ADVERTISEMENT

2008ല്‍ മകള്‍ വിവാഹിതയായപ്പോള്‍ മിതമായ സ്വര്‍ണാഭരണങ്ങളാണ് ഞങ്ങള്‍ നല്‍കിയത്. കേരളത്തിലെ സാമൂഹിക നിലവാരമനുസരിച്ച് അതു വളരെ കുറഞ്ഞു പോയി എന്ന നിലയില്‍ പലരും പുരികം ചുളിക്കുകയും 'അവര്‍ ഇതിനേക്കാള്‍ കൂടുതല്‍ നല്‍കേണ്ടതായിരുന്നു' എന്ന്  അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. മഞ്ഞ ലോഹത്തിന്റെ തിളക്കത്തില്‍ മാത്രം ശ്രദ്ധിച്ച വിമര്‍ശകര്‍ക്ക് അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. ബ്‌ളൂചിപ് ഓഹരികളുടെ ഒരു പോര്‍ട്‌ഫോലിയോ ഞങ്ങള്‍ അവള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയിരുന്നു.  എച്ഡിഎഫ്‌സി ബാങ്ക്, എച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലാര്‍സന്‍ ആന്റ് ട്യൂബ്രോ തുടങ്ങിയ ഓഹരികളിലൂടെ അവള്‍ക്ക് മികച്ച നേട്ടം ലഭിക്കുന്നുണ്ട്. പോര്‍ട്‌ഫോലിയോയിലെ ഒരു ഓഹരി - ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് - 13 വര്‍ഷം കൊണ്ട് അമ്പതു മടങ്ങു വര്‍ധിച്ച് ഒരു മള്‍ട്ടി ബാഗര്‍ ഓഹരിയായി മാറി. പ്രമുഖ സമ്പദ് ശാസ്ത്രജ്ഞന്‍ കെയ്ന്‍സ് പരാമര്‍ശിച്ച  ' ധിക്കാരിയായ മഞ്ഞ ലോഹ' ത്തേക്കാള്‍ എത്രയോ മികച്ച നേട്ടമാണ് ഈ പോര്‍ട്‌ഫോളിയോ അവള്‍ക്കു നല്‍കിയത്.   

സ്വർണമില്ലാത്ത കല്യാണമുണ്ടോ?

കല്യാണം, പ്രത്യേകിച്ച് പെണ്‍കുട്ടികളുടേത്, ചിലവു കൂടിയ ഏര്‍പ്പാടാണ് ഇന്ത്യയില്‍. ആചാരാനുഷ്ഠാനങ്ങള്‍ നീണ്ടു നില്‍ക്കും. നമ്മുടെ സമൂഹത്തില്‍ വിവാഹത്തിലെ അവിഭാജ്യ ഘടകമാണ്  സ്വര്‍ണം. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. സ്വര്‍ണ ഇടിഎഫുകളും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളും നിക്ഷേപത്തിനുള്ള നല്ല മാര്‍ഗങ്ങളാണ്. എന്നാല്‍ ഓഹരികള്‍ സ്വര്‍ണത്തക്കാള്‍ എത്രയോ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 1979 ല്‍ 100 ആയിരുന്ന ബിഎസ്്ഇ സെന്‍സെക്‌സ് ഇപ്പോള്‍ (2021 ഒക്ടോബര്‍ ) 60000 ത്തിനു മുകളിലാണ്. അതായത് 42 വര്‍ഷക്കാലയളവില്‍ ശരാശരി 16 ശതമാനത്തോളം കോംപൗണ്ട്  വാര്‍ഷിക നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു.  ഇക്കാലയളവിലെ വാര്‍ഷിക വിലക്കയറ്റ നിരക്കായ 7.35 ശതമാനത്തേക്കാള്‍ 8 ശതമാനത്തിലധികമാണിത്. ഇതേ കാലയളവില്‍ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നു ലഭിച്ച 8 ശതമാനം നേട്ടത്തേക്കാളും മികച്ച പ്രകടനം കൂടിയാണിത്.  

Photo credit : Makostock / Shutterstock.com
Photo credit : Makostock / Shutterstock.com

ഓഹരികളോട് പുറം തിരിഞ്ഞു നിൽക്കുന്നു

ഈ മികച്ച പ്രകടനം ഉണ്ടായിട്ടും ഇന്ത്യന്‍ കുടുംബങ്ങള്‍ ഓഹരികളില്‍ പണം മുടക്കാന്‍ മടിച്ചു നില്‍ക്കുകയാണ്. ഇപ്പോള്‍ ജനങ്ങളുടെ സമീപനം മാറി വരുന്നുണ്ട്.  2020 ഡിസമ്പറിലെ കണക്കനുസരിച്ച് കുടുംബങ്ങളുടെ നിക്ഷേപത്തിന്റെ ഘടന ഇപ്രകാരമാണ്. 48 ശതമാനം ഭൂമിയും കെട്ടിടങ്ങളും അടങ്ങുന്ന സ്വത്ത്,  17 ശതമാനം സ്വര്‍ണം, 16 ശതമാനം ബാങ്ക് നിക്ഷേപം, ഇന്‍ഷ്ുറന്‍സ്, പിഎഫ്, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയില്‍ 11 ശതമാനം,  4 ശതമാനം ഓഹരികളില്‍, പണമായി 4 ശതമാനം. 136 കോടി ജനസംഖ്യയില്‍ നാലു ശതമാനം മാത്രമാണ് ഏറ്റവും മികച്ച നേട്ടം തരുന്ന  ഓഹരികളില്‍ നിക്ഷേപിക്കുന്നത്. എന്തു കൊണ്ടാണിങ്ങനെ ? പ്രധാനമായും ഓഹരി നിക്ഷേപത്തെക്കുറിച്ചുള്ള അജ്ഞതയാണ് കാരണം. കൂടാതെ ഓഹരി വിപണിയിലെ കുതിപ്പില്‍ നിന്നും ഭൂരിപക്ഷം ചെറുകിട നിക്ഷേപകര്‍ക്കും ഗുണമുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. 

ട്രേഡിങ് വേണ്ട

ചെറുകിട നിക്ഷേപകരുടെ തെറ്റായ നിക്ഷേപ തന്ത്രമാണ് ഇതിലെ വില്ലന്‍. വിലകള്‍ കൂടുതലുള്ള കുതിപ്പിന്റെ വേളകളിലാണവര്‍  ഓഹരി വിപണിയില്‍ പ്രവേശിക്കുന്നത്. വിപണിയില്‍ തകര്‍ച്ച ഉണ്ടാവുമ്പോള്‍ പേടിച്ച് വിറ്റു പിന്‍മാറുകയും ചെയ്യുന്നു. വിലയും മൂല്യവും കുറഞ്ഞ ഓഹരികളിലാണ് ചെറുകിട നിക്ഷേപകര്‍ പ്രധാനമായും നിക്ഷേപിക്കുക.  കരടികളുടെ ആക്രമണത്തില്‍ ഗുണമേന്മ കുറഞ്ഞ ഇത്തരം ഓഹരികള്‍ തകരുകയും ചെയ്യും. കൂടാതെ ധാരാളം ചെറുകിടക്കാര്‍  വിപണിയില്‍ ദീര്‍ഘകാലത്തേക്കു നിക്ഷേപിക്കുന്നതിനു പകരം ട്രേഡിങ് നടത്തുകയാണ്.  ട്രേഡിങും ഊഹക്കച്ചവടവും നടത്തുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും പണം നഷ്ടമാവുന്നതാണ് അനുഭവം.  ഈ കെണിയില്‍ നിന്നു രക്ഷപെടാനുള്ള വഴി ഉയര്‍ന്ന ഗുണമേന്മയുള്ള  ഓഹരികളില്‍ ദീര്‍ഘകാലത്തേക്കു നിക്ഷേപിക്കുകയോ മ്യൂച്വല്‍ഫണ്ട് എസ്‌ഐപികളിലൂടെ നിക്ഷേപം നടത്തുകയോ ആണ്.  

Photo Credit : StockImageFactory.com / Shutterstock.com
Photo Credit : StockImageFactory.com / Shutterstock.com

ഓഹരി വാർത്തകൾ

ഏതാണ്ട്് പത്തു വര്‍ഷം മുമ്പ് കേരളത്തിലെ ഒരു കൂട്ടം അധ്യാപികമാരോട് ധനകാര്യ  ആസൂത്രണത്തെക്കുറിച്ച് സംസാരിക്കവേ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളില്‍ പരീക്ഷണാര്‍ത്ഥം ഏതാനും വര്‍ഷത്തേക്കു നിക്ഷേപം നടത്താന്‍ അവരോടു പറഞ്ഞു. ഓഹരികള്‍ അപകടം നിറഞ്ഞതാണ് എന്നായിരുന്നു അവരുടെ മറുപടി. ''ഓഹരി വിപണിയില്‍ തകര്‍ച്ച; നിക്ഷേപകര്‍ക്ക് പണം നഷ്ടമായി '' തുടങ്ങിയ വാര്‍ത്താ തലക്കെട്ടുകള്‍ അവരെ ഗണ്യമായി സ്വാധീനിച്ചിരുന്നു.  ധനകാര്യ ചരിത്രമോ ഞാന്‍ പറഞ്ഞ കണക്കുകളോ അവരെ കാര്യമായി സ്വാധീനിച്ചില്ല. എന്നാല്‍ സ്വര്‍ണത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അറിയാന്‍ അവര്‍ ഉത്സുകരായിരുന്നു. 

ബ്‌ളൂചിപ് ഓഹരികള്‍

ഈ മനസ്ഥിതി മാറിയേ പറ്റൂ. ധനകാര്യ ചരിത്രം പറയുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരികള്‍ മറ്റെല്ലാ ആസ്തികളേയും പിന്തള്ളി മികച്ച നേട്ടം നല്‍കുന്നു എന്നാണ്. സമ്പദ് വ്യവസ്ഥ വളരുകയും കോര്‍പറേറ്റ് ലാഭം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് നല്ല നേട്ടം  ലഭിക്കും. അതിനാല്‍, അധികം രക്ഷിതാക്കളും ചെയ്യുന്നതുപോലെ വിവാഹവേളകളില്‍ മകളെ സ്വര്‍ണം കൊണ്ടു മൂടാതിരിക്കുക. പകരം ബ്‌ളൂചിപ് ഓഹരികളുടെ ഒരു പോര്‍ട്‌ഫോളിയോ അവള്‍ക്കു നല്‍കുക. രാജ്യത്തിന്റെ വളര്‍ച്ചയോടൊപ്പം നേട്ടം ഉണ്ടാക്കാന്‍  അവളെ പ്രാപ്തയാക്കുക.  

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

Englsh Summary: Build a Bluechip Portfolio for your Daughter's Secure Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com