയില്‍ പെടാതിരിക്കണമെങ്കില്‍ ഇത്തരം സംഗതികളുമായി ആരെങ്കിലും നമ്മെ സമീപിക്കുമ്പോള്‍ ദുരാഗ്രഹത്തോടെ ചിന്തിക്കാതെ, ചതിയില്‍ വീഴാതിരിക്കാന്‍ ഇതിനെക്കുറിച്ചെല്ലാം അറിയുന്നവരോട് ആധികാരികമായി ചോദിച്ച് മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.

ലേഖകൻ കോഴിക്കോട് ചേതന-സെന്‍റര്‍ ഫോര്‍ ന്യൂറോസൈക്യാട്രിയുടെ ഡയറക്ടറാണ് 

English Summary : Why Malayalees are Always Prone to Financial Frauds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com