ADVERTISEMENT

മൾട്ടി നാഷനൽ കമ്പനി (എംഎൻസി)കളുടെ ഓഹരികളിൽ നിക്ഷേപിച്ച് നേട്ടം ഉണ്ടാക്കാൻ ഏവർക്കും ആഗ്രഹമുണ്ടാകും. രണ്ടുതരം എംഎൻസികളാണ് ഉള്ളത്. ഒന്ന് സിപ്ല, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, വിപ്രോ പോലുള്ള ഇന്ത്യന്‍ എംഎന്‍സികൾ.രണ്ടാമത്തേത് ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള, ഗ്രൈന്‍ഡ് വെല്‍ നോര്‍ട്ടണ്‍, പി&ജി ഹൈജീന്‍ ആന്‍ഡ് ഹെല്‍ത്ത്കെയര്‍, കമ്മിന്‍സ് പോലുള്ള ആഗോള എംഎന്‍സികൾ. 

വിദഗ്ധ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലേ ഇത്തരം ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്താവൂ. എന്നാൽ, ചില മ്യൂച്വൽ ഫണ്ട് കമ്പനികൾ അവതരിപ്പിക്കുന്ന എംഎൻസി ഫണ്ടുകൾ വഴി നിക്ഷേപകര്‍ക്ക് ഇപ്പോൾ എംഎന്‍സി ഓഹരികളുടെ നേട്ടം സ്വന്തമാക്കാൻ അവസരമുണ്ട്. 

എന്താണ് എംഎൻസികൾ?

ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും എംഎന്‍സി (ബഹുരാഷ്ട്ര കമ്പനികള്‍) കളുടെ സാന്നിധ്യമുണ്ട്. കണ്‍സ്യൂമര്‍ ഗുഡ്സ്, ഓട്ടമൊബീല്‍, ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ്, മെറ്റല്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സിമന്റ്, ഫാര്‍മ, മേഖലകളിലെല്ലാം വന്‍കിട കമ്പനികളുടെ സാന്നിധ്യം കാണാം. കോള്‍ഗേറ്റ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്‌ലെ, ടാറ്റ മോട്ടോഴ്സ്, ഗ്ലാക്സോ സ്മിത്ക്ലൈന്‍ എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ നമുക്കറിയാം, ഓരോ വീട്ടിലും അവയുടെ ഏതെങ്കിലും ബ്രാന്‍ഡ് ഉപയോഗിക്കുന്നുണ്ടെന്ന്. വ്യാവസായിക ആവശ്യങ്ങള്‍ നിറവേറ്റുന്ന കാസ്ട്രോള്‍, അശോക് ലെയ്‌ലന്‍ഡ്, ബോഷ്, സീമെന്‍സ്, ഹിന്‍ഡാല്‍കോ, അംബുജ സിമന്റ് തുടങ്ങിയ സ്ഥാപനങ്ങളും ബഹുരാഷ്ട്ര വിഭാഗത്തില്‍ പെടുന്നവ തന്നെ. എന്താണ് എംഎന്‍സികളെ ഇത്ര സ്പെഷല്‍ ആക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങളുടെ പോർട്ഫോളിയോയില്‍ എംഎന്‍സികള്‍ക്കായി ഒരു ഭാഗം നീക്കിവയ്ക്കേണ്ടത്? ആറു പ്രധാന ഘടകങ്ങളാണ് എംഎൻസികളെ സവിശേഷമാക്കുന്നത്. 

1. മോട്ട് ഇംപാക്ട്: നിക്ഷേപ മാന്ത്രികന്‍ വാറന്‍ ബഫറ്റ് ജനകീയമാക്കിയ പദമാണ് മോട്ട്. ഒരു വിപണിയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മേധാവിത്വം പുലര്‍ത്താനുള്ള കമ്പനികളുടെ ശേഷിയാണിത്. ശക്തമായ ബ്രാന്‍ഡുകൾ, പേറ്റന്റുകൾ, കുറഞ്ഞ ചെലവുള്ള മികച്ച ഉൽപാദന സജ്ജീകരണങ്ങൾ എന്നിവയെല്ലാമാകാം ആ ശേഷി. 

2. വിവേകമുള്ള മാനേജ്മെന്റ്: വിജയിച്ചു മുന്നേറുന്ന ഏതു കമ്പനിയുടെയും നട്ടെല്ല് ശക്തമായ മാനേജ്മെന്റ് തന്നെയായിരിക്കും. ഭരണനിര്‍വഹണം സുഗമമാക്കാനും കാര്യക്ഷമത ഉന്നതനിലവാരത്തിലെത്തിക്കാനും ഓഹരിയുടമകൾക്കു കൂടുതല്‍ നേട്ടം നല്‍കാനും മികച്ച മാനേജ്മെന്റ് വേണം.

3. സാങ്കേതികത്തികവ്: എംഎന്‍സികളുടെ മറ്റൊരു പ്രത്യേകത സാങ്കേതികമായി അവ ഏറെ മുന്നിലായിരിക്കും എന്നതാണ്. പല എംഎന്‍സികളുടെയും മാതൃകമ്പനി വിദേശി ആയതിനാല്‍ സാങ്കേതിക മേന്മയുടെ കാര്യത്തിലും എന്‍ജിനീയറിങ്ങിലെ നൂതനാത്മകതയിലും ഉൽപാദന പ്രക്രിയയിലുമെല്ലാം എതിരാളികളെക്കാളും മികച്ചു നില്‍ക്കും എംഎന്‍സികള്‍.

4. ഉയര്‍ന്ന ആര്‍ഒഇ: ഓഹരിക്കു മേലുള്ള നേട്ടമാണ് ആര്‍ഒഇ (റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി). ഒരു കമ്പനി ഓഹരിയുടമകള്‍ക്ക് നേട്ടം തിരിച്ചുനല്‍കുന്നതില്‍ എത്രമാത്രം കാര്യക്ഷമമാണെന്നതാണ് ഇതു കാണിക്കുന്നത്. പൊതുവില്‍ ഉയര്‍ന്ന ആര്‍ഒഇ ആയിരിക്കും എംഎന്‍സികള്‍ക്ക്.

5. ശക്തമായ അടിത്തറ: മികച്ച ബാലന്‍സ് ഷീറ്റ് ഉണ്ടാകും. കാര്യമായ കടബാധ്യതയുണ്ടാകില്ല. സമഗ്രമായ വളര്‍ച്ച ലക്ഷ്യമിട്ട് മൂലധനം പുനര്‍നിക്ഷേപം നടത്താനുള്ള സാഹചര്യവും ഉണ്ടാകും. ഉയര്‍ന്ന ലാഭവിഹിതമാകും നല്‍കുക.

6. ശക്തമായ ആഗോള ബ്രാന്‍ഡ്: ആഗോള സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന രീതിയാകും എംഎന്‍സികളുടേത്. ആഗോളതലത്തില്‍ അവരുടെ ബ്രാന്‍ഡുകള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ടായിരിക്കും 

63% നൽകിയ എംഎന്‍സി ഫണ്ട്

ഈ മേഖലയില്‍ വേറിട്ടു നില്‍ക്കുന്ന ഫണ്ടാണ് ഐസിഐസിഐ പ്ര്യൂഡന്‍ഷ്യല്‍ എംഎന്‍സി ഫണ്ട്. വര്‍ഷാടിസ്ഥാനത്തില്‍ ഈ ഫണ്ട് 63.98% നേട്ടം നല്‍കിയിട്ടുണ്ട്. ബെഞ്ച് മാര്‍ക്ക് നിഫ്റ്റി എംഎന്‍സി ടിആര്‍ഐ 36.97 ശതമാനത്തെ അപേക്ഷിച്ച് ഏറെ ആകർഷകമാണിത്. അഞ്ചു വര്‍ഷത്തെ കാലാവധി ലക്ഷ്യമിട്ട് മാസംതോറും എസ്ഐപി  തുടങ്ങിയാല്‍ റിസ്‌ക്കിനെ മറികടന്ന് ആകർഷകമായ നേട്ടം ഉറപ്പാക്കാം  

ലേഖകൻ മില്യണയര്‍ എക്സ്പ്രസ് സാരഥിയും മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ഡിസ്ട്രിബ്യൂട്ടറുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com